വികലമായ സര്‍ക്കാര്‍ നയസമീപനം ഉപേക്ഷിക്കണം: വി എം സുധീരന്‍

തിരുവനന്തപുരം: പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങുന്നതിന് ആദ്യം തത്വത്തില്‍ അനുമതി നല്‍കുകയും പിന്നീട് ബന്ധപ്പെട്ട തലത്തിലുള്ള പരിശോധനകള്‍ നടത്തുകയും ചെയ്യുമെന്ന മുഖ്യമന്ത്രിയുടേയും എക്‌സൈസ് മന്ത്രിയുടെയും നയസമീപനം വികലവും തലതിരിഞ്ഞതും ജനദ്രോഹപരവുമാണ്. തെറ്റായ ഈ സമീപനം ഉപേക്ഷിച്ചേ മതിയാകൂ.

അനിവാര്യമായ പഠനങ്ങളോ പരിശോധനകളോ നടത്താതെ അനുമതി നല്‍കിയ ആറന്മുള വിമാനത്താവള പദ്ധതിയുടേയും പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടേയും കാര്യത്തില്‍ അതാത് കാലത്തെ ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് പറ്റിയ ഗുരുതരമായ വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് പുതിയ ബ്രുവറികളും ഡിസ്റ്റിലറിയും തുടങ്ങാനുള്ള സര്‍ക്കാര്‍ നടപടിയിലും കാണുന്നത്.

ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയ അന്നത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഇടതുമുന്നണി നേതാക്കള്‍ക്കും തങ്ങളുടെ സ്വന്തം സൃഷ്ടിയായ ആ പദ്ധതിക്കെതിരെ സമരം ചെയ്യേണ്ടിവന്നതിനെ കുറിച്ച് തെല്ലെങ്കിലും ആലോചിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ എക്‌സൈസ് വകുപ്പിന്റെ ഉത്തരവുകള്‍ പുറപ്പെടുവിക്കില്ലായിരുന്നു. മദ്യലോബിയെ ഏത് വിധത്തിലും വഴിവിട്ട് സഹായിക്കാനുള്ള മുഖ്യമന്ത്രിയുടേയും എക്‌സൈസ് മന്ത്രിയുടേയും അമിത ആവേശവും വ്യഗ്രതയുമാണ് ഈയൊരു നിലയിലേക്ക് കാര്യങ്ങളെത്തിച്ച് വഷളാക്കിയത്.

പാരിസ്ഥിതിക പഠനമോ സാമൂഹ്യ ആഘാത പരിശോധന ഉള്‍പ്പടെ ബന്ധപ്പെട്ട തലത്തിലുള്ള അനിവാര്യമായ കാര്യങ്ങളോ ഇല്ലാതെ ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയത് തെറ്റായ നടപടിയാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഹരിത ട്രിബ്യൂണലില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നുമുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ഈ സര്‍ക്കാരിനു തന്നെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.

കൊക്കക്കോള കമ്പനിയെ വന്‍ ആവേശത്തോടെ എതിരേറ്റ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇടതുപക്ഷ നേതാക്കളടക്കം ജനങ്ങളാകെ സമരരംഗത്ത് വന്നതും തുടര്‍ന്ന് ആ കമ്പനി അടച്ചുപൂട്ടിയതും എന്തുകൊണ്ട് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടേയും ചിന്തയില്‍ വന്നില്ല.?  വന്‍ ജലചൂഷണത്തിനെതിരെ നടന്ന പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധ ജനകീയ സമരം ചരിത്രത്തിന്റെ ഭാഗമാണ്.

സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വയം വിശ്വാസ്യത ഇല്ലാതാക്കിയും മദ്യക്കമ്പനികള്‍ക്ക് വഴിയൊരുക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

ആറന്മുളയിലും പ്ലാച്ചിമടയിലും ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് സംഭവിച്ച വലിയ വീഴ്ചകളെ ഇപ്പോഴും ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ നിക്ഷിപ്ത താല്പര്യ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തികച്ചും നാടകീയവും ദുരൂഹവുമായ സാഹചര്യത്തില്‍ ഉണ്ടായ ബ്രുവറി-ഡിസ്റ്റിലറി തീരുമാനങ്ങളുടെ പിന്നില്‍ വമ്പന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ഏവരും വിശ്വസിക്കുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

തന്നെയുമല്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതെല്ലാം ചെയ്തിട്ടുള്ളത് എന്നത് ആശ്ചര്യജനകമാണ്. മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്താണെന്നും മദ്യലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന പ്രകടനപത്രിയിലെ വാക്കുകള്‍ക്ക് കടലാസിന്റെ വിലപോലും ഇല്ലാതാക്കിയ സര്‍ക്കാര്‍ നടത്തുന്നത് തികഞ്ഞ ജനവഞ്ചനയാണ്.

പ്രകൃതിക്ഷോഭത്തില്‍ പെട്ട് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം പോലും ഇതേവരെ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിന്റെ മദ്യലോബിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലെ അമിതാവേശവും അതിലേറെ തിടുക്കവും പരിഹാസ്യമാണ്.

നവകേരള നിര്‍മ്മിതിക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നതാണ് ഇത്തരം നടപടികള്‍.

പരിസ്ഥിതി സൗഹൃദ കര്‍മ്മപദ്ധതികളും സംരംഭങ്ങളുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധവുമാണ് ഇതെല്ലാം.

പ്രളയക്കെടുതികളുടെ ദുരിതത്തില്‍ പെട്ടു കിടക്കുന്ന ജനങ്ങളുടെ മേല്‍ ഇനിയൊരു ‘മദ്യപ്രളയ’മുണ്ടാക്കാന്‍ ഇടവരുത്തുന്ന തെറ്റായ നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബ്രുവറി-ഡിസ്റ്റിലറി സംബന്ധിച്ച് ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍വ്വ ഉത്തരവുകളും ഉടനടി റദ്ദാക്കണം. ഇതേക്കുറിച്ച് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ സേവനം പ്രയോജനപ്പെടുത്തി ഒരു ജുഡീഷ്വല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുകയും വേണം.

ദുര്‍ബല വാദമുഖങ്ങള്‍ നിരത്തി അതിഗുരുതരമായ തെറ്റുകളെ ന്യായീകരിക്കാനാണ് ഇനിയും മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെങ്കില്‍ അതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സര്‍ക്കാരിനെയും വലിയ തകര്‍ച്ചയിലേക്കായിരിക്കും എത്തിക്കുക. രാഷ്ട്രീയമായും ധാര്‍മികമായും അതിനെല്ലാം വലിയ വില നല്‍കേണ്ടിവരികയും ചെയ്യും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമല വിഷയത്തില്‍ ബി ജെ പി സമരമുഖത്തേക്ക്: ശ്രീധരന്‍ പിള്ള

ജ്യോതിഷിന് ഇനി സ്വതന്ത്രമായി സഞ്ചരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് വീല്‍ ചെയര്‍