CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 82
in ,

മോദിക്ക് ‘മുന്തിയ’ അവാർഡ്: വിശദാംശങ്ങൾ പുറത്തു വിടില്ല, ജൂറി ആരെന്നും വെളിപ്പെടുത്തില്ല

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവാർഡ് കിട്ടി. അതേപ്പറ്റിയുള്ള വാർത്ത ഇന്നത്തെ പത്രങ്ങളെല്ലാം പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഭരണ രംഗത്തെ മികവിനുള്ള പുരസ്കാരം  എന്ന്  “പറയപ്പെടുന്ന” ഈ പുരസ്കാരം മോദിക്ക് നൽകാൻ നിശ്ചയിച്ച ജൂറിയെപ്പറ്റി അതിൽ ഒരിടത്തും പരാമർശമില്ല. അത്തരം കാര്യങ്ങൾ കോൺഫിഡൻഷ്യൽ ആണെന്നാണ്  അവാർഡ് നൽകിയ സംഘടനയുടെ  നിലപാട്.

“പ്രഥമ” ഫിലിപ് കോട്ലർ പുരസ്‌കാരമാണ്  നരേന്ദ്ര മോദിക്ക് കിട്ടിയതെന്ന് പത്രക്കുറിപ്പിൽ പറയുന്നു. കേന്ദ്ര പബ്ലിക് റിലേഷൻസ് വകുപ്പാണ് പത്രക്കുറിപ്പിറക്കിയത്. എന്നാൽ അതിൽ ഒരിടത്തും അവാർഡ് ജൂറിയെ സംബന്ധിച്ചുള്ള വിവരങ്ങൾ  നൽകിയിട്ടില്ല. സാധാരണ നിലയിൽ അവാർഡുകളുടെ  ആധികാരികതയും വിശ്വാസ്യതയും സ്വീകാര്യതയും വെളിപ്പെടുത്താനായി അവാർഡ്  പ്രഖ്യാപനത്തോടൊപ്പം  അവാർഡ് നിർണയ സമിതിയിലെ അംഗങ്ങളെ  വെളിപ്പെടുത്താറുണ്ട്. 

എന്നാൽ പ്രമുഖ മാർക്കെറ്റിങ് വിദഗ്ദ്ധനായ ഫിലിപ് കോട്ലരുടെ പേരിൽ ഏർപ്പെടുത്തിയതെന്നു പറയപ്പെടുന്ന ഈ അവാർഡ് നിർണയിച്ചതാരെന്നോ ഏതെല്ലാം ഭരണാധികാരികളെ പിന്തള്ളിയാണ് മോദി മുൻപന്തിയിൽ എത്തിയതെന്നോ തുടങ്ങി അത്യാവശ്യം വേണ്ട വിവരങ്ങൾ ഒന്നുമില്ല. മെയ്ക് ഇൻ ഇന്ത്യ, സ്വച്ഛ ഭാരത്, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികൾ കൊണ്ടുവന്നതാണ്  മോദിയുടെ ഭരണമികവായി ചൂണ്ടിക്കാട്ടുന്നത്.

വേൾഡ് മാർക്കറ്റിംഗ് സമിറ്റ് എന്നാണ് സംഘടനയുടെ പേര്. എന്നാൽ അവരുടെ ഔദ്യോഗിക വെബ് സൈറ്റിൽ പോലും അവാർഡ് വിവരം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നടന്ന ഡബ്ള്യൂ എം എസ് 2018  എന്ന പരിപാടി സ്പോൺസർ ചെയ്തിരുന്നത് പൊതുമേഖലാ സ്ഥാപനമായ ഗെയ്ൽ, ബാബ രാംദേവിന്റെ കമ്പനിയായ പതഞ്‌ജലി, ബി ജെ പി എം പി രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുള്ള റിപ്പബ്ലിക് ടി വി എന്നിവ സംയുക്തമായാണ്.

മാർക്കറ്റിംഗ്, പരസ്യ മേഖലകളിലാണ് ഡബ്ള്യൂ എം എസ്  അവാർഡുകൾ നല്കിപ്പോരുന്നത്. അതിനുള്ള അപേക്ഷകരിൽ നിന്നും ഒരു ലക്ഷം രൂപ വരെ ഈടാക്കുന്നുമുണ്ട്. എന്നാൽ അത്തരം അവാർഡുകൾ നിശ്ചയിക്കുന്നതിന്റെ  മാനദണ്ഡങ്ങൾ അനുസരിച്ചല്ല മോദിക്കു  അവാർഡ്  നൽകിയതെന്ന് അവാർഡ് കമ്മിറ്റിയുടെ സൂപ്പർവൈസറായ ഐ ഐ ടി ധൻബാദ് പ്രൊഫസ്സർ പ്രമോദ് പഥക് ഓൺലൈൻ ന്യൂസ് പോർട്ടലായ ദി വയറിനോട് പറഞ്ഞു. അത് മറ്റൊരു പ്രക്രിയ ആണെന്ന് പറഞ്ഞ അദ്ദേഹം എന്താണ് ആ പ്രക്രിയ എന്നതിനെപ്പറ്റി  വിശദീകരിക്കാൻ തയ്യാറായില്ല. 

