in ,

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: കേരള നിയമസഭയില്‍ ( Kerala Legislative Assembly ) മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സഭയിൽ ബഹളമുണ്ടായി.

തുടര്‍ന്ന് അൽപ സമയത്തേയ്ക്ക് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ച പ്രതിപക്ഷം വിഷയത്തെ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.

വിഷയം അടിയന്തിര സ്വഭാവമുള്ളതാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കേസിലെ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ചര്‍ച്ചക്കെടുക്കണം എന്ന് ആവശ്യപ്പെട്ട് വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാൽ സ്പീക്കര്‍ അനുമതി നിഷേധിച്ചു. കേസിലെ പ്രതികളിൽ പലരും രക്ഷപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് നോട്ടീസ് നല്‍കിയ ശേഷം വി.ഡി.സതീശന്‍ ആരോപിച്ചു.

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്ന് ഉന്നയിച്ചാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. ബഹളത്തെ തുടർന്ന് താത്ക്കാലികമായി നിര്‍ത്തിവച്ച സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് തടസ്സപ്പെടുകയായിരുന്നു.

അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്നും സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കിയതില്‍ പ്രതിഷേധിച്ചാച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി.

അംഗങ്ങളോട് ശാന്തരാകാന്‍ സ്‌പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ സുഗമമായി നടക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്‌പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സഭ നിറുത്തിവയ്ക്കുന്നതായി സ്‌പീക്കര്‍ പ്രഖ്യാപിച്ചത്.

സ്പീക്കർ പ്രതിപക്ഷത്തിന്റെ അവകാശത്തെ നിഷേധിക്കുന്നതായി ചെന്നിത്തല ആരോപിച്ചു. അതേസമയം, സ്പീക്കർ കസ്റ്റഡി മരണ വിഷയത്തിൽ മുഖ്യമന്ത്രിയുമായും പ്രതിപക്ഷനേതാവുമായും ചർച്ച നടത്തി.

അടിയന്തര പ്രമേയത്തിന് നേരത്തെ സ്പീക്കർ അനുമതി നൽകാമെന്ന് അറിയിച്ചിരുന്നതാണെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് സ്പീക്കർ പിന്നീട് നോട്ടീസിന് അനുമതി നിഷേധിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.

കോടതിയിൽ പരിഗണനയിലുള്ള സോളാർ, ബാർ കോഴ കേസുകൾ നേരത്തെ സഭ പരിഗണിച്ചിട്ടുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. കോടതിയിൽ നടക്കേണ്ട വാദം സഭയിൽ നടക്കുന്നത് ഉചിതമല്ലെന്നും അത് കോടതി അലക്ഷ്യമാകുമെന്നും സ്പീക്കർ വ്യക്തമാക്കി.

വരാപ്പുഴ കസ്റ്റഡി മരണവുമായി ആലുവ മുന്‍ എസ്.പി. എ.വി. ജോര്‍ജിന്റെ പങ്ക് തെളിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി
നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ച വേളയിൽ സഭയില്‍ അറിയിച്ചിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ടിഎഫിന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതിനും തെളിവ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ശ്രീജിത്തിന്റെ മരണം സംബന്ധിച്ച അന്വേഷണം നല്ല നിലയിലാണ് മുന്നോട്ട് പോകുന്നതെന്നും, അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ വരാപ്പുഴ കസ്റ്റഡി മരണക്കേസന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

SOF, Olympiad

എസ്ഒഎഫ് ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരുവനന്തപുരം വിദ്യാർത്ഥിനി തിളങ്ങി

ആലുവ സംഭവം; നാല് പോലീസുകാർക്കെതിരെയും യുവാവിനെതിരെയും കേസ്