in , ,

നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ

“സിനിമയുമായി നാട് ചുറ്റുമ്പോൾ കണ്ണ് നനയുന്ന അനുഭവങ്ങളുണ്ടാവാറുണ്ട് . അട്ടപ്പാടിയിലെ കുറവങ്കണ്ടി ഊരിൽ സിനിമ കാണിച്ചപ്പോൾ അവിടത്തെ മനുഷ്യരുടെ കണ്ണിൽ ഞാൻ കണ്ട സിനിമയാണ് ഇതുവരെ കണ്ട സിനിമകളെക്കാളും ആഴത്തിലുള്ളത്. ആദ്യമായി ബിഗ് സ്ക്രീൻ കണ്ട ചെല്ലി എന്ന പാട്ടി മുതൽ മൂന്നു വയസ്സുകാരൻ വെച്ചു വരെ ഇരുന്നൂറിലധികം കാണികൾ. ഡോ. ബിജുവിന്റെ ‘കാട്  പൂക്കുന്ന നേരം’ എന്ന സിനിമ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന ആ മനുഷ്യരാണ് കഴിഞ്ഞ ഐ എഫ് എഫ് കെ യിൽ ഇതേ  സിനിമ കാണാൻ നീണ്ട ക്യൂ നിന്നവരെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത്. സിനിമ കഴിഞ്ഞു മടങ്ങുമ്പോൾ വെള്ളിങ്കിരി എന്ന ഊരു മൂപ്പൻ  ഇനിയെന്ന് വരുമെന്ന് എന്നോട്  ചോദിച്ചു. വരാമെന്നു  പറഞ്ഞു മടങ്ങുമ്പോൾ  ആദ്യമായി ബിഗ് സ്‌ക്രീനിൽ കുറേപ്പേരെ സിനിമ കാണിച്ചതിന്റെ സന്തോഷം “

റിജോയ്. കെ. ജെ.
റിജോയ്. കെ. ജെ.

ഈ വാക്കുകൾ റിജോയിയുടേതാണ്. ഇരുപത്തിരണ്ടാമത്  കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ചു വരുന്ന സഞ്ചരിക്കുന്ന ചലച്ചിത്രമേളയുടെ റീജ്യണൽ കോഡിനേറ്റർമാരിൽ ഒരാളാണ്  റിജോയ്. കെ. ജെ. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ റിജോയ്  വിവരിക്കുന്നുണ്ട്. ഏതാണ്ട് ഒരു മാസക്കാലമായി  കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ടൂറിങ്ങ് ഫെസ്റ്റിവൽ സംഘം അഞ്ചു യൂണിറ്റുകളായി പര്യടനം നടത്തുകയാണ്. ലൈബ്രറികളും ഗ്രാമീണ വായനശാലകളും കുടുംബശ്രീ യൂണിറ്റുകളും ഫിലിം സൊസൈറ്റികളും ഉൾപ്പെടെ നാട്ടിൻ പുറത്തെ സാധാരണക്കാരായ മനുഷ്യർ ഒത്തു ചേരുന്ന പല പല ഇടങ്ങൾ,  ലക്ഷംവീട് കോളനികൾ, ആദിവാസി ഊരുകൾ തുടങ്ങി സിനിമാ വണ്ടിയുടെ ഓട്ടം മെയിൻ റോഡുകൾ മുറിച്ച് കടന്ന്  അതിന്റെ  നാനാതരം പ്രേക്ഷകർ പാർക്കുന്ന ഇടവഴികളിലേക്ക് കടന്നു ചെല്ലുകയാണ്. 

റിജോയിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ: “കച്ചവട സിനിമയുടെ ആധിക്യം മൂലം മലീമസമായ ദൃശ്യ ബോധത്തിലേക്കാണ് ഇത്തരം സിനിമകളുമായി നാം കടന്നു ചെല്ലുന്നത് “. 

ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി വിധിക്കെതിരെ അപ്പീൽ പോയി ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച ഫിലിം സൊസൈറ്റിയാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി. ഏറെക്കാലമായി കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ സാരഥ്യം കൂടി വഹിക്കുന്ന റിജോയ്  മറ്റൊരനുഭവം കൂടി  വിവരിച്ചു.

