in ,

തള്ളും, തേപ്പും, ഇമ്മിണി ബല്യ ട്രോളുകളും

‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണ’മെന്നുറക്കെ പ്രഖ്യാപിച്ച് വിമർശനത്തിന്റെ കൂരമ്പുകൾ തൊടുത്തുവിട്ട പ്രാചീന കവിത്രയങ്ങളിലൊരാളായ കുഞ്ചൻ നമ്പ്യാരെ സ്മരിക്കാതെ ഹാസ്യ കലാകാരന്മാരെ പറ്റി ഓർക്കുന്നത് ഉപ്പില്ലാത്ത കഞ്ഞി പോലെയാകുമെന്നതിൽ സംശയമില്ല. സാമൂഹിക വിമർശനത്തിനായി തന്റെ തൂലിക ചലിപ്പിച്ചതിന് പുറമെ തുള്ളലെന്ന പുതിയ കലാരൂപത്തിലൂടെയും അദ്ദേഹം മലയാളികളെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും വഴി കണ്ടെത്തി. ചാക്യാർകൂത്ത് ആസ്വദിക്കാനെത്തിയത് മഹാരാജാവാണെങ്കിൽ കൂടിയും അദ്ദേഹത്തിന് നേർക്ക് പരിഹാസ ശരമെറിയാൻ ധൈര്യം കാട്ടിയ ചാക്യാർമാർ ആയിരുന്നിരിക്കാം കുഞ്ചൻ നമ്പ്യാരുടെ ആദ്യകാല മാർഗ്ഗദർശികൾ.

സംസ്കൃത ജ്ഞാനം കമ്മിയായിരുന്ന തന്റെ ബാല്യകാലത്ത്  ‘പനസി ദശായാം പാശി’ അഥവാ ‘ചക്കി പത്തായത്തിൽ കയറി ‘ എന്ന തത്തുല്യമായ ഭാഷ ചമച്ച ഹാസ്യ സാമ്രാട്ട് തോലൻ. ഹാസ്യ സാഹിത്യത്തിന് പുതിയ മാനം നൽകിയ സഞ്ജയനും ഇ വി കൃഷ്‌ണപിള്ളയും. പയ്യൻസ് കഥകളിലൂടെ നമുക്കിടയിൽ വിലസിയ വി.കെ.എൻ. നർമ്മത്തിന് പുതിയ ഭാവതലങ്ങളേകുവാനായ് ഹാസ്യത്തിൽ ചാലിച്ച അസംഖ്യം പുതിയ വാക്കുകളും രചനകളും സമ്മാനിച്ച ബഷീർ. ഇവർക്ക് പുറമെ വിജയന്‍, മുണ്ടൂ‍ര്‍ കൃഷ്‌ണന്‍‌കുട്ടി, ചെമ്മനം ചാക്കോ എന്നിവരൊക്കെയും നർമ്മത്തിന് പുതിയ ഭാവതലങ്ങൾ നൽകി.

കാർട്ടൂണിസ്റ്റുകളുടെ നാട്

bobanummolyumലോകത്തിന് ഒട്ടനവധി കാർട്ടൂണിസ്റ്റുകളെ സംഭാവന ചെയ്ത നാടാണ് നമ്മുടെയീ കേരളക്കര. കാർട്ടൂണിസ്റ്റ് ശങ്കർ, അബു എബ്രഹാം, ഒ.വി.വിജയൻ, അരവിന്ദൻ, സുകുമാർ, യേശുദാസൻ , ടോംസ്, ഗഫൂർ, ഗോപീകൃഷ്ണൻ എന്നിങ്ങനെ ധാരാളം പ്രതിഭാധനന്മാരായ കാർട്ടൂണിസ്റ്റുകളാൽ സമ്പന്നമായ കേരളം. ചിരിയുണർത്തുവാനായി മാത്രമല്ല വിമർശനത്തിലൂടെ തെറ്റുകൾ ചൂണ്ടിക്കാട്ടുവാനാണ് രാജ്യത്തിനകത്തും പുറത്തും പ്രശസ്തരായ നമ്മുടെ കാർട്ടൂണിസ്റ്റുകൾ കാർട്ടൂണുകൾ രചിച്ചത്.

