ലോക സിനിമ കേരളത്തിലെത്തിയ വാരം 

തിരുവനന്തപുരം: അതിജീവനത്തിന്റെ സന്ദേശം പകര്‍ന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഡിസംബർ 13 നു സമാപനാമാകും. ഹോപ്പ് ആൻഡ്  റീബില്‍ഡിംഗ് ഉള്‍പ്പെടെ 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങള്‍ ഒരുക്കിയ മേളയ്ക്കാണ് തിരശ്ശീല വീഴുക. ലോക സിനിമാവിഭാഗത്തില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലെ 90 ലധികം ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. 

മത്സര വിഭാഗത്തില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങള്‍ക്ക് വന്‍സ്വീകാര്യതയാണ് ഇക്കുറി മേളയില്‍ ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം, ആഷിക് അബുവിന്റെ മായാനദി, സക്കറിയയുടെ സുദാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ലൂയി ഒര്‍ട്ടേഗയുടെ എല്‍ ഏയ്ഞ്ചല്‍, കിര്‍ഗിസ് ചിത്രമായ നൈറ്റ് ആക്‌സിഡന്റ്, ബെഞ്ചമിന്‍ നൈഷ്ഠാറ്റിന്റെ റോജോ, മന്‍ബികി കസോകുവിന്റെ ഷോപ്പ് ലിഫ്‌ടേഴ്‌സ്, അല്‍ഫോണ്‍സോ കുവാറോണിന്റെ റോമ, അലി അബ്ബാസിയുടെ ബോര്‍ഡര്‍, ബെനഡിക്ട് ഏര്‍ലിങ്‌സണ്ണിന്റെ വുമണ്‍ അറ്റ് വാര്‍, മില്‍കോ ലാസറോവിന്റെ ആഗ, വനൂരി കഹിയുവിന്റെ റഫീക്കി തുടങ്ങിയ ചിത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള പ്രദര്‍ശനങ്ങളും പ്രേക്ഷകപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 

ലോക സിനിമാചരിത്രത്തിലെ വിസ്മയ പ്രതിഭ ഇഗ്മര്‍ ബര്‍ഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ഡോക്യുമെന്ററിയടക്കം എട്ട് ചിത്രങ്ങള്‍ക്കും പ്രേക്ഷക തിരക്ക് അനുഭവപ്പെട്ടു. അഭ്രപാളിയിലെ ദൃശ്യകാവ്യങ്ങളാണ് ബര്‍ഗ്മാന്‍ ചിത്രങ്ങളേതെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഓരോ പ്രദര്‍ശനവും.

റിമംബറിംഗ് ദി മാസ്റ്റര്‍ വിഭാഗത്തില്‍ ചെക്ക് സംവിധായകനായ മിലോസ് ഫോര്‍മാന്റെ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതിഹാസകാരന്റെ പുരാവൃത്തമായി മാറിയ ലെനിന്‍ രാജേന്ദ്രന്‍ ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തു. പദ്മരാജനോടുള്ള  ആദര സൂചകമായി ചിത്രീകരിച്ച  സുമേഷ് ലാലിന്റെ ഹ്യൂമന്‍സ് ഓഫ് സം വണ്‍ പത്മരാജന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് പ്രദര്‍ശിപ്പിച്ചത്. മേളയോടനുബന്ധിച്ച് പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരവായിര ഒരുക്കിയ സംഗീത സന്ധ്യകള്‍ ആസ്വാദകര്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു.

സമാപന ദിവസമായ നാളെ വിവിധ വിഭാഗങ്ങളിലായി 37  ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും. നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങിന് ശേഷം പുരസ്‌കാരത്തിനര്‍ഹമായ ചിത്രത്തിന്റെ പ്രദര്‍ശനവുമുണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിശ്വാസങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത് ആപത്ത്: ഉമേഷ് കുല്‍ക്കര്‍ണി 

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

വനിതാമതിൽ ഒരുക്കാൻ തിരുവനന്തപുരത്ത് 3,00,000 പേർ