“ചിമ്മിനി ഡാം മേഖലയിലുള്ള ആദിവാസി കോളനിയിൽ ഒരു ട്രൈബൽ വായനശാലയുണ്ട്. അവിടെ ‘ കാടു പൂക്കുന്ന നേരവും ‘  ‘ഒറ്റാലും ‘ പ്രദർശിപ്പിച്ചു. സിനിമകളിൽ  മുഴുകി അവരിരിക്കുന്ന കാഴ്ച വല്ലാത്തൊരു അനുഭവമായിരുന്നു. സിനിമയുമായി അത്ര മാത്രം ഇഴുകിച്ചേർന്നാണ് അവരുടെ ഇരിപ്പ്. സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം അവർ സഞ്ചരിച്ചു. അവരോടൊപ്പം സന്തോഷിച്ചു. സങ്കടപ്പെട്ടു. ചിരിക്കുകയും കരയുകയും ചെയ്തു.  ജയരാജിന്റെ ഒറ്റാലിൽ കേന്ദ്ര കഥാപാത്രമായ  കുട്ടിയെ കൊണ്ടുപോയി വില്ക്കുന്ന മേസ്തിരിയോടുള്ള അവരുടെ അമർഷം കാണേണ്ടതാണ്. സിനിമ കണ്ടിറങ്ങുന്ന സ്ത്രീ പേക്ഷകർ അയാളെ ചീത്ത പറഞ്ഞു കൊണ്ടാണ്  പുറത്തേക്കിറങ്ങിപ്പോയത്.” 

മലയാളിയുടെ ദൃശ്യബോധത്തിൽ ക്രിയാത്മകമായി ഒരു ഇടപെടൽ നടത്തുക എന്ന ലക്ഷ്യത്തോടു കൂടി ചലച്ചിത്ര അക്കാദമി നടത്തിയിരിക്കുന്ന പ്രധാന കാൽവെപ്പാണ് ടൂറിങ്ങ് ടാക്കീസ് അഥവാ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം . കഴിഞ്ഞ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഇത് ആരംഭിക്കുന്നത്. അന്ന് കണ്ണൂർ, തൃശൂർ എന്നിങ്ങനെ രണ്ടു റീജ്യണുകളിലായി ടൂറിങ്ങ്  സിനിമാ പ്രദർശനം ആരംഭിച്ചു. പിന്നീടു വന്ന സർക്കാരിന്റെ കാലത്ത് അത്  നിലച്ചു.

ജി. ഉഷാകുമാരി
ജി. ഉഷാകുമാരി

അക്കാദമിയുടെ  പുതിയ ഭരണസമിതി നിലവിൽ വന്നതിനു ശേഷമെടുത്ത ഏറ്റവും ജനകീയമായ തീരുമാനങ്ങളിൽ ഒന്നാണ് ടൂറിങ്ങ് ടാക്കീസ് സംവിധാനത്തെ തിരികെ കൊണ്ടുവരിക എന്നുള്ളത്. അതിന്റെ ഭാഗമായി കേരളത്തെ അഞ്ച് റീജ്യണുകളായി തിരിച്ച് – കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം – അഞ്ച് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു.  കഴിഞ്ഞ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച സിനിമകൾ, തെരഞ്ഞെടുത്ത അന്താരാഷ്ട്ര സിനിമകൾ, ബംഗാളിയും മറാത്തിയും ആസാമീസും ഒഡിയയും തമിഴുമുൾപ്പെടെ ഇന്ത്യയിലെ  മികച്ച ഭാഷാ ചിത്രങ്ങൾ, നല്ല മലയാള സിനിമകൾ ഉൾപ്പെടെ ലോകോത്തര സിനിമകൾ സാധാരണക്കാരായ  പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി  ഈ സംരംഭം പുനരുജ്ജീവിപ്പിക്കുന്നത്.

പ്രശസ്ത എഴുത്തുകാരിയും വർഷങ്ങളായി  ചലച്ചിത്രോത്സവ വേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമായ  ജി. ഉഷാകുമാരിയും സഞ്ചരിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ഇത്തരം സാദ്ധ്യതകളെപ്പറ്റിയാണ് സംസാരിച്ചത്. 

