കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പും പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശവും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ പുതിയ മാനം നല്‍കുമെന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നുണ്ടാകുന്നത്. പ്രിയങ്കയുടെ കടന്നുവരവിനെക്കുറിച്ചും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നയതീരുമാനങ്ങളെക്കുറിച്ചും ബിലൈവ് ന്യൂസിനോട് സംസാരിക്കുകയാണ് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്.
”പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് പാര്‍ട്ടിക്ക് പുതിയ ഉണര്‍വ് നല്കുമെന്നുറപ്പാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തര്‍പ്രദേശിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയും. പ്രിയങ്കയുടെ വരവോടെ ബിജെപി ആധി പൂണ്ടിരിക്കുകയാണ്. നേതാക്കളുടെ പ്രതികരണങ്ങളില്‍ തന്നെ അത് വ്യക്തമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ,” സുധീരൻ പറഞ്ഞു.
ചൈത്ര തെരേസാ ജോണിനെതിരെയുള്ള നടപടി
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസാ ജോണിനെതിരെ നടപടിയെടുക്കാനുള്ള ശ്രമം ശരിയായില്ല. ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും സ്വീകരിക്കുന്നത്. നീതിപൂര്‍വം തന്റെ ഡ്യൂട്ടി നിര്‍വഹിച്ച ചൈത്രക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിയുടെ നടപടി ഉത്തരവാദിത്തബോധമുള്ള ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ ചുമതല ഭീതിയോ പ്രീതിയോ കൂടാതെ നിറവേറ്റാന്‍ ശുഷ്കാന്തി കാണിച്ച ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയെ അനുമോദിക്കുന്നതിനു പകരം അപമാനിക്കുകയും മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും സ്വീകരിച്ചത്. നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ സര്‍ക്കാരില്‍ നിന്നും നീതി കിട്ടില്ല എന്ന തെറ്റായ സന്ദേശമാണ് തന്റെ നടപടിയിലൂടെ മുഖ്യമന്ത്രി നല്‍കുന്നത്.
ഹാരിസണ്‍ ഭൂമി കൈമാറ്റം
ഹാരിസണ്‍ ഭൂമി കൈമാറ്റ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കേസ് നടത്തുന്നതില്‍ ഇടത് സര്‍ക്കാര്‍ മനപൂര്‍വം വീഴ്ച വരുത്തി. സുപ്രീം കോടതിയില്‍ പോലും കൃത്യമായ വാദം നടത്തിയില്ല. പോക്കുവരവ് നടത്താമെന്ന ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്കാന് പോലും സര്‍ക്കാര്‍ തയ്യാറാവാത്തതെന്താണ്. വിഷയത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയിട്ടുണ്ട് – സുധീരന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ
25 കൊല്ലക്കാലം നിയമസഭ – പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചു. അതു തന്നെ അധികമാണ്. അതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇനിയില്ല. 2009 ല്‍ സോണിയാ ഗാന്ധിയും ഹൈക്കമാണ്ടും നിര്‍ബന്ധിച്ചിട്ടും മത്സരിക്കാതിരുന്നതും അതുകൊണ്ടാണ്. പുതുമുഖങ്ങളും യുവാക്കളും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരണമെന്ന അഭിപ്രായക്കാരനാണ് താന്‍. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല, സുധീരന് പറഞ്ഞു.
Comments
0 comments