തിരുവനന്തപുരം വിമാനത്താവളം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെപ്പിക്കുന്നതിനും കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്‍റെ ചുമതല നല്‍കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും താല്പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരെ പൊതുജനങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പ് ഉയരുകയാണ്. തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ ബിഡിലും ഒരേ സ്വകാര്യ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജന്‍സിക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കും. 

തിരുവനന്തപുരം വിമാനത്താവളത്തിന് കേരളം 635 ഏക്ര ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 23.57 ഏക്ര സൗജന്യമായി കൈമാറാന്‍ 2005-ല്‍ തീരുമാനിച്ചത് ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാല്‍ വിമാനത്താവളം ഒരു കമ്പനിയായി മാറ്റുകയോ അതിനുവേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയുടെ വില സര്‍ക്കാരിന്‍റെ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന. മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കുമെന്ന് 2003-ല്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമിയും മറ്റ് സഹായവും നല്‍കിയത് കണക്കിലെടുത്തു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അന്ന് അത്തരമൊരു നിലപാട് എടുത്തത്. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ കമ്പനി (എസ്.പി.വി.) രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും അന്ന് നല്‍കിയ ഉറപ്പിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

പ്രത്യേക കമ്പനി രൂപീകരിച്ച് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംസ്ഥാന സര്‍ക്കാരിന് നല്ല പരിചയമുള്ള കാര്യം നേരത്തെ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേരള ചീഫ് സെക്രട്ടറിയും എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാനും അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് കേരളത്തിന് പങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവളം ഏല്‍പ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ഭൂമിയുടെ വില കേരളത്തിന്‍റെ ഓഹരിയായും എയര്‍പോര്‍ട്സ് അതോറിറ്റിയുടെ മുതല്‍ മുടക്ക് അവരുടെ ഓഹരിയായും മാറ്റി കമ്പനി രൂപീകരിക്കാമെന്ന നിര്‍ദേശമാണ് താന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയുടെ മുമ്പില്‍ വെച്ചിരുന്നത്. 

എന്നാല്‍ നീതി ആയോഗ് സി.ഇ.ഒ ചെയര്‍മാനായ കേന്ദ്ര സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ കേരളത്തിന്‍റെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പില്‍ കേരളം രണ്ടു നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. 

ഒന്ന്: കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രത്യേക കമ്പനിയെ വിമാനത്താവളം ഏല്‍പിക്കുക. അന്താരാഷ്ട്ര തലത്തില്‍ വിമാനത്താവള നടത്തിപ്പില്‍ വൈദഗ്ധ്യം തെളിയിച്ച പങ്കാളിയുമായി ചേര്‍ന്ന് ഈ കമ്പനി വിമാനത്താവളം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുക. 99 വര്‍ഷത്തേക്ക് വിമാനത്താവളം പാട്ടത്തിന് നല്‍കണം.

രണ്ട്:  ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കമ്പനിയെ അനുവദിക്കുകയും കമ്പനിക്ക് ‘റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍’ അവകാശം നല്‍കുകയും ചെയ്യുക. എന്നാല്‍ ഈ രണ്ടു നിര്‍ദേശങ്ങളും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സ്വീകരിച്ചില്ല. ‘റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍’ അനുവദിച്ചത് 10 ശതമാനം മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ്. 

ടെണ്ടര്‍ രേഖയില്‍ മുന്‍കാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം പശ്ചാത്തല സൗകര്യവികസനത്തില്‍ പരിചയമുണ്ടായാല്‍ മതി എന്ന് വെച്ചു. വിമാനത്താവള നടത്തിപ്പില്‍ ഒരുവിധ പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും മുമ്പില്‍ വന്നു എന്നത് ഈ പ്രക്രിയയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ കെ.എസ്.ഐ.ഡി.സി കേരള ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഈ കേസില്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം പദ്ധതിക്ക് തുടക്കം

തുല്യ അവസരം ഉണ്ടായാലേ സ്ത്രീ ശാക്തീകരണവും സംരംഭകത്വ വികസനവും സാധ്യമാകൂ: ഗവര്‍ണര്‍