ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ല: മുഖ്യമന്ത്രി  

മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറാകും. സര്‍ക്കാര്‍ അവരോടൊപ്പം ഉണ്ടാകും.   

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ഉത്തരവാദിത്തം നിറവേറ്റുന്നതിനുളള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്, അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

വിധി നടപ്പിലാക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ മാനിക്കും. ശബരിമലയെ സംഘര്‍ഷഭൂമിയാക്കുക സര്‍ക്കാര്‍ ലക്ഷ്യമല്ല. ഭരണഘടനാ ബഞ്ച് വിധിച്ച രീതിയില്‍ എല്ലാ വിശ്വാസികള്‍ക്കും അവിടെ സമാധാനപരമായി പോയി ദര്‍ശനം നടത്താനുളള സംവിധാനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്, അദ്ദേഹം പറഞ്ഞു.

നട തുറന്ന ശേഷം കലാപമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് സംഘപരിവാര്‍ നടത്തുന്നത് എന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, സര്‍ക്കാരോ പോലീസോ ആരെയും തടയാന്‍ പോയിട്ടില്ല എന്നും അറിയിച്ചു. പ്രതിഷേധക്കാര്‍ പന്തല്‍ കെട്ടി സമരം നടത്തുകപോലുമുണ്ടായി. അതും സര്‍ക്കാര്‍ തടഞ്ഞിട്ടില്ല. എന്നാല്‍, ശബരിമലയിലേക്ക് വരുന്ന എല്ലാവരെയും പരിശോധിച്ചേ കടത്തിവിടൂ എന്ന നിലപാട് സമരക്കാര്‍ സ്വീകരിച്ചു. യുവതികള്‍ക്കുനേരെ ആക്രമണവും ഉണ്ടായി. ഭക്തര്‍ക്ക് ഇവര്‍ തടസ്സം സൃഷ്ടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ ഭീകരമായി ആക്രമിക്കപ്പെട്ടു. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് സമരക്കാര്‍ ഭീഷണിപ്പെടുത്തി. കേരളത്തിന്‍റെ ചരിത്രത്തില്‍ മുമ്പ് ഇങ്ങനെയൊരു സ്ഥിതി ഉണ്ടായിട്ടില്ല. അയ്യപ്പ ഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിന് തടസ്സമായി സമരം മാറി. എല്ലാ മര്യാദകളും ലംഘിച്ച് നിയമം കയ്യിലെടുക്കുന്ന നിലപാട് സമരക്കാര്‍ സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് അയ്യപ്പ ഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് പോലീസ് ഇടപെട്ടത്, അദ്ദേഹം പറഞ്ഞു.

ശബരിമലയിലെത്തിയ സ്ത്രീകള്‍ക്ക് കല്ലേറും മാനസിക പീഢനവും നേരിടേണ്ടിവന്നു. അവരുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഇതൊന്നും ചെയ്തത് അയ്യപ്പ ഭക്തരല്ല. സംഘപരിവാറിന്‍റെ അജണ്ടയാണ് നടപ്പാക്കിയത്. ശബരിമലയില്‍ വന്ന സ്ത്രീകളുടെ വിവരങ്ങള്‍ മനസ്സിലാക്കി വീടാക്രമിക്കാനുളള പദ്ധതി സംഘപരിവാര്‍ തയ്യാറാക്കിയിരുന്നു. അയ്യപ്പ ഭക്തരുടെ വേഷം കെട്ടി ശബരിമലയിലേക്ക് വരണമെന്ന് അണികള്‍ക്ക് നിര്‍ദേശം കൊടുക്കുന്ന സംഘപരിവാറിന്‍റെ വോയ്സ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ആര്‍.എസ്.എസ്സാണ് ഇതിനെല്ലാം നേതൃത്വം കൊടുത്തത്.

