ടാങ്കറുകള്‍ക്ക് ജലം: വീഴ്ചയില്ലെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: കുടിവെള്ള മാഫിയയുടെ ഇടപെടല്‍ മൂലം നഗരത്തില്‍ ജലവിതരണം തടസ്സപ്പെടുന്നതായുള്ള പരാതികളെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വാട്ടര്‍ അതോറിറ്റി വിജിലന്‍സ് വിഭാഗം ടാങ്കര്‍ ലോറികള്‍ ജലം സംഭരിക്കുന്ന അരുവിക്കര, ചൂഴാറ്റുകോട്ട ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.

പബ്ലിക് ഹെല്‍ത് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍, വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഈ സ്ഥലങ്ങളില്‍നിന്ന് ടാങ്കറുകളില്‍ ജലമെടുക്കുന്നത് കിലോ ലിറ്ററിന് 60 രൂപ നിരക്കില്‍ ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഓഫിസുകളില്‍ അടച്ച ശേഷം പാസ് ലഭ്യമാക്കുന്ന മുറയ്ക്കാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വണ്ടിയുടെ റജിസ്ട്രേഷന്‍ നമ്പര്‍, ജലം ടാങ്കറില്‍ നിറയ്ക്കുന്ന സമയം, ടാങ്കറിന്‍റെ റജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ ലോഗ് ബുക്കിലും പാസിലും രേഖപ്പെടുത്തിയ ശേഷമാണ് ജലം നിറയ്ക്കുന്നതെന്നും വ്യക്തമായി.

ചൂഴാറ്റുകോട്ട ജലവിതരണ കേന്ദ്രത്തില്‍ പ്രവര്‍ത്തനരഹിതമായ നാലു മോട്ടോറുകളും അടിയന്തരമായി പ്രവര്‍ത്തനക്ഷമമമാക്കാനും ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കി. നിലവില്‍ പ്രവര്‍ത്തനമില്ലാത്ത മൂന്നാമത്തെ വെന്‍ഡിങ് പോയിന്‍റിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ രസീതില്‍ കാണിച്ചിട്ടുള്ള അളവില്‍ത്തന്നെയാണ് ജലവിതരണം നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അരുവിക്കര ജലവിതരണ കേന്ദ്രത്തിലും രസീതിലും ലോഗ് ബുക്കിലും കൃത്യമായി രേഖപ്പെടുത്തിയാണ് ജലമെടുക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. രസീത് പ്രകാരം വിതരണം ചെയ്ത ജലത്തിന്‍റെയും വാട്ടര്‍ മീറ്റര്‍ പ്രകാരമുള്ള ജലത്തിന്‍റെയും അളവ് കൃത്യമാണ്.

ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന ജലത്തിന് ഉപഭോക്താക്കളില്‍നിന്ന് അമിത തുക ഈടാക്കുന്ന എന്ന പരാതിയില്‍ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് തുക ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ജലവിതരണത്തില്‍ കൃത്രിമക്ഷാമമുണ്ടാക്കി ടാങ്കര്‍ ലോറികളെ സഹായിക്കുന്നതായുള്ള ആരോപണങ്ങളും വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

ടാങ്കറുകളിലെ ജലവിതരണകാര്യത്തില്‍ തുടര്‍ന്നും പരിശോധനകള്‍ നടത്തണമെന്നും വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍ദേശം നല്‍കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

യു എസ് ടി ഗ്ലോബൽ കൊച്ചിയിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു 

ആലപ്പുഴയിലെ ‘മയില്‍പ്പീലിക്കൂട്ടം’ കൊച്ചി ബിനാലെയില്‍