in ,

​​അയ്‌ൽ ഓഫ് ഡോഗ്സിനെ ആർക്കാണ് പേടി?

നായ്ക്കളെക്കുറിച്ചൊരു ആനിമേഷൻ സിനിമ. ഒറ്റ വാക്യത്തിൽ അയ്ൽ ഓഫ് ഡോഗ്സ് [ Isle of Dogs ] എന്ന വെസ് ആൻഡേഴ്‌സൺ [ Wes Anderson ] സിനിയെ അങ്ങിനെയാവും പൊതുവെ വിലയിരുത്തുക. എന്നാൽ സാമ്പ്രദായിക രീതിയിലുള്ള ഒരു ‘ കുട്ടി ‘ ആനിമേഷൻ ചിത്രമല്ല  അയ്ൽ  ഓഫ് ഡോഗ്സ്. പുറത്തിറങ്ങുന്നതിന് മുൻപേ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം കൊണ്ടും ട്രീറ്റ്മെന്റിലെ പുതുമ കൊണ്ടും ഈ ചിത്രം ലോകമെങ്ങും ചർച്ച ചെയ്യുകയാണ്. 

പരിസ്ഥിതിയുടെ രാഷ്ട്രീയം

പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് നായ്ക്കളുടെ ഈ ദ്വീപ് പറയുന്നത്. പ്രകൃതിയിൽ നിന്ന് വേറിട്ടൊരു അസ്തിത്വം മനുഷ്യനില്ലെന്ന് നമുക്കറിയാം. മനുഷ്യനും പ്രകൃതിയും വേറിട്ട രണ്ടു സംജ്ഞകളാണെങ്കിലും രണ്ടും രണ്ടല്ല. ഒന്ന് തന്നെയാണ്. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യൻ. പ്രകൃതി തന്നെയാണ് മനുഷ്യൻ. ‘വേർപെടുത്താനാവാത്ത’  അവിഭാജ്യ ഘടകങ്ങൾ; വേറിട്ടൊരു അസ്തിത്വം രണ്ടിനും  സാദ്ധ്യമല്ല. 

എന്നാൽ ആ തിരിച്ചറിവിലേക്ക്  ഉണരാൻ  ഇനിയും  മടിച്ചു നിൽക്കുകയാണ് ലോകം. അതുകൊണ്ടു തന്നെ പ്രകൃതിയെ നശിപ്പിച്ച് സ്വയം നാശത്തിലേക്കുള്ള വഴി അവൻ സ്വയം വെട്ടുകയാണ്.

കഥാപാത്രങ്ങൾക്കൊപ്പം സംവിധായകൻ ചിത്രം: WSJ
കഥാപാത്രങ്ങൾക്കൊപ്പം സംവിധായകൻ
ചിത്രം: WSJ

ഫന്റാസ്റ്റിക് മിസ്റ്റർ ഫോക്സും, റോയൽ റ്റെനെൻബോംസും, മൂൺ റൈസ് കിങ്‌ഡവും, ദ ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടലും, സമ്മാനിച്ച കൃതഹസ്തനായ സംവിധായകൻ വെസ് ആൻഡേഴ്സൺ തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ പറയുന്നത് പ്രകൃതിയുടെയും മനുഷ്യവംശത്തിന്റെയും അവിഭാജ്യതയുടെ  ഈ രാഷ്ട്രീയം തന്നെ. 

പ്രകൃതിക്കേൽപ്പിക്കുന്ന ഓരോ മുറിവും മനുഷ്യാസ്തിത്വത്തെ എത്ര ആഴത്തിൽ, എത്ര ഗുരുതരമായി ബാധിക്കും എന്ന അന്വേഷണമാണ് തന്റെ ഏറ്റവും പുതിയ ചലച്ചിത്രത്തിലൂടെ ആൻഡേഴ്സൺ നടത്തുന്നത്. 

ഫ്രെയിമുകൾക്കു പിന്നിൽ  

ഏറെ ചർച്ച ചെയ്യപ്പെടുന്നത് ഈ ആനിമേഷൻ ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി തന്നെ. ഒരു  ആനിമേഷൻ ചിത്രത്തിൽ  സാമ്പ്രദായിക അർത്ഥത്തിലുള്ള ഫോട്ടോഗ്രഫി ഇല്ലെന്നു നമുക്കറിയാം. എന്നാൽ  സിനിമയുടെ ഡിസൈൻ കൺസെപ്റ്റ് രൂപീകരണം എന്ന പ്രാരംഭ ഘട്ടം മുതൽ ലോകത്തെ പ്രഗൽഭരായ രണ്ട് ഫോട്ടോഗ്രാഫർമാർ ആൻഡേഴ്സൺ ടീമിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് കാണാം. എഡ്വേർഡ് ബർട്ടിൻസ്കിയും  ക്രിസ് ജോർദാനുമാണ് ഈ രണ്ടു പേർ.

