in ,

പറക്കാനുള്ള എളുപ്പവഴികൾ

പക്ഷിസങ്കേതം എന്ന സിനിമയെക്കുറിച്ച്

‘ഒരു പൂവിനെ നോക്കുക, ഒരു വാക്കും കൂടാതെ’ എന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ വാക്കുകളാണ് ഇമ ബാബു സംവിധാനം ചെയ്ത ‘പക്ഷിസങ്കേതം’ എന്ന ചെറുസിനിമ കണ്ടപ്പോൾ തോന്നിയത്.

ചെറുസിനിമ എന്നു പറഞ്ഞത് സമയത്തിന്റെ കാര്യത്തിലാണ്. പക്ഷിസങ്കേതം ചെറിയ സിനിമല്ല. പത്തുമിനിറ്റ് ദൈർഘ്യമുള്ള സിനിമ വലിയ ജീവിത വീക്ഷണം അവതരിപ്പിക്കുന്നു. വളരെ ലളിതമെന്നു തോന്നാവുന്ന ഒരു വിഷയം.

ഒരു ബുൾബുൾ പക്ഷി ഒരു വീട്ടിൽ കൂടുകൂട്ടുന്നു. വീടെന്നു പറഞ്ഞാൽ സംവിധായകനും എഴുത്തുകാരനുമായ മണിലാലിന്റെ പെരിങ്ങാവിലുള്ള വീട്. കടന്നു ചെല്ലുന്ന മുറിയിലെ പുസ്തകങ്ങൾ വെച്ച അലമാരയിൽ ബുൾബുൾ എന്ന ഇരുതലയൻ പക്ഷി കൂടു വെച്ചിരിക്കുന്നതായി കാണുന്നു.

മണിലാലിന്റെ ഒറ്റജീവിതത്തിൽ ഈ കിളിസാന്നിദ്ധ്യം മറ്റൊരു അദ്ധ്യായമാവുന്നു. ബുൾബുൾ എന്ന സഹജീവിയുടെ സാന്നിദ്ധ്യത്തോടെ ആ വീട് മറ്റൊരു വീടായി രൂപാന്തരപ്പെടുന്നു.

സഹജീവിക്ക് ശല്യമുണ്ടാക്കുമെന്നു തോന്നുന്നതെല്ലാം ആ വീട്ടിൽ നിന്നും അകറ്റിനിർത്തുന്നു. അമ്മമനസിന്റെ ധ്യാനത്തിലമർന്ന് രാപ്പകൽ മുട്ടകൾക്ക് അടയിരിക്കുന്ന ബുൾബുളിനെ വീട്ടുകാരൻ അതേ രീതിയിലുള്ള ഭാഷയിൽ സ്നേഹിക്കാൻ തുടങ്ങുന്നു.

സ്വതന്ത്രമായ ആ കൂട്ടിൽ/വീട്ടിൽ നീലാകാശത്തെന്ന പോലെ ബുൾബുൾ പാറിപ്പറക്കുന്നു. പഴങ്ങൾ തിന്നു തീർക്കുന്നു. ഇടയ്ക്കിടെ ആൺപക്ഷിയും ഈ ബുൾബുളിനൊപ്പം വീടകം വന്നു ചേരുന്നു. കൊക്കുരുമ്മി ഉല്ലസിക്കുന്നു.

ബുൾബുൾ ജീവിതം ഉൽസവമാക്കുന്നതോടെ വീട്ടുകാരനും ഉൽസാഹമേറുന്നു. സുഹൃത്തുക്കൾ വരുന്നു. കൂട്ടംകൂടുന്നു. ആഘോഷിക്കുന്നു. ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ ബുൾബുളും ആൺകിളി, കൂട്, കുട്ടികൾഎന്നിങ്ങനെ ജീവിതം ഉൽസവമാക്കുന്നു.

ഇമ ബാബു

ഒടുവിൽ ഒരു തൂവൽ പോലും അവശേഷിപ്പിക്കാതെ വീടൊഴിഞ്ഞ് / കൂടൊഴിഞ്ഞ് വിരിഞ്ഞു പറക്കമുറ്റിയ കുഞ്ഞുങ്ങൾക്കൊപ്പം അവരുടെ ആകാശം നോക്കി ബുൾബുൾ പറന്നു പോകുന്നു.