ബോബനും മോളിയും സീരീസിലൂടെ ശുദ്ധഹാസ്യം വിളമ്പിയ ടോംസ് മലയാളികളെ പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ചു. ചിത്രകഥകളിലൂടെ നമുക്കു മുന്നിലെത്തിയ പഞ്ചായത്ത് പ്രസിഡന്റും ചേട്ടത്തിയും ആശാനും വക്കീലും ലോലനും എന്തിനേറെ പറയുന്നു കുഞ്ഞുവാവയായ ഉണ്ണിക്കുട്ടൻ പോലും മലയാളികളെ ഹാസ്യത്തിന്റെ പുഴയിൽ ആറാടിച്ചു.

അക്കാലയളവിലാണ് മിമിക്രിയും മിമിക്സ് പരേഡും മൈം ഷോയുമൊക്കെ ആക്ഷേപഹാസ്യത്തിന് പുതിയ മാനങ്ങൾ നൽകി മുന്നേറ്റം ആരംഭിച്ചത്. പിന്നീട് ടെലിവിഷനിലും സ്‌റ്റേജുകളിലുമായി കോമഡി ഷോകളുടെയും ആക്ഷേപഹാസ്യ പരമ്പരകളുടെയും ഹാസ്യനാടകങ്ങളുടെയും തള്ളിക്കയറ്റമായി. തുടർന്ന് രാഷ്ടീയ-സാമൂഹ്യ രംഗത്തെ മൂല്യച്യുതികളെ ഹാസ്യത്തിന്റെ മേമ്പൊടിയാൽ വെളിപ്പെടുത്തുന്ന പൊളിറ്റിക്കൽ സറ്റയർ പ്രോഗ്രാമുകളും ആസ്വാദക ഹൃദയങ്ങൾ കീഴടക്കാൻ തുടങ്ങി. ഹാസ്യകാരന്മാരുടെ കൂട്ടായ്മയായ നർമ്മ കൈരളിയുടെ സംഭാവനയും മറക്കാവതല്ല.

ചലച്ചിത്ര രംഗത്തെ ഹാസ്യ കലാകാരന്മാർ

അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, അടൂർ സഹോദരിമാർ, സുകുമാരി, KPAC ലളിത എന്നിവരിലൂടെ ആരംഭിച്ച ഹാസ്യ രംഗങ്ങൾ ജഗതി, മാള, കുതിരവട്ടം പപ്പു, ബോബി കൊട്ടാരക്കര, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, സൈനുദ്ദീൻ, മാമുക്കോയ, കൽപ്പന എന്നിവരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് മണിയൻ പിള്ള, മുകേഷ്, സിദ്ധിഖ്, എന്നിവരിലൂടെ ഇന്ന് ധർമ്മജനിലും രമേഷ് പിഷാരടിയിലും അജു വർഗീസിലും മറ്റും വന്നെത്തിയിരിക്കുന്നു.

സൂപ്പർ താരങ്ങളായ മോഹൻ ലാലും മമ്മൂട്ടിയുമൊക്കെ ഒട്ടനവധി ചിത്രങ്ങളിൽ വളരെ കൈയ്യൊതുക്കത്തോടെ നർമ്മ രംഗങ്ങൾ കൈകാര്യം ചെയ്തതിന് നാം സാക്ഷികളാണല്ലോ. മുൻപ് വില്ലൻ വേഷങ്ങളിൽ അരങ്ങു വാണിരുന്ന കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ഭീമൻ രഘു തുടങ്ങിയവർ വളരെ മികച്ച രീതിയിൽ ഹാസ്യം അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

