യു എസ് ടി ഗ്ലോബൽ ഐ ഐ ടി പാലക്കാടുമായി പങ്കാളിത്തത്തിൽ 

പാലക്കാട്: ലോകത്തെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ ഐ ഐ ടി പാലക്കാടുമായി പങ്കാളിത്തക്കരാർ ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / മെഷീൻ ലേണിങ്, ബ്രെയിൻ-മെഷീൻ ഇന്റർഫേസ് തുടങ്ങി മുൻനിര സാങ്കേതിക വിദ്യാ രംഗത്തെ ഒന്നിച്ചുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങളോടൊപ്പം വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റുകൾക്കും അവസരമൊരുക്കുന്നതാണ് പങ്കാളിത്തക്കരാർ. എൻജിനീയറിങ്ങിലും സാങ്കേതികവിദ്യയിലും ഉന്നത പഠനം നടത്തുന്ന ഐ ഐ ടി പ്രവർത്തിക്കുന്നത് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കീഴിലാണ്.

മൂന്നു മുതൽ ആറുമാസം വരെ നീണ്ടു നിൽക്കുന്ന സംയുക്ത ഗവേഷണ- വികസന പ്രവർത്തനങ്ങൾക്കായി (ആർ & ഡി) ഐ ഐ ടി വിദ്യാർത്ഥികൾ യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബുകളിൽ എത്തും. രാജ്യത്തുടനീളമുള്ള ഇൻഫിനിറ്റി ലാബുകളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ മെഷീൻ ലേണിങ്,ബ്ലോക്‌ചെയിൻ, ഓഗ്മെന്റഡ് റിയാലിറ്റി / വെർച്വൽ റിയാലിറ്റി (എ ആർ & വി ആർ), ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് (ഐ ഒ ടി ), ഡിസൈൻ തിങ്കിങ്, എന്റർപ്രൈസ് കമ്പ്യൂട്ടിങ് തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതിക രംഗങ്ങളിൽ തങ്ങളുടെ ഫോർച്യൂൺ 500 ഉപയോക്താക്കളുടെ വ്യാപാര പ്രശ്നങ്ങൾക്ക് നൂതനമായ പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള കമ്പനിയുടെ ഇൻ ഹൌസ് ഇന്നൊവേഷൻ കേന്ദ്രങ്ങളാണ് ഇൻഫിനിറ്റി ലാബുകൾ.

“കമ്പനിയുടെ ഫോർച്യൂൺ 500 ഉപയോക്താക്കളുടെ വ്യാപാര ആവശ്യങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്താനാവും വിധത്തിൽ  അക്കാദമിക് സമൂഹവുമായും സ്റ്റാർട്ട് അപ്പുകളുമായും ആഴത്തിലുള്ള ബന്ധം രൂപപ്പെടുത്തി ഒരു ഇന്നൊവേഷൻ ആവാസ വ്യവസ്ഥ (ഇന്നൊവേഷൻ ഇക്കോ സിസ്റ്റം) രൂപപ്പെടുത്താനുള്ള യത്നത്തിലാണ് ഞങ്ങൾ. ഐ ഐ ടി പാലക്കാടുമായി പങ്കാളിത്ത കരാറിൽ ഏർപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്.

പുതുയുഗ സാങ്കേതിക വിദ്യയിൽ  സംയുക്ത ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്താനുള്ള  അവസരമാണ് ബി ടെക് വിദ്യാർഥികൾക്ക് കൈവന്നിരിക്കുന്നത്. മികച്ച തൊഴിൽ അവസരങ്ങൾ തേടിവരാനുള്ള സാധ്യതകളാണ് ഇതുവഴി ഒരുങ്ങുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പുപറയാനാവും,” യു എസ് ടി ഗ്ലോബൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കൺട്രി ഹെഡുമായ അലക്‌സാണ്ടർ വർഗീസ് അഭിപ്രായപ്പെട്ടു.

“ഇൻഫിനിറ്റി ലാബുകളുമായുള്ള ഈ പങ്കാളിത്തം ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഐ ടി വ്യവസായത്തിലെ ആധുനിക അറിവുകൾ കരസ്ഥമാക്കാനും അതിൽ പ്രായോഗിക പരിശീലനം നേടാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ, വരും കാല ആവശ്യങ്ങളെ നേരിടാനും പ്രശ്നപരിഹാരങ്ങൾക്കുമുള്ള നൂതന സാങ്കേതിക വിദ്യാ വികാസത്തിനുള്ള വഴിയും ഒരുക്കുന്നുണ്ട്.  ഇൻഡസ്ട്രിയൽ റോബോട്ടിക്‌സും ഓട്ടോമേഷനുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠനശാഖകളിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള  ഈ ഇന്റേൺഷിപ് അവസരത്തെ ആദ്യ ബാച്ചിലെ വിദ്യാർഥികൾ ആവേശപൂർവമാണ് കാണുന്നത്.

ഭാവിയിൽ തങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് വരുന്ന വ്യാവസായിക വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള പ്രാപ്തികൂടി ഇന്റേൺഷിപ് അനുഭവങ്ങൾ അവർക്കു സമ്മാനിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. ഐ ഐ ടി പാലക്കാടും യു എസ് ടി ഗ്ലോബലുമായുള്ള പങ്കാളിത്തം സമൂഹത്തിന് ഗുണകരമായ ഗവേഷണഫലങ്ങൾ സൃഷ്ടിക്കും,” എന്ന് ഐ ഐ ടി പാലക്കാട് ഇൻഡസ്ട്രി കൊളാബറേഷൻ   ആൻഡ് സ്‌പോൺസേർഡ് റിസർച്ച് ഡീൻ ആയ ഡോ. വിനോദ് എ പ്രസാദ് പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുടുംബശ്രീ സ്‌കൂൾ രണ്ടാം ഘട്ടത്തിന് ശനിയാഴ്ച തുടക്കം

അതിജീവനത്തിന്റെ മുറിപ്പാടുകളുമായി മൂന്നാമത്തെ സൂചി