തിരുവനന്തപുരത്തിന്റെ യുവജനം രചിക്കുന്നു, സഹായത്തിന്റെയും മനുഷ്യത്വത്തിന്റെയും പുതുചരിത്രം

അതിജീവനത്തിന്റെ നാളുകളിൽ കേരളത്തിന് മുഴുവൻ കൈതാങ്ങാകുകയാണു തിരുവനന്തപുരം ജില്ലയിലെ യുവജനങ്ങൾ. ഊണും ഉറക്കവുമില്ലാതെ രാവും പകലും നോക്കാതെ പ്രളയബാധിത സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ടൺ കണക്കിന് ആവശ്യ വസ്തുക്കൾ കയറ്റി അയക്കാൻ ജില്ലാ ഭരണകൂടത്തിനൊപ്പം നിൽക്കുകയാണ് ഇവർ.

മൊബൈൽ ഫോൺ സ്‌ക്രീനുകളിൽനിന്നു തലയുയർത്തി നോക്കാറില്ലന്ന പരാതികൾക്ക് മറുപടിയായി മനുഷ്യത്വം മരിച്ചിട്ടില്ലായെന്നു സമൂഹത്തോടു വിളിച്ചുപറയുകയാണ് കഴിഞ്ഞ ഒരാഴ്ചയായി ഇവർ.

തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം തുറന്ന നാലു കളക്ഷൻ കേന്ദ്രങ്ങളിൽ അയ്യായിരത്തോളം വോളന്റിയർമാരാണ് ദുരിതബാധിതർക്കു കൈത്താങ്ങായി അക്ഷീണം പ്രയത്‌നിക്കുന്നത്.

കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദർശിനി ഹാൾ, എസ്.എം.വി. സ്‌കൂൾ, കോട്ടൺഹിൽ സ്‌കൂൾ, കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം എന്നിവയാണു ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിലുള്ള കളക്ഷൻ കേന്ദ്രങ്ങൾ.

എസ്.എം.വി. സ്‌കൂളിൽ മാത്രം 1500 വോളന്റിയർമാർ സദാസമയവും കർമനിരതരാകുന്നത്. സ്‌കൂൾ ഗേറ്റിനു മുൻപിൽ ആവശ്യമുള്ള അവശ്യസാധനങ്ങളുടെ ലിസ്റ്റ് എഴുതിയ പ്ലകാർഡുകളുമായി നിൽക്കുന്ന യുവജനങ്ങൾ ദുരിത മേഖലയിലെ ജനങ്ങളോടു കേരളം കാട്ടുന്ന വലിയ മനസിന്റെ ചൂണ്ടുപലകകളാവുകയാണ്.

വാട്‌സ്ആപ്പ്, ഫേയ്‌സ്ബുക്ക് കൂട്ടായ്മകൾ വഴിയും ആവശ്യമുള്ള അവശ്യസാദനങ്ങളുടെ ലിസ്റ്റ് ഇവർ കൈമാറുന്നു. മാധ്യമങ്ങൾ വഴി ജില്ലാ ഭരണകൂടം നടത്തുന്ന അഭ്യർഥനകൾക്കു പുറമേ ഇത്തരം സന്ദേശങ്ങൾകൂടിയായപ്പോൾ തിരുവനന്തപുരത്തെ കളക്ഷൻ കേന്ദ്രങ്ങളിലേക്ക് ടൺ കണക്കിന് അവശ്യവസ്തുക്കൾ ഒഴുകിയെത്തി.

പ്രളയ ബാധിത ജില്ലകളിലേക്കു തിരിക്കുന്ന ഒരോ ട്രക്കുകളെയും ഒത്തൊരുമയുടെ കൈയടികളോടെയാണ് ഇവർ യാത്രയാക്കുന്നത്. രാവിലെ എട്ടിനു തുടങ്ങുന്ന കളക്ഷൻ കേന്ദ്രങ്ങൾ പല ദിവസങ്ങളിലും പുലർച്ചെ നാലു മണി വരെ പ്രവർത്തിക്കുന്നു.

എത്തുന്ന സാധനങ്ങൾ വസ്ത്രങ്ങൾ, ചെരുപ്പുകൾ, സ്റ്റേഷണറി, റെഡി ടു ഈറ്റ്, ടോയിലറ്ററീസ് എന്നിങ്ങനെ 17 ഓളം തരങ്ങളായി വേർതിരിച്ച് ഒരോന്നും വെവ്വേറെ പെട്ടികളിൽ ഭദ്രമായി പാക്ക് ചെയ്ത് എത്രയെന്നു കണക്ക് കൂടി ലോഡ് ചെയ്യുന്നതുൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് യുവതീയുവാക്കൾ തന്നെ. ജോലിത്തിരക്കിനിടെ പലപ്പോഴും ഭക്ഷണം കഴിക്കാൻ പോലും മൈക്കിലൂടെ ഇവരെ ഓർമിപ്പിക്കേണ്ടി വരുന്നുണ്ട്.

ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വമാണ് ഈ യുവജനങ്ങളുടെ ആവേശം. സബ് കളക്ടർ കെ. ഇമ്പശേഖർ, അസിസ്റ്റന്റ് കളക്ടർ പ്രയങ്ക എന്നിവരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ കേന്ദ്രങ്ങളിലുമുണ്ട്. യുവജനങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായി മുതിർന്നവരും കളക്ഷൻ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്.

ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറെങ്കിലും സന്നദ്ധ പ്രവർത്തനത്തിനു ചെലവിടാൻ ദൃഢനിശ്ചയത്തോടെയെത്തുന്നവരും നിരവധി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ മേഖലകളിൽ കൈത്താങ്ങായി തിരുവനന്തപുരത്തിന്റെ ലെയ്‌സൺ ഓഫിസർമാർ

മുഖ്യമന്ത്രി എത്തി; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസം