നടപ്പ് അക്കാദമിക്ക് വർഷത്തിൽ 14 സർക്കാർ സ്കൂളുകൾക്ക് പിന്തു നൽകി യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം 

* കൊച്ചി സെന്ററിലെ നൂറുകണക്കിന് ജീവനക്കാർ ഈ സ്കൂളുകളിൽ സന്നദ്ധസേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ചു.

* സ്കൂളുകളെ അംഗീകരിക്കാനും അസോസിയേറ്റുകളെ ആദരിക്കാനുമായി ഗ്രാൻഡിയോസ് 2019 സംഘടിപ്പിച്ചു.

കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന്റെ അഡോപ്റ്റ്‌ എ സ്കൂൾ സംരംഭത്തിന്റെ ഭാഗമായുള്ള വാർഷിക ആഘോഷ പരിപാടിയായ ഗ്രാൻഡിയോസ് 2019 കൊച്ചിയിൽ സംഘടിപ്പിച്ചു.  യു എസ് ടി ഗ്ലോബലിന്റെ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ‘ അഡോപ്റ്റ് എ സ്കൂൾ ‘ പദ്ധതിയുടെ വാർഷിക സമാപന പരിപാടിയാണ് ഗ്രാൻഡിയോസ്. 2018-19 അദ്ധ്യയന വർഷത്തിൽ യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രം 14 സർക്കാർ സ്കൂളുകൾ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുകയും കമ്പനിയുടെ നൂറുകണക്കിന് ജീവനക്കാരുടെ സന്നദ്ധ സേവനം സ്കൂളുകളിൽ ഉറപ്പാക്കുകയും ചെയ്തിരുന്നു.  പ്രമുഖ നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് ഗ്രാൻഡിയോസ് 2019 ന്റെ മുഖ്യ അതിഥിയായി എത്തിയത്.

മാർച്ച് 13ന് നടന്ന ഗ്രാൻഡിയോസ് 2019 ൽ 1500 ലേറെ യു എസ് ടി ഗ്ലോബൽ ജീവനക്കാരും പങ്കാളികളും പതിനാല് സ്കൂളുകളിൽ നിന്നായി നൂറോളം പേരും സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ ടാലന്റ് ഷോ, അഡോപ്റ്റ് എ സ്കൂൾ പദ്ധതിയുടെ ഭാഗമായി നടന്ന പ്രധാന പ്രവർത്തനങ്ങളുടേയും പ്രൊജക്റ്റുകളുടേയും പ്രദർശനം, അസോസിയേറ്റ് സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ അവതരണം എന്നിവ അരങ്ങേറി.

കേവലം ‘ചെക്ക് റൈറ്റിങ്ങ് ‘ അഥവാ സാമ്പത്തിക സഹായം ചെയ്യുക എന്നതിനപ്പുറത്ത് സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന കമ്പനിയാണ് യു എസ് ടി ഗ്ലോബൽ. ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിലൂടെ, തൊഴിൽപരമായ ദൗത്യനിർവഹണത്തിനപ്പുറത്ത് ജീവനക്കാരുടെ വ്യക്തിത്വവികാസത്തിനും നേതൃപാടവം വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതകൾ തുറന്നു കിട്ടുന്നു. പ്രാദേശിക തലത്തിൽ സ്കൂളുകളിൽ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ‘ട്രാൻസ്ഫോമിങ്ങ് ലൈവ്‌സ്’ അഥവാ ജീവിത പരിവർത്തനം എന്ന യു എസ് ടി ഗ്ലോബലിന്റെ ലക്ഷ്യമാണ് നിറവേറുന്നത്.

“യു എസ് ടി ഗ്ലോബലിന്റെ സവിശേഷമായ ‘അഡോപ്റ്റ് എ സ്കൂൾ ‘ പദ്ധതി പങ്കാളികളെ ഏകോപിപ്പിച്ച്, വിദ്യാർഥികളുടെ പഠനവികാസ പ്രവർത്തനങ്ങളിൽ സമയം ചിലവഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ സ്കൂളുകളിൽ വിപുലവും മികവുറ്റതുമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഏതാനും വർഷങ്ങളായി പിന്തുണച്ചു പോരുന്ന പതിനാല് സ്കൂളുകളെ കൂടാതെ, പ്രളയബാധിത പ്രദേശങ്ങളിലെ നിരവധി സ്കൂളുകളുടെ പുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാവാനും ഞങ്ങൾക്കായി. പദ്ധതിയുടെ ഭാഗമായ മുഴുവൻ സ്കൂളുകളെയും അവിടെ പ്രവർത്തിച്ച ടീമുകളെയും ഗ്രാൻഡിയോസ് 2019 ന്റെ ഭാഗമായി ആദരിക്കാനായതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്,” യു എസ് ടി ഗ്ലോബൽ ഡെവലപ്മെൻറ് സെന്റർ ഓപറേഷൻസ് ആഗോള മേധാവി സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

