traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 
in , ,

കാരണവന്മാർ അടുപ്പത്ത് തുപ്പുമ്പോൾ

”എല്ലാ മൃഗങ്ങളും തുല്യരാണ്.” ജോർജ്ജ് ഓർവെൽ എഴുതിയ ഡിസ്ടോപിയൻ നോവലായ അനിമൽ ഫാമിലെ ഈ വരികൾ ഓർക്കുന്നില്ലേ? ”എന്നാൽ ചില മൃഗങ്ങൾ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്” എന്ന അനുബന്ധം കൂടി ഓർക്കുമ്പോൾ മാത്രമേ താഴെ പറയാൻ പോകുന്ന ട്രാഫിക് നിയമ ( traffic rules ) ലംഘനമെന്ന വിഷയവും ഈ വരികളുമായുള്ള ബന്ധം തികച്ചും വ്യക്തമാകുകയുള്ളൂ.

‘കാരണവർക്ക് അടുപ്പത്തും തുപ്പാം’ എന്നാണല്ലോ പണ്ടേ ചൊല്ലിയ ചൊല്ല്. ആ പഴംചൊല്ലിനൊരു ഉത്തമ മാതൃകയുമായി ഇന്ന് പുതിയൊരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. അമിതവേഗത്തിന് പിഴ അടയ്ക്കാതെ ഉന്നതർ വിലസുന്നതായുള്ള വാർത്ത പുറത്തു വന്നപ്പോൾ എന്തിനും ഏതിനും പിഴ ശിക്ഷ ഭയന്ന് കഴിയുന്ന സാധാരണക്കാരൊക്കെയും മൂക്കത്തു വിരൽ വച്ചു നിൽപ്പാണ്.

ഉന്നതരുടെ നിയമലംഘനങ്ങൾ

മുഖ്യമന്ത്രി മുതൽ ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ട്രാഫിക് നിയമ ലംഘനത്തിൽ മുന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ നിയമലംഘനം 52 പ്രാവശ്യമെന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ മോശമല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തിലെയും നേതാക്കന്മാർക്ക് പുറമെ ബിജെപിയിലെ നേതാക്കളും നിയമലംഘനം നടത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കോടിയേരിയുടെ ട്രാഫിക് നിയമ ലംഘനം 38 പ്രാവശ്യമായിരുന്നു. അതേസമയം, കാനം രാജേന്ദ്രൻ മൂന്നു പ്രാവശ്യവും. കോൺഗ്രസ് നേതാക്കന്മാരായ ഉമ്മൻ ചാണ്ടി നാല് പ്രാവശ്യം നിയമം ലംഘിച്ചപ്പോൾ എം എം ഹസൻ രണ്ടു പ്രാവശ്യമാണ് നിയമ ലംഘനം നടത്തിയിരിക്കുന്നത്.

കുമ്മനവും ഈ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. 52 തവണയാണ് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും നിലവിൽ  മിസോറം ഗവർണ്ണറുമായ കുമ്മനം ട്രാഫിക് നിയമലംഘനം നടത്തിയിരിക്കുന്നത്. കൂടാതെ ഷിബു ബേബി ജോൺ, ഡീൻ കുര്യാക്കോസ് എന്നീ നേതാക്കളും നിയമം ലംഘിച്ചിട്ടും പിഴ അടച്ചിട്ടില്ല.

സമൂഹത്തിൽ ഒരേ നിയമത്തിന് രണ്ട് നീതി എന്ന അവസ്ഥ സംജാതമാകുന്നതിൽ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ്. ഖജനാവ് നിറയ്ക്കാൻ വേണ്ടി മാത്രമാണോ പിഴ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് ചിലരുടെ സംശയം.

പെറ്റി കേസുകളിൽ പിഴ അടയ്ക്കാൻ സാധാരണക്കാർ കാട്ടുന്ന വെമ്പൽ ഉന്നതർക്ക് ബാധകമാകുന്നില്ലെങ്കിൽ അത് നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്ന നടപടി അല്ലേ എന്നും ചിലർ ആരായുന്നു.

traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 

റോഡിലെ നിത്യാഭ്യാസങ്ങൾ

ആംബുലൻസുകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിൽ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ നിത്യകാഴ്ചയാണ്. റോഡിൽ നിയമലംഘനങ്ങൾ നടത്തുന്നതിൽ വലിപ്പച്ചെറുപ്പങ്ങളില്ലെന്ന് നാമേവർക്കുമറിയാം.