പുതു തലമുറക്കാർ അണിയിച്ചൊരുക്കുന്ന ചിത്രങ്ങളിൽ പക്ഷേ കാലത്തെ അതിജീവിക്കുന്ന ഹാസ്യ രംഗങ്ങളുടെ അഭാവം വളരെ വ്യക്തമാണ്. ദ്വയാർത്ഥ പ്രയോഗങ്ങളും തമാശ ഉൾപ്പെടുത്തണമെന്ന ഉൾവിളിയാൽ വളരെ കൃത്രിമമായി ഏച്ചുകെട്ടലോടെ സൃഷ്ടിക്കുന്ന ഹാസ്യ മുഹൂർത്തങ്ങളും പലപ്പോഴും കുടുംബ പ്രേക്ഷകരിൽ അരോചകമാണ് സൃഷ്ടിക്കാറുള്ളത്. സന്ദേശം, മിഥുനം, വരവേൽപ്പ് എന്നീ ചിത്രങ്ങളിലേതു പോലെ രാഷ്ട്രീയ-സാമൂഹിക വിമർശനത്തിനുള്ള ചട്ടുകമായി ഹാസ്യത്തെ ഉപയോഗിക്കുന്ന അവസരങ്ങളിൽ അത് സ്വാഭാവികമായി ഉരുത്തിരിയണമെന്ന ചട്ടം ഇന്നത്തെ പല ഹാസ്യ ചിത്രങ്ങളും മറന്നു പോകുന്നു.

ട്രോളന്മാർ അഥവാ നവ ഹാസ്യകാരന്മാർ

Kerala ISIS malayalam trolls

ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ വിജയിച്ച ട്രോളന്മാർ മതം, രാഷ്ട്രീയം, സിനിമ, സാമൂഹിക പ്രശ്നങ്ങൾ എന്നു വേണ്ട സകല വിഷയങ്ങളിലും തങ്ങളുടെ ചാതുരി പ്രകടമാക്കുകയാണ്. അഴിമതി, നേതാക്കന്മാരുടെ വിടുവായത്തം, വിഡ്ഢിത്തം നിറഞ്ഞ പെരുമാറ്റങ്ങൾ എന്നിവയൊക്കെ ട്രോളന്മാർക്ക് വമ്പൻ കോളുകളാണ് സമ്മാനിക്കുന്നത്. തങ്ങൾ വിമർശനത്തിന് അതീതരാണെന്ന മട്ടിൽ ട്രോളുകൾക്ക് നേരെ കണ്ണുരുട്ടിയ പലരും ട്രോളന്മാർക്ക് കൂടുതൽ ഇരയായതിനും നാം പലപ്പോഴും സാക്ഷികളായി.

ബിടെക് മാമൻ – കുഞ്ഞാവയിലൂടെയും മറ്റും തൊഴിലില്ലായ്മ, വിലക്കയറ്റം, സാധാരണക്കാരന്റെ നിസ്സഹായത തുടങ്ങി സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന പല വിഷയങ്ങളിലും ട്രോളന്മാർ പലകുറി ലക്ഷ്യം കണ്ടു. വാക്സിനേഷനെ എതിർത്തും പിന്തുണച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ നടന്നപ്പോൾ ഒരു പ്രമുഖ ട്രോൾ ഗ്രൂപ്പ് വാക്സിനെസേഷനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. റോഡിലെ കുഴികളെ സംബന്ധിച്ചുള്ള രസകരമായ ട്രോളുകൾ ചിരിക്കൊപ്പം ചിന്തയും ഉണർത്തുന്നതിൽ വിജയം കണ്ടു.

വ്യത്യസ്ത മതങ്ങളിൽ തുടരുന്ന പലവിധ അനാചാരങ്ങൾ തുറന്നു കാട്ടുന്ന ട്രോളുകൾ പക്ഷേ ഈയിടെയായി വർഗ്ഗീയ വിഷം ചീറ്റുന്നതിൽ മത്സരിക്കുകയാണ്. വിദ്വേഷ വിത്തുകൾ പാകി സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാൻ മന:പൂർവ്വം ചില ട്രോളന്മാർ ശ്രമിക്കുന്നത് തികച്ചും നിന്ദനീയം തന്നെ. ആരോഗ്യകരമായ ചർച്ചകൾക്ക് പലപ്പോഴും വേദിയാകാറുള്ള ട്രോൾ ഗ്രൂപ്പുകൾ ഇപ്പോൾ മത-രാഷ്ട്രീയങ്ങളുടെ ഗോദയായി മാറുന്നു. വാർത്തകളെയും വസ്തുതകളെയും വളച്ചൊടിച്ച് ലൈക്കുകളുടെ തോരാമഴയ്ക്കായ് കുത്സിത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിയന്ത്രിക്കാൻ ട്രോൾ അഡ്മിനുകൾക്ക് തീർച്ചയായും ബാധ്യതയുണ്ട്. എങ്കിൽ മാത്രമേ ശുദ്ധഹാസ്യവും സർഗാത്മകതയും ഒന്നിക്കുന്ന ടോളുകൾക്ക് പിന്തുണയേകാൻ ട്രോൾ ആരാധകർ മത്സരിക്കുകയുള്ളൂ.

