വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ ആലോചന

​തിരുവനന്തപുരം: പൂക്കളുടെ മഹാമേളയായ വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്തു നടത്താൻ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായി വസന്തോത്സവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനകക്കുന്നിൽ വസന്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മുൻ വർഷത്തേക്കാൾ വർണവൈവിധ്യമാർന്ന പുഷ്പമേളയാണ് ഇത്തവണത്തെ വസന്തോത്സവമെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പേർ ഇത്തവണ കനകക്കുന്നിലെത്തുമെന്നാണു പ്രതീക്ഷ. വിദേശികളെയടക്കം കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്. 

ഡിസംബറിലെ അവധിക്കാലത്തു വസന്തോത്സവം സംഘടിപ്പിച്ചാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകുമെന്ന അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കൃത്യമായ തീയതികളിൽ എല്ലാ വർഷവും വസന്തോത്സവം നടത്താൻ കഴിയുമോയെന്നാണു വകുപ്പ് പരിശോധിക്കുന്നത്. അങ്ങനെയായാൽ ടൂറിസം കലണ്ടറിൽ ഡിസംബർ അവധിക്കാലം വസന്തോത്സവ കാലമായി അടയാളപ്പെടുത്താനാകും. ദേശീയ – രാജ്യാന്തര വിനോദ സഞ്ചാരികളെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പത്തുനാൾ കനകക്കുന്നിൽ പൂക്കളുടെ മഹോത്സവം

കനകക്കുന്നിനെ പറുദീസയാക്കി വസന്തോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. പതിനായിരക്കണക്കിനു വർണപ്പൂക്കൾ കനകക്കുന്നിന്റെ നടവഴികളിൽ വസന്തം വിരിയിച്ചു നിരന്നു. സസ്യലോകത്തെ അത്യപൂർവമായ സുന്ദരക്കാഴ്ചകളും നിരവധി. ഈ മനോഹര കാഴ്ച കാണാൻ ഇന്നു രാവിലെ മുതൽ ആസ്വാദകരെ അനന്തപുരി കനകക്കുന്നിലേക്കു ക്ഷണിക്കുകയാണ്.

കനകക്കുന്നിന്റെ പ്രവേശനകവാടം മുതൽ സുര്യകാന്തിവരെ നീളുന്ന വഴികളികളിലൂടെ നടന്നു വർണക്കാഴ്ചകൾ ആസ്വദിക്കാൻ കഴിയുംവിധമാണു പൂച്ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധതരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ആന്തൂറിയം, ഡാലിയ, വിവിധതരം ജമന്തിപ്പൂക്കൾ, വിവിധ ഇനത്തിൽപ്പെട്ട റോസ്, ക്ലിറ്റോറിയ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടികൾ, ഇലച്ചെടികൾ, അഡീനിയം, ബോൺസായ് പ്രദർശനം തുടങ്ങിയവയാണ് മുഖ്യ ആകർഷണം കാണാനുള്ളതിനു പുറമേ ചെടികളുടേയും വിത്തുകളുടേയും വിൽപ്പനയ്ക്കുള്ള സ്റ്റാളുകളും ധാരാളമുണ്ട്.

സംസ്ഥാന വനം – വന്യജീവി വകുപ്പ് ഒരുക്കുന്ന വനക്കാഴ്ച, ഹോർട്ടികോർപ്പിന്റെ തേൻകൂട്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കിയ ജലസസ്യ പ്രദർശനം, ടെറേറിയം, കാവുകളുടെ നേർക്കാഴ്ച തുടങ്ങിയവയും വസന്തോത്സവത്തിന്റെ മനംകവരുന്ന കാഴ്ചകളാണ്. അത്യുത്പാദന ശേഷിയുള്ള വിത്തുകളുടേയും വിളകളുടേയും പ്രദർശനമൊരുക്കി കൃഷിവകുപ്പും മേളയുടെ സജീവ സാന്നിധ്യമാകുന്നു. ജൈവവളങ്ങൾ, വിവിധ കാർഷിക ഉപകരണങ്ങൾ, അത്യുത്പാദന ശേഷിയുള്ള വിത്തുകൾ തുടങ്ങിയവ കൃഷിവകുപ്പിന്റെ സ്റ്റാളിൽനിന്നു വാങ്ങാം. 

കിർത്താഡ്‌സ്, ഐ. റ്റി.ഡി.പി. എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പാരമ്പര്യ ദ്രാവിഡ വംശീയ ചികിത്സാ കേന്ദ്രവും മേളയുടെ ശ്രദ്ധേയ കേന്ദ്രമാണ്. നാല് പാരമ്പര്യവൈദ്യന്മാർ മേള അവസാനിക്കുന്ന 20 വരെ ഇവിടെ ചികിത്സ നൽകും. കാൻസർ, അപസ്മാരം, കുഷ്ടം തുടങ്ങി ഒട്ടുമിക്ക രോഗങ്ങൾക്കും പാരമ്പര്യവൈദ്യത്തിൽ ചികിത്സയു യുണ്ടാകും.

വസന്തോത്സവത്തിന്റെ നടവഴി അവസാനിക്കുന്ന സൂര്യകാന്തിയിൽ കൊതിയൂറുന്ന ഭക്ഷ്യമേളയുടെ സ്റ്റാളുകളും നിരവധിയുണ്ട്. ജ്യൂസുകൾ, മധുരപലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, ദക്ഷിണേന്ത്യൻ വിഭവങ്ങൾ, കുട്ടനാടൻ – മലബാർ വിഭവങ്ങൾ,    കെ. റ്റി.ഡി.സിയുടെ രാമശേരി ഇഡ്‌ലി മേള എന്നിവയാണു ഭക്ഷ്യമേളയിലെ പ്രധാന സ്റ്റാളുകൾ, ഇതിനു പുറമേ കനകക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ മിൽമയുടെ പ്രത്യേക സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. 

രാവിലെ പത്തു മുതലാണു കനകക്കുന്നിലേക്കു പ്രവേശനം അനുവദിക്കുന്നത്. ടിക്കറ്റ്മുഖേനയാണു പ്രവേശനം. അഞ്ചു വയസുവരെയുള്ള കുട്ടികൾക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതൽ 12 വരെ പ്രായമുള്ളവർക്ക് 20ഉം 12നു മേൽ പ്രായമുള്ളവർക്ക് 50 രൂപ യുമാണു ടിക്കറ്റ് നിരക്ക്. കനകക്കുന്നിന്റെ പ്രവേശന കവാടത്തിനു സമീപം സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകളിൽനിന്നു ടിക്കറ്റുകൾ ലഭിക്കും. സംസ്ഥാന സഹകരണ ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ മുഖേനയും ടിക്കറ്റ് ലഭിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഡോ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 15, 16ന് തിരുവനന്തപുരത്ത്

നിബിഡ വനത്തിന്റെ വന്യ പ്രതീതിയോടെ കാനനകാഴ്ച