ഹെൽമറ്റ് ധരിക്കാതെ ചീറിപ്പായുമ്പോൾ പരിശോധന നടക്കുന്ന വിവരം എതിരേയുള്ളവർ ചില സിഗ്നലുകൾ നൽകി അറിയിക്കുന്നു. തത്സമയം വേഗം അൽപ്പവും കുറയ്ക്കാതെ ഇടത് കൈത്തണ്ടയിൽ തൂക്കിയിരിക്കുന്ന ഹെൽമറ്റ് അണിഞ്ഞു കൊണ്ട് വിജയശ്രീലാളിതനായി ആരെയൊക്കെയോ മണ്ടന്മാരാക്കിയെന്ന ഭാവത്തിൽ മുന്നേറുന്നവർ.

മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിയ റോഡുകളിൽ ചീറിപ്പാഞ്ഞു മുന്നേറിക്കൊണ്ട് വഴിയാത്രക്കാരെ ചെളിവെള്ളത്താൽ അഭിഷേകം നടത്തി തങ്ങളുടെ പൂർവ്വികരുടെ നാമങ്ങൾ ആ വഴിയാത്രക്കാരെക്കൊണ്ട് ഉച്ചരിപ്പിക്കുന്നവർ.

ബ്ലോക്കിൽപ്പെട്ടാലും, മുന്നിൽ വാഹനനിര നീണ്ടു നിവർന്നു കിടന്നാലും, മുന്നിലെ വാഹനത്തിന് ഒതുങ്ങാൻ ഒരൽപം പോലും സ്ഥലമില്ലെന്ന് അറിയാമെങ്കിലും വെറുതേ ഒരു രസത്തിനോ അരിശം പ്രകടിപ്പിക്കുവാനോ വേണ്ടി ഹോണിൽ നിന്ന് കൈയ്യെടുക്കാത്തവവർ.

പകൽ നേരങ്ങളിൽപ്പോലും ഹെഡ്‍ലൈറ്റ് ബ്രൈറ്റാക്കി എതിരെ വരുന്നവരുടെ കാഴ്ചയെ മങ്ങിപ്പിക്കുന്നവർ, ലേസർ രശ്മി പോലുള്ള പ്രകാശത്താൽ വാഹനങ്ങളെ അലങ്കരിച്ചവർ ഇത്തരത്തിൽ നീളുന്നു നമ്മുടെ റോഡുകളിലെ നിത്യാഭ്യാസങ്ങൾ.

അധികൃതരുടെ വഴിയൊരുക്കങ്ങൾ

traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 

ട്രാഫിക് നിയമലംഘകരെ പിടികൂടുവാനായി മുക്കിനു മുക്കിന് പരിശോധകരെ ഏർപ്പാടാക്കിയും ക്യാമറാക്കണ്ണുകളിലൂടെ നിയമലംഘകരെ കണ്ടെത്തുകയും ചെയ്യുന്ന അധികൃതരുടെ ശുഷ്‌കാന്തി പക്ഷേ റോഡുകളുടെ പരിപാലനത്തിൽ ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. റോഡ് ടാക്സ്, വെഹിക്കിൾ ടാക്സ് എന്നിത്യാദി നികുതികൾ അടച്ച ശേഷം വാഹനവുമായി ഇറങ്ങിത്തിരിക്കുന്നവരെ കാത്തിരിക്കുന്നത് നീണ്ട വൈതരണികളാണ്.

റോഡുകളിലെ കുട്ടിക്കുളങ്ങൾ, നട്ടെല്ല് തകർക്കുന്ന ഹമ്പുകൾ, കാഴ്ചയെ മറയ്ക്കുന്ന ഫ്ളക്സുകൾ, കൺഫ്യൂഷൻ സൃഷ്‌ടിക്കുന്ന ഗതാഗത പരിഷ്‌കാരങ്ങൾ പറഞ്ഞാൽ തീരില്ല ഒരു വാഹന യാത്രക്കാരന്റെ ദുരിതങ്ങൾ. പാർക്കിങ്ങിന് സ്ഥലമില്ലാതെ നട്ടം തിരിഞ്ഞും   മലീമസമായ പുക ശ്വസിച്ചും വാഹനവുമായി പരക്കം പായവെ കണ്ണൊന്നു തെറ്റിയാൽ, ഒരു നിമിഷം പിഴച്ചാൽ സംഭവിക്കാനിരിക്കുന്നത് വൻ ദുരന്തമാണെന്ന ബോധത്തിലാണ് ഓരോ സാധാരണക്കാരനും പൊതുനിരത്തുകളിൽ ജീവൻ പണയം വച്ച് വാഹനവുമായി എത്തുന്നത്.