സഹവർത്തിത്വമാണ് സിനിമയുടെ കാതൽ.  ഒരേ വാസസ്ഥലത്തു തന്നെ പലതരം ജീവിതം സാദ്ധ്യമെന്ന വലിയ പ്രത്യാശ സിനിമ പ്രസരിപ്പിക്കുന്നു. എല്ലാ ജീവികൾക്കും ഈ ലോകമെന്ന വലിയ വീട്ടിൽ /കൂട്ടിൽ അവകാശമുണ്ടെന്നും അത് സഹഭാവനയോടെ നിർവ്വഹിക്കണമെന്നും ചിത്രം ഒരു വലിയ പാഠപുസ്തകമാവുന്നു. പ്രകൃതിയെ സമഭാവനയോടെ സ്വീകരിക്കുന്നതാണു മാനുഷികമെന്ന് ഉദ്ഘോഷിക്കുന്നു.

പലതരം ജീവിതങ്ങൾ ഒരുമിച്ചു പോകുമ്പോഴും ഓരോരുത്തർക്കും വ്യത്യസ്ഥമായ കളങ്ങൾ ഉണ്ടെന്നും അതിനെ അതേഅർത്ഥത്തിൽ അനുവദിക്കണമെന്നും സഹജീവിതം സുന്ദരമാക്കാനുള്ള വഴികളാണു നമ്മൾഉൾക്കൊള്ളേണ്ടതെന്നും ചിത്രം അടിവരയിട്ടു പറയുന്നു. തികഞ്ഞ മാനവികതയിലാണ് പക്ഷിസങ്കേതം പണിതീർത്തിട്ടുള്ളത്.

ഈ കൂട്ടിലേക്ക് എല്ലാവരേയും സഹർഷം ക്ഷണിക്കുകയാണ്. പ്രകൃതിയേയും മനുഷ്യരേയും സകല ജീവജാലങ്ങളെയും ഒരു കുടക്കീഴിൽ നിർത്തുന്ന മാനവികതയിലാണ് ഉന്നം. മനുഷ്യരും ബുൾബുളും (ജീവജാലങ്ങളും) പ്രകൃതിയുമൊക്കെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകേണ്ട ഒന്നാണെന്ന് സിനിമ അടിവരയിടുന്നു.

മനുഷ്യബന്ധങ്ങളിൽ അവിശ്വാസത്തിന്റെയും സ്നേഹരാഹിത്യത്തിന്റേയും നിഴൽ വീഴ്ത്തുന്ന ആസുരമായ കാലത്ത് പക്ഷിസങ്കേതം സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങൾ പങ്കിടുന്നു.

എന്തുകൊണ്ടും കാലം ആവശ്യപ്പെടുന്ന സിനിമ/ അത്തരമൊരു കാലത്തെ ആവശ്യപ്പെടുന്ന സിനിമയാണ്‌ ഇമബാബുവിന്റെ പക്ഷിസങ്കേതം ഫ്രണ്ട്ഷിപ് സെലിബ്രേഷന്റെ ബാനറിൽ ബോധിലാബ് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവുംസംവിധായകൻ തന്നെയാണ് നിർവ്വഹിച്ചത്.

‘മാർജാരൻ’ ബ്ലോഗിലെ ‘ ബുൾബുൾ എനിക്ക് സഹജീവിതം ’ എന്ന കുറിപ്പിനെ ആസ്പദമാക്കി മണിലാലാണ് തിരക്കഥ രചിച്ചത്. വിനു ജോയ് എഡിറ്റിംഗും മുഹമ്മദ് അലി സംഗീതവും നിർവ്വഹിച്ചു.  സഞ്ജുമാധവ്, പി.ജി.പ്രേമൻ, അജിത് പ്രിന്റെക്സ്, കെ.വി.ബാബു എന്നിവർ നിർമ്മാണത്തിൽ പങ്കാളികളായി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

religion, belief, India, caste, Kerala, violence, God, socila media, hospital, application form,

മതമില്ലാത്ത മരുന്നും തേടി

anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