കാലെടുത്ത് വെയ്ക്കുമ്പോഴേക്കും തിരികെപ്പോകാൻ മോദിയോട് തമിഴ് ജനത പറയുന്നതെന്തു കൊണ്ട്?

2018 ഏപ്രിൽ മുതൽ ട്വിറ്റർ എണ്ണയിട്ട യന്ത്രം പോലെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കുമ്പോഴെല്ലാം ട്വിറ്ററാറ്റികൾ ഒറ്റ ശബ്ദത്തിൽ പറയും, കടക്കൂ പുറത്ത് ! ഗോബാക്ക് മോദി ഹാഷ്ടാഗുകൾ ട്വിറ്ററിൽ നിറയും. ആ ദിവസം ദേശീയ തലത്തിൽ, ഒരു പക്ഷേ  അന്തർ ദേശീയ, തലത്തിൽ തന്നെ അതൊരു ട്രെൻഡായി മാറും. കഴിഞ്ഞ ദിവസം  മോദി  കന്യാകുമാരിയിൽ എത്തിയപ്പോഴും ഇതുതന്നെ അവസ്ഥ. മോദിക്ക് ഗോ ബാക്ക് വിളിച്ചവർ  അതെ ട്വീറ്റിൽ തന്നെ അഭിനന്ദിനെ സ്വാഗതം ചെയ്തു. 

2018 ഏപ്രിൽ 12 ന് പ്രതിരോധ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ മുതൽ  തമിഴ് ജനത മോദിയെ വിടാതെ പിടികൂടിയിരിക്കുകയാണ് . അന്ന് കാവേരി നദീജല തർക്കത്തിൽ  മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കാത്തതിനെച്ചൊല്ലിയുള്ള കോലാഹലമായിരുന്നു. നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകത്തിൽ നേട്ടമുണ്ടാക്കാനായി അതോറിറ്റി രൂപീകരണം മനഃപൂർവം വച്ച് താമസിപ്പിക്കുന്നതാണെന്ന്  പ്രതിപക്ഷം ആരോപിച്ചു. മോദിയെ കരിങ്കൊടി കാണിക്കുമെന്ന്  പ്രതിപക്ഷ പാർട്ടികൾ  പ്രഖ്യാപിച്ചു. എയർ പോർട്ട് മുതൽ പ്രധാന മന്ത്രിയെ കാത്തിരുന്നത് കരിങ്കൊടി കാഴ്ചകൾ മാത്രമായിരുന്നു. 

ഒരു ഘട്ടത്തിൽ യാത്ര ഹെലികോപ്റ്ററിലേക്ക് മാറ്റിയെങ്കിലും തമിഴ് ജനത മോദിയെ വെറുതെ വിട്ടില്ല. കറുത്ത നിറത്തിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ട് അവർ മോദിയോട് പ്രതികാരം ചെയ്തു. 

അന്ന് മുഴുവൻ ട്വിറ്ററിൽ മോദി വിരുദ്ധ കാമ്പയിൻ നടന്നു. നീറ്റ് വിഷയത്തിലെ തകിടം മറിച്ചിലും ഓഖി ദുരന്ത സമയത്ത് സംസ്ഥാനത്തെ തിരിഞ്ഞു നോക്കാതിരുന്നതുമൊക്കെ പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് കാവേരി മാനേജ്‌മെന്റ് വിഷയം കത്തിപ്പിടിക്കുന്നത്.

ഈ വർഷം ജനുവരി 27 ന് മധുരയിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് തറക്കല്ലിടാൻ വന്നപ്പോഴും മോദിയെ നിലം തൊടാതെ ഓടിക്കാനാണ് തമിഴർ ശ്രമിച്ചത്. ദശലക്ഷക്കണക്കിന് ട്വീറ്റുകളിലാണ്  ഗോബാക്ക് മോദി വിളികൾ ഉയർന്നത്. ഫെബ്രുവരി 10 ലെ തിരുപ്പൂർ സന്ദർശനത്തിലും ഇത് തന്നെ കഥ. അന്ന്  മുഴുവൻ ട്വിറ്ററാറ്റികൾ  മോദിക്ക്  പൊങ്കാലയിട്ടു. 