2018-19 വർഷം നടന്ന ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന് വിദ്യാർഥികളെ  മലയാള സാഹിത്യലോകവുമായി ബന്ധപ്പെടുത്തുന്നതും, വർഷം മുഴുവൻ നീണ്ടുനിന്നതുമായ ഏകദിന പ്രോഗ്രാമുകളായിരുന്നു. മലയാള സാഹിത്യ ലോകത്തെ അതികായൻമാരായ എം കെ സാനു (പ്രൊഫസർ, നിരൂപകൻ, ജീവചരിത്രകാരൻ, പ്രസംഗകൻ); എസ് രമേശൻ നായർ (കവി, ഗാനരചയിതാവ്); കെ എൽ മോഹനവർമ്മ (നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പത്രപ്രവർത്തകൻ); ശ്രീകുമാരി രാമചന്ദ്രൻ (നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രസംഗക, നർത്തകി, ഗായിക) എന്നിവർ ഇതിന്റെ ഭാഗമായി. വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കാനും സ്കൂൾ ലൈബ്രറി വിപുലീകരിക്കാനും ഉതകും വിധത്തിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു. വിമാനത്താവളം, കയർ ബോർഡ്, കൊച്ചി മെട്രോ സന്ദർശനങ്ങൾ, അവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച്  ഉൾക്കാഴ്ചകൾ പകരുന്നതായിരുന്നു. ആശയവിനിമയ ശേഷി മെച്ചപ്പെടുത്താനുള്ള ക്ലാസുകളും യോഗ, നൃത്തം, കല, കരകൗശലം, കമ്പ്യൂട്ടർ എന്നിവയിലുള്ള പരിശീലന പരിപാടികളും അഡോപ്റ്റ് എ സ്കൂളിന്റെ ഭാഗമായി നടന്നു. മുഴുവൻ സ്കൂളുകളിലും പച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചും, വിളവെടുപ്പുത്സവം ആഘോഷിച്ചും, പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചുമുള്ള പ്രവർത്തനങ്ങൾക്ക് പങ്കാളികൾ മുൻകൈയെടുത്തു. 

ഗവ. എൽ പി സ്കൂൾ, തേവയ്ക്കൽ; ഗവ. യു പി സ്കൂൾ പടമുകൾ; ഇരുമ്പനം എൽ സി എസ് എൽ പി സ്കൂൾ ; ആർ എൽ വി ഗവ. യു പി സ്കൂൾ തൃപ്പൂണിത്തുറ ; കളമശ്ശേരി ഗവ. എച്ച് എസ് എസ്; എസ് വി എൽ പി സ്കൂൾ, എസ് വി യു പി സ്കൂൾ – നെട്ടൂർ; എം ജി യു പി സ്കൂൾ മുളന്തുരുത്തി; ഗവ. എൽ പി സ്കൂൾ പാടിവട്ടം; ഏരൂർ കെ എം എൽ പി സ്കൂൾ ; വെമ്പിള്ളി ഗവ. എൽ പി സ്കൂൾ ; ഏരൂർ സംസ്കൃത സ്കൂൾ; അശോക് എൽ പി സ്കൂൾ അശോകപുരം; പൊന്നുരുന്നി ഗവ. എൽ പി സ്കൂൾ എന്നിവയാണ് യു എസ് ടി ഗ്ലോബൽ കൊച്ചി കേന്ദ്രവുമായി യോജിച്ച് അഡോപ്റ്റ് എ സ്കൂൾ പദ്ധതിയുടെ ഭാഗമായി  2018-19 അക്കാദമിക്ക് വർഷത്തിൽ  പ്രവർത്തിച്ച വിദ്യാലയങ്ങൾ.

 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരള സർക്കാർ ഐ ടി ഉന്നതാധികാര സമിതിയുടെ ഹാഷ് ടാഗ് ഫ്യൂച്ചർ ജി സി എസ് ലണ്ടൻ പരിപാടിക്ക് ഗംഭീര തുടക്കം

ഗ്രീൻ ഇലക്ഷൻ ലോഗോ പ്രകാശനം ചെയ്തു