Train, Indian Railway, travel, IRCTC , food, complaints, live streaming , solution,
in ,

തീവണ്ടി യാത്രികരുടെ പരാതികൾക്ക് പരിഹാരമൊരുങ്ങുന്നു

കൽക്കരി തിന്ന് ‘കൂ, കൂ’ കൂകി പാഞ്ഞിരുന്ന കാലം പഴങ്കഥയാക്കി തീവണ്ടികൾ ( train ) പുതുമോടിയണിഞ്ഞിട്ട് കാലം കുറച്ചായി. അതിലെ കുണുങ്ങിക്കുണുങ്ങിയുള്ള യാത്ര ആസ്വദിച്ചിട്ടില്ലാത്തവർ ഇക്കാലത്ത് വളരെ ചുരുക്കമായിരിക്കും. തീവണ്ടി ജാലകങ്ങളിലൂടെ പിന്നിലേയ്ക്ക് പായുന്ന കാഴ്ചകൾ യാത്രികർക്ക് സമ്മാനിക്കുന്ന മനോവികാരങ്ങൾ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലുമൊക്കെ ഇതിനോടകം പല പ്രാവശ്യം വിഷയീഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ യാത്രികനും വളരെ വ്യത്യസ്തമായ അനുഭവങ്ങളേകുന്നതിൽ തീവണ്ടിയോളം പങ്കു വഹിക്കുന്ന മറ്റൊരു വാഹനമുണ്ടോ എന്നത് സംശയകരമാണ്.

ആദ്യകാലങ്ങളിൽ തീവണ്ടിയെക്കണ്ട് അന്നത്തെ സാധാരണക്കാർ പേടിച്ചോടിയെങ്കിലും തുടർന്ന് അതവരുടെ ജീവിതത്തിന്റെ അഭിഭാജ്യ ഘടകമാകാൻ അധികകാലം വേണ്ടി വന്നില്ല. കൊളോണിയൽ കാലഘട്ടത്തിൽ 1853 ഏപ്രില്‍ 16-ന് ഇന്ത്യൻ റെയിൽവേ സ്ഥാപിതമായപ്പോൾ ഇന്ത്യക്കാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ആദ്യം ഭയന്ന് അകന്നു മാറിയവരുടെ പിൻഗാമികൾ ഇപ്പോൾ തീവണ്ടിയെ വളരെയേറെ ആശ്രയിക്കുകയാണ്.

ലോകമെമ്പാടുമായി പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരെ യഥാസ്ഥാനങ്ങളിലെത്തിക്കുന്ന തീവണ്ടികൾ ഇന്ത്യൻ ഗതാഗത മേഖലയിലും പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നായ ഇന്ത്യൻ റെയിൽവേയിലൂടെ ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും പ്രതി വർഷം ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ടെന്നാണ് കണക്ക്.

കൂടാതെ 16 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനവും കൂടിയായ ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററിലധികമാണ്. എന്നാൽ യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിൽ ഇന്ത്യൻ റെയിൽവേ പിന്നിലാണെന്ന് വ്യക്തമാക്കുന്ന ധാരാളം സംഭവങ്ങൾ അടുത്തിടെയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്.

Train, Indian Railway, travel, IRCTC , food, complaints, live streaming , solution,

വൃത്തിഹീനമായ ശുചിമുറികൾ

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ പ്ലാസ്റ്റിക് കവറുകളും സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും കൊണ്ട് കമ്പാര്‍ട്ട്മെന്റുകളിൽ മാലിന്യക്കൂമ്പാരമാണെന്നും വാഷ് ബേസിനുകൾ വൃത്തിഹീനമാണെന്നും ബയോ ടോയ്ലെറ്റുകളില്‍ മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്നതിനാല്‍ പൂര്‍ണമായും ഉപയോഗശൂന്യമാണെന്നുമുള്ള പരാതികൾ വ്യാപകമാണ്.

കോടികള്‍ മുടക്കി നിർമ്മിച്ച ബയോ ടോയിലറ്റ് സംവിധാനം ഭൂരിഭാഗം തീവണ്ടികളിലും പ്രവര്‍ത്തനരഹിതമാണെന്നും മാലിന്യവും ദുര്‍ഗന്ധവുമുള്ള കമ്പാര്‍ട്ട്മെന്റിലെ യാത്ര അസഹനീയമെന്നും യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.