അദ്ദേഹം ആവശ്യപ്പെട്ടത്  പ്രകാരം സംഘടനയുടെ  ” ഉത്തരവാദിത്തമുള്ള ” വക്താവിനെ  ബന്ധപ്പെട്ടപ്പോൾ ഇതൊരു ” കോൺഫിഡൻഷ്യൽ ” അവാർഡ് ആണെന്നാണ് പ്രതികരിച്ചത്. ദി  വയർ ലേഖകൻ പറയുന്നു. ജൂറിയെ വെളിപ്പെടുത്താനാവില്ല എന്ന് വക്താവ് എടുത്ത്  പറഞ്ഞു.

എന്തായാലും “രഹസ്യ സ്വഭാവമുള്ള”  ഈ അവാർഡ് വിവരം പത്രക്കുറിപ്പായി പി ആർ ഡി പുറത്തിറക്കിയതിനു തൊട്ടു പിന്നാലെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിമാർ ഒന്നടങ്കം രംഗത്തെത്തി. മന്ത്രിമാരായ പിയൂഷ് ഗോയൽ, സ്‌മൃതി ഇറാനി, മണിപ്പൂർ മുഖ്യമന്ത്രി ബൈറേൻ സിംഗ്, മുൻ മുഖ്യമന്ത്രിമാരായ രമൺ സിങ്, വസുന്ധര രാജെ എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിക്കൊണ്ട് ആദ്യമേ രംഗത്ത് വന്നത്. ഇതൊരു ചരിത്ര നേട്ടമാണെന്നും മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനിക്കാൻ കഴിയുന്ന  മുഹൂർത്തമാണെന്നും ഇൻഫോർമേഷൻ ബ്രോഡ്കാസ്റ്റിംഗ് വകുപ്പ്  മന്ത്രി രാജ്യവർധൻ സിങ്ങ് റാത്തോർ  ട്വീറ്റ് ചെയ്തു. 

പിയൂഷ് ഗോയലിന്റെ ട്വീറ്റിൽ പ്രധാനമന്ത്രിയായതിനു ശേഷം മോദി നേടിയ അന്താരാഷ്ട്ര അംഗീകാരങ്ങളുടെ മഹത്വം ഓർമിപ്പിക്കുന്നുണ്ട്.  എന്നാൽ ഫിലിപ് കോട്ലർ പുരസ്കാരത്തിന്റെ മഹത്വമെന്തെന്നോ അതിന്റെ വിശദാശംങ്ങളെന്തെന്നോ പറയുന്നില്ല.

അത്യന്തം രസകരമായ കാര്യം ഫിലിപ് കോട് ലറുടെ ഔദോഗിക വെബ് സൈറ്റിൽ പോലും അവാർഡ് വിവരം പ്രസിദ്ധീകരിച്ചിട്ടില്ല എന്നുള്ളതാണ്. 

ആഗോള തലത്തിൽ അറിയപ്പെടുന്ന മാർക്കറ്റിംഗ് വിദഗ്ദ്ധനും ഗ്രന്ഥകർത്താവും കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്മെന്റ് പ്രൊഫസറുമായ ഫിലിപ് കോട്ലറുടെ പേരിലുള്ള പുരസ്‌കാരമാണ് മോദിക്ക് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഡബ്ള്യൂ എം എസ് പുരസ്കാരങ്ങൾക്ക് തന്റെ പേര് ഉപയോഗിക്കാനുള്ള അനുവാദം എപ്പോഴോ നൽകി എന്നത് മാത്രമാണ് പ്രസ്തുത അവാർഡുകളുമായി അദ്ദേഹത്തിനുള്ള ബന്ധമെന്നും ആരോപണമുണ്ട്.  

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കോടതിയുടേയും ഭരണകൂടത്തിന്റെയും ഉറച്ച നിലപാടുകളാണ് അനാചാരങ്ങളെ മാറ്റിയത്: സ്പീക്കർ

ബോളിവുഡിലേക്ക് പ്രിയ വാര്യരും