നിയമവും പിഴയും അരങ്ങു തകർക്കുമ്പോൾ

പ്രതിദിനം റോഡുകളിൽ പൊലിയുന്ന ജീവനുകൾ, അപകടങ്ങളിൽപ്പെട്ട് ദീർഘകാലം കിടക്കകളിൽ വീണുപോയവർ, നഷടപരിഹാരലബ്ധിക്ക് വർഷങ്ങളായി കോടതികളിൽ കയറിയിറങ്ങുന്നവർ അങ്ങനെ അനേകമനേകം ആളുകളുടെ ദുരിതങ്ങൾ വർദ്ധിച്ചപ്പോഴാണല്ലോ അധികൃതർ ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമാക്കിയത്.

പിഴ പേടിച്ച് ഏവരും നിയമം അനുസരിക്കുമെന്ന് കരുതിയവർക്ക് തെറ്റി. സാധാരണക്കാർക്ക് ഒരു നിയമം ഉന്നതർക്ക് മറ്റൊരു നിയമം എന്ന നിലയിലാണ് കാര്യങ്ങളെന്ന് ‘ മനോരമ’ ചാനൽ ഇന്ന് പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാണ്.

ഇരട്ട നിയമം: ഉത്തരവാദികളാര്?

രണ്ടുകൂട്ടർക്ക് രണ്ട് നിയമം എന്ന തെറ്റായ കീഴ്വഴക്കം സംജാതമായതിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പങ്ക് അവഗണിക്കാവുന്നതല്ല. ഉന്നതർക്കെതിരെ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന ഉദ്യോഗസ്ഥർ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നാണ് സാധാരണക്കാരുടെ ചോദ്യം. നിയമം നിയമത്തിന്റെ വഴിക്കും ഉന്നതർ അവരുടെ വഴിക്കും നീങ്ങുമ്പോൾ നാം സാധാരണക്കാർ വീണ്ടും വിഡ്‌ഢികളായി മാറുകയല്ലേ എന്നതാണ് മറ്റൊരു ചോദ്യം.

സ്ഥലം മാറ്റ ഭീഷണിയോ മറ്റോ ഭയപ്പെടുത്തുന്നതിനാലാണോ നിയമലംഘനം നടത്തുന്ന ഉന്നതർക്കെതിരെ കർശന നടപടികൾക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഒരുമ്പെടാത്തതെന്നാണ് പൊതുവെയുള്ള സംശയം. ഗുരുതരമായ കൃത്യ വിലോപമാണ് ഉന്നതരിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്.

മേലാള-കീഴാള വ്യവസ്ഥിതിയോ?

ഗതാഗത നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന ബോധം പല ഉന്നതന്മാരിലും അടിയുറച്ചിരിക്കുകാണെന്നും പരക്കെ ആക്ഷേപമുണ്ട്. ഇവർ ട്രാഫിക് നിയമ ലംഘനം നടത്തിയാലും മോട്ടോർ വാഹന ഉദ്യോഗസ്ഥരിൽ ചിലർ ഇവർക്ക് നോട്ടീസ് അയക്കാറില്ലെന്നും ആരോപണമുണ്ട്.

അഥവാ നോട്ടീസ് ലഭിച്ചാൽ പോലും ഇവരാരും ഉന്നതർ അത് ശ്രദ്ധിക്കുക പോലുമില്ലെന്നാണ് ആക്ഷേപം. ഉന്നതതലത്തിൽ ഇരിക്കുന്നവർക്കെതിരെ അമിത വേഗം, സിഗ്നൽ തെറ്റിക്കൽ തുടങ്ങി ഒട്ടനവധി ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും ഇനിയും നടപടികൾ കർശനമാക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ അത് നിയമവാഴ്ചയെ അപഹസിക്കുന്ന നടപടിയായി മാത്രമേ കണക്കാക്കാനാകൂ.