” ആഹ്‌ളാദമല്ല നല്ല സിനിമ നമുക്കു സമ്മാനിക്കുന്നത്. ഭയവും ആകാംക്ഷയും ചേര്‍ന്ന പിരിമുറുക്കമേറിയ ഉന്മാദം തന്നെയാണ്. നാമതില്‍ ബോധപൂര്‍വം തെന്നിവീണൊഴുകുകയാണ്. ടൂറിങ്ങ് ഫെസ്റ്റിവലുകളില്‍ സിനിമ അതിന്റെ മായാപിഞ്ഛിക മെല്ലെ ചലിപ്പിച്ച് നമ്മിലേക്ക് പറന്നു താഴുകയാണ്.  കുറച്ചു സമയത്തേക്ക് നാം ദൈനംദിനങ്ങളെ ഊരിമാറ്റുന്നു. മറ്റൊരു നഗരത്തില്‍ താമസിച്ച്, സിനിമയെക്കുറിച്ചു മുന്‍കൂട്ടിയറിഞ്ഞ്  കാണുന്ന ഫിലിം ഫെസ്റ്റിവലുകള്‍ പോലെയല്ല, ടൂറിംഗ് ഫെസ്റ്റിവലുകളില്‍ നാടും കാണികളുമൊക്കെ നമുക്കു പരിചിതമാണ്. പക്ഷേ, കുറേസമയം കഴിഞ്ഞ് സിനിമ തീരുമ്പോള്‍ നമുക്കതെല്ലാം അപരിചിതമായ പുതുമയോടെ തീര്‍ത്ത ഫ്രെയിമുകളും സ്വരങ്ങളുമാണ്. ”  പുതിയ അര്‍ത്ഥങ്ങളും മാറ്റിയെഴുതപ്പെട്ട പുതിയ ജീവിതവും എന്നാണ് ഉഷ ടീച്ചർ ഈ അനുഭവത്തെ വിശേഷിപ്പിക്കുന്നത്.

“വെയിലത്തു വന്നു കയറി നമ്മുടെ വരാന്തയിലോ, തിണ്ണമേലോ ഇരുന്ന് തോര്‍ത്തഴിച്ചു വിയര്‍പ്പാറ്റുന്ന, വളച്ചെട്ടികളെപ്പോലെ, തിളങ്ങുന്ന ചില്ലുപാത്രങ്ങളും അലുമിനിയക്കലങ്ങളും പേറിയെത്തുന്ന പണ്ടത്തെ വഴിവാണിഭക്കാരെപ്പോലെ, സിനിമ നമ്മുടെ പടിക്കലെത്തി തൊട്ടുവിളിക്കുന്നു. നമ്മുടെ നോട്ടങ്ങള്‍ കണ്‍പരിധിക്കപ്പുറത്തേക്ക് ചിറകുവിരിക്കുന്നു. നാമും സിനിമയും കണ്ണുകൊരുക്കുന്നു, പുതിയൊരു പ്രണയമൈത്രിയിലേക്കത് പിച്ചവെയ്ക്കുന്നു.”

പി.കെ.ശോഭന
പി.കെ.ശോഭന

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ശോഭന പടിഞ്ഞാറ്റിലിനുള്ളത് . കേരള സ്റ്റേറ്റ് സെൻട്രൽ  ലൈബ്രേറിയനും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ  ഇരുപത്തിരണ്ടു  എഡിഷനുകളിലും സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുള്ള  പി.കെ.ശോഭന  ടൂറിങ് ഫെസ്റ്റിവൽ നടത്തിപ്പിലെ പോരായ്മകളെ എടുത്തു പറഞ്ഞു. 

