ഏവർക്കും അവരുടെ വിശ്വാസമാണ് ശരി എന്ന് കരുതാനുള്ള അവകാശമുണ്ട്

ഏവർക്കും അവരുടെ വിശ്വാസമാണ് ശരി എന്ന് കരുതാനുള്ള അവകാശമുണ്ട്. താൻ മാത്രം ശരിയും മറ്റുള്ളവർ തെറ്റാണെന്നുമുള്ള വീക്ഷണം വിഭാഗീയമാണ്. ആർക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങളുടെ ശരിമ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ അധികാരമില്ല. ആശയ സംവാദങ്ങൾക്കും പ്രചാരണങ്ങൾക്കും ആരാധനകൾക്കും അടക്കം എല്ലാ അവകാശങ്ങൾക്കുമുള്ള ജനാധിപത്യ സ്വാതന്ത്ര്യം, അതിനോടൊപ്പം പരസ്പര ബഹുമാനം ഉണ്ടാവുക എന്നതാണ് പ്രധാനം. 

സാമൂഹ്യ സാംസ്‌കാരിക  പ്രവർത്തകൻ സി എൻ ജയരാജൻ എഴുതുന്നു.

ശബരിമലയിൽ ഏതു പ്രായത്തിലും ഏതവസ്ഥയിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാം എന്ന കാര്യത്തിൽ നിങ്ങൾ ആരോടാണ് ചർച്ച ചെയ്യുന്നത്? സതി നിരോധിച്ച വേളയിലും ക്ഷേത്ര പ്രവേശന വിളംബര വേളയിലും വൈക്കം – ഗുരുവായൂർ സത്യാഗ്രഹ കാലത്തും വിശ്വാസികളിൽ ഒരു വിഭാഗം അതിനെ എതിർത്തിരുന്നു എന്നത് ചരിത്ര സത്യമാണ്.

അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോൾ വിശ്വാസികളിൽ പലരും അതിനെ എതിർത്തത് ഇങ്ങിനെ പോയാൽ ക്ഷേത്രത്തിന്റെ ആരാധനാക്രമങ്ങൾ തകരാറാവില്ലേ എന്ന ആശങ്കയാലാണ് – അവർണ്ണരോട് വിവേചനം ഇല്ലാത്ത വിശ്വാസികളിലും പെട്ടവർ ഇത്തരത്തിൽ ആലോചിച്ചു പോയിട്ടുണ്ട്.

സ്ത്രീകളോടുള്ള വിരോധം കൊണ്ടൊന്നുമല്ല വിശ്വാസികളിൽ പലരും ആശങ്കെപ്പെടുന്നത്. സ്ത്രീകളിൽ ഒരു വിഭാഗവും പരമ്പരാഗത ചിട്ടകൾക്ക് ഭംഗം വരുന്നതിൽ ആശങ്കപ്പെടുന്നുണ്ട്. ഇങ്ങിനെ കരുതുന്നവരൊക്കെ മഹാ തകരാറ് പിടിച്ചവരാണെന്നു കരുതുന്നതും അബദ്ധമാണ്. അതൊരു ലളിതവൽക്കരനവുമാണ് .

കോടതി വിധി തീർച്ചയായും ദീർഘ കാലാടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. അതിലൂടെ മാത്രമേ ഇത്തരം വിശ്വാസങ്ങൾക്കും ഗുണപരമായ മാറ്റം ഉണ്ടാവുകയുള്ളൂ.

കേരളത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ ആരാധനാവകാശങ്ങളില്ലാത്ത വേളകളുണ്ട്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു.

ചക്കുളത്ത് കാവിലും ആറ്റുകാലിലും സ്ത്രീകൾക്ക് മാത്രമായ ദിവസങ്ങളുണ്ട്. ചോറ്റാനിക്കര മകം സ്ത്രീകളെ ഉദ്ദേശിച്ചിട്ടുള്ളതാണ്.

കേരളത്തിനു പുറത്ത് രാജസ്ഥാനിൽ പുഷ്കറിലുള്ള ബ്രഹ്മ ക്ഷേത്രത്തിൽ വിവാഹിതരായ പുരുഷന്മാർ കയറില്ല. ബ്രഹ്മാവ് പുഷ്‌കർ നദിയിൽ നടത്തിയ യഗ്നത്തിൽ പത്‌നിയായ സരസ്വതി എത്തിച്ചേരാൻ വൈകിയതിനെ തുടർന്ന് അദ്ദേഹം മറ്റൊരു ദേവതയായ ഗായത്രിയെ വിവാഹം ചെയ്തു. യാഗത്തിൽ ഗായത്രി ബ്രഹ്മാവിനൊപ്പമിരിക്കുന്നത് കണ്ട സരസ്വതി ഈ ക്ഷേത്രത്തെ ശപിച്ചു.. ഇതു പേടിച്ചാണ്!

