in ,

യാത്രയാവുക… പ്രണയഗായകാ

എന്തു പറഞ്ഞാലും കവിതയാവുന്ന, ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ്. ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്കാനായില്ല. സംസ്കൃതത്തിന്റെ ഔപചാരികതയും ആധികാരികതയും നമ്മുടെ ഭാഷയുടെ ഏതൊക്കെയോ സൗന്ദര്യ സ്രോതസ്സുകളുടെ ഉറവയടച്ചു കളഞ്ഞിട്ടുണ്ട്. ആന്തരികമായി കവിതയും സംഗീതവും തമിഴു പോലെ സൂക്ഷിക്കുന്ന ഭാഷയാണ്  ഉറുദുവെന്ന് അറിവുള്ളവർ പറയുന്നു.

അവധൂതനായ ഒരു സൂഫിയുടെ കാലിൽ അയാൾ പിന്നിട്ട പല നാടുകളിലെ പൊടി പുരണ്ട പോലെ അറബും പാർസിയും ഹിന്ദുസ്ഥാനവും അതിന്റെ അനേക പ്രാദേശിക വൈവിദ്ധ്യങ്ങളും ആ ഭാഷയുടെ ചരിത്രവഴികളിൽ  അടയാളങ്ങൾ തീർത്തിട്ടുണ്ട്. ആ ഭാഷ അറിയില്ലെങ്കിലും ഗസലുകൾ, കവിതകൾ, ഖവാലികൾ തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തിലെ ആവിഷ്കാര വൈവിധ്യങ്ങൾ അതിന് സാക്ഷ്യം പറയും.

മലയാളത്തിൽ ഗസലുകൾ ( മലയാളിക്കല്ല ) അത്ര പരിചിതമല്ലാത്തവയാണ്. ബാബുരാജിന്റെയും മെഹബൂബിന്റെയുമെല്ലാം ഗാനങ്ങളിലൂടെയാണ് കണക്കുകളേക്കാൾ ഭാവഭരിതമായ മനോധർമ്മ പ്രയോഗങ്ങൾക്ക് പ്രാധാന്യമുള്ള ഹിന്ദുസ്ഥാനി സംഗീതശൈലി മലയാളി പരിചയിക്കുന്നത്.

സിനിമാ സംഗീതത്തിന്റെ അതുവരെയുള്ള ജനപ്രിയ ശീലങ്ങൾക്കപരിചിതമായ  മനോധർമ്മത്തിന്റെ ആകാശങ്ങളിൽ  തന്റെ പാട്ടുകളുമായി ബാബുക്ക പറന്നു. അത് ശരിക്കറിയണമെങ്കിൽ അദ്ദേഹം തന്നെ അവ പാടിയതു കേൾക്കണം.

ഗസൽ കേട്ട മലയാളിക്ക് മലയാളത്തിൽ ഗസലനുഭവങ്ങൾ തന്ന പേരുകളിലൊന്നാണ് ഇബ്രാഹിം എന്ന ഉമ്പായി . അമ്മ അറിയാൻ എന്ന സിനിമയിൽ പാടുമ്പോൾ ജോൺ ആണത്രേ ഇബ്രാഹിമിനെ ഉമ്പായി എന്ന് വിളിച്ചത് . ഓ.എൻ. വി , സച്ചിദാനന്ദൻ , യൂസഫലി കേച്ചേരി തുടങ്ങിയവരുടെ കവിതകളും മലയാളി  തലമുറകളായി താലോലിക്കുന്ന സ്മൃതിഗീതങ്ങളും ഇതുവരെ കേൾക്കാത്തൊരു ഭാവത്തിലും ഭാവുകത്വത്തിലും നാം  കേട്ടു.

മലയാളത്തിലും ഗസലോ എന്ന യഥാസ്ഥിതികത്വത്തിന്റെ നെറ്റിചുളിക്കലുകൾ മറികടന്നാണ് ഉമ്പായി തന്റെ ഗാനസാമ്രാജ്യത്തെ നമ്മുടെ മനസ്സിൽ സ്ഥാപിച്ചത് .

