സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാനുള്ള അനുമതിക്കായി വേദാന്ത മദ്രാസ് ഹൈക്കോടതിയിൽ

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ നിർമാണ പ്ലാന്റ്  തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണം എന്ന ആവശ്യവുമായി വേദാന്ത മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

സ്റ്റെർലൈറ്റിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിരോധിച്ച് 2018 മെയ് 23 ന് തമിഴ്നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉത്തരവിറക്കിയതോടെ പ്ലാന്റിന്റെ  പ്രവർത്തനങ്ങൾ  അവസാനിപ്പിച്ചിരുന്നു. അടച്ചുപൂട്ടിയ പ്ലാന്റിന് പ്രവർത്തനാനുമതി നൽകിക്കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം  കോടതി,  ഇടക്കാല ആശ്വാസത്തിനായി  മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനുളള അനുമതി  നൽകിയിരുന്നു . അതേത്തുടർന്നാണ്  പ്ലാന്റ് തുറന്നു പ്രവർത്തിക്കാനുള്ള അനുമതിക്കായി വേദാന്ത ഹൈക്കോടതിയെ സമീപിച്ചത്.

കമ്പനിയുടെ പ്രവർത്തനം പരിസ്ഥിതിക്ക് കനത്ത നാശം വരുത്തിവെക്കുന്നതായി ആരോപിച്ച്  പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭങ്ങൾ പൊലീസ് വെടിവെപ്പിലാണ് കലാശിച്ചത്.പ്രക്ഷോഭങ്ങളിൽ  പതിമൂന്നു പേരാണ്   കൊല്ലപ്പെട്ടത്. പൊതുജന സമ്മർദ്ദത്തെ തുടർന്ന്  കമ്പനിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എന്നന്നേക്കുമായി അടച്ചുപൂട്ടുമെന്നും സംസ്ഥാന സർക്കാരും നിലപാടെടുത്തതോടെ കമ്പനിയുടെ പ്രവർത്തനം പൂർണമായി  നിലച്ചു.

തമിഴ്നാട് സർക്കാരിന്റെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും നടപടിക്കെതിരെ വേദാന്ത നൽകിയ പരാതിയിലാണ് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ച നടപടി നിയമവിരുദ്ധവും  അംഗീകരിക്കാനാവാത്തതുമാണെന്ന  നിലപാട് ദേശീയ ഹരിത ട്രിബുണൽ കൈക്കൊള്ളുന്നത്. ട്രൈബ്യൂണൽ  നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മലിനീകര നിയന്ത്രണ ബോർഡിന്റെ വിവിധ ഉത്തരവുകൾ കണക്കിലെടുക്കാതെയുള്ള  ട്രൈബ്യൂണൽ  വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എങ്കിലും ഇടക്കാല ആശ്വാസത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനുള്ള അനുമതി കമ്പനിക്കു നൽകുകയായിരുന്നു.

രാഷ്ട്രീയ കാരണങ്ങളാണ് കമ്പനിയുടെ അടച്ചുപൂട്ടലിലേക്ക്  നയിച്ചത് എന്നതാണ് കമ്പനിയുടെ വാദം. മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തനാനുമതി നിഷേധിക്കുന്നതിന് ഇടയാക്കിയത് സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ്. ബോർഡിന്റെ നടപടി ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവും വായു, ജല നിയമങ്ങളുടെ  ലംഘനവുമാണെന്ന് കമ്പനി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ പറയുന്നു. എല്ലാ സാധ്യതകളും അടയുമ്പോൾ മാത്രമേ ഒരു വ്യവസായ യൂണിറ്റ് അടച്ചു പൂട്ടാൻ  ശ്രമിക്കാവൂ.

പ്ലാന്റ് എന്നെന്നേക്കുമായി അടച്ചു പൂട്ടാൻ ഉത്തരവിട്ട ബോർഡ് മറ്റൊരു സാധ്യതയും പരിശോധിച്ചില്ല.  കയറ്റുമതിക്ക് പുറമെ ആഭ്യന്തര വിപണിയിലെ ചെമ്പിന്റെ മുപ്പത്തിയാറു ശതമാനവും ഉല്പ്പാദിപ്പിക്കുന്ന  ഒരു വ്യവസായ സ്ഥാപനത്തെയാണ് രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഇല്ലാതാക്കിയത്.

പ്രതിവർഷം 1.5 ബില്യൺ അമേരിക്കൻ ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം കമ്പനിക്കുണ്ടാകുന്നതെന്ന് സത്യവാങ്മൂലം ബോധിപ്പിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എസ്.എ.ടി. ആശുപത്രി: പീഡിയാട്രിക് നെഫ്രോളജി ശക്തിപ്പെടുത്തുന്നു

വേദയുടെ ബിനാലെ സന്ദേശം അതിജീവനത്തിന്റേത്