in

മലയാള സിനിമയ്ക്ക് ഇത് ടൊവിനോക്കാലം

മലയാള സിനിമയിൽ ടൊവിനോയുടെ വർഷമായിരുന്നു 2018.  എട്ടോളം ചിത്രങ്ങളാണ്  തീയേറ്ററിൽ  എത്തിയത്.  മിക്കതും  ബോക്സ് ഓഫീസിൽ  വിജയം കൈവരിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റാൻ ടൊവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെതായ സ്ഥാനം നേടിയെടുക്കാൻ ഈ നടന് സാധിച്ചു. ഏതൊരു കഥാപാത്രത്തെയും  തന്മയത്വത്തോടെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള ശേഷി  തന്നെയാണ് ഈ  വളർച്ചയ്ക്ക്  പിന്നിൽ. ഇന്നസെന്റിനു പിന്നാലെ മറ്റൊരു  ഇരിഞ്ഞാലക്കുടക്കാരൻ കൂടി വെള്ളിത്തിരയിൽ കാലുറപ്പിച്ചിരിക്കുന്നു.

പരസ്യ ചിത്രങ്ങളിലൂടെയാണ് ടൊവിനോ ഈ മേഖലയിൽ വരുന്നത്.  2012-ൽ പ്രഭുവിന്റെ മക്കളിലൂടെ  സിനിമയിലെ അരങ്ങേറ്റം.  2015-ൽ പുറത്തിറങ്ങിയ  ‘ എന്ന്  നിന്റെ മൊയ്‌തീൻ ‘  എന്ന ചിത്രത്തിലെ അപ്പു എന്ന നിരാശാകാമുകന്റെ കഥാപാത്രം  ഏറെ  ശ്രദ്ധ നേടി. തുടർന്ന്  അഭിനയ സാധ്യത ഏറെയുള്ള നിരവധി കഥാപാത്രങ്ങളാണ് ടൊവിനോയെ തേടി എത്തിയത്. സഹനടനിൽ നിന്ന് നായകനിലേക്കും  യൂത്ത് ഐക്കണിലേക്കുമുള്ള വളർച്ച വളരെ പെട്ടന്നാണ്.

 

ഗപ്പിയിലെ  എഞ്ചിനീയർ തേജസ്സ് വർക്കിയെ ആർക്കും അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല. രൂപത്തിലും  അഭിനയ ശൈലിയിലും  വ്യത്യസ്തമായ ഒരു  തലം കൊണ്ട് വരാൻ ടൊവിനോയ്ക്ക്  കഴിയുമെന്ന് തെളിയിച്ച ചിത്രം  കൂടിയാണ് ഗപ്പി.  2017-ൽ  പുറത്തിറങ്ങിയ  ഒരു മെക്സിക്കൻ അപാരത, ഗോദ, മഹാനദി തുടങ്ങിയ  ചിത്രങ്ങളിൽ മികച്ച  പ്രകടനമാണ് ടൊവിനോ കാഴ്ച്ച വച്ചത്. കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങളോട് പരമാവധി നീതി പുലർത്താനുള്ള ഈ നടന്റെ  ശ്രമം ശ്രദ്ധേയമാണ്.

മൊയ്‌തീനിലെ അപ്പുവും, ഗപ്പിയിലെ തേജസ്സ് വർക്കിയും, മഹാനദിയിലെ മാത്യൂസുമെല്ലാ ടൊവിനോയിലെ നടനെ കാണിച്ചുതന്നു.അഭിനയ മികവ്  മാത്രമല്ല  ടൊവിനോ തോമസ് എന്ന  യൂത്ത്  ഐക്കണിന്റെ പിറവിക്കുപിന്നിൽ.  മഹാപ്രളയം കേരളക്കരയാകെ  വിഴുങ്ങിയ സമയത്ത് താര പരിവേഷങ്ങളെല്ലാം അഴിച്ച് വച്ച് ഒരു സാധാരണക്കാരനായി  നടൻ മാറി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി. ചുമടെടുക്കുന്ന  ടൊവിനോയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. താര പരിവേഷങ്ങൾക്കപ്പുറം  ടൊവിനോ തോമസ് എന്ന വ്യക്തിത്വത്തിന്റെ  തെളിച്ചമായിരുന്നു മലയാളികൾ അന്ന് കണ്ടത്.

2018 അവസാനിക്കുമ്പോൾ  ഏറ്റവും അധികം സിനിമ ചെയ്ത  റെക്കോർഡാണ്  ടൊവിനോ  സ്വന്തമാക്കുന്നത്. ആമി, അഭിയുടെ കഥ അനുവിന്റേയും, മറഡോണ, തീവണ്ടി , ഒരു  കുപ്രസിദ്ധ പയ്യൻ, എന്റെ  ഉമ്മാന്റെ പേര്, മാരി 2  തുടങ്ങി എട്ടോളം ചിത്രങ്ങൾ .

മഞ്ജു വാര്യർ നായികയായി എത്തിയ  ആമിയിൽ  ശ്രീകൃഷന്റെ വേഷത്തിലാണ്  ടൊവിനോ; ആമിയുടെ സാങ്കല്പിക ലോകത്തെ ഭഗവാൻ  ശ്രീകൃഷ്ണൻ. ആമിയായി മഞ്ജുവും കൃഷ്ണനായി ടൊവിനോയും എത്തിയപ്പോൾ  പ്രേക്ഷകർക്ക് ഒരു  പുതിയ  ദൃശ്യ വിരുന്നാണ് ലഭിച്ചത്. അഭിയുടെ കഥ അനുവിന്റേയും  മലയാളത്തിലും തമിഴിലുമായി  പുറത്തിറങ്ങി. അഭിയെന്ന ടൈറ്റിൽ റോളിലാണ് ടൊവിനോ വന്നത്. പിയ ബാജ്പേയ് ആയിരുന്നു നായികാവേഷത്തിൽ.