ആഗോളീകരണ കാലത്തെ കോർപ്പറേറ്റ് വികസനത്തിന്റെ നൃശംസതയും നിരാർദ്രതയും തുറന്നു കാട്ടുന്ന ചിത്രങ്ങളിലൂടെ ഇരുവരും ലോകത്തിനു മുൻപിൽ വെളിവാക്കിയ വൈരൂപ്യത്തിന്റെ മറ്റൊരു തരം  സൗന്ദര്യമാണ് നായ്ക്കളുടെ ദ്വീപിൽ ഉടനീളം  നിറയുന്നത്. 

“അസഹനീയ സൗന്ദര്യം” എന്ന ക്യാപ്‌ഷനിൽ ക്രിസ് ജോർദാൻ ചിത്രീകരിച്ച ( Intolerable Beauty: Portraits of American Mass Consumption ) അമേരിക്കൻ  ഉപഭോഗ ജീവിതത്തിന്റെ ഉപോല്പന്നങ്ങളായ മാലിന്യക്കൂമ്പാരങ്ങളുടെ മനോഹരമായ ഫോട്ടോഗ്രാഫുകൾ ചിത്രത്തിന്റെ ഓരോ  ഫ്രെയിമും  ഒരുക്കുന്നതിൽ അയ്ൽ ഓഫ് ഡോഗ്സ് ടീമിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.അതവർ തുറന്നു പറയുന്നുമുണ്ട്. ട്രാഷ് ഐലന്റുകളുടെ  നരക സമാനത അതിന്റെ ആഴത്തിലും പരപ്പിലും അനുഭവ വേദ്യമാക്കാൻ  ക്രിസ് ജോർദാൻ ചിത്രങ്ങൾ കാര്യമായി പിന്തുണച്ചിട്ടുണ്ട്.

ക്രിസ് ജോർദാൻ ചിത്രീകരിച്ച അസഹനീയ സൗന്ദര്യം പരമ്പരയിൽ നിന്ന്. ചിത്രം: ഹോളിവുഡ് റിപ്പോർട്ടർ
ക്രിസ് ജോർദാൻ ചിത്രീകരിച്ച അസഹനീയ സൗന്ദര്യം പരമ്പരയിൽ നിന്ന്.
ചിത്രം: ഹോളിവുഡ് റിപ്പോർട്ടർ

2003 മുതലാണ് ജോർദാൻ തന്റെ ഇൻടോളറബിൾ ബ്യൂട്ടി ചിത്രീകരിക്കാൻ തുടങ്ങുന്നത്. 2005 വരെയുള്ള കാലയളവിനിടയിൽ എടുത്ത നൂറു കണക്കിന് ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി ഒട്ടേറെ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. തന്റെ രാജ്യത്തെ വികസന നയങ്ങളിൽ, അതിന്റെ സ്വാഭാവിക ഗുണഭോക്താക്കളും  അനുയായികളുമായ മനുഷ്യരിൽ അതുണ്ടാക്കുന്ന അനന്തര ഫലങ്ങൾ, അടിച്ചേൽപ്പിക്കുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടാനായിരുന്നു ക്രിസ് ജോർദാന്റെ ഫോട്ടോഗ്രാഫിക് ശ്രമങ്ങൾ. എന്നാൽ ഭീകരമായ ആ ഫോട്ടോഗ്രാഫുകളുടെ സൗന്ദര്യം ലോകത്തെ മുഴുവൻ  പിടിച്ചുലച്ചു. ചിത്രങ്ങൾ ലോകമെങ്ങും ചർച്ചാ വിഷയമായി. 

പ്രകൃതി സ്നേഹികളേയും  പരിസ്ഥിതി പ്രവർത്തകരേയും മാത്രമല്ല ഉള്ളുണർന്നു ചിന്തിക്കാൻ അവ പ്രേരിപ്പിച്ചത്, മറിച്ച് വ്യത്യസ്ത മാധ്യമങ്ങളിൽ   സർഗാത്മക സൃഷ്ടികൾ രൂപപ്പെടുത്തുന്നവരെയും അവ പ്രചോദിപ്പിച്ചു  എന്ന് കാണാം. നായ്ക്കളുടെ ദ്വീപ് അതിന്റെ ഏറ്റവും പുതിയ നിദർശനമാകുന്നു.  

