v k singh, china, kadakampally
in ,

കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി (kadakampally) സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് (v k singh) വിശദമാക്കി. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ അനുമതി നല്‍കാതിരുന്നതെന്ന് വി കെ സിംഗ് അറിയിച്ചു.

പദവിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനുമായിട്ടാണ് കടകംപള്ളിയുടെ ചര്‍ച്ച തീരുമാനിച്ചിരുന്നത് എന്നതിനാലാണ് യാത്രാനുമതി നിഷേധിച്ചതെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം അനുമതി തേടിയത്. എന്നാൽ കാരണം വ്യക്തമാക്കാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് യാത്രാനുമതി നിഷേധിക്കുകയായിരുന്നു.

തീരുമാനം രാജ്യത്തിനു മോശമാണെന്നും സങ്കുചിത രാഷ്ട്രീയചിന്ത നാടിന്റെ നല്ല കാര്യങ്ങള്‍ക്കു ഗുണകരമല്ലെന്നും കടകംപള്ളി പ്രതികരിച്ചിരുന്നു. യാത്രാനുമതി നിഷേധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

ചൈനയില്‍ നടക്കുന്ന ലോക ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്ന് കേരളം മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിനോദ സഞ്ചാര രംഗത്തെ കേരളത്തിന്റെ പ്രാധാന്യം പരിഗണിച്ചാണ് ഐക്യരാഷ്ട്രസഭ കേരളത്തെ തിരഞ്ഞെടുത്തതെന്നും ഇതാരുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമായല്ലെന്നും കേരളം നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ യോഗം ഈ മാസം 11 മുതല്‍ 16 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

karuna-estate

കരുണ എസ്റ്റേറ്റ്: നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കി

നടിയെ ആക്രമിച്ച കേസ്; വിമർശനവുമായി ഹൈക്കോടതി