തീവ്രവാദത്തിനെതിരെയുള്ള യുദ്ധം ഏതെങ്കിലും മതത്തിനെതിരെയുള്ളതല്ലെന്ന് സുഷമ 

അബുദാബി: തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള യുദ്ധങ്ങൾ ഏതെങ്കിലും മതത്തിന് എതിരേയുള്ളതല്ലെന്നും മറിച്ച് ആശയങ്ങളുടെയും ആദർശങ്ങളുടെയും ഇടയ്ക്കുള്ള സംഘട്ടനങ്ങളാണ് അവയെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒ  ഐ സി സമ്മേളനത്തിൽ. 

മാനവിക മൂല്യങ്ങളും അമാനവിക ശക്തികളും തമ്മിലുള്ള പോരാട്ടങ്ങളാണ് തീവ്രവാദ വിരുദ്ധ സംഘർഷങ്ങൾ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ അവർ തന്റെ പ്രസംഗത്തിൽ ഉദ്ധരിച്ചു. പാകിസ്താൻ വിദേശ കാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി സമ്മേളനം ബഹിഷ്കരിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രിയെ ക്ഷണിക്കാനുള്ള സംഘടനയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. അതിഥിയായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി  ഒ ഐ സി  യോഗത്തിൽ പങ്കെടുക്കുന്നത്. 1969 ൽ രൂപം കൊണ്ട സംഘടനയിൽ 40  മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളടക്കം 51 അംഗങ്ങളാണ് ഉള്ളത്.  

ഈ യുദ്ധം സംസ്കാരങ്ങളുടെയോ നാഗരികതയുടെയോ ഇടയിലുള്ള സംഘർഷങ്ങളല്ല. മതവിശ്വാസത്തെ വക്രീകരിച്ചു കൊണ്ടുള്ള തീവ്രവാദമാണ് നടക്കുന്നത്. അതിനെതിരെയുള്ള യുദ്ധം സൈനിക- നയതന്ത്ര നടപടികളിലൂടെ മാത്രം പൂർത്തീകരിക്കാനാവില്ല. വ്യത്യസ്ത പേരുകളും ലേബലുകളുമാണ് തീവ്രവാദികൾക്ക് ഉള്ളത്. വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് അവ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ ഓരോ തീവ്രവാദ സംഘടനയും നിലനിൽക്കുന്നത് മതവിശ്വാസത്തെ വക്രീകരിച്ചാണ്. ലക്ഷ്യം നേടാനായി അവ മതത്തെ ദുരുപയോഗം ചെയ്യുന്നു. വിശ്വാസത്തെ ചൂഷണം ചെയ്യുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെയുള്ള പോരാട്ടത്തിൽ ഒന്നിച്ചു നില്ക്കാൻ സുഷമ സ്വരാജ്  ഒ ഐ സി രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. തീവ്രവാദത്തിനെതിരെ ഒ  ഐ സി ക്കു വലിയ ഉത്തരവാദിത്തമാണുള്ളത്. ഇക്കാര്യത്തിൽ  ഉയർന്ന തലത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംഘടന തയ്യാറാകണം. രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും ബഹുമാനത്തെയും വളർത്താനുള്ള പരിശ്രമം  ഉണ്ടാകണം.

സൈനിക, നയതന്ത്ര നടപടികളിലൂടെ മാത്രം തീവ്രവാദത്തെ നേരിടാനാവില്ല എന്ന് ആവർത്തിച്ചു പറഞ്ഞ അവർ തീവ്രവാദികൾക്കും ഭീകരവാദികൾക്കും മണ്ണൊരുക്കുന്ന രാഷ്ട്രങ്ങളെ നിശിതമായി വിമർശിച്ചു. ഫെബ്രുവരി 14 ലെ ചാവേറാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറെ  വഷളായിട്ടുണ്ട്. പാകിസ്താൻ തീവ്രവാദികൾക്ക് സംരക്ഷണം നൽകുന്നു എന്നാണ് ഇന്ത്യയുടെ ആരോപണം. ഒ ഐ സി സമ്മേളനത്തിലേക്ക് സുഷമ സ്വരാജിനു നൽകിയ ക്ഷണം പിൻവലിക്കാൻ  സംഘടനയോട് ആവശ്യപ്പെട്ടുകൊണ്ട് താൻ രണ്ടു തവണ കത്തെഴുതിയിരുന്നതായി പാക് വിദേശ കാര്യ മന്ത്രി വെളിപ്പെടുത്തി. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആയിരം കളിമണ്‍ ശില്‍പ്പങ്ങളുമായി ലുബ്ന 

ആരോഗ്യ വകുപ്പിൽ ഇ-ഓഫീസ് സംവിധാനം ഫയൽ നീക്കം കാര്യക്ഷമമാക്കി: മന്ത്രി