മേക്കര്‍ വില്ലേജ് മികവിന്‍റെ കേന്ദ്രം: യു എസ് കോണ്‍സല്‍ ജനറല്‍

കൊച്ചി: സംസ്ഥാനത്തെ ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ജസ്.

ഉപഭോക്താവിന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞുള്ള ഉത്പന്നങ്ങളാണ് മേക്കര്‍ വില്ലേജിലെ സംരംഭകരുടേതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ കോണ്‍സുലേറ്റിലെ പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ ഓഫീസറായ ജെയിംസ് ഫ്ളൂക്കറുമൊത്ത് മേക്കര്‍വില്ലേജ്  സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

അനുകരണമാണ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മേക്കര്‍വില്ലേജിലെ ഉത്പന്നങ്ങളുടെ വൈവിദ്ധ്യം തന്നെ അത്ഭുതപ്പെടുത്തുന്നു. റോബോട്ടു മുതല്‍ ഗര്‍ഭിണികളുടെ ദൈനംദിന ആരോഗ്യ സംരക്ഷണത്തിനു വേണ്ട ഉപകരണങ്ങള്‍ വരെ ഇവിടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു. പലതും പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയിലൂടെ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മേക്കര്‍ വില്ലേജിലെ ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, റോബോട്ട്, സ്മാര്‍ട്ട് സൈക്കിള്‍, ഹെല്‍ത്ത് മോണിട്ടര്‍, നീര മേക്കര്‍, ത്രിഡി കോസ്റ്റ്യൂം ഡിസൈന്‍ തുടങ്ങിയവ അദ്ദേഹം പരിശോധിച്ചു. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയിലൂന്നിയ ഉത്പന്നങ്ങള്‍ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സംരംഭക രാഷ്ട്രമെന്ന നിലയില്‍ സാങ്കേതികമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ചേര്‍ന്ന് നടത്തുന്ന ഗ്ലോബര്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് മീറ്റ് വഴി നിരവധി സംരംഭങ്ങള്‍ക്ക് സഹായവും നിക്ഷേപവും നടത്തുന്നുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ സെന്‍റര്‍ വഴി സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ബര്‍ജസിന്‍റെ സന്ദര്‍ശനം പ്രതീക്ഷ നല്‍കുന്നതാണെന്ന് മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് നടത്തിയ ബ്ലോക്കത്തോണ്‍ മത്സരം വന്‍വിജയമായിരുന്നു. അമേരിക്കന്‍ കോണ്‍സുലേറ്റും മേക്കര്‍വില്ലേജുമായുള്ള ബന്ധത്തില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ സന്ദര്‍ശനം സഹായിക്കും. ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലുള്ള അവസരങ്ങള്‍ മുതലാക്കുന്നതിന് കൂടിക്കാഴ്ച തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് സംരഭകരുമായി റോബര്‍ട്ട് ബര്‍ജസും ജെയിംസ് ഫ്ളൂക്കറും ആശവിനിമയം നടത്തി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ത്യയിലെ വാണിജ്യ ഫോറങ്ങളായ സിഐഐ, ഫിക്കി തുടങ്ങിയ സ്ഥാപനങ്ങളുമായി സംരംഭകര്‍ ചര്‍ച്ച ചെയ്യണമെന്ന് ജെയിംസ് ഫ്ളൂക്കര്‍ നിര്‍ദ്ദേശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ

Religious  , intolerance , secularism, Meesha, threats, novels, cartoons, author, cartoonist, Mathrubhumi, s hareesh , MA Baby, Taslima Nasrin , Salman Rushdie , Arundhati Roy, Gandhiji, Pardha , Biriyani , Bhashaposhini

അത്രമേൽ അസഹിഷ്ണുതയുള്ളവരാകയാൽ