എന്നാല്‍, ബയോടോയ്ലെറ്റ് സംവിധാനം റെയില്‍വേയില്‍ ഏറ്റവും സൗകര്യപ്രദമാണെന്ന് അധികൃതര്‍ പറയുന്നു. കുപ്പികളും ഗ്ലാസുകളുമടക്കം ബ്ലോക്കുണ്ടാക്കുന്ന വസ്തുക്കള്‍ നിക്ഷേപിക്കുന്നതാണ് ബയോടോയ്ലെറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന്റെ പ്രധാന കാരണമെന്നും അവര്‍ വിശദീകരിക്കുന്നു.

തിരുവനന്തപുരം-ഗുവാഹട്ടി എക്സ്പ്രസ്, കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്സ്പ്രസ്, എറണാകുളം-പട്ന എക്സ്പ്രസ്, ഡെറാഡൂണ്‍-കൊച്ചുവേളി തുടങ്ങിയ തീവണ്ടികളുടെ ജനറല്‍ കമ്പാര്‍ട്ട്മെന്റുകളെക്കുറിച്ചും യാത്രക്കാര്‍ക്ക് പരാതികളുണ്ട്.

എ.സി., സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റുകള്‍ ഇടവിട്ട് വൃത്തിയാക്കാന്‍ സംവിധാനമുണ്ടെങ്കിലും ജനറല്‍ കമ്പാര്‍ട്ട്മെന്റുകളില്‍ ഇത് നടക്കാറില്ലെന്നാണ് ആക്ഷേപം. കേരളത്തില്‍ കണ്ണൂര്‍, ഷൊര്‍ണൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ വൃത്തിയാക്കാന്‍ സൗകര്യമുള്ളതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

വിവാദമുയർത്തിയ ട്രെയിൻ ഭക്ഷണം

തീവണ്ടികളിലെ ഭക്ഷണത്തെ ചൊല്ലി അടുത്ത കാലത്ത് വളരെയേറെ വിവാദമുയർന്നിരുന്നു. വൃത്തിഹീനമായ രീതിയിൽ ട്രെയിൻ ഭക്ഷണം നൽകുന്നതിനെ ചൊല്ലി നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അടുത്തിടെ അതിനുള്ള തെളിവുകൾ വീഡിയോ സഹിതമാണ് പ്രചരിച്ചത്.

അതിനിടെ കഴിഞ്ഞ മാസം പരശുറാം എക്‌സ്പ്രസിലെ പാന്‍ട്രിയില്‍ നിന്നും വാങ്ങിയ സാമ്പാറില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് പുതിയൊരു വിവാദം കൂടി ഉടലെടുത്തിരുന്നു. യാത്രക്കാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടറും സംഘവും പരിശോധന നടത്തുകയും ആഹാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

നാഗര്‍കോവിലില്‍ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്നു ട്രെയിനിൽ തിരുവനന്തപുരത്തു നിന്നും ഷൊര്‍ണൂരിലേക്ക് ടിക്കറ്റെടുത്ത കുടുംബം വാങ്ങിയ മാസലദോശയ്‌ക്കൊപ്പമുണ്ടായിരുന്ന സാമ്പാറിലാണ് കറുത്ത പുഴുവിനെ കണ്ടെത്തിയത്.

ചങ്ങനാശേരിയിലെത്തിയതോടെ വിവരമറിഞ്ഞ് മറ്റ് യാത്രക്കാരും ബഹളം വച്ചു. സ്ഥിരം ട്രെയിന്‍ യാത്രക്കാരുടെ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശം പ്രചരിച്ചതോടെയാണ് തിരുവനന്തപുരം ഡിവിഷനില്‍ വിവരം അറിഞ്ഞത്. ഇവിടെ നിന്നുള്ള പരാതി അനുസരിച്ച് കോട്ടയം കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി ഭക്ഷണം പിടിച്ചെടുക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിക്ക് പുറമെ ഫോട്ടോയും വീഡിയോകളും തെളിവായി സ്വീകരിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറഷന്‍ ലിമിറ്റഡില്‍ നിന്നാണ് പാന്‍ട്രി നടത്തിപ്പുകാര്‍ കരാര്‍ ഏറ്റെടുക്കുന്നത്. ഭക്ഷണത്തിന് നിയമപ്രകാരമുള്ളതില്‍ കൂടുതല്‍ വില വാങ്ങുന്നതും അളവ് കുറച്ചു കൊടുക്കുന്നതും റെയില്‍വേ പാന്‍ട്രിയില്‍ പതിവാണെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത്തരം പരാതികളെ അധികൃതര്‍ ഗൗരവമായി കാണാറില്ലെന്നാണ് ‘ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്’ ആരോപിക്കുന്നത്.

