വിഴിഞ്ഞം പുനരധിവാസ പാക്കേജ്: ആശങ്ക പരിഹരിക്കുമെന്ന് കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള എല്ലാ ആശങ്കയും പരിഹരിക്കുമെന്നു ജില്ലാ കളക്ടർ കെ. വാസുകി. പാക്കേജിന്റെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചു മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും കളക്ടർ അറിയിച്ചു. പാക്കേജ് സംബന്ധിച്ചു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

പദ്ധതി പ്രദേശത്തുനിന്നു താത്പര്യമുള്ള എല്ലാവർക്കും തുറമുഖാധിഷ്ഠിത ജോലികളിൽ അദാനി പോർട്ടിന്റെ സ്ഥാപനങ്ങളിൽ പരിശീലനം നൽകുമെന്ന് കമ്പനി അധികൃതർ യോഗത്തിൽ അറിയിച്ചു. വൈദഗ്ധ്യം നേടുന്നവർക്കു ജോലി നൽകും. ഏതൊക്കെ മേഖലകളിലുള്ളവർക്ക് തൊഴിലവസരങ്ങളിൽ മുൻഗണന നൽകണമെന്ന കാര്യത്തിൽ പ്രത്യേക ഉത്തരവിറക്കാൻ സംസ്ഥാന സർക്കാറിനോട് അഭ്യർഥിക്കുമെന്നു കളക്ടർ യോഗത്തിൽ അറിയിച്ചു.

പദ്ധതിക്കുവേണ്ടി മാറ്റിപ്പാർപ്പിച്ച മുഴുവൻ ആളുകൾക്കും ഉപാധി രഹിത പട്ടയം നൽകുന്നതിനു സർക്കാറിലേക്കു ശുപാർശ ചെയ്യും. പൈലിങ് ജോലികൾ നടക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി ഈ മാസം തന്നെ പൂർത്തിയാക്കാൻ സ്‌പെഷൽ തഹസിൽദാർക്ക് നിർദേശം നൽകി. അദാനി പോർട്ടാണ് ഇതിനുള്ള ചെലവ് വഹിക്കേണ്ടത്. തഹസിൽദാർ മേൽനോട്ടം വഹിക്കണം. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും ചേർന്നു തയാറാക്കിയ മണ്ണെണ്ണ പെർമിറ്റ് ഗുണഭോക്തൃ ലിസ്റ്റിലുള്ളവർക്കും സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കണമെന്ന ആവശ്യം പരിശോധിക്കും. കമ്പവല, കട്ടമരം തൊഴിലാളികളുടെ നഷ്ടപരിഹാരം സംബന്ധിച്ചു മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളും പരിശോധിക്കുമെന്നു കളക്ടർ അറിയിച്ചു.

എ.ഡി.എം. വി.ആർ. വിനോദ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡി. ജയകുമാർ, സി.എഫ്.ഒ. ശ്യാം അരവിന്ദ്, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി. മോഹൻ, ഫിഷറീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതി പ്രദേശവാസികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വയോമധുരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു

weekly-cartoon-hakus-manasa-vacha-July-2018

ശശി തരൂരിന്റെ പ്രസംഗത്തിനെതിരെ ബിജെപി