വിവാദങ്ങളും പ്രക്ഷോഭങ്ങളും അകമ്പടിയേകിയെങ്കിലും കമൽ ഹാസൻ നായകനായ ‘വിശ്വരൂപം’ ( Vishwaroopam ) പ്രേക്ഷക മനസ്സുകളിൽ പ്രിയങ്കരമായ സ്ഥാനം സ്വന്തമാക്കിയിരുന്നു. താരം തന്നെ തിരക്കഥയും സംവിധാനവും സഹ നിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിനെതിരെ രാജ്യദ്രോഹകുറ്റങ്ങൾ ആരോപിച്ച് പല സംഘടനകളും നേരത്തെ രംഗത്തെത്തിയിരുന്നു.
കടുത്ത സമ്മർദത്തിനും പ്രക്ഷോഭത്തിനും കീഴ് പ്പെടാതിരുന്ന കമൽ തന്റെ ചിത്രവുമായി മുന്നോട്ട് പോകുകയും വ്യക്തമായ നിലപാടുകൾ സ്വീകരിക്കുവാൻ വരും തലമുറയ്ക്ക് ശക്തി പകരുന്ന തരത്തിൽ പ്രശ്നങ്ങളെ നേരിടുകയും ചെയ്തു.
പല സംഘടനകളാലും വിലക്ക് ഏർപ്പെടുത്തിയ ‘വിശ്വരൂപം’ പുറത്തിറക്കിയതിലൂടെ കമൽ ഹാസന്റെ കരിയറിലെ തന്നെ ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായി അത് മാറി.
2013-ൽ ഇറങ്ങിയ സ്പൈ ത്രില്ലെർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.
പൂജ കുമാർ, ശേഖർ കപൂർ, ആനന്ദ് മഹാദേവൻ എന്നിങ്ങനെയുള്ള താരനിര ചിത്രത്തിലുണ്ട്. ഗിബ്രാൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനു വർഗീസ്, ശാംദത്ത് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
മഹേഷ് നാരായണൻ, വിജയ് ശങ്കർ എന്നിവരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.
‘തീവ്രവാദം’ എന്ന ഗൗരവമാർന്ന വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ രാഹുൽ ബോസ് ഒമർ ഖുറേഷി എന്ന കൊടും ഭീകരനായ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു. ട്രൈയിലറിൽ നിന്നും അത് വ്യക്തമാണ്.
ആഗസ്റ്റ് 10-ന് റിലീസ് ഹെയ്ൻ നിശ്ചയിച്ചിരിക്കുന്ന ചിത്രം ഒരേ സമയം ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും ചിത്രീകരിച്ചിട്ടുണ്ട്. തെലുങ്കിലേക്കും ചിത്രം ഡബ്ബ് ചെയ്ത പുറത്തിറക്കാൻ അണിയറപ്രവർത്തകർ നിശ്ചയിച്ചിരിക്കുന്നു.
ആദ്യ ഭാഗത്തിന് നേരിടേണ്ടി വന്നത് പോലെ പ്രക്ഷോഭങ്ങളും രാഷ്ട്രീയ, മതപരമായ പ്രതിഷേധങ്ങളും ഈ ചിത്രത്തിന് നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഉലകനായകൻ ട്രൈലെർ പുറത്തിറക്കിയ വേളയിൽ അഭിപ്രായപ്പെട്ടു.
ആദ്യ ചിത്രത്തിന് നേരെ പ്രതിഷേധമുണ്ടായത് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തവണയും രാഷ്ട്രീയ പ്രതിഷേധങ്ങളുണ്ടായാൽ നേരിടാൻ താൻ തയ്യാറാണെന്നും അത്തരം സാഹചര്യങ്ങളെ രാഷ്ട്രീയപ്രവർത്തകനായി നേരിടുമെന്നും താരം വ്യക്തമാക്കി.
കഴിഞ്ഞ തവണ പ്രതിഷേധക്കാർക്കായി ചിത്രം പ്രദർശിപ്പിക്കാൻ താൻ നിർബന്ധിതനായെന്നും ഇത്തവണ അത് സാധ്യമാകില്ലെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഏവരും കരുതിയത് പോലെ പുതിയ ചിത്രം തുടർച്ചയല്ലെന്നും പ്രീക്വൽ ശ്രേണിയിലുള്ളതാണെന്നും കൂട്ടിച്ചേർത്ത കമൽ പുതിയ ചിത്രം കൂടുതൽ ആക്ഷൻ ഉൾപ്പെടുത്തിയതാണെന്നും വിശദമാക്കി.
എന്നാൽ തന്റെ രാഷ്ട്രീയമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതിനുള്ള ചിത്രമല്ല ‘വിശ്വരൂപം 2’ എന്നും തനിക്ക് സിനിമയും രാഷ്ട്രീയവും വ്യത്യസ്തമാണെന്നും കമൽ ഹാസൻ വ്യക്തമാക്കി.
Comments
0 comments