ദുരിതാശ്വാസ പ്രവര്‍ത്തനം അഭിനന്ദനീയം: കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

പ്രളയത്തെ തുടര്‍ന്ന് ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യം പലയിടത്തും തകര്‍ന്നുപോയി. ആശുപത്രികള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ കേന്ദ്രസഹായം അത്യാവശ്യമാണ്. നെടുമ്പാശേരിയില്‍ നടന്ന അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച മെമ്മോറാണ്ടം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയ്ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് നടന്ന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം വഹിച്ച പങ്കിനെ കേന്ദ്ര മന്ത്രി അഭിനന്ദിച്ചു. രോഗപ്രതിരോധ രംഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.


ആരോഗ്യരംഗം പുനര്‍നിര്‍മ്മിക്കുന്നതിന് 325.5 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ടു: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍


വിദഗ്ധരടങ്ങിയ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു ടീമിനെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേരളത്തിലേക്ക് അയയ്ക്കും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആവശ്യമുള്ളവ, ഹ്രസ്വകാല ഘട്ടത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലികമായി ഡോക്ടറെയും മറ്റ് ജീവനക്കാരെയും കൂടുതലായി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാനം നടത്തിയ നിപ പ്രതിരോധം വളരെ ശ്രദ്ധാര്‍ഹമാണ്. നിപപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സമയം മുതല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വളരെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രളയത്തെ തുടര്‍ന്ന് എല്ലാ ദിവസവും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനും കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുധ, ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


ചാലക്കുടി താലൂക്ക് ആശുപത്രിയുടെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ലഭ്യമാക്കും


പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി ആശുപത്രി പുന:നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജെ.പി. നഡ്ഡ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് ഉറപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വമാണ് പ്രളയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി ഗവ. താലൂക്ക് ആശുപത്രി മന്ത്രി കെ.കെ ശൈലജ ടീച്ചറോടൊപ്പം സന്ദര്‍ശിച്ചതിനു ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മാമോഗ്രാം യൂണിറ്റ്, ഡയാലീസ് യൂണിറ്റ്, സി ടി സ്‌കാന്‍ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ചാലക്കുടി ആശുപത്രിയില്‍ 15 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുളളത്.

ഇന്നസെന്റ് എം.പി, ബി.ഡി. ദേവസ്സി എം.എല്‍.എ, കേന്ദ്ര ആരോഗ്യ വകുപ്പു സെക്രട്ടറി പ്രീതി സുധ, ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, സംസ്ഥാന ആരോഗ്യവകുപ്പു സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു


കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെയും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേയും തൃശൂരിലേയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് ക്യാമ്പംഗങ്ങളുമായി സംഘം സംസാരിച്ചു. വീട് ഭാഗികമായി തകര്‍ന്ന് താമസ യോഗ്യമല്ലാതായി തീര്‍ന്ന 18 കുടുംബങ്ങളിലെ 49 പേരാണ് ഈ ക്യാമ്പിലുള്ളത്.

തൃശൂര്‍ വിജയരാഘവപുരത്തെ പി.കെ. ചാത്തന്‍ മാസ്റ്റര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദര്‍ശിച്ചു. ഇവിടെ 29 കുടുംബങ്ങളിലായി 96 പേരാണുള്ളത്. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ചേനത്തുനാട്, വെട്ടുകടവ്, പുത്തുപ്പറമ്പ്, പടിഞ്ഞാറേ ചാലക്കുടി എന്നിവിടങ്ങളിലുള്ളവരെയാണ് ഇവിടെ താമസിപ്പിക്കുന്നത്.

വീട് തകര്‍ന്നവര്‍ക്ക് വീടുവച്ചു നല്‍കാന്‍ കേന്ദ്ര സഹായം കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി. പ്രളയ ദിവസങ്ങളില്‍ കേന്ദ്രത്തിന്റെ സമീപനം അനുഭാവ പൂര്‍ണമായിരുന്നുവെന്നും തുടര്‍ന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ട്രിവാൻഡ്രം സെൻട്രൽ മാൾ ഉദ്ഘാടനം ചെയ്തു

കുഞ്ഞു കൈകളിൽ വലിയ സഹായം ഒരുങ്ങുന്നു