നാളെ പുരുഷന്മാർ കേസു കൊടുത്താൽ അനുവാദം കിട്ടുമായിരിക്കാം. അങ്ങിനെ വന്നാൽ സരസ്വതി ദേവിയുടെ ശാപം പേടിച്ച് പോകാത്തവരും കിട്ടിയ അവസരം ഉപയോഗിച്ച് ക്ഷേത്രത്തിൽ പോകുന്നവരും ഉണ്ടാവും..

ഇവരൊക്കെ ചേർന്നവരാണ് വിശ്വാസികൾ ….

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചതിനെ കുറിച്ച് പുതിയ തലമുറയിലെ ചില പെൺകുട്ടികളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ” ഈ സ്വാതന്ത്ര്യമുണ്ടെങ്കിൽ നമുക്ക് വേണമെന്നു തോന്നുമ്പോൾ പോകാമല്ലോ, വയസ്സാകുന്നതു വരെ കാത്തിരിക്കേണ്ടല്ലോ ” എന്നായിരുന്നു..

ആ കുട്ടികൾ വിശ്വാസികളാണ്.. അവർ കാണുന്നത് അങ്ങിനെയാണ് ..

ഒഡീഷയിലെ ഒരു ക്ഷേത്രമാണ് മാ പഞ്ചു ബരാഹി .. നാലു നൂറ്റാണ്ടുകളായി അവിടെ പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. ദളിത് സ്ത്രീകളാണ് അമ്പലത്തിലെ കാര്യങ്ങൾ നോക്കുന്നത്. വിവാഹം കഴിഞ്ഞ ദളിത് സ്ത്രീകൾ പൂജാരിണികളാണ്.

അങ്ങിനെയിരിക്കെ അവിടെ പുരുഷന്മാരെ, പ്രതിദിനം നാലോ അഞ്ചു പുരുഷന്മാരെ കയറ്റാൻ ഒരു തീരുമാനം ഉണ്ടായി. അത് കോടതി വിധി ആയിരുന്നില്ല. അവിടത്തെ വിശ്വാസികളായ ജനങ്ങളുടെ തിരുമാനമായിരുന്നു ..

അതിന് കാരണം അവർക്ക് ക്ഷേത്രം മറ്റൊരിടത്തേയ്ക്ക് മാറ്റിപ്പണിയണമായിരുന്നു. അവിടെ എപ്പോഴും വെള്ളപ്പൊക്കം ശല്യം സൃഷ്ടിക്കുന്നതിനാൽ ആയിരുന്നു കൂടുതൽ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് ക്ഷേത്രം മാറ്റാൻ തീരുമാനിച്ചത്.. പക്ഷേ വിഗ്രഹങ്ങൾ വലുതാകയാൽ അത് സ്ത്രീകൾക്ക് എടുത്തു കൊണ്ടു പോകാൻ പറ്റില്ല. അതിന് പുരുഷന്മാരുടെ സഹായം വേണം..!

അപ്പോൾ ആവശ്യം വന്നപ്പോൾ അവർ 400 കൊല്ലം പഴക്കമുള്ള സമ്പ്രദായം തൽക്കാലത്തേയ്ക്ക് മാറ്റിവെച്ചു…

പറഞ്ഞു വന്നത് ഒരു കാര്യമാണ്. ഈ ലോകം വിവിധ തരത്തിലുള്ള വിശ്വാസികളും അവിശ്വാസികളും ഉള്ളതാണ്. അവർക്കെല്ലാം തങ്ങളുടെ അവകാശങ്ങൾക്ക് അർഹതയുണ്ട്. വിശ്വാസികളിൽ മൗലികവാദികളും ഉദാരമനസ്കരുമുണ്ട്. അവിശ്വാസികളിൽ വൈരുദ്ധ്യാധിഷ്ഠിത വാദികളും യാന്ത്രിക ഭൗതിക വാദികളുമുണ്ട്.

ഏവർക്കും അവരുടെ വിശ്വാസമാണ് ശരി എന്ന് കരുതാനുള്ള അവകാശമുണ്ട്. താൻ മാത്രം ശരിയും മറ്റുള്ളവർ തെറ്റാണെന്നുമുള്ള വീക്ഷണം വിഭാഗീയമാണ്. ആർക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങളുടെ ശരിമ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ അധികാരമില്ല. ആശയ സംവാദങ്ങൾക്കും പ്രചാരണങ്ങൾക്കും ആരാധനകൾക്കും അടക്കം എല്ലാ അവകാശങ്ങൾക്കുമുള്ള ജനാധിപത്യ സ്വാതന്ത്ര്യം, അതിനോടൊപ്പം പരസ്പര ബഹുമാനം ഉണ്ടാവുക എന്നതാണ് പ്രധാനം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്ത്രീകളുടെ അസ്തിത്വത്തെ അംഗീകരിക്കുന്ന വിധി

സദാചാര പോലീസുകാർ ഇനി വേറെ തൊഴിൽ അന്വേഷിക്കട്ടെ