“ഫിലിം ഫെസ്റ്റിവൽ കേരളത്തിലെ ഇതര സിറ്റികളിൽ കാണിക്കുന്നത് തീർച്ചയായും സ്വാഗതാർഹമാണ്. വിദേശ രാജ്യങ്ങളിലെ സിനിമകൾ ഇവിടെ കാണിക്കുമ്പോൾ, വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവിടെ കാണിക്കുന്ന സിനിമകൾ പുതിയതും ഇന്റർനെറ്റിലൂടെ ലഭ്യമാകാത്തതുമാകാൻ ശ്രദ്ധിക്കണം. പല പ്രമുഖ സിനിമകളും ഇന്നും ഇന്റർനെറ്റിൽ ലഭ്യമല്ല. അത്തരത്തിലുള്ള സിനിമകൾ കാണിക്കുമ്പോഴേ ഇത് ഗൗരവകരമെന്ന്, കാണാൻ വരുന്നവർക്ക് തോന്നുകയുള്ളൂ. പക്ഷെ പലപ്പോഴും സംഭവിക്കുന്നത്, എത്രയോ ഫിലിം ഫെസ്റ്റിവലുകളിൽ ആവർത്തിച്ച പഴയ സിനിമകൾ കുത്തിത്തിരുകിയ ടൂറിംഗ് ഫെസ്റ്റിവലുകൾ ആണ്. ചിലപ്പോൾ ഫോക്കസ് മലയാളം പാക്കേജും ആയിരിക്കും. ഇതിനു പ്രാധാന്യം വേണ്ടേ എന്നാകും ചോദിക്കുക. ശരിയാണ് . പക്ഷെ , എല്ലായ്പ്പോഴും ചില  സ്ഥാപിത സിനിമാക്കാരുടെ സിനിമകൾ മാത്രം കാണിക്കും. ഇങ്ങനെയുള്ള അവസ്ഥ ഒഴിവാക്കി ഇത് കുറേക്കൂടി സുതാര്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെ ട്ടവർക്കുണ്ട്”. 

മാറുന്ന ലോകത്തിന്റെ ശരിയായ കണ്ണാടിയിലേക്ക്  നോക്കാൻ പ്രേരിപ്പിക്കുകയാണ്  ടൂറിങ്ങ് ഫെസ്റ്റിവലുകളെന്നാണ്  പ്രശസ്ത സംവിധായകൻ പ്രിയനന്ദനന്റെ പക്ഷം. നെയ്ത്തുകാരനും പുലിജന്മവും ഉൾപ്പെടെ ശ്രദ്ധേയമായ ചിത്രങ്ങൾ മലയാളിക്കു സമ്മാനിച്ച പ്രിയന്റെ പുതിയ ചിത്രം  ‘പാതിര കാലം’  കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വച്ച്  ഫെസ്റ്റിവൽ സർക്യൂട്ട് യാത്രകൾക്ക്  തുടക്കമിട്ടു കഴിഞ്ഞു.  

പ്രിയനന്ദനൻ
പ്രിയനന്ദനൻ

“പഴയ കാലത്ത്  ഒരു നല്ല സിനിമ കാണണമെന്നുണ്ടെങ്കിൽ പലപ്പോഴും ഫിലിം പെട്ടിയും മറ്റും റെയിൽവേ സ്റ്റേഷനിൽ നിന്ന്  ചുവന്നു കൊണ്ടുവരണം. പ്രാദേശികമായ തിയേറ്ററുകൾ സംഘടിപ്പിക്കണം. എന്നാൽ ഇന്ന് ചെയ്യുന്നതിനേക്കാൾ നവീനമായ ഒരു അനുഭവം ഉണ്ടായിരുന്നു അന്നൊക്കെ. നമ്മൾ കണ്ടു മുട്ടുന്നതോ കാണുന്നതോ ഒന്നും ആയിരുന്നില്ല സിനിമ എന്നുള്ളത്… സിനിമ എന്ന് പറയുന്ന വ്യാജേനയുണ്ടാകുന്ന, നമ്മുടെ സ്വപ്നങ്ങളെയും, നമ്മുടെ രീതികളെയുമൊക്കെ, മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്ന സിനിമകളായിരുന്നു മുഖ്യധാരാ സിനിമകൾ. ചരിത്രവുമായോ ജീവിത യാഥാർത്ഥ്യങ്ങളുമായോ  ബന്ധപ്പെട്ട യാതൊന്നും അത്തരം സിനിമകളിൽ കാണില്ല. ചരിത്രത്തോടും കാലത്തോടും സംസ്കാരത്തോടുമൊക്കെ ബന്ധപ്പെടുന്ന സിനിമകൾ  പ്രാദേശികമായ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെയാണ് കണ്ടിട്ടുള്ളത്. ഇന്നിപ്പോൾ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണെന്നു പറയാം… ചലച്ചിത്ര അക്കാഡമി പോലുള്ളവർ ഇങ്ങനെ സിനിമകൾ കൊണ്ട് വരുമ്പോൾ കാഴ്ചയുടെ സംസ്കാരം തന്നെ മാറിക്കിട്ടാൻ സാധ്യതയുണ്ട് .അതൊരു എളുപ്പമായ കാര്യമായി മാറും. അതിനൊരു പുതിയ അവബോധം ഉണ്ടാക്കാൻ പറ്റും. നിലവിൽ നമ്മുടെ സ്വപ്നങ്ങളെ,നമ്മുടെ യാഥാർഥ്യങ്ങളെ, ചൂഷണം ചെയ്യുന്ന സിനിമകൾക്കപ്പുറം സിനിമയുടെ ശക്തിയെന്താണ്, മീഡിയത്തിന്റെ പവർ എന്താണ് എന്ന് ലോകത്തെ  കാണിച്ചു തരും. മാറുന്ന ലോകത്തിന്റെ ശരിയായ കണ്ണാടിയിലേക്കു എങ്ങിനെയാണ് നമ്മളെ നോക്കാൻ പഠിപ്പിക്കുന്നത് എന്നുള്ളതാണ് ഇത്തരം ടൂറിങ് ഫെസ്റ്റിവലുകൾകൊണ്ടുള്ള  പ്രയോജനം എന്ന് ഞാൻ കരുതുന്നു. അതോടോപ്പം തന്നെ ചലച്ചിത്ര അക്കാഡമി നിർബന്ധമായും ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്.  തിയേറ്ററുകളിലൊന്നും എത്താൻ സാധ്യതയില്ലാത്ത മലയാള സിനിമകൾ കൂടി പരിഗണിക്കുകയും, അത് കാണുന്ന പ്രേക്ഷകരിൽനിന്ന്  തന്നെ ചെറിയൊരു സംഭാവന ആ സിനിമക്ക് വാങ്ങുകയും അത് സിനിമയുണ്ടാക്കാൻ കഷ്ടപ്പെടുന്നവർക്ക്  കൊടുക്കുകയുമാണെങ്കിൽ ഈ ഉദ്യമം കൂടുതൽ ഗുണം ചെയ്യും. കാഴ്ച്ചക്കൊപ്പം തന്നെ അത്തരം സിനിമകൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് അത് ശക്തി പകരും. അതു കൂടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായാൽ വലിയ കാര്യമാകും. കാഴ്ചയ്ക്കും കാഴ്പ്പാടുകൾക്കും അത്  ഒരുപാട് വ്യത്യാസങ്ങൾ വരുത്തും”.