ഭക്ഷണത്തിന്റെ അളവിനെ ചൊല്ലിയും ആക്ഷേപം

ഭക്ഷണത്തിന് ഗുണമേന്മയില്ലെന്ന നിരന്തരം പരാതി ഉയരുന്നതിനിടെ റെയിൽവേ ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതായും പരാതികൾ ഉയർന്നു. അളവ് കുറച്ച് ഗുണമേന്മ ഉറപ്പു വരുത്തുകയാണ് പുതിയ തീരുമാനത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് റെയിൽവേ കാറ്ററിങ് വിഭാഗമായ ഐആർസിടിസിയുടെ വാദം.

തുടർന്ന് ഇതുസംബന്ധിച്ച ശുപാർശ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് അയച്ചു. തുടക്കത്തിൽ 27 ശതാബ്ദി, രാജധാനി ട്രെയിനുകളിലാവും പരിഷ്കാരം നടപ്പാക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ 900 ഗ്രാം ഊൺ പായ്ക്കറ്റുകൾ നൽകുന്നത് 750 ഗ്രാമാക്കും. ഭക്ഷണം തയ്യാറാക്കാൻ 150 രൂപ ചെലവുവാകുമ്പോൾ 112 രൂപയ്ക്കാണ് യാത്രക്കാർക്ക് നൽകുന്നതെന്നും ഇത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും റെയിൽവേ അധികൃതർ പറയുന്നു.

ഊണിന്റെ അളവ് 750 ഗ്രാമായി കുറയ്ക്കുന്നതോടെ ഈ നഷ്ടം മറികടക്കാനാകുമെന്നും 150 ഗ്രാമുള്ള പരിപ്പ് കറി 100 ഗ്രാമാക്കി കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു. വേവിച്ച പച്ചക്കറികൾ, ചിക്കൻ കഷ്ണങ്ങൾക്കു പകരം ബോൺലെസ് ചിക്കൻ കഷ്ണങ്ങളുള്ള 120 ഗ്രാം കറി എന്നിവ നൽകുവാനും ആലോചനയുണ്ട്.

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമാണ് ട്രെയിനുകളിൽ വിളമ്പുന്നതെന്ന ഗുരുതരമായ വിഷയം 2017-ലെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഭക്ഷണവും കുടിവെള്ളവും മലിനമാണെന്നും പായ്ക്കിങ് വൃത്തിഹീനമാണെന്നും ഭക്ഷണം നിശ്ചിത അളവിൽ നൽകുന്നില്ലെന്നും സിഎജി കണ്ടെത്തിയതിനെ തുട‍ർന്നാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തുന്നത്.

ഭക്ഷണത്തിന്റെ വൃത്തി; ഇനി ആശങ്കകൾ അകലെ

അതിനിടെ ട്രെയിൻ ഭക്ഷണത്തിന്റെ വൃത്തിയെ സംബന്ധിച്ച് യാത്രക്കാർക്കുള്ള ആശങ്കകൾ ദൂരീകരിക്കാനും അധികൃതർ നടപടികൾ സ്വീകരിച്ചു. ഐആര്‍സിടിസി ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെ ട്രെയിനുകളില്‍ എത്തിക്കുന്ന ഭക്ഷണം തയ്യാറാക്കുന്നത് ഇനി ലൈവായി കാണാനുള്ള സൗകര്യമൊരുക്കിക്കൊണ്ടാണ് റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്.