ട്രാഷ് ഐലൻഡിൽ

ചിത്രത്തിന്റെ കഥാപരിസരം ജപ്പാനാണ്. മെഗാസാക്കി എന്നൊരു ഭാവനാ നഗരം. അവിടെ നായ്ക്കൾക്കിടയിൽ അസാധാരണമായ ഒരിനം രോഗം പടർന്നു പിടിക്കുന്നു. ചികിൽസിച്ചു ഭേദമാക്കാൻ എളുപ്പമല്ലാത്ത അത്രയും വേഗത്തിൽ നാട്ടിൽ ഉടനീളമുള്ള നായ്ക്കൾ അതിന്റെ ഇരകളാവുന്നു. മനുഷ്യരിലേക്ക് കൂടി അതിവേഗം വ്യാപിക്കാൻ ഇടയുള്ള പകർച്ചവ്യാധി ആക്രമണത്തെ നേരിടാൻ പ്രാദേശിക ഭരണ കൂടം കണ്ടെത്തുന്ന മാർഗം നായ്ക്കളെ കൂട്ടത്തോടെ നാട് കടത്തലാണ്. 

ഏകാധിപത്യ പ്രവണതകളുള്ള ഭരണാധികാരിയാണ്  നഗരത്തിന്റെ പുതിയ മേയർ കൊബായാഷി. നാട്ടിലുള്ള  സകല നായ്ക്കളെയും ട്രാഷ് ദ്വീപുകളിലേക്ക് കടത്താൻ അയാൾ കൽപ്പിക്കുന്നു. പകർച്ചവ്യാധിയെ ചെറുക്കാനുള്ള ഫലപ്രദമായ മരുന്ന് താൻ  വികസിപ്പിച്ചിട്ടുണ്ടെന്നും പരീക്ഷണം അതിന്റെ  അവസാന ഘട്ടത്തിലാണെന്നുമുള്ള  വതാനബ്  എന്ന മിടുക്കനായ  ശാസ്ത്രജ്ഞന്റെ വാക്കുകളെ  മുഖവിലക്കെടുക്കാൻ അയാൾ തയ്യാറാവുന്നില്ല. 

Isle of dogs1നാട്ടിലെ  മാലിന്യക്കൂമ്പാരങ്ങൾ  മുഴുവൻ  കൊണ്ടുപോയി  കടലിൽ തള്ളിയുണ്ടായ കൃത്രിമ ദ്വീപായ ട്രാഷ് ഐലന്റിലേക്ക് ആദ്യമായി കടത്തുന്നത് സ്പോട്സ് എന്ന നായയെയാണ്. മേയറുടെ അനന്തിരവൻ അറ്റാരി കൊബായാഷിയുടെ ഓമനയായ വളർത്തു നായയാണ് സ്പോട്സ്. തുടർന്ന്  നാട്ടിലുള്ള നായ്ക്കളെയെല്ലാം ട്രാഷ് ഐലൻഡിൽ കൊണ്ടുപോയി തള്ളുന്നു. എന്നാൽ തന്റെ പ്രിയപ്പെട്ട സ്പോട്സിനെ പിരിഞ്ഞിരിക്കാൻ കഴിയാതെ അവനെ  തിരഞ് അറ്റാരി വീട് വിട്ടിറങ്ങുന്നു.  മോഷ്ടിച്ചെടുത്ത ഒരു  വിമാനത്തിൽ കയറി അവൻ ട്രാഷ് ഐലന്റിലെത്തുന്നു. ദ്വീപിൽ വിമാനം ഇടിച്ചിറക്കി പരിക്ക് പറ്റുന്ന  അറ്റാരി  എന്ന മനുഷ്യന്  റെക്സ്, കിംഗ്‌, ഡ്യൂക്ക് ബോസ്, ചീഫ്  എന്നീ നായ്ക്കൾ രക്ഷകരാവുന്നു. 

സ്പോട്സിനെ കണ്ടെത്താനുള്ള അവന്റെ ശ്രമങ്ങൾക്ക് ചീഫ് എന്ന തെരുവ് നായ  ഒഴികെയുള്ളവർ പിന്തുണ വാഗ്‌ദാനം ചെയ്യുന്നു. തെരുവിൽ ജനിച്ചു വളർന്ന ചീഫിന് മനുഷ്യനുമായുള്ള സഹവാസത്തോട് ഒട്ടും മമതയില്ല. വിശ്വസിക്കാൻ കൊള്ളാത്ത വർഗമാണ് മനുഷ്യർ എന്നാണ് ചീഫിന്റെ മതം. സ്പോട്സിനെ കണ്ടെത്താനും കുട്ടിയെ ഏൽപ്പിക്കാനുമുള്ള അവരുടെ ശ്രമമാണ് പിന്നീട് നാം കാണുന്നത്. 