സമാഗമ സന്തോഷങ്ങളിൽ നിലാവായും വിരഹ വിഷാദങ്ങളിൽ മഴയായും ആ ഗാനങ്ങൾ നാം കേട്ടു . അഴിച്ചിട്ട വാർമുടിച്ചുരുളിൽ കാമുകനെ ഒളിപ്പിച്ച പെണ്ണ് ഒരു വടക്കൻ പാട്ടുനായികയാണ് (മതിലേരിക്കന്നിയോ കുഞ്ഞിത്താലുവോ ?) വല്ലിക്കുടിലിൽ ഒരുമിച്ചിരിക്കുമ്പോൾ ആ വഴി വന്നവരിൽ നിന്ന് ഉമ്പായിയുടെ നായിക കാമുകനെ മുടിയിലൊളിപ്പിച്ചു. ഒട്ടുമത്ഭുതമില്ലാതെ നാമത് ആസ്വദിച്ചു.

ഭഗ്നപ്രണയത്തിലും നീൾമിഴി നിറയാതെ കാത്തു സൂക്ഷിക്കാൻ കാമുകിയെ ഓർമ്മിപ്പിക്കുന്ന കാമുകന്റെ സ്വരത്തിൽ എന്തൊരു പ്രസദാത്മകതയാണ് ഉമ്പായി സൂക്ഷിച്ചത്.

സൈഗാളിന്റെ പാട്ടു ജീവിതത്തിനുള്ള ആദരമായി ‘പാടുക സൈഗാൾ ‘ വടകര കുഞ്ഞിമൂസാക്കയെപ്പോലെ, ബാബുരാജിനെപ്പോലെ തെരുവുകളിലും നഗരങ്ങളിലുമൊക്കെ വലിയൊരു ഭാഗം പിന്നിട്ട ജീവിതമായിരുന്നു ഉമ്പായിയുടേതും. ഔപചാരിക പാഠശാലകളല്ല, ജീവിതമായിരുന്നു ഉമ്പായിയുടെ പാഠശാല. പരുക്കൻ അനുഭവങ്ങളായിരുന്നു പാഠങ്ങൾ.

ഉമ്പായി ഒരു ശബ്ദമോ ചിത്രമോ അല്ല , സംഗീതാസ്വാദകരുടെ നടുവിൽ അവരുടെ ആരവങ്ങളിൽ , അരേ വാ വിളികളിൽ , കൈത്താളങ്ങളിൽ നിന്നും കൂടുതൽ കൂടുതൽ ജീവത്തായി വരുന്ന ഒരു സംഗീത സദിരിന്റെ പേരാണത് . വലയം ചെയ്ത് ലയിച്ചിരിക്കുന്ന ആൾക്കൂട്ടമില്ലാതെ പൂർണ്ണമാവാത്ത ഒന്ന് .

നാളെ ഖബറിലെ മണ്ണിനോട് ശരീരം ചേരുമ്പോഴും ശാരീരത്തിന്റെ സാന്നിദ്ധ്യമായി താങ്കളുണ്ടാവും. ഇനിയും കുഞ്ഞുങ്ങൾ വളരും. അവർക്കും പ്രണയങ്ങളുണ്ടാവും. അവയും പരാജയപ്പെടും. ആൾക്കൂട്ടങ്ങൾക്കു നടുവിലെ ഏകാന്തത അവരുമനുഭവിക്കും. അവരെ ഉന്മാദത്തിലും ആത്മാഹുതികളിൽ നിന്നും തിരിച്ചു വിളിക്കാൻ, അവരുടെ ഏകാന്ത വേദനകൾക്ക് കൂട്ടിരിക്കാൻ താങ്കളുടെ ഗാനപ്രവാഹത്തിൽ നിന്ന് ഒരു കുമ്പിൾ ഞങ്ങൾ കോരിവയ്ക്കുന്നു . അതിന് സഹായിച്ച സാങ്കേതികവിദ്യയിലെ വികാസങ്ങൾക്കും നന്ദി ..

യാത്രയാവുക… പ്രണയഗായകാ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് നിയമം

‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’ സെപ്റ്റംബർ 21ന്