in

വനിതാ മതിൽ: ശൈലജ ടീച്ചർ ആദ്യ കണ്ണി; ബൃന്ദാ കാരാട്ട് അവസാന കണ്ണി

തിരുവനന്തപുരം: വനിതാമതിലിന്റെ ആദ്യ കണ്ണിയാവുന്നത് ആരോഗ്യ, സാമൂഹികനീതി , വനിതാ,ശിശുവികസന മന്ത്രി കെ.കെ. ശൈലജടീച്ചർ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് മന്ത്രി ശൈലജടീച്ചർ  ചേരുന്നത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരം മുതൽ കാലിക്കടവ് വരെ 44 കി.മീറ്ററാണ് കാസർകോട് മതിൽ ഉയരുക. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുക്കും. ബൃന്ദാ കാരാട്ട് തിരുവനന്തപുരം വെള്ളയമ്പലത്താണ് മതിലിന്റെ ഭാഗമാവുന്നത്. ആദിവാസി സാമൂഹികപ്രവർത്തക സി.കെ.ജാനു കുളപ്പുള്ളിയിൽ പങ്കെടുക്കും. പി. കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി ആലപ്പുഴയിൽ മതിലിൽ പങ്കാളിയാവും. വയലാറിന്റെ മകൾ ബി. സിന്ധുവും മകൾ എസ്. മീനാക്ഷിയും ചാലക്കുടിയിൽ മതിലിന്റെ ഭാഗമാവും. വയലാറിന്റെ മറ്റൊരു ചെറുമകൾ രേവതി സി. വർമയും മതിലിൽ അണിനിരക്കും. സുശീലാ ഗോപാലന്റെ സഹോദരിയും ചീരപ്പൻചിറ കുടുംബാംഗവുമായ സരോജിനി മാരാരിക്കുളത്ത് അണിചേരും.  

കണ്ണൂരിൽ കാലിക്കടവ് മുതൽ മാഹി വരെ 82 കിലോമീറ്ററാണ് മതിൽ. ഡോ. ആരിഫ കെ. സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവർ കണ്ണൂരിൽ മതിലിന്റെ ഭാഗമാവും. വ്യവസായ മന്ത്രി ഇ. പി. ജയരാജൻ, പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ കണ്ണൂരിലെ പൊതുയോഗത്തിൽ പങ്കെടുക്കും. 

കോഴിക്കോട് അഴിയൂർ മുതൽ വൈദ്യരങ്ങാടിവരെ 76 കി.മീറ്റർ മതിൽ നിരക്കും. കെ. അജിത, പി. വത്‌സല, ദീദി ദാമോദരൻ, കെ. പി. സുധീര, വി. പി. സുഹറ, ഖദീജ മുംതാസ്, വിജി പെൺകൂട്ട് എന്നിവർ കോഴിക്കോട് അണിനിരക്കും. തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ കോഴിക്കോട് നടക്കുന്ന പൊതുയോഗത്തിൽ സംബന്ധിക്കും. 

മലപ്പുറത്ത് ഐക്കരപ്പടി മുതൽ പെരിന്തൽമണ്ണ വരെ 55 കി.മീറ്ററാണ് മതിൽ നിരക്കുന്നത്. നിലമ്പൂർ അയിഷ, പി.കെ.സൈനബ തുടങ്ങിയ പ്രമുഖവനിതകൾ ഇവിടെ മതിലിൽ പങ്കാളികളാവും. മന്ത്രി കെ.ടി ജലീൽ പൊതുയോഗത്തിൽ പങ്കെടുക്കും.

പാലക്കാട് ജില്ലയിൽ ചെറുതുരുത്തി മുതൽ പുലാമന്തോൾ വരെ 26 കി.മീറ്ററാണ് മതിൽ. മന്ത്രിമാരായ എ.കെ.ബാലൻ കുളപ്പുള്ളിയിലും കെ.കൃഷ്ണൻകുട്ടി പട്ടാമ്പിയിലും പൊതുയോഗത്തിൽ പങ്കെടുക്കും. ജില്ലയിലെ എം.പിമാരായ എം.ബി.രാജേഷ്, പി.കെ.ബിജു, എംഎൽഎമാരും പങ്കെടുക്കും.  ഒന്നേകാൽ ലക്ഷത്തോളം കുടുംബശ്രീ പ്രവർത്തകർ, ആയിരത്തിലധികം ആശാ വർക്കർമാർ, ഹെൽപ്പർമാർ,  അയ്യായിരത്തിലധികം അങ്കണവാടി വർക്കർമാർ തൊഴിലുറപ്പ് തൊഴിലാളികൾ,തുടങ്ങിയവർ അണിനിരക്കും. കഴിഞ്ഞ ദിവസങ്ങളിലായി കുടുംബശ്രീയുടെ വിവിധ സി.ഡി.എസുകളുടെ ആഭിമുഖ്യത്തിൽ വനിതാമതിലിന്റെ സന്ദേശവുമായി നവോത്ഥാനദീപം തെളിയിച്ചിരുന്നു.