പി.എൻ.ഗോപീകൃഷ്ണൻ
പി.എൻ.ഗോപീകൃഷ്ണൻ

ടൂറിങ്ങ് ഫെസ്റ്റിവലുകളെപ്പറ്റിയുള്ള അഭിപ്രായം പങ്കുവെയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ മലയാളത്തിന്റെ പ്രിയ കവിയും കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ  പ്രദർശിപ്പിച്ച പ്രിയനന്ദനൻ ചിത്രം പാതിര കാലത്തിന്റെ രചയിതാവുമായ പി.എൻ.ഗോപീകൃഷ്ണൻ ഇങ്ങിനെയാണ്  പ്രതികരിച്ചത്: “സിനിമയുടെ മുറിവുകൾ എല്ലാ നല്ല മനുഷ്യരിലും ചെന്ന് പറ്റട്ടെ.  അടഞ്ഞ കണ്ണുകളെ വെളിച്ചം മലർക്കെ തുറപ്പിക്കട്ടെ. സ്വാതന്ത്ര്യത്തിന്റെയും  സ്വാശ്രയത്വത്തിന്റെയും പനി പിടിച്ച ചിന്താണുക്കൾ നാടു നീളെ വിതറട്ടെ.”

അധ്യാപികയും  ഡോക്യംമെന്ററി ഫിലിം മേക്കറുമായ മിത്ര സിന്ധു ജനകീയമായി മാറുന്ന ഏത് സംരംഭവും ഗുണകരമായിത്തീരും എന്ന വിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.  പ്രകടമായ മാറ്റമാണ് കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങൾക്കിടക്ക് സിനിമാരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും   സിനിമ പ്രേക്ഷകനിലേയ്ക്കെത്തിക്കുന്നതിന് ഇപ്പോൾ  വളരെ അനുകൂലമായ  സാഹചര്യമാണ്  നിലവിലുള്ളതെന്നും മിത്ര കരുതുന്നു. 