ശബരിമലയെ സംഘര്‍ഷഭൂമിയാക്കുക എന്നതാണ് സംഘപരിവാറിന്‍റെ ലക്ഷ്യം. ശബരിമലയെ അക്രമികളുടെ താവളമാക്കി മാറ്റാമെന്ന് ആരും വ്യാമോഹിക്കേണ്ട. ക്രിമിനലുകളെ അവിടെ കേന്ദ്രീകരിക്കാന്‍ അനുവദിക്കില്ല. അവരെ പുറത്താക്കും. വിശ്വാസികള്‍ക്ക് സമാധാനപരമായി കടന്നുചെല്ലാനുളള സാഹചര്യം സൃഷ്ടിക്കുക എന്നത് സര്‍ക്കാരിന്‍റെ ബാധ്യതയാണ്. അത് നിറവേറ്റും.

പത്തിനും അമ്പതിനും ഇടയ്ക്കു പ്രായമുളള വനിതകളെ തടയുമെന്നാണ് ഇവര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രായപരിധിയില്‍ പെടാത്തവരെയും തടയുന്ന സ്ഥിതിയുണ്ടായി. ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍ നിന്നും വന്ന ഭക്തകള്‍ പ്രയാസപ്പെട്ട് തിരിച്ചുപോകേണ്ട സ്ഥിതിയുണ്ടായി. സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിപോലും വകവെക്കാതെ അഴിച്ചുവിടുന്ന അക്രമങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല.

തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ അവലോകനയോഗങ്ങള്‍ നടത്താറുണ്ട്. അവലോകനയോഗത്തിന് വന്ന വനിതകളെ സമരക്കാരും ദേവസ്വം ബോര്‍ഡ് ജീവനക്കാരും പരിശോധിച്ചുവെന്ന വാര്‍ത്ത വന്നിട്ടുണ്ട്. ഇക്കാര്യം ദേവസ്വംബോര്‍ഡ് പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് കരുതുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകണമെന്ന് ആവശ്യപ്പെട്ടുവരുന്നവര്‍ക്ക് പോലീസ് സംരംക്ഷണം നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. വര്‍ഗീയ ധ്രുവീകരണം എല്ലാ മേഖലയിലും നടത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന മികച്ച പോലീസ് ഉദ്യോഗസ്ഥരെപോലും ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമങ്ങളുണ്ടായി. പോലീസിനെ പോലും വര്‍ഗ്ഗീയവല്‍ക്കരിക്കാനുളള ഹീന ശ്രമങ്ങള്‍ നടക്കുന്നു. പോലീസ് സേനയിലെ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ആഹ്വാനം ചെയ്യുകയുണ്ടായി. പോലീസിലെ ഉന്നതമായ അച്ചടക്കം തകര്‍ക്കാനും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനുമുളള നീക്കമാണിത്. പോലീസില്‍ കലാപമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് ഇവര്‍ പരിശ്രമിക്കുന്നത്. സുപ്രീം കോടതി വിധി പൊളിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഈ വിധ്വംസക ശക്തികള്‍ തയ്യാറാകും എന്നതിന്‍റെ തെളിവാണിത്.

പോലീസ് ഉദ്യോഗസ്ഥരിലും വിശ്വാസികളുണ്ടാകും. വിശ്വാസിയായ ഒരു പോലീസ് ഓഫീസര്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ എടുത്ത ചിത്രം ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഹീന നടപടിയുമുണ്ടായി. വിശ്വാസികളെ അപമാനിക്കുന്ന നടപടിയാണിത്. പോലീസ് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നത് ജാതിയും മതവും നോക്കിയല്ല. പോലീസിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമം പരാജയപ്പെടുത്തണം. ജാതിയും മതവും നോക്കി പോലീസിനെ ക്രമസമാധാനപാലനത്തിന് അയക്കാന്‍ സാധ്യമല്ല. അത്തരമൊരു കീഴ്വഴക്കമില്ല. പോലീസ് സേനയിലെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനാകുമോ എന്ന ശ്രമമാണ് നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഇത്തരം പ്രചാരണങ്ങളെ സമൂഹം ശക്തമായി തുറന്നു കാണിക്കുകയും എതിര്‍ക്കുകയും വേണം.

സമരത്തിനിടയിലാണ് ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം തന്ത്രി നടത്തിയത്. ഇതിനെ തുടര്‍ന്ന് പതിനെട്ടാം പടിക്കു താഴെ പരികര്‍മികള്‍ സത്യഗ്രഹം നടത്തുന്ന സ്ഥിതിയുമുണ്ടായി. സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിമാരും പരികര്‍മികളും ചെയ്ത കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ക്ഷേത്രം ദര്‍ശനത്തിനായി തുറക്കാനും അതു കഴിഞ്ഞാല്‍ അടയ്ക്കാനുമുളള അധികാരം ദേവസ്വം ബോര്‍ഡിനാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് തിരക്കു കുറയ്ക്കാന്‍ എല്ലാ മാസവും ആദ്യ അഞ്ചു ദിവസം നട തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. തുറന്ന ക്ഷേത്രത്തില്‍ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന്  തീരുമാനിക്കാനുളള അവകാശം മാത്രമാണ് തന്ത്രിക്കുളളത്.

ബോര്‍ഡിന്‍റെ ജീവനക്കാര്‍ക്കൊപ്പം തന്നെയാണ് തന്ത്രിയും. വിശ്വാസികളെ ക്ഷേത്രത്തില്‍ കടത്താതിരിക്കുകയെന്നതല്ല, അവര്‍ക്ക് സൗകര്യമൊരുക്കുക എന്നതാണ് ബോര്‍ഡിന്‍റെയും തന്ത്രിയുടെയും ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റാനുളള സഹായമാണ് സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 302 കോടി രൂപയാണ്. ബോര്‍ഡിന്‍റെ ചില്ലിക്കാശ് സര്‍ക്കാര്‍ എടുക്കുന്നില്ല.

ക്ഷേത്രം ദേവസ്വം ബോര്‍ഡിന്‍റെ സ്വത്താണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. ഇത് എല്ലാവരും ഉള്‍ക്കൊളളണം. 1949-ലെ കവനന്‍റ് പ്രകാരം തങ്ങള്‍ക്ക് ക്ഷേത്രത്തില്‍ അധികാരമുണ്ട് എന്നാണ് ചിലര്‍ പറയുന്നത്. 1949-ലെ കവനന്‍റില്‍ തിരുവിതാംകൂര്‍ രാജാവും കൊച്ചി രാജാവും കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയുമായ വി.പി. മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്ന കാര്യമാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്, തിരുവിതാംകൂറിന്‍റെ കീഴിലുളള ക്ഷേത്രങ്ങള്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീഴില്‍ കൊണ്ടുവരാനും കൊച്ചിയിലെ ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വംബോര്‍ഡിന്‍റെ കീഴില്‍ കൊണ്ടുവരാനുമുളള തീരുമാനം.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുമ്പോള്‍ അമ്പത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം എന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നു. പന്തളം രാജകുടുംബം ഈ കവനന്‍റില്‍ കക്ഷിയായിരുന്നില്ല. പന്തളം രാജ്യം നേരത്തെ തന്നെ തിരുവിതാകൂറിന് അടിയറ വെച്ചിരുന്നു. കടക്കെണിയില്‍ പെട്ടതിനാല്‍ പന്തളം രാജ്യവും അവിടുത്തെ എല്ലാ ആദായങ്ങളും ശബരിമല നടവരവും തിരുവിതാകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരം അധികാരങ്ങള്‍ പണ്ട് മുതല്‍ തന്നെ ഇല്ലാതായിട്ടുണ്ട്.

