in ,

സാമൂഹ്യ ശാക്തീകരണം തകര്‍ക്കുന്ന സാമ്പത്തിക സംവരണം: വിടി ബല്‍റാം

“സംവരണം അടിസ്ഥാനപരമായി ഒരു തൊഴില്‍ദാന പദ്ധതിയോ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ അല്ല. അധികാര പങ്കാളിത്തത്തിന്റെ വിഷയമാണ്. ഇന്ത്യ പോലെ ഇത്രത്തോളം വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ അധികാരത്തിന്റെ എല്ലാ തലങ്ങളിലും വ്യത്യസ്ത ജനവിഭാഗങ്ങള്‍ ആനുപാതികമായി ഉണ്ടാവണം എന്നത് ഉറപ്പു വരുത്തണം. ഇത് ബഹുസ്വര ജനവിഭാഗത്തിന്റെ ചുമതലയാണ്”,  വിടി ബല്‍റാം പറയുന്നു.

സംവരണം കൊണ്ട് സംവരണേതര വിഭാഗങ്ങള്‍ക്ക് കാര്യമായ നഷ്ടം ഉണ്ടാകുന്നില്ല എന്നത് വസ്തുതയാണ്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമാണ് സംവരണം നടപ്പാക്കിയിട്ടുള്ളത്.ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി നേടാന്‍ കഴിയുന്നുള്ളു.അതില്‍ അമ്പത് ശതമാനം സംവരണം നടപ്പാക്കിയാലും ഇല്ലെങ്കിലും ബാക്കിയുള്ള 98 ശതമാനത്തിനും അതുകൊണ്ട് ഒരു സംവരണ നഷ്ടവും ഉണ്ടാകാന്‍ പോകുന്നില്ല.

‘ഇന്ത്യ കണ്ട ഏറ്റവും വലിയ,  ഏറ്റവും ആസൂത്രിതമായ, ഏറ്റവും ദീര്‍ഘകാലം നീണ്ടു നിന്ന അഴിമതിയുടെ പേരാണ് ജാതി വ്യവസ്ഥ,” ബല്‍റാം കുറ്റപ്പെടുത്തുന്നുന്നു. എല്ലാവര്‍ക്കും തുല്യമായും നീതിയുക്തമായും വിതരണം ചെയ്യപ്പെടേണ്ട സമ്പത്തും പൊതു വിഭവങ്ങളിലുള്ള ഉടമസ്ഥാവകാശവും അധികാര മോ അധികാര സാമീപ്യമോ ഉപയോഗിച്ച് ചുരുക്കം ചിലര്‍ കൈവശപ്പെടുത്തതാണ് അഴിമതി. ആ അര്‍ഥത്തില്‍ ജാതി വ്യവസ്ഥ അഴിമതി തന്നെയാണ്, ബൽറാം പറയുന്നു.

സംവരണം ഒരു തെറ്റുതിരുത്തല്‍ നടപടിയാണ്. സമൂഹത്തിലെ എല്ലാ ഉച്ചനീചത്വങ്ങളുടെയും അടിസ്ഥാന കാരണം ജാതി വ്യവസ്ഥയാണ്. ഭൂമിയുടെമേലുള്ള അവകാശം, വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനുമുള്ള അവകാശം എന്നിവയ്ക്കപ്പുറം വഴി നടക്കാനും വെള്ളമെടുക്കാനും മാറു മറക്കാനും മീശ വെക്കാനുമൊക്കെയുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ വരെ ക്രൂരമായി ജാതിയുടെ അടിസ്ഥാനത്തില്‍ നിഷേധിക്കപ്പെട്ടിരുന്ന കാലത്തെ ആര്‍ഷ ഭാരത സംസ്‌കാരമെന്ന് പാടിപ്പുകഴ്ത്തത്തരുത്. അന്നത്തെ അസമത്വങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം ഇന്നത്തെ ജനാധിപത്യ കാലത്തിനുണ്ട്. ജാതിയുടെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളാടുമുള്ള ഡിസ്‌ക്രിക്രിമിനേഷനിലൂടെ സമൂഹം സൃഷ്ടിച്ച അസമത്വങ്ങള്‍ പരിഹരിക്കാനുള്ള റിവേഴ്‌സ് ഡിസ്‌ക്രിക്രിമിനേഷനാണു സംവരണം. സ്വഭാവികമായും അതും ജാതിയുടെ അടിസ്ഥാനത്തില്‍ തന്നെ ആയിരിക്കും.

സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തിക ഉന്നമനം മാത്രമല്ല, സാമൂഹിക ശാക്തീകരണമാണെന്ന് ആവര്‍ത്തിക്കുന്നു. ഇന്നത്തെ സവര്‍ണ്ണ വിഭാഗങ്ങളോട് സമൂഹം ഒരു കാലത്തും ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അവരില്‍ച്ചിലര്‍ ഇന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഉത്തരം നല്‍കേണ്ടതും പരിഹാരം കാണേണ്ടതും സമൂഹത്തിന്റെ മുന്‍ഗണനയാവേണ്ടതില്ല. സമൂഹം ചിലരോട് ചെയ്ത തെറ്റുകള്‍ക്കാണ് നാം ആദ്യം പരിഹാരം കാണേണ്ടത്. സര്‍ക്കാരുകളുടെ പൊതുവായ ക്ഷേമപദ്ധതികള്‍ ശക്തിപ്പെടുത്തിയാണ് മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. 


‘ഇന്ത്യ കണ്ട ഏറ്റവും വലിയ,  ഏറ്റവും ആസൂത്രിതമായ, ഏറ്റവും ദീര്‍ഘകാലം നീണ്ടു നിന്ന അഴിമതിയുടെ പേരാണ് ജാതി വ്യവസ്ഥ’


പഴയകാലത്തേതുപോലുള്ള ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഇന്ന് പ്രത്യക്ഷത്തില്‍ കുറഞ്ഞിട്ടുണ്ടായിരിക്കാം, എന്നാല്‍ നേരിട്ടല്ലാതെയോ അദൃശ്യതലത്തിലോ ഉള്ള ജാതീയ വിവേചനങ്ങള്‍ ഇന്നും സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക തലങ്ങളില്‍ ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഓരോ പിന്നാക്ക ജാതിക്കാരനും മള്‍ട്ടിപ്പിള്‍ ഡിസ്‌ക്രിമിനേഷന്‍ ആണു അനുഭവിക്കുന്നത്. സാമ്പത്തികമായ പിന്നാക്കാവസ്ഥ അതിലൊന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ സംവരണ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും കുടുംബങ്ങള്‍ ഈയിടെയായി സാമ്പത്തികമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കില്‍ത്തന്നെ ആ ഒരൊറ്റക്കാരണം പറഞ്ഞ് സംവരണം പാടേ ഒഴിവാക്കുന്നത് ഉചിതമല്ല. എന്നാല്‍ ഓരോ സംവരണ വിഭാഗത്തിനുള്ളിലും അതിലെ ക്രീമിലെയറിനേക്കാള്‍ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ആകാവുന്നതാണ്. സംവരണ വിഭാഗങ്ങളുടെ വെര്‍ട്ടിക്കല്‍ മൊബിലിറ്റി ഉറപ്പു വരുത്തുക എന്നതും ഇക്കാര്യത്തില്‍ പ്രധാന പരിഗണനയാകണം, 

