in ,

വയോമധുരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെസംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിയുടേയും സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ‘വയോമധുരം’ പദ്ധതിയുടേയും സംസ്ഥാനല ഉദ്ഘാടനം ജൂലൈ 18-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വി.ജെ.ടി. ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു.

സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും വയോജന ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്രോഷര്‍, വീഡിയോ എന്നിവയുടെ പ്രകാശനവും ഇതോടൊപ്പം നിര്‍വഹിക്കുന്നു. വയോജനങ്ങള്‍ നേരിടുന്ന അവഗണനയും ചൂഷണവും ഒഴിവാക്കുന്നതിനുളള ലോക ദിനത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

കേരള സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സായംപ്രഭ എന്ന പേരില്‍ സമഗ്രപദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിര്‍ന്ന പൗരന്‍മാരുടെ സംഖ്യ വളരെ ഉയര്‍ന്ന നിലയില്‍ വര്‍ദ്ധിച്ചു വരികയാണ്. 2001ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 9.71% ആയിരുന്ന വയോജനങ്ങളുടെ എണ്ണം 2026 ഓടെ 20% ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക സാമ്പത്തിക നിലവാരം എന്ന പരിഗണന കൂടാതെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി അനുയോജ്യമായ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയുമാണ് സര്‍ക്കാര്‍.

വൃദ്ധ ജനങ്ങള്‍ക്ക് പകല്‍ പരിപാലനവും സംരക്ഷണവും നല്‍കുന്ന സായംപ്രഭ ഹോമുകള്‍, സൗജന്യമായി ദന്തനിര നല്‍കുന്ന മന്ദഹാസം, പകല്‍ സമയം ഉല്ലാസപ്രദമാക്കിയും ഏകാന്തതയില്‍ നിന്നും മോചനം ലഭ്യമാക്കുന്നതിന് സഹായകരമായ മാതൃകാ സായംപ്രഭ ഹോം, ആയുര്‍വേദ ചികിത്സയും മരുന്നും നല്‍കുന്ന വയോ അമൃതം, മാനസിക ആരോഗ്യ സംരക്ഷണത്തിനായുള്ള സൈക്കാ സോഷ്യല്‍ സര്‍വീസ്, വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിനായി മ്യൂസിക് തെറാപ്പി, വയോ സൗഹൃദ പഞ്ചായത്ത്, പ്രമേഹ രോഗികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രക്തത്തില്‍ ഗ്ലൂക്കാസിന്റെ അളവ് നിര്‍ണയിക്കുവാന്‍ കഴിയുന്ന സൗജന്യ ഗ്ലൂക്കോ മീറ്റര്‍ തുടങ്ങിയ പദ്ധതികളാണ് സായംപ്രഭയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

ഇന്ന് ലോകം നേരിടുന്ന ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും വ്യാപകമായത്  പ്രമേഹ രോഗമാണെന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ പ്രഥമ സ്ഥാനം കേരളത്തിനാണ്. കേരളത്തിലെ 80% മുതിര്‍ന്ന പൗരന്‍മാരും പ്രമേഹ രോഗികളാണെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി വകുപ്പ് ‘വയോമധുരം’ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുവാന്‍ കഴിയുന്ന ഗ്ലൂക്കോമീറ്റര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വായോജനങ്ങള്‍ക്ക് സൗജന്യമായി നല്‍കന്ന പദ്ധതിയാണിത്.

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും അവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതെ വരികയും ചെയ്യുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഏകദേശം ആറിലൊന്ന് വയോജനങ്ങള്‍ ലോകത്താകെ അതിക്രമങ്ങള്‍ നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലം കണക്കിലെടുത്താണ് പൊതുജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും വയോജനങ്ങളുടെ അനാരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സ്വന്തമായി ഭവനമില്ലാത്ത അവസ്ഥ എന്നിവയ്ക്ക് മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എല്‍ഡേര്‍ലി അവയര്‍നസ് ദിനമായി ജൂണ്‍ 15ന് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഇതടിസ്ഥാനമാക്കിയാണ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രാമായണ മാസാചരണത്തിന് തുടക്കമായി

വിഴിഞ്ഞം പുനരധിവാസ പാക്കേജ്: ആശങ്ക പരിഹരിക്കുമെന്ന് കളക്ടർ