അതിനാൽ ആശങ്കകൾ മാറ്റി വച്ച് ഇനി ധൈര്യമായി ഭക്ഷണം കഴിക്കാം. റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഈ സംവിധാനം അവലോകന യോഗത്തില്‍ മുന്നോട്ടുവെച്ചത്. ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകപ്പുരകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകശാലകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ യാത്രക്കാർക്ക് ലഭ്യമാകും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകശാലകളില്‍ നിന്നുള്ള ദൃശ്യങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച്‌ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

തത്സമയ സംപ്രേഷണത്തിലൂടെ ഭക്ഷണം പാകം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ക്കും പരാതികള്‍ക്കും ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് റെയില്‍വേ അധികൃതരുടെ പ്രതീക്ഷ. പുതുതായി നടപ്പിലാക്കിയ ലൈവ് സ്ട്രീമിങ് സംവിധാനം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.

പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്റെ ഗുണമേന്മയെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസവും സുതാര്യതയും വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോയിഡയിലെ ഐ.ആര്‍.സി.ടി.സി സെന്‍ട്രല്‍ കിച്ചണില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ തുറന്നു കൊണ്ടായിരുന്നു അശ്വാനി ലോഹാനി ലൈവ് സ്ട്രീമിങ് സംവിധാനം ഉദ്ഘാടനം ചെയ്തത്.

യാത്രക്കാർക്ക് സൗജന്യ ഭക്ഷണം

ആഴ്ചാവസാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് മൂലം ട്രെയിൻ വൈകിയാൽ മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും സൗജന്യമായി അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ​ഗോയൽ അറിയിച്ചത് കഴിഞ്ഞ മാസമാണ്. ഞായറാഴ്ചകളില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗികമായി അഞ്ച് മണിക്കൂറിലധികം ട്രെയിന്‍ വൈകിയാലാണ് യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുക.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രവൃത്തികള്‍ കാരണം ട്രെയിന്‍ വൈകിയാല്‍ റിസര്‍വ് ചെയ്ത ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും മറ്റുള്ള റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും റിസര്‍വ് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്കും ഈ ആനുകൂല്യം നല്‍കുന്നതിനെകുറിച്ച് ആലോചിച്ചുവരുകയാണെന്നും പിയൂഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആഴ്ച തോറും ട്രെയിനുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താറുണ്ടെന്നും ആ സമയത്ത് യാത്രക്കാർ ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

ആശ്വാസമായി കൂടുതൽ പരിഷ്‌കാരങ്ങൾ

അതേസമയം, ട്രെയിനുകൾ കൃത്യസമയം പാലിക്കേണ്ടതിന്റെ നടപടികളിൽ ശ്രദ്ധ ചെലുത്തുമെന്നും ഡൽഹി പ്രസ്സ് ഇൻഫോർ‌മോഷൻ ബ്യൂറോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി ഊന്നിപ്പറഞ്ഞു. ട്രെയിനുകൾ വൈകിയോടുന്നതിനെ കുറിച്ച് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ജൂൺ 16-ന് സൗത്ത് സെൻട്രൽ റെയിൽവേയുടെ പ്രവർത്തന സമയം 75 ശതമാനത്തിൽ നിന്ന് 85 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും അ​ലഹബാദ്, മു​ഗൾ സരാ​ദ് എന്നിവിടങ്ങളിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ അരംഭിക്കുമെന്നും മന്ത്രി അന്ന് അറിയിച്ചിരുന്നു.

അടുത്ത വർഷം മാർച്ച് 31 മുതൽ എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റുകൾ സ്ഥാപിക്കുമെന്നും ശുചിത്വ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പിയൂഷ് ​ഗോയൽ ഉറപ്പു നൽകിയിട്ടുണ്ട് .

ആഗസ്റ്റ് 15-നകം റെയില്‍വേയുടെ പുതിയ ടൈംടേബിള്‍ നിലവിൽ വരുമെന്നും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സമയത്തില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ അതില്‍ കൃത്യമായി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാരുമായി റെയില്‍വേ മന്ത്രി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടായത്. യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, ട്രെയിനുകള്‍ കൃത്യസമയത്ത് പുറപ്പെടാനുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും പിയൂഷ് ഗോയല്‍ അന്ന് പറഞ്ഞിരുന്നു.