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട അസമത്വം പൂര്‍ണ്ണമായി പരിഹരിക്കാന്‍ അമ്പതോ അറുപതോ വര്‍ഷം ഒരുപക്ഷേ അപര്യാപ്തമായിരിക്കും. ഇത്രയും കാലം സംവരണം നല്‍കിയിട്ടും പൂര്‍ണ്ണ പ്രയോജനം ലഭിച്ചില്ലെന്നമട്ടില്‍ ചിലരുന്നയിക്കുന്ന ആക്ഷേപം തന്നെയാണു സംവരണം ഇനിയും തുടരണമെന്നതിനും കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നതിനുമുള്ള ന്യായീകരണം. സംവരണം എടുത്തുകളഞ്ഞാലും എല്ലാ വിഭാഗങ്ങള്‍ക്കും അവരവരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കുമെന്ന സാഹചര്യം വരാത്തിടത്തോളം സംവരണം തുടരുക തന്നെ വേണം. ഇത്രയൊക്കെ സംവരണം നല്‍കിയിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍പ്പോലും പല സവര്‍ണ്ണ സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതികമായതില്‍ എത്രയോ കൂടുതല്‍ പ്രാതിനിധ്യം ആണിപ്പോഴുമുള്ളത് എന്നതും സംവരണത്തിന്റെ അനിവാര്യതയേയാണു സൂചിപ്പിക്കുന്നത്, ബൽറാം പറയുന്നു.

ജാതി സംവരണത്തിനു ബദലായി പലരും ഉയര്‍ത്തിക്കാട്ടുന്ന സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം യാഥാര്‍ത്ഥ്യബോധമില്ലാത്തതും അപ്രായോഗികവുമാണ്. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊഴിച്ച് മറ്റാരുടെയും കാര്യത്തില്‍ യഥാര്‍ത്ഥ വരുമാനം എത്രയാണെന്ന് കണക്കാക്കാനുള്ള ഒരു തരത്തിലുള്ള ആധികാരിക മാര്‍ഗ്ഗങ്ങളുമില്ല. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് പലപ്പോഴും ഒരു തമാശ മാത്രമാണ്. വിവിധ സ്രോതസ്സുകളില്‍നിന്നായി ലക്ഷക്കണക്കിനു രൂപ മാസവരുമാനമുള്ളവര്‍ക്കും ഒരുപക്ഷേ ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത് രണ്ടായിരമോ മറ്റോ ആയിരിക്കും. അതുകൊണ്ടൊക്കെത്തന്നെ ഇന്നത്തെ നിലയില്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ മാത്രം വെച്ച് സംവരണമേര്‍പ്പെടുത്തിയാല്‍ അത് വലിയതോതിലുള്ള ദുരുപയോഗങ്ങള്‍ക്ക് വഴിതെളിക്കുമെന്നതില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ ജാതി സംവരണമെന്ന അനിവാര്യതയെ നേരിട്ടെതിര്‍ക്കാന്‍ ആത്മവിശ്വാസമില്ലാത്തവര്‍ അതിനെ അട്ടിമറിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന കപട ആശയമാണു സാമ്പത്തിക സംവരണമെന്നത്.

സംവരണം മെറിറ്റിനെ ഒരുതരത്തിലും അട്ടിമറിക്കുന്നില്ല എന്ന് മാത്രമല്ല, മെറിറ്റ് എന്ന സങ്കല്‍പ്പത്തെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയും സമഗ്രമായും നോക്കിക്കാണുന്നു എന്നതാണു വാസ്തവം. ഏതെങ്കിലും ഒരു പരീക്ഷയില്‍ എത്ര മാര്‍ക്ക് കിട്ടി എന്നത് മാത്രം പരിശോധിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ഓരോ പരീക്ഷാര്‍ത്ഥിയുടേയും സാമൂഹിക, സാമ്പത്തിക പശ്ചാത്തലം അവരുടെ മാര്‍ക്കുകളെ നിശ്ചയമായും സ്വാധീനിക്കും. നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ആരാണ് ഫിനിഷിംഗ് ലൈനില്‍ ആദ്യമോടിയെത്തുന്നത് എന്ന് മാത്രം നോക്കിയാല്‍ പോരാ, ആരെല്ലാം എവിടെ നിന്നാണു തുടങ്ങുന്നതെന്ന് കൂടി നോക്കണം. ചിലര്‍ സീറോയില്‍ നിന്ന് തുടങ്ങുന്നു, ചിലര്‍ അമ്പത് മീറ്ററില്‍ നിന്ന് തുടങ്ങുന്നു, ചിലര്‍ തുടങ്ങുന്നത് തൊണ്ണൂറാം മീറ്ററില്‍ നിന്നാണ്. എല്ലാവര്‍ക്കും അവസര സമത്വം ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ നമുക്ക് മെറിറ്റിനെക്കുറിച്ച് സംസാരിക്കാനര്‍ഹതയുള്ളൂ. സ്വാശ്രയ കോളേജുകളേയും പണം നല്‍കിയുള്ള എയ്ഡഡ് സ്‌ക്കൂള്‍/കോളേജ് നിയമനങ്ങളേയുമൊക്കെ മടി കൂടാതെ അംഗീകരിക്കുന്നവര്‍ തന്നെയാണ് സംവരണത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം മെറിറ്റും  പൊക്കിപ്പിടിച്ച് വരുന്നതെന്ന് തികഞ്ഞ കാപട്യമാണ്.

