എസ് .ഹരീഷിന്റെ മീശ ആഴമുള്ള ഒഴുക്കുള്ള ഒരു നോവൽ ആണ്. ഒറ്റയടിക്ക് രസിച്ചു വായിക്കുന്നതിനു പകരം ഒരു പാട് ആലോചനകളിലേക്ക് ഊളിയിട്ടു തിരിച്ചു വന്നാണ് ഞാൻ ഇത് വായിച്ചത്. തകഴിയുടെ കയറിന് ശേഷം കുട്ടനാടിനെയും പരിസരപ്രദേശങ്ങളെയും കുറിച്ച് എഴുതപ്പെട്ട നല്ല ഒരു നോവൽ.പക്ഷെ സ്വപ്നാത്മകവും മിസ്റ്ററിയും മിത്തും കലർന്നതുമായ ഒരു അഭൗമാന്തരീക്ഷം മീശയുടെ മാത്രം പ്രത്യേകതയാണ്.കഥ പറച്ചിൽ എന്ന ആദിമകലയുടെ എല്ലാ സാരള്യവും സങ്കീര്ണതയും ഇതിനുണ്ട്.
പവിയാൻ എന്ന പുലയന്റെ മകൻ വാവച്ചൻ ഒരു നാടകത്തിനു വേണ്ടി മീശ വെച്ച് പോലീസാകുന്നു.അയാളെ കണ്ട് പേടിച്ചു കാണികൾ ഓടിയൊളിക്കുന്നു. പിന്നീട് വാവച്ചൻ മീശ കളയുന്നില്ല. അത് ഒരു മീശ. അയാൾക്ക് മുൻപും പിൻപും ചില മീശകൾ ഉണ്ടായിരുന്നോ. മീശ ഒരു കുലത്തിന്റെ സ്വപ്നക്കഥ മാത്രമാണോ. വയലുകൾ , കരകൾ, തോടുകൾ, ആറുകൾ, പുലയന്മാരുടെയും പാവപ്പെട്ട അദ്ധ്വാനിക്കുന്നവരുടെയും ദുരിതങ്ങൾ, പെണ്ണുങ്ങളുടെ ജന്മദുഃഖങ്ങൾ, മീനുകളുടെ, പാമ്പുകളുടെ , മുതലയുടെ പിന്നെ എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റാത്ത അസംഖ്യം ജീവികൾ, പക്ഷികൾ, മീനുകൾ ,മുട്ടകൾ, ഇവയുടെയെല്ലാം കഥയാണിത്. അവർക്കൊക്കെ പരസ്പരം അറിയാം.ഭാഷ കേട്ടാൽ മനസ്സിലാവും.
അവരുടെ ജീവിതത്തിനു ഒരു വിലയുമില്ല. ചേറ്റിൽ ചവിട്ടി താഴ്ത്തിയോ , കുടം കഴുത്തിൽ കെട്ടി താഴ്ത്തിയോ അവരെ കൊല്ലാം. ഒരു വിലയുമില്ലാത്ത പുലയന്മാർ, മതം മാറിയിട്ടും പുലയന്മാരായി തുടർന്നവർ… ഇവരുടെ ജയിക്കണം എന്ന , ശക്തരാവണം എന്ന പ്രാർത്ഥനയാണ് മീശയെ സൃഷ്ടിക്കുന്നത്. മീശയുടെ മീശ ഒരു കരിം കാറ്റാണ്. അതിൽ ജീവികൾ ഒളിച്ചു കളിക്കും. കുരുവികൾ കൂടു കൂട്ടും, അത് സൂര്യനെ മറയ്ക്കും. മഴ തടുക്കും.
ഈ നോവൽ ശ്രദ്ധിച്ചു വായിച്ചാൽ നമുക്ക് ഫാസിസ്റ്റുരീതി തുടരാൻ പറ്റില്ല. മനുഷ്യർ പരസ്പരം ചെയ്തിട്ടുള്ള തെറ്റുകളുടെ പട്ടിക അത്ര വലുതാണ്. ചോരപ്പുഴയുടെ ആഴം അളക്കാൻ വയ്യ, അതാണ് ഹരീഷ് എഴുതിയിട്ടുള്ളത്.
