in

വെള്ളം, വെള്ളം സർവ്വത്ര! 

രായപ്പണ്ണനെ കണ്ടിട്ട് ഒത്തിരി നാളായി.  ഇനി വല്ല ഡെങ്കിയും പിടിച്ചു കിടപ്പാണോ എന്നറിഞ്ഞതുമില്ല. ഇപ്പോ അതൊക്കെയാണല്ലോ ട്രെൻഡ്. കുറച്ചു നാൾ മുൻപ് വരെ ചിക്കുൻ‌ഗുനിയ ആയിരുന്നു താരം. ഇപ്പൊ ഡെങ്കി. അടുത്ത വർഷം പുതിയ വൈറസുകുഞ്ഞുങ്ങൾ മുണ്ടും മടക്കിക്കുത്തി ഇറങ്ങും.

എന്തായാലും കുറച്ചു നാളായി, സാധാരണ കാണാറുള്ള സ്ഥലങ്ങളിലൊന്നും രായപ്പണ്ണനെ കാണാൻ കിട്ടുന്നേയില്ല . കിടപ്പു തന്നെയാവണം, അല്ലാതെ ഇങ്ങനെ മിസ്സിംഗ് ആവുന്ന ആളല്ല ടിയാൻ. 

നേരെ വെച്ച് പിടിച്ചു അണ്ണന്റെ കൂരയിലേക്ക്. അപ്പോഴതാ മുറ്റത്തു വെണ്ടയ്ക്കും ചീരയ്ക്കും വെള്ളം പകർന്ന് മുറ്റത്തുതന്നെയുണ്ട് സാക്ഷാൽ രായപ്പണ്ണൻ.

“അണ്ണാ, ഇതെവിടാരുന്നു, കാണാനില്ലല്ലോ ഈയിടെയായി”. രായപ്പണ്ണൻ ചിരിച്ചു കൊണ്ട്  വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു, കൂട്ടത്തിൽ രണ്ടു കട്ടനും  ഓർഡർ കൊടുത്തു അടുക്കളയിൽ രാപ്പകലില്ലാതെ ഉഴലുന്ന വാമഭാഗത്തിന്.

mozhi

നീ വാ, പിന്നെന്തൊക്കെയുണ്ട് വിശേഷങ്ങള്?  ചുറ്റുപാടും നടക്കുന്ന ഒന്നിനെപ്പറ്റിയും ഒന്നും അറിയാന്മേലായേ എന്ന മട്ടിൽ രായപ്പണ്ണൻ വഹ ചോദ്യം. ഓ എന്തോന്നണ്ണാ, പഴയപോലൊക്കെത്തന്നെ, അത് പോട്ട്, അണ്ണനിതെവിടെയായിരുന്നു, എന്ത് വയ്യേ? അതോ വല്ല യാത്രയും പോയാ?

ഹേയ് ഇല്ല, ഇവിടൊക്കെത്തന്നെയൊണ്ടായിരുന്നെടേ, പുറത്തോട്ടൊന്നും ഇറങ്ങാൻ തോന്നീല, അത്ര തന്നെ. 

അതെന്തെണ്ണാ? നിങ്ങളില്ലാതെ എന്ത് തിരോന്തരം? 

ദതാണ്, ഇങ്ങനെ ഓരോ പയലുകള് ഓരോന്ന് ചോദിക്കും. നെന്നെപ്പോലെ തന്നെ. മറുപടി പറഞ്ഞാപ്പിന്നെ അവന്മാർക്ക് എന്നെ ചൊമരില് തേച്ചൊട്ടിക്കണമെന്നൊക്കെ തോന്നും. അതിനൊന്നും നിന്ന് കൊടുക്കാതെ ഞാനായി എന്റെ പാടായി എന്ന് നിരുവിച്ചു ഞാൻ ഇവിടെത്തന്നെ അങ്ങിരുന്നെടെ.

അയ്യോ അണ്ണാ, അതൊരുമാതിരി നമുക്കിട്ടാണല്ലാ? കാണാതെ വേഷമിച്ചല്ലേ ഞാൻ വന്നത്. 

അറിയാമെടെ. നെന്നെ വെഷമിപ്പിക്കാനല്ല പറഞ്ഞത്. ഞാൻ അവിടെ ആ മുടുക്കിലും മുക്കിലുമൊക്കെ വന്നിരിക്കാറുണ്ടെന്ന് നിനക്കറിയാമല്ലാ. ചിലതൊക്കെ കാണുമ്പ ഞാൻ വല്ലോമൊക്കെ അറിയാതെ പറഞ്ഞു പോവും, അത് ഇപ്പോഴത്തെ വാല് പിള്ളേർക്കൊന്നും ഇഷ്ടപ്പെടൂല. വെറുതെ എന്തിനു വയ്യാവേലിക്കൊക്കെ പോണത്‌.