നിർത്താതെ പുകവലിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് തീവണ്ടി പറഞ്ഞത്. അവസാനിപ്പിക്കാനാവാത്ത ദുശീലം കൊണ്ട് കാമുകി വരെ കൈയൊഴിയുന്നു യുവാവിന്റെ നിസ്സഹായത  ടൊവിനോയിൽ ഭദ്രമായിരുന്നു.  നായികയായി വന്ന  സംയുക്ത മേനോനും ചിത്രത്തിൽ നന്നായി  തിളങ്ങി.   ടൊവിനോയുടെ  അഭിനയ ജീവിതത്തിൽ  ബിനീഷ് ദാമോദരൻ എന്ന കഥാപാത്രം ഒരു  വഴിത്തിരിവ് തന്നെ സൃഷ്ടിച്ചു.

ഏറെ കോളിളക്കം സൃഷ്ട്ടിച്ച  സുന്ദരിയമ്മാൾ കൊലക്കേസിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ഒരു  കുപ്രസിദ്ധ പയ്യൻ. ഒരു പ്രത്യേക സാഹചര്യത്തിൽ കുറ്റാരോപിതനായി ജയിലിൽ കഴിയേണ്ടി വരുന്ന അജയൻ എന്ന യുവാവ്. നിഷ്കളങ്കനും നിരപരാധിയുമായ അയാളെ രക്ഷപ്പെടുത്തി  നിയമക്കുരുക്കിന്റെ  പുറത്തെത്തിക്കാൻ പാടുപെടുന്ന ഇച്ഛാശക്തിയുള്ള  അഭിഭാഷക  യുവതി.  ടൊവിനോയും നിമിഷ സജയനും ചിത്രത്തിൽ  നിരൂപക പ്രശംസ നേടി. മൊയ്തീനിലെയും അഭിയിലേയും കാമുക ഭാവങ്ങളിൽ നിന്ന് ആത്മസംഘർഷങ്ങളിൽപെട്ടുഴലുന്ന  ‘കുപ്രസിദ്ധ’ കുറ്റവാളിയിലേക്കുള്ള ഭാവപ്പകർച്ച  ശ്രദ്ധേയമായിരുന്നു. പഴയ കാല നായിക ശരണ്യ, നെടുമുടി വേണു, അനു സിത്താര  എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്.

ഉർവശിയും ടൊവിനോയും മുഖ്യ വേഷങ്ങളിൽ വന്ന ചിത്രമാണ് എന്റെ  ഉമ്മാന്റെ പേര്. സ്വന്തം  ഉമ്മയെ തേടിയിറങ്ങുന്ന ഹമീദ് എന്ന  മകന്റെ കഥ  2018 ലെ ഹിറ്റ്‌ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു. ഹമീദിന്റെ ജീവിതത്തിൽ  ഉർവശിയുടെ  ഐഷ എന്ന കഥാപാത്രം  വരുന്നിടത്ത്  കഥയിൽ വഴിത്തിരിവുണ്ടാകുന്നു.  തമാശയും തനിക്കു നന്നായി വഴങ്ങുമെന്ന്  ടൊവിനോ  ഈ ചിത്രത്തിലൂടെ  തെളിയിച്ചു.

മികച്ച ഒരഭിനേതാവിന്റെ ശ്രദ്ധ   കഥാപാത്രങ്ങളുടെ  വലിപ്പച്ചെറുപ്പങ്ങളിലല്ല , മറിച്ച്   അഭിനയ സാധ്യതയുള്ള വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിലാണ്  എന്ന്  ഈ നടൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.  ടൊവിനോ എന്ന നടന്റെ  സിഗ്നേച്ചർ സ്റ്റേറ്റ് മെന്റാണത് . അതിൽ  അയാളുടെ  അഭിനയ ജീവിതത്തോടുള്ള വീക്ഷണവും തെളിഞ്ഞുകിടപ്പുണ്ട്. അതയാളെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലേക്ക് എത്തിക്കുന്നു.

വരും വർഷവും ടൊവിനോയ്ക്ക് സമ്മാനിക്കാൻ പോകുന്നത് ഒട്ടേറെ നല്ല കഥാപാത്രങ്ങളെയാണ്. കൈ നിറയെ ചിത്രങ്ങളാണ് ഈ നടന്റെ വരും വർഷ ലിസ്റ്റിലുള്ളത് . ലൂക്ക, കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്, ലൂസിഫർ ,കാക്കി ,വൈറസ്, ആൻഡ് ദി ഓസ്കാർ ഗോസ് ടു, ജോ, മിന്നൽ മുരളി തുടങ്ങി അതങ്ങനെ നീണ്ടുകിടക്കുന്നു. മലയാള സിനിമയുടെ പ്രദക്ഷിണ വഴികളിൽ  ടൊവിനോ തോമസ് എന്ന താരം കൂടി ഉദിച്ചുയർന്നിരിക്കുന്നു.

റോഷ്‌നി ദാസ് .കെ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വന്തം നാട്ടുകാരുടെ ദുരിതം ബിനാലെ കലാസൃഷ്ടിയാക്കി പ്രഭാകര്‍ പച്പുടെ

വ്യാജ വാർത്തകൾ വിളയുന്ന നമോ ആപ്പ്