നോവലിലെ നായകൻറെ ആഖ്യാതാവിന്റെ , സുഹൃത് അമ്പലത്തിൽ പോകുന്ന പെണ്ണ്ങ്ങളെ പറ്റി നടത്തുന്ന പരാമർശം ഒരു പക്ഷെ ഈ നോവലിന്റെ ഏറ്റവും അപ്രധാനമായ ഭാഗമാണ്. അതില്ലെങ്കിലും ഈ നോവൽ മുറിവില്ലാതെ ഇരിക്കും. പക്ഷെ അത് എഴുതുന്നതിൽ ഹരീഷിന് വിലക്ക് കൽപ്പിക്കാൻ നാമൊക്കെ ആര്? ശരിയുടെയും തെറ്റിന്റെയും മാനദണ്ഡം എവിടെയാണ്? ഒരു കഥയിലും ഇനി വില്ലന്മാർ പാടില്ലെന്നാകുമോ? വാല്മീകി രാമനെ മാത്രം എഴുതി രാവണനെ മായ്ച്ചു കളയേണ്ടി വരുമോ…അതോ മറിച്ചോ.
ദൈവമിരിക്കുന്നത്, മതങ്ങൾ ഇരിക്കുന്നത് ആചാരങ്ങളിലോ അമ്പലങ്ങളിലോ അല്ല കരുണയിലും നന്മയിലുമാണ് എന്ന് എല്ലാവര്ക്കും അറിയാം. അറിഞ്ഞിട്ടെന്ത കാര്യം? നന്മ കൊണ്ട്, ഭാരതീയമായ സഹിഷ്ണുത കൊണ്ട് വോട്ടു കിട്ടുകയില്ലല്ലോ. താനിരിക്കുന്ന വീട് കലാപക്കടലിൽ മുക്കിയാലും തൽക്കാല ലാഭം ഉണ്ടായാൽ മതി എന്ന് വിചാരിക്കുന്നവരായോ നമ്മുടെ വായനക്കാർ?
ഈ നോവൽ ഇനി പരമ്പരയായി കൊടുക്കില്ല എന്ന് പറഞ്ഞ മാതൃഭൂമിയോട് വിയോജിപ്പില്ലാതെ വയ്യ. കാരണം മീശ ഒരു നല്ല നോവലാണ് ,കേരള ചരിത്രം, ഭൂമി ശാസ്ത്രം, ദളിത ജീവിതം ഇവ അറിയാൻ ശ്രമിക്കുന്ന കാമ്പുള്ള ഒരു നോവൽ .ഡി.സി ബുക്ക്സ് അത് പ്രസിദ്ധീകരിച്ചത് നന്നായി.പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ് അവരങ്ങനെ ചെയ്തത് എന്നത് വിശ്വസിക്കാനും പ്രയാസം.
പ്രളയം വന്നത് ശബരിമലയിലെ സ്ത്രീപ്രവേശന തീരുമാനത്തെ ചൊല്ലിയാണ് എന്ന് വിശ്വസിക്കുന്നവരാണ് നാം. ഒരു സ്ത്രീ അത് പറയുന്ന വീഡിയോ നാട്ടിൽ പാട്ടായിരിക്കുന്നു. അത് വിശ്വസിക്കാൻ ഒട്ടേറെ ആളുകൾ ഉണ്ട് എന്ന അത്ഭുതം എന്നെ നടുക്കുന്നു. നാം എന്തായി പോയിരിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്ര നിലവറ തുറന്നിട്ടാണത്രെ അത്…വേറെ ആൾക്കാർ തിരുവിതാംകൂർ രാജവംശത്തിനോട് നിധി പ്രളയക്കെടുതി മാറ്റാൻ ചെലവിടാൻ അപേക്ഷിക്കുന്നു…നാം ഒരു ജനാധിപത്യ രാജ്യമല്ലാതായിപ്പോയോ.
നമ്മുടെ പാരിസ്ഥിതിക നയങ്ങൾ, നമ്മുടെ ജീവിത രീതികൾ തിരുത്തേണ്ടതുണ്ട് എന്നാരും ഓർക്കുന്നില്ല. ഇതിവിടെ പറയാൻ കാരണം ഇവിടെയും ഉണ്ട് പ്രളയം. ഹരീഷ് പ്രളയത്തെ നല്ല പോലെ വർണ്ണിച്ചിട്ടുണ്ട്.
ഹരീഷിന്റെ നോവലിനെ പറ്റി ശരിക്കും ഒരു കുറിപ്പ് എഴുതണമെങ്കിൽ വീണ്ടും വീണ്ടും വായിക്കേണ്ടി വരും…
ഇത് ഒരു ആദ്യവായനാ കുറിപ്പാണ്. ഹരീഷിന് എന്റെ സ്നേഹാദരങ്ങൾ.
Comments
0 comments