സ്വദേശത്തെ കൊച്ചിയില്‍ ആവാഹിച്ച്  ഉക്രെനിയന്‍ ആര്‍ട്ടിസ്റ്റ് അന്‍റോണ്‍  കാറ്റ്സ്

കൊച്ചി: ഫോര്‍ട്ട്കൊച്ചിയ്ക്കും എറണാകുളത്തിനുമിടയിലുള്ള തുരുത്തുകള്‍ കാണുമ്പോള്‍ ഉക്രെനിയന്‍ ആര്‍ട്ടിസ്റ്റ് അന്‍റോണ്‍  കാറ്റ്സിന്‍റെ മനസില്‍ ഓടിയെത്തുന്നത്  സ്വദേശമായ ഖേര്‍സോണിലെ ദ്വീപുകളാണ്. ഈ ദ്വീപുകള്‍ തമ്മിലുള്ള സാദൃശ്യമാണ് ഉപഗ്രഹ ദ്വീപ്(സാറ്റ്ലൈറ്റ് ഐലന്‍ഡ്) എന്ന സൃഷ്ടിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ സംഭാഷണ പരിപാടിയായ ലെറ്റ്സ് ടോക്കില്‍ പങ്കെടുക്കവെ അദ്ദേഹം തന്‍റെ ഓര്‍മകളിലൂടെ കടന്നുപോയി.  ഫൗണ്ടേഷന്‍റെ പെപ്പര്‍ഹൗസ് റസിഡന്‍സി പരിപാടിയുടെ ഭാഗമായാണ് അന്‍റോണ്‍  കാറ്റ്സ് കൊച്ചിയിലെത്തിയത്.

ഉക്രെയ്നിലെ ഖേര്‍സോണ്‍ കപ്പല്‍നിര്‍മ്മാണ ശാലയെ അനുസ്മരിപ്പിക്കുന്നതായിരുന്നു കൊച്ചിയിലെ സമാന ദൃശ്യമെന്ന്  അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മള്‍ട്ടിമീഡിയയില്‍ അധിഷ്ഠിതമായ സാറ്റലൈറ്റ് ഐലന്‍ഡ് എന്ന പ്രതിഷ്ഠാപനം ഉണ്ടാക്കിയത്.

ഖേര്‍സോണ്‍ നഗരത്തില്‍ പ്രത്യേകമായി സൃഷ്ടിച്ച ഒരു സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് സാറ്റലൈറ്റ് ഐലന്‍ഡ് രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയുടെയും ഖേര്‍സോണിന്‍റെയും സമാനതകള്‍ ചികഞ്ഞ അന്‍റോണ്‍  കണ്ടെത്തിയത് കൗതുകകരമായ സംഗതിയാണ്. ഖേര്‍സോണ്‍ കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച നാലു കപ്പലുകള്‍ ഇന്ത്യയ്ക്കുള്ളവയായിരുന്നു. വിശ്വ ഉമംഗ്, വിശ്വ തരംഗ്, വിശ്വ ആഭ, വിശ്വ ആശ എന്നിവയാണ് ആ കപ്പലുകള്‍.

ഖേര്‍സോണും കൊച്ചിയും തമ്മിലുള്ള ബന്ധം ഗവേഷണ വിഷയമാക്കേണ്ടതാണെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്. തന്നെ ഈ കപ്പലുകളുടെ പേര് ഏറെ സ്വാധീനിച്ചെന്ന് അദ്ദേഹം പറഞ്ഞു. പകുതി ആത്മീയമാണ് ഈ പേരുകള്‍. എഴുപതുകളിലെ ഇന്‍ഡോ-സോവിയറ്റ് ബന്ധത്തിലെ സങ്കീര്‍ണതകളുടെ ചുരുളഴിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റേഡിയോയും താനുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് അന്‍റോണ്‍  കാറ്റ്സ് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിലെ റേഡിയോ ഓപ്പറേറ്ററായിരുന്ന മുത്തച്ഛനില്‍ നിന്നുമാണ് ഈ ബന്ധം പകര്‍ന്ന കിട്ടിയത്. സംഗീതം അടിസ്ഥാനമാക്കി സമകാലീന സൃഷ്ടികള്‍ രചിക്കുന്നതിന് പ്രചോദനമായതും ഇതാണ്.

കമ്യൂണിസറ്റ് ആശയങ്ങളെ അപഗ്രഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തൊഴിലാളി യൂണിയനുകളുടെ പശ്ചാത്തലത്തില്‍ അതിന്‍റെ അന്തമില്ലാത്ത പ്രത്യാശ, നഷ്ടപ്പെടല്‍, ഒറ്റപ്പെടല്‍  എന്നിവയെല്ലാം ഈ പ്രതിഷ്ഠാപനത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നു. തിരമാലകളുടെയും വയര്‍ലെസ് സന്ദേശങ്ങളുടെയും ശബ്ദം, കപ്പലുകളുടെ ഒടുങ്ങാത്ത കഥകള്‍ എന്നിവയെല്ലാം ഇതില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

എച്ച്സിഎല്‍ ഫൗണ്ടേഷന്‍, ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്-മാക്സ്മുള്ളര്‍ ഭവന്‍ എന്നിവയുടെ ബാംഗ്ലൂര്‍ റെസിഡന്‍സി പ്രോഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് കാറ്റ്സിന്‍റെ റെസിഡന്‍സി നടന്നത്.

ശില്‍പ്പങ്ങള്‍, സംഗീത പരിപാടികള്‍, പൊതുപരിപാടി, വീഡിയോ, ഓഡിയോ, നൃത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാറ്റ്സിന്‍റെ സൃഷ്ടികള്‍. ദി സെര്‍പെന്‍റൈന്‍ ഗാലറീസ്, ടേറ്റ് മോഡേണ്‍, ടേറ്റ് ബ്രിട്ടണ്‍, പത്താമത് ബെര്‍ലിന്‍ ബിനാലെ, വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയം, ദ ഷോറൂം ഗാലറി, ഡോക്യുമെന്‍റ 14 എന്നീ പ്രശസ്തമായ വേദികളില്‍ അദ്ദേഹം തന്‍റെ സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആംഗ്യഭാഷയെ ശക്തിപ്പെടുത്തുന്ന ഗവേഷണങ്ങള്‍ വേണം: ഗവര്‍ണര്‍

കാളിയൻ വരുന്നു, ഒരിക്കൽ കൂടി മലയാള മണ്ണിൽ