മേക്കര്‍ വില്ലേജ്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രദര്‍ശനാവസരമൊരുക്കുന്നു

കൊച്ചി: വാണിജ്യസാധ്യതകള്‍ വ്യവസായ ലോകത്തിനു സമക്ഷം അവതരിപ്പിക്കാന്‍ മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് ദി ഇന്‍ഡ്-യുഎസ് ഓന്‍ട്രപ്രണേഴ്സ് (ടിഐഇ- ‘ടൈ’) ഗ്ലോബല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജയ് മേനോന്‍ പറഞ്ഞു.

‘ടൈ’ കേരള പ്രസിഡന്‍റ് എം എസ് എ കുമാറുമൊത്ത് കളമശ്ശേരി മേക്കര്‍വില്ലേജ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.  സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭക കൂട്ടായ്മയാണ് ‘ടൈ’.

2017 ലെ ‘ടൈ’ തമിഴ്നാട് വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ‘ടൈ’ സന്തൈ (‘ടൈ’ ചന്ത) എന്ന ആശയത്തിന്‍റെ ചുവടു പിടിച്ചാണ് കേരളത്തില്‍ മേക്കര്‍വില്ലേജ് അടക്കമുള്ള ഇന്‍കുബേറ്ററുകള്‍ക്ക് അവസരം നല്‍കാനാലോചിക്കുന്നതെന്ന് എം എസ് എ കുമാര്‍ പറഞ്ഞു. മേക്കര്‍ വില്ലേജിലെ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ കണ്ടപ്പോള്‍ വിജയ് മേനോനാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ‘ടൈ’ കേരള ഭാരവാഹികളുമായി സംസാരിച്ചതിനു ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘ടൈ’ കേരളയുടെ വാര്‍ഷിക സമ്മേളനമായ ടൈകോണിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്ന് എം എസ് എ കുമാര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്നം പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതുവഴി സംരംഭകര്‍ക്ക് രണ്ടാം ഘട്ടത്തിലേക്ക് കടക്കാനുള്ള അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്പന്നമാതൃകയുടെ കാലത്തിനപ്പുറം വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാന്‍ തയ്യാറായിരിക്കുന്ന സംരംഭകര്‍ക്ക് മികച്ച അവസരമായിരിക്കുമിതെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വ്യവസായ സംരംഭകരുടെ സമക്ഷം ഉത്പന്നം അവതരിപ്പിക്കുന്നതു വഴി നിക്ഷേപ സാധ്യതയും വര്‍ധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറെ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് മേക്കര്‍വില്ലേജിന്‍റെ പ്രത്യേകതയെന്ന് വിജയ് മേനോന്‍ ചൂണ്ടിക്കാട്ടി. വാണിജ്യപരമായ സാധ്യതകള്‍ കൂടി കണ്ടെത്താനായാല്‍ മികച്ച ഭാവി ഈ സംരംഭങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അന്താരാഷ്ട്ര രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തി കൊണ്ട് സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുള്ള സംവിധാനം ‘ടൈ’യ്ക്കുണ്ട്. ജൂലായ് മാസത്തില്‍ മേക്കര്‍വില്ലേജ് സന്ദര്‍ശിച്ച ‘ടൈ’ സംഘം ഈ വിഷയത്തില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ലോകം കീഴടക്കാൻ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ 650

ഉത്തരവാദിത്ത ടൂറിസം മിഷന്റെ മടവൂർ പാറ ഗ്രാമയാത്രക്ക് തുടക്കം