അവമ്മാരോട് പോവാൻ പറ, അണ്ണാ. എന്താണിങ്ങനെ ഒരു പിൻവലിയല്. കാര്യം പറ അണ്ണാ.

Images sourced from the web
Images sourced from the web

അത് രണ്ടാഴ്ച മുമ്പ്, മഴ പെയ്ത  ശേഷം ശ്രീപപ്പനാവന്റവിടം വരെ ഒന്ന് പോയതാ. നടന്നു ചെന്നത് ഒരു വലിയ വെള്ളക്കെട്ടിനകത്ത്. പത്മതീർത്ഥമേത് റോഡേത്  എന്നറിയാൻ വയ്യാത്ത അവസ്ഥ. എനിക്ക് കലിമൂത്ത്. ഇന്നാള് ഇവിടെ അനന്ത എന്നോമറ്റോ പേരിട്ടു നടത്തിയ ഒരു വെള്ളക്കെട്ട് നിർമ്മാർജ്ജന പ്രഹസനത്തിനെ കുറെ ചീത്തപറഞ്ഞു. ഇത് കേട്ട ചില ഛോട്ടാ പയലുകൾക്കു പിടിച്ചില്ലെടെ. ആരെടാ ഓപ്പറേഷൻ അനന്തയെ കുറ്റം പറയണത് എന്ന് പറഞ്ഞ്  മെക്കിട്ടു കേറാൻ വന്നു. അപ്പൊ ഞാൻ പറഞ്ഞു മക്കളെ, ഈ വെള്ളക്കെട്ട് ഇനിയൊരിക്കലും ഉണ്ടാവാതിരിക്കാനല്ലേ അന്ന് കോടികള് പൊടിച്ച് ഇവിടെ നിന്ന വലിയ മരങ്ങള് വെട്ടിയും, റോഡു തല്ലിപ്പൊട്ടിച്ചുമൊക്കെ ഓരോന്ന് കാട്ടിക്കൂട്ടിയത്? എന്നിട്ടിപ്പോ അതിലും വലിയ നദിയായില്ലേ കിഴക്കേക്കോട്ടയും തമ്പാനൂരും പഴവങ്ങാടിയുമൊക്കെ? 

ഇതൊക്കെ ചോദിച്ച എന്നെ ആക്കിച്ചിരിച്ചിട്ട് , അവമ്മാര് വണ്ടി സ്റ്റാർട് ചെയ്തു കേറിയിരുന്ന് കൊറേ ചീത്തവിളിച്ചിട്ടു ഓടിച്ചു പോയെടാ. അന്ന് ഞാൻ തീരുമാനിച്ചതാ ആവശ്യമില്ലാത്ത ഒന്നിനും അഭിപ്രായം പറയൂലെന്ന്. 

എന്റെ രായപ്പണ്ണാ, നിങ്ങളിതെന്തോന്ന് കൊച്ചു പിള്ളേരെപ്പോലെ. നിങ്ങളെപ്പോലുള്ളവര് ഇടയ്ക്കിടയ്ക്ക് രണ്ടു ചീത്ത വിളിക്കണതുകൊണ്ടല്ലേ ഇവിടെ ആളുകൾക്ക് വലിയ കേടുപാടൊന്നും ഇല്ലാതെ കഴിഞ്ഞുകൂടാൻ പറ്റണത്. നിങ്ങളൊരുടുപ്പെടുത്തിട്, നമുക്കൊന്ന് പുറത്തൊക്കെ പോയിട്ടു വരാം, എന്ന് പറഞ്ഞു രായപ്പണ്ണന്റെ കയ്യ് പിടിച്ച്, അഭിപ്രായ സ്വാതന്ത്ര്യം വാഴ്ക എന്ന മുദ്രാവാക്യം മനസ്സിലുറക്കെ ഉദ്ഘോഷിച്ച്  അടുത്ത കവലയിലേയ്ക്ക്  നടന്നു. 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇ പി ജയരാജനെതിരായ കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു

Dhoni, Padma Bhushan,BCCI

ധോണിക്ക് പദ്മ ഭൂഷൺ നൽകാൻ ബിസിസിഐയുടെ ശുപാർശ