ഇതിനിടയിൽ നാട്ടിലാകട്ടെ , ശാസ്ത്രജ്ഞനായ വതാനബ് നായ്ക്കളെ ബാധിച്ച വൈറസിനെ ചികിൽസിച്ചു മാറ്റാനുള്ള മരുന്ന് പരീക്ഷണത്തിൽ  വിജയിക്കുന്നു. എന്നാൽ നായ്ക്കളെ എന്നന്നേക്കുമായി ഒഴിവാക്കാനുള്ള ഉദ്ദേശ്യത്തോടെ തന്ത്രശാലിയായ  ഭരണാധികാരി കൊബായാഷി അയാളെ  വിഷം കൊടുത്ത് കൊലപ്പെടുത്തുന്നു. നിഗൂഢത മണക്കുന്ന ട്രേസി വോക്കർ എന്ന വിദ്യാർത്ഥി അന്വേഷണത്തിനായി ഇറങ്ങി തിരിക്കുന്നു.

സ്വന്തം മാലിന്യങ്ങളെ എങ്ങിനെ നിർമാർജ്ജനം ചെയ്യണം എന്നറിയാത്ത  ആധുനിക മനുഷ്യന്റെ  പ്രതിസന്ധികൾ  അയ്ൽ ഓഫ് ഡോഗ്സ്  കാണിച്ചു തരുന്നുണ്ട്. പാരിസ്ഥിതികവും സാമൂഹികവുമായ ഒട്ടേറെ വിഷയങ്ങളെ അത് പ്രശ്നവൽക്കരിക്കുന്നു. മറ്റു  ജീവി വർഗങ്ങളോടുള്ള മനുഷ്യന്റെ ദയാരഹിത സമീപനവും ചിത്രം  ചർച്ച ചെയ്യുന്നു. 

പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന, നായ്ക്കളെ ഇഷ്ടപ്പെടാത്ത ജാപ്പനീസ് സമൂഹത്തെ നിശിതമായി പരിഹസിക്കുന്നതാണ് ചിത്രം എന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്. ഒരർത്ഥത്തിൽ ഏതു സമൂഹത്തിലും, അത് നായ്ക്കളാകട്ടെ , മനുഷ്യരാകട്ടെ, അന്യവൽക്കരിക്കപ്പെടുന്ന, അപരവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ ഈ ചിത്രം ഓർമിപ്പിക്കും. മുഖ്യധാരയിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നവരെ , മാലിന്യങ്ങൾ പോലെ  വലിച്ചെറിയപ്പെടുന്നവരെ, അതിനു വേണ്ടി തന്ത്രങ്ങൾ മെനയുന്ന കൗശലക്കാരായ ഭരണാധിപന്മാരുടെ   അധികാര പരിസരങ്ങളെ  ഈ ചിത്രം  ഓർമയിൽ കൊണ്ട് വരും.

Isle of dogs2സിനിമയുടെ സാധ്യത 

കുട്ടികൾക്കുള്ള ആനിമേഷൻ സിനിമകളുടെ  സ്ഥിരം ഫോർമുലയോ സ്ഥിരം പരിചരണ  രീതിയോ  അയ്ൽ ഓഫ് ഡോഗ്സിൽ കാണാനാവില്ല. അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾക്കുള്ളതല്ലെന്ന് ചിലരെങ്കിലും വിലയിരുത്തുന്നുണ്ട്. ഗൗരവം കൂടിപ്പോയി എന്നാണ് വിമർശനം. വിമർശനം ശരിയാണെങ്കിൽ അത് ദോഷത്തെക്കാളേറെ ഗുണം ചെയ്യാനാണ് സാധ്യത. 

കുട്ടികളെ രസിപ്പിക്കുന്ന ആനിമേഷൻ ഫോർമാറ്റിൽ പരിസ്ഥിതിയുടെയും വികസനത്തിന്റെയും രാഷ്ട്രീയം പറയുന്നത് തീർച്ചയായും നല്ലതാണ്. കാരണം കേവലമായ വിനോദങ്ങളോടൊപ്പം  ലോകത്തിന്റെ അസ്തിത്വത്തെ നിർണയിക്കുന്ന, മനുഷ്യ വംശത്തിന്റെ  നിലനിൽപ്പിനെ നിശ്ചയിക്കുന്ന കാര്യങ്ങളെ പറ്റി അറിഞ്ഞുകൊണ്ട് കൂടിയാവട്ടെ  അവരുടെ വളർച്ച. കുട്ടികളെ  ഏറ്റവുമധികം  സ്വാധീനിക്കുന്ന സിനിമപോലൊരു  മാധ്യമത്തിനാണ്  ഇതിൽ ഏറ്റവും വലിയ പങ്കു വഹിക്കാനാവുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കലാതിലക വിവാദം: കേരള സര്‍വ്വകലാശാലയ്ക്ക്‌ ഹൈക്കോടതിയുടെ നോട്ടീസ്

Aamir ,and Alia ,Osho, project, Kapoor And Sons , director, Shakun Batra , plan,web series, Rajneesh Bhagwan 'Osho'. ,Aamir Khan ,Alia Bhatt , international streaming channel,Los Angeles, USA, officials , Mahabharat,

ഓഷോയുമായി ആമിർ; നായികയായി ആലിയ