നിയമം നിർമ്മിച്ചവർ തന്നെ അത് ലംഘിക്കാമോ ?

നിയമാധിഷ്‌ഠിതമായ നടപടികൾ ഏവരും പാലിക്കേണ്ടതാണെന്നിരിക്കെ നിയമസഭാ സാമാജികർ ഉൾപ്പെടെയുള്ളവർ തന്നെ നിയമ ലംഘനങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോൾ അത് സമൂഹത്തിൽ സൃഷ്‌ടിക്കുന്ന ഉച്ച നീചത്വങ്ങൾ ചർച്ച ചെയ്യപ്പെട്ട് പരിഹരിക്കേണ്ടതു തന്നെയാണ്. നിയമം നിർമ്മിച്ചവർ തന്നെ നിയമം ലംഘിക്കുമ്പോൾ അത് ഗുരുതരമായ വീഴ്ച തന്നെയാണ്.

എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കന്മാർ ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ അടിയന്തിരമായ സത്വര നടപടികൾ ഉടനടി കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. പൊതുജന മധ്യത്തിൽ പാർട്ടികളുടെ മുഖച്ഛായയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ അവർ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് തന്നെയാണ് പൊതുജനങ്ങളുടെ പ്രതീക്ഷ.

ഉന്നതർ നിയമത്തിന് അതീതരോ?

traffic rules, violation, roads, fines, penalty, Kerala, helmet, Behra, Kummanam, kodiyeri, Ummen Chandy, Kanam, Chief Minister, over speed, 

സാധാരണക്കാർ നോട്ടീസ് ലഭിച്ച് തൊട്ടടുത്ത ദിവസം തന്നെ ആർ ടി ഓഫീസിൽ എത്തി പിഴ അടയ്ക്കുന്നു. അല്ലെങ്കിൽ ഓൺലൈനായി പിഴ അടയ്ക്കാൻ തയ്യാറാകുന്നു. എന്നാൽ സമൂഹത്തിലെ ഉന്നതർ നിയമനടപടിയ്ക്ക് വിധേയരാകാതെ തടിതപ്പുമ്പോൾ പൊതുജനങ്ങളുടെ ഉള്ളിലുയരുന്ന അമർഷം ഇനിയെങ്കിലും വേണ്ടപ്പെട്ടവർ തിരിച്ചറിയേണ്ടതാണ്.

അമിത വേഗത്തിൽ പായുമ്പോഴും പൊതു സമ്മേളനങ്ങളുടെ പേരിലും പ്രതിഷേധ ജാഥയുടെ പേരിലും നിരത്തുകൾ കൈയ്യേറി സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുമ്പോഴും രാഷ്ട്രീയക്കാർക്ക് നിയമങ്ങൾ ബാധകമല്ലെന്ന ധാരണയാണ് പൊതുവിൽ ഉയർന്നു വന്നിരിക്കുന്നത്.

എന്നാൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിക്കും പൊതു നിരത്തുകളിൽ എന്തുമാകാം എന്ന ധാരണ നിലവിലുണ്ടെങ്കിൽ അത് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നാണ് സാധാരണക്കാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.

ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്ന സാധാരണക്കാരിൽ നിന്നും റവന്യൂ റിക്കവറിയിലൂടെ പണം ഈടാക്കുവാൻ അധികൃതർ കാട്ടുന്ന ഉത്സാഹം എന്തു കൊണ്ട് സമൂഹത്തിലെ ഉന്നതരോടും കാട്ടുന്നില്ല എന്നും ഇവർ ആരായുന്നു? ഈ വിഷയത്തിൽ ഉന്നതർ മാതൃകാപരമായ സമീപനം കൈക്കൊള്ളുമോ എന്നാണ് സമൂഹം ഇപ്പോൾ ഉറ്റു നോക്കുന്നത്.

ശാലിനി വി എസ് നായർ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

22 യാർഡ് നീളുന്ന സ്വപ്നം

television, serials, actress, Nisha, Rachana, director, Uppum Mulakum, Flowers Channel, anti-women, crime, alcohol, drugs, award nights, programmes, dance,

ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ; ടെലിവിഷൻ രംഗം ചർച്ചയാകുമ്പോൾ