ഞങ്ങൾ കശ്മീരികൾ നിരാശരാണ്: സെയ്റ വസിം
കശ്മീരിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും നിരാശരാണെന്നും അഭിനേത്രി സെയ്റ വസിം. ഡങ്കൽ, സീക്രട്ട് സൂപ്പർസ്റ്റാർ, ദി സ്കൈ ഈസ് പിങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ഇൻസ്റ്റഗ്രാമിലൂടെയാണ് കശ്മീരികളുടെ ദുരിതജീവിതം പുറംലോകത്തോട് പങ്കുവെച്ചത്. പ്രത്യാശയ്ക്കും നിരാശയ്ക്കും ഇടയിലൂടെയുള്ള യാത്രയാണ് കശ്മീരികളുടേത്. നിരാശ പടരുകയാണ്, വേദനയും. ഇതിനിടയിൽ വ്യർഥവും അസുഖകരവുമായ പ്രതീക്ഷകളും വാരിവിതറുന്നുണ്ട്. എന്നാൽ കശ്മീരികളുടെ സ്വച്ഛതക്കും സ്വാതന്ത്ര്യത്തിനും മേൽ എത്ര അനായാസമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് – സെയ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇച്ഛകൾക്ക് കടിഞ്ഞാണിടുന്ന, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ജീവിതം നയിക്കേണ്ടിവരുന്നതെന്തുകൊണ്ടാണ്? ഒച്ചകൾ ഇത്രവേഗം നിശബ്ദമാക്കപ്പെടുന്നതെന്തുകൊണ്ടാണ്? സ്വന്തം വീക്ഷണങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ പ്രകടിപ്പിക്കാനാവാത്ത സാഹചര്യം സംജാതമായത് എന്തുകൊണ്ടാണ് ? ആവിഷ്കാര സ്വാതന്ത്ര്യം
ഇത്രയെളുപ്പം വെട്ടിച്ചുരുക്കപ്പെടുന്നതെന്തുകൊണ്ടാണ് ?- തന്റെ പോസ്റ്റിൽ സെയ്റ ചോദിക്കുന്നു.
സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കാൻ കശ്മീരികൾക്ക് കഴിയുന്നില്ലെന്ന് സെയ്റ പറയുന്നു. നൂറുകണക്കിന് ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. ലളിതമായ ജീവിതം ഇഷ്ടപ്പെടുന്ന കശ്മീരികളുടെ ദൈനംദിന ജീവിതം കാഠിന്യമേറിയതാക്കി മാറ്റിയവർ ആരാണ് എന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്