OLYMPUS DIGITAL CAMERA
in

വെള്ളം കൊണ്ട് ചില്ലില്‍ ചിത്രമെഴുത്ത്; ഹിറ്റായി ജലക്ഷേത്രം

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ചില്ലുകള്‍ കൊണ്ട് വളച്ചു കെട്ടിയ ഭിത്തികളില്‍ കേന്ദ്രീയ വിദ്യാലയ വിദ്യാര്‍ത്ഥിനി സാന്ദ്ര പടം വരയ്ക്കുന്ന തിരക്കിലാണ്. മെര്‍ലിന്‍ മണ്‍റോയുടേതാണ് വരയ്ക്കുന്ന പടം. പക്ഷെ വരച്ച് അവസാനമാകുമ്പോഴേക്കും ആദ്യ ഭാഗങ്ങളിലെ വെള്ളം ഉണങ്ങി. പക്ഷെ വെള്ളം കൊണ്ട് ചിത്രം വരയ്ക്കുന്നതിന്‍റെ രസമാണ് സാന്ദ്രയ്ക്ക്.

ബിനാലെ നാലാം ലക്കത്തില്‍ സന്ദര്‍ശകര്‍ ഏറ്റവുമധികം സമയം ചെലവഴിക്കുന്ന പ്രതിഷ്ഠാപനങ്ങളിലൊന്നാണ് ചൈനീസ് കലാകാരന്‍ സോങ് ഡോങിന്‍റെ വാട്ടര്‍ ടെംപിള്‍. ഏതാണ്ട് പന്ത്രണ്ടടി വ്യാസത്തില്‍ ചില്ല് കൊണ്ട് വട്ടത്തില്‍ ഭിത്തി കെട്ടിയിരിക്കുന്നു. ചെരുപ്പഴിച്ച് വച്ച് അകത്തു കയറിയാല്‍ ബ്രഷും കുറച്ച് വെള്ളവുമുണ്ട്. ചില്ല് ഭിത്തിയില്‍ ആര്‍ക്കും ഇഷ്ടമുള്ളത് വരയ്ക്കാം.

സന്ദര്‍ശകര്‍ കൂടി ഭാഗഭാക്കാകുന്ന ഏറ്റവും രസകരമായ ബിനാലെ പ്രതിഷ്ഠാപനങ്ങളിലൊന്നാണ് വാട്ടര്‍ ടെംപിള്‍. പക്ഷെ സോങ് ഡോങിനെ സംബന്ധിച്ച് ഇതില്‍ തമാശ വളരെ കുറവാണ്. 1995 മുതല്‍ ഒരു ദിവസം പോലും പാഴാക്കാതെ സോങ് വെള്ളം കൊണ്ട് എഴുത്തു നടത്തി വരുന്നു. വെള്ളം കൊണ്ടുള്ള ഡയറിയെഴുത്താണ് ഇതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്.

ബാല്യകാലത്ത് കടലാസ് പാഴാക്കാതെ മഷി കൊണ്ട് മികച്ച കൈയ്യക്ഷരമുണ്ടാകാന്‍ വേണ്ടി എഴുതിപ്പഠിച്ച സ്മരണകളിലൂന്നിയാണ് ഈ പ്രതിഷ്ഠാപനം. ഈ സ്മരണയ്ക്കായി തെളിവുകള്‍ ശേഷിപ്പിക്കാത്ത ആചാരമായി ഇതു തുടര്‍ന്നു പോരുന്നുവെന്ന് സോങ് പറഞ്ഞു. ചൈനയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തോടനുബന്ധിച്ച് അച്ഛനെ പാര്‍ട്ടി ക്ലാസുകള്‍ക്കായി കൂട്ടിക്കൊണ്ടു പോയതിനാല്‍ അമ്മയാണ് സോങിനെ വളര്‍ത്തിയത്.

താത്കാലികത്വമാണ് വെള്ളം കൊണ്ടുള്ള ചിത്രമെഴുത്തിന്‍റെ പ്രത്യേകത. സ്ഥിരമായി ഒന്നുമില്ല, എല്ലാം മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഭൂതകാലത്തെക്കുറിച്ച് എന്നും എഴുതുമെങ്കിലും അതൊന്നും നിലനില്‍ക്കില്ലെന്ന വലിയ സത്യം ഈ വെള്ളമെഴുത്തിലൂടെ സോങ് നല്‍കുന്നു.

കണ്ണാടിയില്‍ തീര്‍ത്ത തറ പോലും ഈ താത്കാലികത്വത്തെ പ്രതീകവത്കരിക്കുന്നുവെന്ന് സോങ് പറഞ്ഞു. അവിടെ നില്‍ക്കുമ്പോള്‍ പ്രതിഫലനം കാണും മാറിക്കഴിഞ്ഞാല്‍ അതവിടെ ഉണ്ടാകില്ല. താത്കാലികത്വമെന്ന തത്വചിന്തയെ ഏറെ ലളിതവത്കരിച്ചാണ് സോങ് അവതരിപ്പിക്കുന്നത്.

വിദേശീയരും സ്വദേശീയരുമായ സന്ദര്‍ശകരെ ഈ പ്രതിഷ്ഠാപനം ഏറെ രസിപ്പിക്കുന്നുണ്ട്. ചില്ലില്‍ വെള്ളം കൊണ്ട് ചിത്രമെഴുതിയതിന്‍റെ കൗതുകത്തിലാണ് യൂറോപ്യന്‍ സന്ദര്‍ശകരായ വാന്‍ഡയും എറിക്കും. സ്വയം ചിത്രം വരയ്ക്കുന്നതിനു പുറമെ മറ്റൊരാള്‍ വരയ്ക്കുന്നതു കാണുന്നതും ഒരു പോലെ കൗതുകകരമാണെന്ന് എറിക് പറഞ്ഞു.

വരച്ചത് എത്ര മികച്ച ചിത്രമാണെങ്കിലും അത് അപ്രത്യക്ഷമായി പോകുന്നത് സ്വന്തം കണ്ണു കൊണ്ട് കാണാം. ജീവിതത്തിന്‍റെ നശ്വരത ഉള്‍പ്പെടെ മനസില്‍ തെളിഞ്ഞു വരുമെന്ന് വാന്‍ഡ പറഞ്ഞു.

മടുപ്പു തോന്നാത്ത പരിപാടിയാണ് വെള്ളം കൊണ്ടുള്ള വരകള്‍ എന്ന് സന്ദര്‍ശകരായ ആദില്‍ ഗഫൂറും ലിജോ വര്‍ഗീസും പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് കാര്യമായി വിശദീകരിക്കേണ്ടാത്ത പ്രതിഷ്ഠാപനമാണിതെന്ന് ആര്‍ട്ട് മീഡിയേറ്റര്‍മാരിലൊരാളായ അര്‍പണ്‍ ഘോഷ് ചൂണ്ടിക്കാട്ടി. സന്ദര്‍ശകനുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതാണിത്. കാണികള്‍ക്ക് ഏറെ രസം പകരുന്നതും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ബിനാലെ ശബ് ദങ്ങള്‍ കാഴ്ചകള്‍ പോലെ തന്നെ ശക്തം: അടൂര്‍ 

വിഷാദ രോഗം ഓൺലൈൻ ഉപയോഗം വഴിയും