ഈ ഘട്ടങ്ങളിലെല്ലാം തമിഴ്നാട് ബി ജെ പി ഘടകം മോദിയെ സ്വാഗതം ചെയ്ത്, ഹാഷ് ടാഗിലൂടെ എതിരാളികളെ ചെറുക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും  ഒരു ഗുണവും ചെയ്തില്ല.  ഗോബാക്ക് വിളികളുടെ കുത്തൊഴുക്കിൽ അവർ ഒലിച്ചുപോയി. ഇതെല്ലം ഡി എം കെ യുടെ ഐ ടി സെല്ലിന്റെ കളിയാണ് എന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാനാണ് ബി ജെ പി ശ്രമിച്ചുപോന്നത്. എന്നാൽ തമിഴ് ജനതയുടെ മോദിവിരുദ്ധ വികാരത്തെ മറച്ചുവെയ്ക്കാൻ ഇത്തരം ആരോപണങ്ങൾകൊണ്ടൊന്നും കഴിയില്ലെന്നാണ് ട്വിറ്റർ ഉപയോക്താക്കളുടെ പക്ഷം.

തമിഴ് ജനത പൂർണമായും മോദിയോട്  മുഖം തിരിച്ച് നിൽക്കുകയാണ്. അധികാരത്തിലേറിയതിനുശേഷം തമിഴ് ജനതയുടെ ആവശ്യങ്ങളോട് മോദിയും മുഖം തിരിച്ചു നിൽക്കുന്നതായി നിരീക്ഷകർ പറയുന്നു. തമിഴ് ജനത മോദിക്ക് ഗോ ബാക്ക് വിളിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലെ മോദിവിരുദ്ധരും അവർക്കൊപ്പം ചേരുന്നതായും വിലയിരുത്തലുണ്ട്. അതിനാലാണ് ട്വിറ്ററിൽ ആഗോള ട്രെൻഡായിപ്പോലും ഗോ ബാക്ക് മോദി മാറുന്നത് എന്ന് പറയപ്പെടുന്നു.

രാഷ്ട്രീയ നിരീക്ഷകനായ ആർ മുത്തുകുമാർ പറയുന്നത് പ്രധാനമന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിക്കൽ തമിഴ്‌നാട്ടിൽ പുതിയ കാര്യമല്ലെന്നാണ്. ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. 1957 ൽ നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ നെഹ്രുവിനെതിരെ കരിങ്കൊടി കാണിച്ചുകൊണ്ടായിരുന്നു  ഡി എം കെ പ്രവർത്തകരുടെ പ്രതിഷേധം. 1977 ൽ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ചെന്നൈ, മധുര സന്ദർശന വേളയിൽ ഇന്ദിരാഗാന്ധിക്കെതിരെയും കരിങ്കൊടി വീശി. തുടർന്നുവന്ന തെരഞ്ഞെടുപ്പുകളിൽ  കോൺഗ്രസ്സ് തന്നെയാണ് വിജയിച്ചത്. എന്നാൽ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് വ്യത്യസ്തമാണെന്ന് മുത്തുകുമാർ പറയുന്നു. 

പഴയതുപോലെയല്ല കാര്യങ്ങൾ. മോദി അനുകൂലികളും പ്രതികൂലികളുമായി തമിഴ് ജനത മൊത്തം രണ്ടു ചേരികളായി മാറിയിരിക്കുന്നു. അതിൽ പാർട്ടി വ്യത്യാസങ്ങൾ ഒന്നുമില്ല. ഈ യാഥാർഥ്യത്തിന്റെ പ്രതിഫലനമാണ് സാമൂഹ്യമാധ്യമങ്ങളിലെ മോദി വിരുദ്ധ വികാരത്തിന് പിന്നിലും കാണാനാവുന്നത്.

കടപ്പാട്: The Wire & HT

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളം ആദ്യ ഭിന്നശേഷി വിനോദ സഞ്ചാര സൗഹൃദ സംസ്ഥാനം

റിയ, പ്രിയ എസ്റ്റേറ്റ് വിഷയം: സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു