തിരുവനന്തപുരം: ദിനംപ്രതി നൂറോളം രോഗികള്‍ക്ക് ആശ്വാസമായി മാറിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം ചുരുങ്ങിയ കാലയളവില്‍ തന്നെ സമ്പൂര്‍ണ വിജയത്തിലേക്ക്.
പരീക്ഷണകാലയളവില്‍ തന്നെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പദ്ധതികളില്‍ പ്രീപെയ്ഡ് ആംബലന്‍സ് സംവിധാനം സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടനവധി ജനക്ഷേമകരമായ പദ്ധതികളില്‍ ഒന്നാണ്.
ആംബുലന്‍സ് ഉടമകളുടെ കിടമത്സരത്തില്‍ വലയുന്ന രോഗികള്‍ പ്രതീക്ഷിക്കാതെ വന്ന സൗകര്യത്തെ പൂര്‍ണമായി അംഗീകരിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചപ്പോള്‍ തന്നെ 31-ഓളം ആംബുലന്‍സുകള്‍ രജിസ്റ്റര്‍ ചെയ്തു.
അവരവരുടെ ഊഴമെത്തുമ്പോള്‍ കൃത്യമായി അവര്‍ക്കു തന്നെ അവസരം ലഭിക്കുന്നുവെന്ന സാഹചര്യം വന്നപ്പോള്‍ മുമ്പുണ്ടായിരുന്ന തര്‍ക്കങ്ങളും വഴക്കുകളും അവസാനിച്ചു. രോഗികളെ കൊണ്ടുപോകുന്നതിനും മൃതദേഹം കൊണ്ടുപോകുന്നതിനുമെല്ലാം ന്യായമായ തുകയ്ക്ക് ആംബുലന്‍സ് സേവനം ലഭിച്ചതോടെ രോഗികളും മറ്റും സംതൃപ്തരാണ്.
മൂവായിരം കിലോമീറ്ററില്‍ 50 കിലോമീറ്റര്‍ യാത്ര സൗജന്യമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി കൂടാതെ, എസ് എ ടി, ശ്രീചിത്ര, ആര് സി സി എന്നീ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രീപെയ്ഡ് ആംബുസന്‍സ് സംവിധാനം നിലവില്‍ വന്നത്.
ചൂഷണരഹിതമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം രോഗീസൗഹൃദത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ടതാണ്. ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ വികസനപ്രവര്‍ത്തനങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അഭിമാന പദ്ധതികളില്‍ ഒന്നാണിത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം യഥാര്‍ത്ഥത്തില്‍ ഉദ്ഘാടനത്തിനു മുമ്പു തന്നെ ജനപ്രീതിയാകര്ഷിച്ചിരിക്കുകയാണ്.
ചുരുങ്ങിയ കാലയളവില്‍ തന്നെ നൂറുശതമാനം വിജയം കൈവരിച്ച പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനത്തിനു പിന്നില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവും ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദും ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ സന്തോഷ് കുമാര്‍, ഡോ ജോബിജോണ്‍, ആര് എം ഒ ഡോ മോഹന്‍ റോയ് എന്നിവര്‍ക്കൊപ്പം സെക്യൂരിറ്റി ഓഫീസര്‍ ബാബുപ്രസാദും നടത്തിയ നിതാന്ത ജാഗ്രതയുടെ ഫലമാണ്.
Comments
0 comments