ആഴ്ചയില്‍ രണ്ട് മണിക്കൂറും, തിരക്ക് കുറവാണെങ്കില്‍ ഞായറാഴ്ചകളില്‍ ആറ് മണിക്കൂറും ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി നീക്കി വയ്‌ക്കേണ്ടിവരുമെന്നും സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നേരത്തേ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ റെയില്‍വേ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തിരക്ക് കൂടിയ പാതകള്‍ കണ്ടെത്തി തരാന്‍ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു.

2,000 കോടി രൂപ മുതല്‍മുടക്കില്‍ ഉത്തര്‍പ്രദേശിലെ അലഹബാദിനും മുഗള്‍സറായ്ക്കും മധ്യേ പുതിയ ലൈന്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായും നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ അറിയിച്ചത് യാത്രക്കാർക്ക് പുതിയ പ്രതീക്ഷയുണർത്തുകയാണ്.

Train, Indian Railway, travel, IRCTC , food, complaints, live streaming , solution,

വൈകിയോട്ടം, അപ്രതീക്ഷിതമായ യാത്ര റദ്ദാക്കൽ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, ലെവൽ ക്രോസുകളിലെ അപകടങ്ങൾ, വന്യജീവികൾക്കുണ്ടാകുന്ന അപകടങ്ങൾ, സുരക്ഷയെ സംബന്ധിച്ച പരാതികൾ എന്നിവയാണ് കാലങ്ങളായി ഇന്ത്യൻ റെയിൽവേ നേരിടുന്ന മറ്റ് ആക്ഷേപങ്ങൾ.

പരാതികളും നിർദ്ദേശങ്ങളുമായി ചില യാത്രികർ

തീവണ്ടി യാത്രയ്ക്കിടെ തിരിച്ചറിയൽ രേഖകൾ കൈവശമില്ലെങ്കിലും യാത്ര മുടങ്ങാതിരിക്കാനായി റെയിൽവേ പുതിയ നടപടികൾ സ്വീകരിച്ചത് ആശ്വാസകരമാണെന്ന് യാത്രികർ. ഇനി മുതൽ ഡിജിലോക്കറിൽ സൂക്ഷിച്ച ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും തിരിച്ചറിയൽ രേഖയായി റെയിൽവേ പരിഗണിക്കുമെന്ന സന്തോഷ വാർത്ത യാത്രികർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

കൊല്ലത്തു നിന്നും മറ്റും ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ദിനവും തലസ്ഥാന നഗരിയിലേയ്ക്കും തിരിച്ചും തീവണ്ടി യാത്ര നടത്തുന്ന പ്രശാന്തിനെ പോലുള്ള ചില യാത്രികർക്ക് പ്രധാനമായും പറയാനുള്ളത് ട്രെയിനിലെ വൃത്തിഹീനതയെ കുറിച്ചുള്ള പരാതികളാണ്. കൂടാതെ ഹെൽപ്പ് ലൈൻ നമ്പറുകൾ ചിലപ്പോൾ പ്രവർത്തനരഹിതമാകുന്നതായും അദ്ദേഹം പരാതിപ്പെട്ടു.

തൃശൂരിൽ നിന്ന് ആഴ്ചതോറും തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തുന്ന രമേശ് എന്ന യാത്രികനുള്ള പ്രധാന പരാതി മെഡിക്കൽ സഹായം ഉടനടി ലഭ്യമാകുന്നില്ല എന്നതിനെ സംബന്ധിച്ചാണ്. കൂടാതെ തീവണ്ടികളിൽ പലതും സമയക്രമം പാലിക്കുന്നില്ലെന്നും അദ്ദേഹം പരാതിപ്പെടുന്നു.

സ്റ്റേഷനിലേക്ക് ഓടിപ്പാഞ്ഞെത്തി നേരത്തെ തന്നെ സ്ഥാനം പിടിച്ചാലും ട്രെയിൻ വൈകിയോടുന്നുവെന്നോ റദ്ദാക്കിയെന്നോ അറിഞ്ഞു ‘ഇതികർത്തവ്യതാമൂഢ’നായി പലപ്പോഴും നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കണ്ണൂർ സ്വദേശിനിയായ അനുവിനു പറയാനുള്ളത് തീവണ്ടിക്കുള്ളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതും പോരാഞ്ഞു, അവിടമാകെ ഓടിക്കളിച്ച് യാത്രികരെ ഞെട്ടിപ്പിക്കുന്ന സഹയാത്രികരായ എലികളെ കുറിച്ചാണ്.