മിത്ര സിന്ധു
മിത്ര സിന്ധു

“അതെ, എല്ലാ അർത്ഥത്തിലും സിനിമ കൂടുതൽ ജനകീയമാവുകയാണ്. ചുറ്റിലും സിനിമയുള്ള പുതിയ കാലത്തും ടൂറിംഗ് ടാക്കീസ് എങ്ങനെ നിലനിൽക്കുന്നു , അഥവാ ടൂറിംഗ് ടാക്കീസ് ഒരനിവാര്യതയാകുന്നത് എന്തുകൊണ്ടാണ് എന്ന് നാം ചിന്തിക്കണം. ഒരു കലാസൃഷ്ടിയെന്ന പൂർണ്ണാർത്ഥത്തിൽ ആസ്വദിക്കാൻ പര്യാപ്തമായ രീതിയിലല്ല ഇന്നത്തെ പല പ്രഖ്യാപിത ഫിലിം ഫെസ്റ്റിവലുകളും നടക്കുന്നത്. വമ്പിച്ച ആൾക്കൂട്ടത്തിനിടക്ക് വെറും കാർണിവലുകൾ മാത്രമായിപ്പോകുന്ന ഈ ഫെസ്റ്റിവലുകളിൽ  മുങ്ങിപ്പോകുകയാണ് യഥാർത്ഥ സിനിമാ സ്വാദനം. പലപ്പോഴും, നല്ല സിനിമകൾക്ക് ഇവിടെയും ഇടം കിട്ടാറില്ല. ഇത്തരമൊരവസരത്തിലാണ് ഒരു ചെറിയ സദസ്സിനിടയിലേക്ക് സിനിമ കടന്നുവരേണ്ടത് അനിവാര്യതയാകുന്നത്. യഥാർത്ഥത്തിൽ അവ ആവശ്യപ്പെടുന്ന ആസ്വാദകരുടെ ഇടയിലേയ്ക്കാണ് അത് കടന്നു വരുന്നത്. അതുകൊണ്ടുതന്നെ ടൂറിങ്ങ് ടാക്കീസും അനുബന്ധമായി  നടക്കുന്ന സർഗ്ഗാത്മക ചർച്ചകളും  ഞാനിഷ്ടപ്പെടുന്നു. ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ സിനിമകൾ പരിചയപ്പെടുന്നതിനും അവയുടെ ക്രാഫ്റ്റ് താരതമ്യം ചെയ്യുന്നതിനും  ഇത് സാധാരണക്കാർക്കും  അവസരം സൃഷ്ടിക്കുന്നു “

ഡോ. ആർ. ഷർമിള
ഡോ. ആർ. ഷർമിള

നിർമ്മിക്കപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പശ്ചാത്തലങ്ങളെ പുനർ നിർമ്മിക്കുകയോ അതിഭാവുകത്വങ്ങളില്ലാതെ പകർത്തുകയാ ചെയ്യുമ്പോഴാണ് അനുവാചകൻ ചലച്ചിത്രവുമായി താദാത്മ്യം പ്രാപിക്കുന്നതെന്ന്  ഡോ. ആർ. ഷർമിള.

നല്ല ചിത്രങ്ങളുടെ ആസ്വാദകയും  ഫെസ്റ്റിവൽ വേദികളിലെ സ്ഥിരം സാന്നിദ്ധ്യവുമായ ഷർമിള  ടൂറിങ്ങ് ഫെസ്റ്റിവലിനെ ഇങ്ങനെ വിലയിരുത്തുന്നു.  ദൃശ്യഭാഷയുടെ സാർവ്വ ലൗകികത  മറ്റൊരു കലയ്ക്കും അവകാശപ്പെടാനില്ല. ഒരേ സമയം അത് കാഴ്ചക്കാരനെ തന്നിലേക്കും പുറം ലോകത്തിലേക്കും കൂട്ടികൊണ്ടു പോവുന്നു. ഇവിടെയാണ് ചലച്ചിത്രമേളകളുടെ പ്രസക്തി.” 

സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന് മാത്രം  ആസ്വാദ്യകരമാവുന്നതിനപ്പുറത്തേക്ക്  സാധാരണക്കാരിലേക്കും ലോക സിനിമകൾ എത്തിക്കുകയെന്ന  ഉദ്ദേശ്യത്തോടെയാണ് ടൂറിങ്ങ് ഫെസ്റ്റിവൽ എന്നതിനാൽ അക്കാദമിയുടെ ഉദ്യമം ഏറെ പ്രശംസനീയമാണെന്ന് ഷർമിള എടുത്തു പറഞ്ഞു.    