സംവരണം ജാതി ചിന്തയെ ബലപ്പെടുത്തില്ലേ എന്നും ശാശ്വതമായി നിലനിര്‍ത്തില്ലേ എന്നും പലരും സംശയമുന്നയിച്ചുകാണാറുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ജാതിമേധാവിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ച സവര്‍ണ്ണ വിഭാഗങ്ങളില്‍പ്പെട്ടവരാണു ഈ ചോദ്യമുന്നയിക്കുന്നവരില്‍ മഹാഭൂരിപക്ഷവും എന്നാണു വസ്തുത. ജാതിയുടെ കെടുതികള്‍ അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് മറ്റുള്ളവരോട് അത് മറക്കാന്‍ പറയുക എളുപ്പമാണ്. എന്നാല്‍ അതിന്റേതായ ദുരിതങ്ങള്‍ മുന്‍തലമുറകള്‍ തൊട്ട് അനുഭവിച്ച് പോരുകയും അത് സമ്മാനിച്ച പിന്നാക്കാവസ്ഥ ഇന്നും തലയില്‍പ്പേറുകയും ചെയ്യുന്നവര്‍ക്ക് അതത്ര എളുപ്പമല്ല. വേറൊരാളുടെ മുഖത്തിനിട്ട് ഏകപക്ഷീയമായി പത്ത് അടി കൊടുത്തിട്ട് ഇനി അതെല്ലാം മറക്കണമെന്ന് പറഞ്ഞാല്‍ അതെല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. ജാതി സൃഷ്ടിച്ച അസമത്വങ്ങള്‍ ജാതിയിലൂടെത്തന്നെ പരിഹരിച്ച് എല്ലാവര്‍ക്കും ഒരു ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് ഉറപ്പുവരുത്തിയാല്‍ മാത്രമേ നമുക്ക് ജാതിചിന്തയെ ഒഴിവാക്കാനാവുകയുള്ളൂ. അതിനുള്ള ഒരു ഉപാധിയാണ് സംവരണം. 

ഇതുകൊണ്ട്  ജാതി സംവരണം തുടരണമെന്ന് മാത്രമല്ല, സ്വകാര്യ മേഖല അടക്കം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് വേണ്ടതെന്ന് കൂടി ബല്‍റാം പറഞ്ഞു വെക്കുന്നു.

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിന്തുണക്കുമ്പോഴാണ് ഇതിനെ ശക്തമായി എതിര്‍ത്തു കൊണ്ട് ബല്‍റാം രംഗത്ത് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അവനവൻ ജനിച്ച നാട് ഭൂപടത്തിൽ നിന്ന് ഇല്ലാതാകുമ്പോഴേ ആലപ്പാട്ടുകാരുടെ വേദന  മനസ്സിലാവൂ 

സർക്കാർ ഒരു ലക്ഷത്തിലേറെ ഭൂരഹിതർക്കു പട്ടയം നൽകി: മന്ത്രി