അനാവശ്യ വിവാദങ്ങളല്ല, പുനർനിർമാണത്തിനാവശ്യം ഒരുമയോടെയുള്ള  പ്രവർത്തനം: ഗവർണർ 

തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളല്ല, ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കേരള പുനർനിർമാണത്തിന് ആവശ്യമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 70 ാമത് റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തുകയും വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. സാധാരണജീവിതത്തെ ബാധിക്കുന്ന അക്രമപ്രതിഷേധങ്ങളും നിരന്തര ഹർത്താലുകളും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം നേരിട്ട പ്രതിസന്ധികൾ നമ്മെ ഒരുമിപ്പിക്കാനുള്ള ശക്തിയാകണം. പ്രളയം സംസ്ഥാന സാമ്പത്തികസ്ഥിതിയെ തകർത്തെങ്കിലും നമ്മുടെ ജനങ്ങളുടെ നിശ്ചയദാർഢ്യം രാജ്യത്തിനുതന്നെ മാതൃകയായി. പുനർനിർമാണത്തിന്റെ പ്രവൃത്തികൾ ഒരുരാത്രികൊണ്ട് തീർക്കാവുന്നതല്ല. അതുകൊണ്ടുതന്നെ നമ്മുടെ ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമങ്ങൾക്കിടയിൽ പുനർനിർമാണപ്രവൃത്തികളുടെ മുൻഗണനകളിൽ സങ്കുചിതരാഷ്ട്രീയം കടന്നുവരരുത്. ഇതിനായി ആത്മാർഥമായ രാഷ്ട്രീയ ഐക്യമാണ് വേണ്ടത്.

രാഷ്ട്രത്തിന്റെ വളർച്ചയ്‌ക്കൊപ്പം കേരളവും പുരോഗതി നേടി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, ഗെയിൽ പൈപ്പ് ലൈൻ പൂർത്തീകരണത്തോട് അടുക്കുന്നു, കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപാസ് ഏപ്രിലോടെ യാഥാർഥ്യമാകുന്നു തുടങ്ങിയ ഇതിനുള്ള അടയാളങ്ങളാണ്. ജലപാതകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും അഭിനന്ദനാർഹമാണ്. ഇന്ത്യയുടെ ഡിജിറ്റൽ പവർ ഹൗസാകാനുള്ള കേരളത്തിന്റെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി കൂടുതൽ ആഗോള കമ്പനികൾ ടെക്‌നോപാർക്കിൽ എത്തി. 

ജെൻഡർ ബജറ്റിംഗ്, ട്രാൻസ്‌ജെൻഡർ നയം, ക്ഷേമപെൻഷനുകൾ വർധിപ്പിച്ചത്, ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ ഇടപെടലുകൾ എന്നിവ ദേശവ്യാപക അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. മാനവശേഷി വികസനത്തിലും ലോകശ്രദ്ധനേടുന്നതിലും മികച്ച ഭാവിയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് ഗവർണർ എന്ന നിലയിലെ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പി. സദാശിവം അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാർ, എം.എൽ.എ മാർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്നാഥ് ബഹ്റ, ജനപ്രതിനിധികൾ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാവിലെ 8.30 ന് ഗവർണർ പതാക ഉയർത്തിയപ്പോൾ വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി.

വിവിധ സായുധസേനാ വിഭാഗങ്ങളും സായുധരല്ലാത്ത വിഭാഗങ്ങളും അണിനിരന്ന പരേഡിൽ ഭാരതീയ കരസേനയിലെ മദ്രാസ് റെജിമെൻറ് 19ാം ബറ്റാലിയനിലെ ലഫ്റ്റനൻറ് കേണൽ സനത് കുമാർ പരേഡ് കമാൻഡറായി. ഭാരതീയ വ്യോമസേന സതേൺ എയർ കമാൻഡ് ഫ്‌ളൈറ്റ് ലഫ്റ്റനൻറ് കപിൽകുമാർ സെക്കന്റ് ഇൻ കമാൻഡായിരുന്നു. 

കരസേന, വ്യോമസേനാ വിഭാഗങ്ങൾക്കു പുറമെ അതിർത്തി രക്ഷാസേന, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, റെയിൽവേ സുരക്ഷാസേന, കർണാടക സ്‌റ്റേറ്റ് പോലീസ്, സ്പെഷ്യൽ ആംഡ് പോലീസ്, ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള വനിതാ കമാൻഡോസ്, കേരള വനിതാ ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പോലീസ്, ജയിൽ,  എക്സൈസ് സേനകൾ, അഗ്‌നിരക്ഷാസേന, വനം വകുപ്പ്, എൻ.സി.സി. സീനിയർ ഡിവിഷൻ (ആൺകുട്ടികൾ), എൻ.സി.സി. സീനിയർ വിംഗ് (പെൺകുട്ടികൾ), എൻ.സി.സി. സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, എൻ.സി.സി. സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (ആൺകുട്ടികളും, പെൺകുട്ടികളും), ഭാരത് സ്‌കൗട്ട്സ്, ഭാരത് ഗൈഡ്സ്, പോലീസ് ശ്വാനസേന, അശ്വാരൂഢ പോലീസ് എന്നിവയുടെ ഓരോ പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. ഭാരതീയ കരസേന, സിറ്റി പോലീസ്, എസ്.എ.പി, കേരള ആംഡ് പോലീസ് മൂന്ന്, അഞ്ച് ബറ്റാലിയനുകൾ എന്നിവരുടെ ബാൻഡുകളും ചടങ്ങിൽ പങ്കെടുത്തു. സ്‌കൂൾ കുട്ടികളുടെ ദേശഭക്തിഗാനാലപനവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആലപ്പുഴയിലെ ‘മയില്‍പ്പീലിക്കൂട്ടം’ കൊച്ചി ബിനാലെയില്‍

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

ജനാധിപത്യത്തില്‍ പൊലീസ് ജനങ്ങളുടെ സേനയാണ്, മത – രാഷ്ട്രീയാധികാരങ്ങളുടെ സ്വകാര്യ സൈന്യമല്ല