അപർണ്ണ പ്രശാന്തിനി
അപർണ്ണ പ്രശാന്തിനി

നടത്തിപ്പിനെയും തെരഞ്ഞെടുക്കുന്ന സിനിമകളെയും സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും  ടൂറിങ്ങ് മേള ക്രിയാത്മകമാണെന്ന അഭിപ്രായം തന്നെയാണ് എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ  അപർണ്ണ പ്രശാന്തിനിക്കുമുള്ളത്. വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും സിനിമയെ കൂടുതൽ പ്രേക്ഷകരിലേയ്ക്കെത്തിക്കാൻ ഇത്തരം മേളകൾ വലിയ പങ്കു വഹിക്കുമെന്ന് അപർണ്ണ കരുതുന്നു.   

ഐ ഫ് എഫ് കെ ക്ക് തിരുവനന്തപുരം ഏക വേദിയായ ശേഷം കേരളത്തിൽ  അങ്ങോളമിങ്ങോളമുള്ള സിനിമാ പ്രേമികൾക്കു വന്ന നഷ്ടം നികത്താൻ ഇതുപകരിച്ചേക്കാം. പല കാരണങ്ങളാലും തീയേറ്ററുകൾ ലഭിക്കാത്ത ഒരു കോർപ്പറേറ്റ് കച്ചവടമായി മാത്രം ഇതിനെ കാണാത്ത പല സിനിമകളും ജനങ്ങളിലേയ്ക്കെത്തും. എങ്കിലും നടത്തിപ്പും സിനിമാ തെരഞ്ഞെടുപ്പും സംബന്ധിച്ച വിവാദങ്ങൾ ഉണ്ട്. ” കാലക്രമേണ കുറേക്കൂടി ക്രിയാത്മകമായി ഈ സംരംഭത്തെ  മാറ്റിയെടുക്കുമെന്ന വിശ്വാസവും അപർണ്ണ പ്രകടിപ്പിക്കുന്നു.

വിമർശനങ്ങളേ പറയാനുള്ളൂ എന്നായിരുന്നു പ്രശസ്ത സംവിധായകൻ  സജിൻ ബാബുവിന്റെ ആദ്യ പ്രതികരണം. പത്തൊൻപതാമത് ഐ. എഫ്.എഫ്.കെയിൽ രജത ചകോരം കരസ്ഥമാക്കിയ  ‘അസ്തമയം വരെ ‘ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിൻ. രണ്ടാമത്തെ സിനിമ 

സജിൻ ബാബു
സജിൻ ബാബു

‘അയാൾ ശശി ‘ ക്കു ശേഷം മാസങ്ങളായി സജിൻ യാത്രയിലാണ്. സിനിമയ്ക്കു വേണ്ടിയും തനിക്കു വേണ്ടിയുമുള്ള യാത്രകളെന്ന് സജിൻ തന്റെ യാത്രകളെ വിശേഷിപ്പിക്കുന്നു.

“വർഷാവർഷം ഒരു മാമാങ്കം സംഘടിപ്പിക്കുക. അതിന്റെ ഭാഗമായി ഒരു ടൂറിങ്ങ് ഫെസ്റ്റിവലും സംഘടിപ്പിച്ചേക്കാം എന്നവർ ചിന്തിച്ചിട്ടുണ്ടാകും. അതിനപ്പുറമുള്ള വിഷനൊന്നും അവർക്കില്ല. ഫിലിം സൊസൈറ്റികൾ സജീവമായ ഇക്കാലത്ത്, സിനിമകൾ കാണാൻ ധാരാളം അവസരമുള്ള  കാലത്ത്  വലിയ പുതുമയൊന്നും ഇതിൽ അവകാശപ്പെടാനില്ല,” സജിൻ പറഞ്ഞു.

ഏതു സിനിമയുടെ പ്രദർശനവും ടെക്നിക്കൽ പെർഫക്ഷനോടെ വേണമെന്ന നിർബന്ധബുദ്ധിയാണ് സജിനുള്ളത്. അത്  ക്വാളിറ്റിയോടു കൂടി തിയ്യേറ്ററുകളിൽ തന്നെ കാണിക്കണം. ഇവിടത്തെ പ്രേക്ഷകനും ഫിലിം മേക്കേഴ്സിനും ഫിലിം സ്റ്റുഡന്റ്സിനും പ്രയോജനകരമായ വിധത്തിൽ ചലച്ചിത്ര അക്കാഡമി റീ ഡിസൈൻ ചെയ്യേണ്ട കാലം അതിക്രമിച്ചു എന്നും സജിൻ കരുതുന്നു.