തിരുവിതാകൂറിന്‍റെ സ്വത്തായിരുന്ന ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങള്‍ കവനന്‍റ് പ്രകാരം തിരു-കൊച്ചി സംസ്ഥാനത്തിന്‍റേതായി. പിന്നീട് ഐക്യ കേരളം വന്നപ്പോള്‍ അവയെല്ലാം കേരളത്തിന്‍റെ സ്വത്തായി. ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വം ബോര്‍ഡെന്ന സ്വതന്ത്ര ബോര്‍ഡ് രൂപീകൃതമായി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ ഉടമസ്ഥതയിലാണ് ശബരിമല ക്ഷേത്രം. ആ ക്ഷേത്രത്തിന്‍റെ നിയമപരമായ ഏക അവകാശി ദേവസ്വംബോര്‍ഡാണ്. തെറ്റായ അവകാശ വാദങ്ങള്‍ ആരും ഉന്നയിക്കേണ്ടതില്ല. ഉത്സവകാലത്തും മറ്റും പന്തളം രാജകുടുംബത്തിന് ചില ഉത്തരവാദിത്തങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് ഇല്ലാതാക്കുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല.

നവോത്ഥാന മുന്നേറ്റങ്ങളുടേയും അതിന്‍റെ ഇടപെടലുകളുടെയും ഭാഗമായിട്ടാണ് കേരളം മാറിയത്. പുതിയ തീരുമാനങ്ങള്‍ വരുമ്പോള്‍ തുടക്കത്തില്‍ അത് എല്ലാവരും സ്വീകരിക്കണമെന്നില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രവേശനം കിട്ടാന്‍ കെ.കേളപ്പന്‍റെയും എ.കെ.ജി.യുടെയും കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ നടന്ന സത്യഗ്രഹം പ്രസിദ്ധമാണ്. അക്കാലത്ത് അതിനു നേരെ വലിയ എതിര്‍പ്പ് യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നുണ്ടായി. പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ ക്ഷേത്രം അടച്ചിടുന്ന സ്ഥിതിയുണ്ടായി. 1932 ജനുവരി 1 മുതല്‍ ജനുവരി 28 വരെ ക്ഷേത്രം അടഞ്ഞുകിടന്നു. ബഹുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജനുവരി 28-ന് ക്ഷേത്രം വീണ്ടും തുറന്നത്.

മലബാറിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ലോകനാര്‍കാവ്. പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും ക്ഷേത്രം തുറന്നുകൊടുക്കാന്‍ കടത്തനാട് രാജാവ് തീരുമാനിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ ക്ഷേത്രം അടച്ചിട്ടു. തുടര്‍ന്ന് മറ്റൊരാളെ കൊണ്ടുവന്നാണ് ആചാരങ്ങള്‍ നിര്‍വഹിച്ചത്.

ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധിയെ ചരിത്രപരമെന്നാണ് എ.ഐ.സി.സി. വിശേഷിപ്പിച്ചത്. കേന്ദ്രസര്‍ക്കാരാകട്ടെ വിധി നടപ്പാക്കുന്നതിന് ആവശ്യമായ നിരോധന നിയമങ്ങള്‍ പ്രയോഗിക്കണമെന്നും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് അവശ്യപ്പെടുകയുണ്ടായി. കേരളത്തില്‍ പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടിയും ബി.ജെ.പി. നേതാക്കളും വിധി നടപ്പാക്കണമെന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ എടുത്തത്. പിന്നീടാണ് ജനങ്ങളെ കലാപത്തിനിറക്കാന്‍ ഈ രണ്ടു പാര്‍ടികളും രംഗത്ത് വന്നത്. ബി.ജെ.പി. അജണ്ടയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ അത് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയിലാണ് എത്തുക.

ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ ധാരാളം പേര്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ ബിജെപിയോ കോണ്‍ഗ്രസോ അതില്‍ കക്ഷി ചേര്‍ന്നില്ല. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു അവര്‍ എടുത്തത്.

വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്. ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. നാടിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെയും നവോത്ഥാന മൂല്യങ്ങളെയും തകര്‍ക്കലാണ് സംഘപരിവാറിന്‍റെ ലക്ഷ്യം. ഈ നയങ്ങള്‍ക്കൊപ്പം നിന്ന് സ്വയം തകരാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാന മൂല്യങ്ങളും സംരംക്ഷിക്കാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറാകും. സര്‍ക്കാര്‍ അവരോടൊപ്പം ഉണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ 

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