Movie prime

കുടിയേറ്റ തൊഴിലാളികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കുടിയേറ്റ തൊഴിലാളികളോട് കാരുണ്യത്തോടും സഹാനുഭൂതിയോടും കൂടി പെരുമാറണമെന്നും, ഈ ഘട്ടത്തിൽ അവർക്കാവശ്യമായ മുഴുവൻ മാനസിക-സാമൂഹിക പിന്തുണയും നല്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും കൊറോണ വൈറസ് ബാധ മൂലം സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും മടങ്ങാനാവാതെ പ്രതിസന്ധിയിലായ അവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ അടങ്ങിയ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ലോക് ഡൗൺ മൂലം വലിയൊരു More
 
കുടിയേറ്റ തൊഴിലാളികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കുടിയേറ്റ തൊഴിലാളികളോട് കാരുണ്യത്തോടും സഹാനുഭൂതിയോടും കൂടി പെരുമാറണമെന്നും, ഈ ഘട്ടത്തിൽ അവർക്കാവശ്യമായ മുഴുവൻ മാനസിക-സാമൂഹിക പിന്തുണയും നല്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.

കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും കൊറോണ വൈറസ് ബാധ മൂലം സ്വന്തം നാടുകളിലേക്കും വീടുകളിലേക്കും മടങ്ങാനാവാതെ പ്രതിസന്ധിയിലായ അവരുടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ അടങ്ങിയ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

ലോക് ഡൗൺ മൂലം വലിയൊരു പ്രതിസന്ധിയിലാണ് ഇവർ അകപ്പെട്ടിരിക്കുന്നത്. ജോലിയും താമസസ്ഥലവും നഷ്ടപ്പെട്ടു. ഗതാഗത സംവിധാനം നിലച്ചതോടെ പതിനായിരങ്ങളാണ് കാൽനടയായി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാനൊരുങ്ങിയത്. ഇതിൽ പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളുമെല്ലാം ഉൾപ്പെടും. ഡൽഹി, യു പി സർക്കാറുകൾ ഏർപ്പെടുത്തിയ വാഹന സൗകര്യം പ്രയോജനപ്പെടുത്തി ആയിരങ്ങൾ സ്വന്തം നാടുകളിലേക്ക് മടങ്ങി.
ഇവരോടുള്ള മോശം പെരുമാറ്റം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. അതിർത്തികളിൽ തടഞ്ഞും അണുനാശിനി പ്രയോഗം നടത്തിയും ഇവർ അപമാനിതരായി. ഭക്ഷണം, താമസം, ആരോഗ്യരക്ഷ എന്നീ കാര്യങ്ങളിൽ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്.

വൈറസ് ബാധയെ പറ്റിയുള്ള ആശങ്കയും വരുമാന നഷ്ടവും കുടുംബത്തെ ചൊല്ലിയുള്ള ആശങ്കകളും നിമിത്തം അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് ഈ ജനവിഭാഗമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചിലയിടങ്ങളിൽ പ്രദേശവാസികളിൽ നിന്നുള്ള പീഡനം കൂടി ഇവർ നേരിടുന്നുണ്ട്. ഇവർക്കാവശ്യമായ മാനസിക- സാമൂഹിക പിന്തുണ വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്.

കൗൺസലിങ്ങ് ഉൾപ്പെടെ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ ഇന്നലെ സുപ്രീം കോടതി കേന്ദ്ര സർക്കാറിന് നിർദേശം നല്കിയിരുന്നു.

ഇതരദേശ തൊഴിലാളികളാട് സഹാനുഭൂതിയോടെ പെരുമാറാൻ മുഴുവൻ ജനവിഭാഗങ്ങളോടും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. സമൂഹത്തിലെ ഏറ്റവും പ്രാന്തവത്കൃത ജനവിഭാഗങ്ങളാണ് കുടിയേറ്റ തൊഴിലാളികൾ. ഇവർ ഉപജീവനത്തിനായി കൂലിവേല ചെയ്യുന്നവരാണ്. അനിശ്ചിതത്വം നിറഞ്ഞ അസാധാരണ സാഹചര്യത്തിൽ ഈ ജനവിഭാഗത്തോട് പരമാവധി കരുണ കാട്ടേണ്ടതുണ്ട്. പ്രതിസന്ധികളുടേതായ ഈ ഘട്ടവും നാം അതിജീവിക്കുമെന്ന പ്രത്യാശ അവർക്ക് പകർന്നു നല്കണം. നിലവിൽ എവിടെയാണോ അവിടെത്തന്നെ തങ്ങേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി അവരെ ബോധ്യപ്പെടുത്തണം – പ്രസ്താവനയിൽ പറയുന്നു.