കെ.പി. ശ്രീകൃഷ്ണൻ
കെ.പി. ശ്രീകൃഷ്ണൻ

മേളയിൽ മലയാള സിനിമ ഇന്ന്  വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ‘നായിന്റെ ഹൃദയം’  ചിത്രത്തിന്റെ സംവിധായകൻ കെ.പി. ശ്രീകൃഷ്ണൻ  ടൂറിങ്ങ് ഫെസ്റ്റിവൽ വലിയ ചലനമൊന്നും സൃഷ്ടിക്കുന്നില്ല എന്ന പക്ഷക്കാരനാണ്. ഈ കാലത്ത് ചെയ്യേണ്ടത് ടൂറിങ്ങ് ഫെസ്റ്റിവലുകൾ അല്ലെന്നും അതിനു വേണ്ടി പണം മുടക്കുന്നതിൽ വലിയ കാര്യമില്ലെന്നും, ശ്രീകൃഷ്ണൻ പറയുന്നു.

“എന്റെ അഭിപ്രായത്തിൽ  അക്കാദമി ചെയ്യേണ്ട കാര്യം ക്വാളിറ്റിയും പെർഫക്ഷനുമുള്ള ഓപ്പൺ ഡി സി പി സംവിധാനം ഒരുക്കുകയാണ് വേണ്ടത് എന്നുള്ളതാണ്. കേരളത്തിൽ അഞ്ചോ ആറോ സ്ഥലത്തെങ്കിലും, ചുരുങ്ങിയത് 50 പേർക്കെങ്കിലും ഇരുന്ന്  നല്ല സിനിമകൾ കാണാനുള്ള സ്ഥിരം സംവിധാനം അക്കാഡമി ഒരുക്കട്ടെ. ടിക്കറ്റ് വച്ച് തന്നെ അവിടെ സിനിമ പ്രദർശിപ്പിട്ടെ.” അതല്ലാതെ ഒരേ റൂട്ടിലോടുന്ന ഈ പഴയ വണ്ടിയിൽ വർഷാവർഷം ഇങ്ങനെ യാത്ര ചെയ്തതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന്,  ‘മറുപാതൈ ‘ എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് കടന്നു വന്ന ശ്രീകൃഷ്ണൻ കൂട്ടിച്ചേർത്തു.

TouringTalkies2

എന്തായാലും റിജോയിയും കുര്യാക്കോസും ഷാജിയും, നവീന സുഭാഷും, ബൈജുവും ഉൾപ്പെടെയുളള ടൂറിങ്ങ് ടാക്കീസിന്റെ  ചലച്ചിത്ര പ്രവർത്തകർ ഈ  വണ്ടിയിങ്ങനെ ഓടിക്കുകയാണ്. ദിവസവും അഞ്ചും ആറും ഷോകൾ വരെ നടത്തി രാവിലെ മുതൽ അർദ്ധരാത്രിയിലേക്ക് നീളുന്ന സിനിമാവണ്ടിയുടെ ഓട്ടം അവർക്ക് അതിരില്ലാത്ത സന്തോഷം നല്കുന്നുമുണ്ട്. എത്താവുന്ന ഇടങ്ങളിലെല്ലാം എത്തിച്ചേരുകയും സിനിമ കാണാൻ താത്പര്യത്തോടെ  വന്നുചേരുന്ന  പ്രേക്ഷകരെയെല്ലാം മുന്നിലിരുത്തി വെള്ളിത്തിരയിലേക്ക് വെളിച്ചം വീഴ്ത്തുകയാണവർ. 

കവി പറഞ്ഞതുപോലെ സിനിമയുടെ മുറിവുകൾ എല്ലാ മനുഷ്യരിലും ചെന്ന് പറ്റട്ടെ. വെള്ളിത്തിരയിലെ വെളിച്ചം അടഞ്ഞ കണ്ണുകളെ മലർക്കെ തുറപ്പിക്കട്ടെ.

 – എൻ . ബി . രമേശ് 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജിഷ്​ണു കേസ്​ സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം

Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu

ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