ട്രോളിലെ താരങ്ങൾ

troll3സിനിമയും ട്രോളും തമ്മിൽ ഇഴപിരിക്കാനാവാത്ത സുദൃഢ ബന്ധമാണ് നിലവിലുള്ളതെന്ന് നിസംശയം പറയാം. ജഗതി, സലീംകുമാർ, മുകേഷ്, മോഹൽ ലാൽ, ജഗദീഷ്, ധർമ്മജൻ തുടങ്ങിയവരുടെ വിവിധ ഭാവങ്ങൾ ചലച്ചിത്രങ്ങളിൽ നിന്ന് ഒപ്പിയെടുത്ത് ട്രോളാക്കുന്നതിൽ ടോളന്മാർ കാട്ടുന്ന കരവിരുത് സമ്മതിച്ചേ മതിയാകൂ. മായാവി, കുട്ടൂസൻ ടീമും ട്രോളന്മാരുടെ സർഗാത്മകതയിൽ പുതിയ ഭാവങ്ങൾ തേടാറുണ്ട്. കൂടാതെ മോഡി, പിണറായി, കുമ്മനം തുടങ്ങിയ നേതാക്കളിൽ നിന്ന് ശ്രീശാന്ത്, ഷീല കണ്ണന്താനം, ചിന്ത തുടങ്ങിയവരുടെ മുഖചിത്രങ്ങളും ട്രോളുകൾക്ക് പാത്രമാകാറുണ്ട്.

കിടുവേ, OMKV (ഓട്  മൈനേ കണ്ടം വഴി), തള്ള്, തേപ്പ്, സങ്കി, സുടാപ്പി, കുമ്മി, കുമ്മനടി, പിണുവടി, അമിട്ട് ഷാജി,  ഇരട്ടച്ചങ്കൻ, വിഷകല, ഉള്ളി സുര, ചിന്തയടി തുടങ്ങിയ ഒട്ടനേകം പുതിയ വാക്കുകൾ മലയാള ഭാഷയ്ക്ക് സംഭാവന ചെയ്യുന്നതിൽ ട്രോളന്മാർ വഹിച്ച പങ്ക് നിസ്തുലമാണ്.

സമകാലീന സംഭവങ്ങളെ വിവിധ ചിത്രങ്ങളിലെ പ്രമുഖ ദൃശ്യങ്ങളുമായി കോർത്തിണക്കുന്ന ട്രോളന്മാരുടെ കർമ്മകുശലത കാണവെ നാം പലപ്പോഴും അതിശയിച്ചു പോകാറില്ലേ. ചലച്ചിത്രത്തിലെ പല ദൃശ്യങ്ങളും ചില പ്രത്യേക സംഭവങ്ങളുടെ ട്രോളുകൾ ഒരുക്കുവാനായി മാത്രം ചിത്രീകരിക്കപ്പെട്ടതാണോ എന്ന് നാം പലപ്പോഴും അദ്ഭുതപ്പെട്ടിട്ടില്ലേ. കൂടാതെ ഭാസ്കരൻ കൈവച്ചാൽ എടുക്കാനിത്തിരി വൈകും, ആരോട് പറയാൻ, ആര് കേൾക്കാൻ തുടങ്ങിയ പല ഡയലോഗുകളും ട്രോളുകളിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിട്ടുണ്ട്.

ശ്ശെടാ,…ചുമ്മാ വായിട്ടലച്ച് പറയാൻ വന്നത് മറന്നു പോയല്ലോ! “ട്രോളുകൾ പലപ്പോഴും നല്ല കിടുവാണേയ്….” ??

 ശാലിനി വി. എസ്. നായർ 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IAS Exam, Malayalee IPS Officer, wife, arrest,

ഐഎഎസ് പരീക്ഷ: ഐപിഎസുകാരന്റെ ഭാര്യയും അറസ്റ്റില്‍

പാചകവാതകവിലയിൽ വീണ്ടും വൻ വർദ്ധനവ്