കൂടാതെ ട്രെയിനിനുള്ളിൽ ചവർ നിക്ഷേപിക്കുവാനുള്ള സംവിധാനം ഉണ്ടാകാറില്ലെന്നും ഭക്ഷണം കഴിച്ച ശേഷം ഉച്ചിഷ്‌ടം പലപ്പോഴും ജനാലയിലൂടെ വലിച്ചെറിയുകയേ മാർഗ്ഗമുള്ളൂ എന്നും ഈ യാത്രിക പരാതിപ്പെടുന്നു.

( ‘അയ്യോ, ചവർ വലിച്ചെറിഞ്ഞതറിഞ്ഞു അധികൃതർ പിഴ ഒടുക്കാൻ ആവശ്യപ്പെട്ടാലോ’ എന്ന് ഇത് കേട്ടു തൊട്ടടുത്തെ സഹയാത്രിക ആവലാതിപ്പെടുന്നു. ‘പിന്നേയ്, ചവറിടാനുള്ള സംവിധാനമൊരുക്കാതെ പിഴ ഈടാക്കാനിങ്ങു വരട്ടെ’യെന്ന് മറ്റൊരാൾ. )

സ്ത്രീ സുരക്ഷയെ സംബന്ധിച്ച ആശങ്കയും ചില യാത്രക്കാരികൾ പങ്കു വച്ചു. ഗോവിന്ദച്ചാമി പ്രതിയായ കോളിളക്കം സൃഷ്‌ടിച്ച ആ കേസിനു ശേഷം ഇപ്പോഴും തീവണ്ടിയാത്രയുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് തനിക്ക് ആകുലതകൾ ഉള്ളതായി രേഷ്‌മ വെളിപ്പെടുത്തി.

ട്രെയിനിനുള്ളിൽ തന്നെ കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നാണ് പത്തനംതിട്ട സ്വദേശിനിയും സെക്രട്ടേറിയറ്റ് ജീവനക്കാരിയുമായ രേഷ്‌മ ആവശ്യപ്പെടുന്നത്.

റിസർവേഷനെ സംബന്ധിച്ചും ചില ജീവനക്കാരുടെ മോശം പെരുമാറ്റത്തെ സംബന്ധിച്ചും പാർക്കിങ് പ്രശ്‌നത്തെ കുറിച്ചുമെല്ലാം ധാരാളം യാത്രികർ തങ്ങളുടെ മോശം അനുഭവങ്ങൾ പങ്കു വച്ചു. യാത്രക്കാരുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ഇന്ത്യൻ റെയിൽവേ അനുഭാവപൂർവ്വം പരിഗണിച്ച് ഉടനടി വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർക്ക് പറയാനുള്ളത്.

ആക്ഷേപങ്ങളും പരാതികളും ഏറെയുണ്ടെങ്കിലും ഭൂരിഭാഗം യാത്രികരും ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമായി ഇന്ത്യൻ റെയിൽവേ അതിന്റെ ജൈത്ര യാത്ര തുടരുകയാണ്. ആ യാത്ര കൂടുതൽ ശുഭകരമാകുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

നിലവിലുള്ള പോരായ്മകൾ പരിഹരിച്ചു കൊണ്ട് തീവണ്ടി യാത്രകൾ സുഖപ്രദമാക്കാൻ അധികൃതരും അത് വൃത്തിയോടെ സംരക്ഷിക്കാൻ യാത്രികരും തയ്യാറാകുമ്പോൾ നമ്മുടെ റെയിൽവേ സംവിധാനം ലോകത്തിലെ കിടയറ്റ ഒന്നായി മാറുമെന്നതിൽ സംശയമില്ല. ആ സുദിനം അതിവിദൂരമല്ലെന്നു തന്നെ നമുക്കേവർക്കും പ്രത്യാശിക്കാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏലക്കായിലെ കീടനാശിനി സാന്നിദ്ധ്യം കർഷകർക്ക് സ്പൈസസ് ബോര്‍ഡ് ലാബുകളില്‍ പരിശോധിക്കാം 

religion, belief, India, caste, Kerala, violence, God, socila media, hospital, application form,

മതമില്ലാത്ത മരുന്നും തേടി