തൃശ്ശൂരിൽ ചെറുതുരുത്തി മുതൽ പൊങ്ങംവരെ 73 കി.മീ മതിൽ നിരക്കും. കോർപ്പറേഷൻ ഓഫീസിനുമുന്നിലായിരിക്കും പ്രമുഖർ ചേരുക. പുഷ്പവതി, ലളിത ലെനിൻ, ട്രാൻസ്‌വിമൻ വിജയരാജമല്ലിക എന്നിവർ തൃശൂരിൽ മതിലിന്റെ ഭാഗമാവും. സംവിധായിക ശ്രുതി നമ്പൂതിരിയ്‌ക്കൊപ്പം 80 വയസുള്ള മുത്തശ്ശിയും മതിലിന്റെ ഭാഗമാവും. കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എന്നിവർ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 

എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ വരെ 49 കി.മീറ്ററിൽ മതിലുയരും. ജില്ലാകേന്ദ്രമായ ഇടപ്പള്ളിയിൽ ഡോ.എം. ലീലാവതി, സിതാര കൃഷ്ണകുമാർ, നടി രമ്യാ നമ്പീശൻ, നീനാകുറുപ്പ്, സീനത്ത്, സജിത മഠത്തിൽ, മീര വേലായുധൻ, തനൂജ ഭട്ടതിരി, പ്രൊഫ.മ്യൂസ് മേരി ജോർജ്, ലിഡ ജേക്കബ്, ഗായത്രി, ട്രാൻസ്‌വിമൻ ശീതൾ ശ്യാം തുടങ്ങിയവരും അങ്കമാലിയിൽ വനിതാകമ്മിഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈൻ,  കെ.തുളസിടീച്ചർ എന്നിവരും അണിനിരക്കും. തദ്ദേശസ്വയംഭരണ മന്ത്രി എ. സി മൊയ്തീൻ എറണാകുളത്തും വൈദ്യുതി മന്ത്രി എം. എം. മണി അങ്കമാലിയിലും പൊതുയോഗത്തിൽ പങ്കെടുക്കും. 

വനിതാമതിൽ ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ ഓച്ചിറവരെ 97 കി.മീറ്ററാണ് ഒരുക്കുന്നത്. മുൻ എം.പി സി.എസ്.സുജാത, വിപ്‌ളവഗായിക പി.കെ.മേദിനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ബി. അരുന്ധതി,  തുടങ്ങിയവർ പങ്കെടുക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്‌നി പ്രീതി നടേശൻ പാതിരപ്പള്ളിയിൽ മതിലിന്റെ ഭാഗമാവും. ചേർത്തലയിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമനും ആലപ്പുഴയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും വനം മന്ത്രി കെ. രാജു കായംകുളത്തും പൊതുയോഗത്തിൽ പങ്കെടുക്കും. 

കൊല്ലം ജില്ലയിൽ രാധാ കാക്കനാടൻ, വിജയകുമാരി, ജയകുമാരി എന്നിവർ അണിനിരക്കും. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ കൊല്ലത്ത് പൊതുയോഗത്തിൽ സംബന്ധിക്കും. തിരുവനന്തപുരത്ത് ആനിരാജ, ബീനാപോൾ, മലയാളം മിഷൻ അധ്യക്ഷ സുജ സൂസൻ ജോർജ്, ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി. എൻ. സീമ, വിധുവിൻസെന്റ്, മാല പാർവതി, ബോബി അലോഷ്യസ്, രാജശ്രീ വാര്യർ, ബോക്‌സിംഗ് ചാമ്പ്യൻ കെ. സി. ലേഖ എന്നിവരും അണിനിരക്കും. ജില്ലയിൽ 44 കിലോമീറ്ററാണ് മതിൽ.

തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

രണ്ടു വ്യക്തികൾ കൈ കോർക്കുമ്പോൾ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ? 

മരണത്തിന്റെ മറ്റൊരു ലോകം കണ്ടു വന്ന സചേതന രക്തസാക്ഷ്യമാണ് സൈമൺ ബ്രിട്ടോ