in ,

ലോക ജനതയെ ജാഥയിൽ വരച്ചു കാട്ടി വില്യം കെന്‍റിഡ്ജ് 

കൊച്ചി: വിവേചനം, ആധിപത്യം, ഏകാന്തത, സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ നിലനില്‍ക്കുന്ന അടിമത്തം എന്നിവ പ്രമേയമാക്കിയ വീഡിയോ പ്രതിഷ്ഠാപനവുമായി ദക്ഷിണാഫ്രിക്കയിലെ  കലാകാരന്‍ വില്യം കെന്‍റിഡ്ജ് ബിനാലെയില്‍. 

ബാന്‍ഡിനൊപ്പം നൃത്തം വയ്ക്കുന്ന നിഴല്‍രൂപങ്ങളാണ് ‘മോര്‍ സ്വീറ്റ്ലി പ്ളേ ദി ഡാന്‍ഡ്’ എന്ന  വീഡിയോ പ്രതിഷ്ഠാപനത്തിന്‍റെ എട്ടു സീനുകളിലായി ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ അണിനിരക്കുന്നത്. കെന്‍റിഡ്ജിന്‍റെ രേഖാചിത്രങ്ങളില്‍ നിന്നുള്ള കട്ടൗട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ചരിത്രവ്യക്തികളുടെ ചിത്രങ്ങള്‍  മിന്നിമറയുന്ന വീഡിയോയില്‍  ചെടികള്‍, ബാത്ടബ്ബുകള്‍ എന്നിങ്ങനെ  പെട്ടികള്‍വരെയുള്ള മനുഷ്യോപകാരപ്രദമായ സാധനങ്ങള്‍  കൈയിലേന്തിയാണ് ഈ നിഴല്‍രൂപങ്ങളുടെ സഞ്ചാരം. 15 മിനിറ്റു നീളുന്ന വീഡിയോ ബിനാലെ വേദിയിലെ കടലിന് അഭിമുഖമായ മുറിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ലോക ജനതയുടെ വലിപ്പം പ്രതിനിധാനം ചെയ്യുന്നതിനു വേണ്ടിയായിരുന്നു മുന്‍പും തന്‍റെ കലാസൃഷ്ടികളില്‍ ജാഥ ഉപയോഗിച്ചിരുന്നതെന്ന് വില്യം കെന്‍റിഡ്ജ് പറഞ്ഞു.  1746-1828 കാലഘട്ടത്തില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്കോ ഗോയ എന്ന കാല്‍പനിക ചിത്രകാരനിലാണ് ജാഥയുടെ അവതരണം ചെന്നെത്തുന്നതെന്നും ജൊഹാന്നസ്ബര്‍ഗില്‍ സ്വദേശീയായ ഈ 63-കാരന്‍ ചൂണ്ടിക്കാട്ടി. 

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സഞ്ചാരത്തിനുള്ള മുഖ്യ ഉപാധി കാല്‍നട തന്നെ. ലോകത്തെ നാം ഇന്നും കായികാധ്വാത്തില്‍ തളച്ചാണ് രൂപപ്പെടുത്തുന്നത്. റുവാണ്ടയില്‍  1994വരെ നടന്ന  കൂട്ടക്കൊലയെത്തുടര്‍ന്ന് അയല്‍രാജ്യങ്ങളായ താന്‍സാനിയ, സാംബിയ, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ വികാരങ്ങളടങ്ങിയ ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുന്നു.

ഇപ്പോഴും ആഫ്രിക്കയിലുടനീളം കൂട്ടക്കൊലപോലുള്ള നീചകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.  ഇക്കാരണത്താല്‍ ദക്ഷിണ സുഡാനിലേയും എറിട്രിയയിലേയും ജനങ്ങള്‍ മറ്റു രാഷ്ട്രങ്ങളില്‍ അഭയം തേടുന്നുണ്ടെന്നും വിറ്റ്വാട്ടര്‍സാന്‍ഡ് ആന്‍ഡ് ജൊഹാന്നസ്ബര്‍ഗ് ആര്‍ട് ഫൗണ്ടേഷന്‍ സര്‍വ്വകലാശാലയില്‍ പഠിച്ച അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ തങ്ങളുടെ വസ്തുവകകളുമായി യാത്ര ചെയ്യുന്ന ദൃശ്യം ആനുകാലികമാണ്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തിലേക്കുള്ള  മടങ്ങിപ്പോക്കാണിത്. കൂടാതെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലെ വിഭജനത്തോടനുബന്ധിച്ചിട്ടുളള മുസ്ലീങ്ങളുടെ പുറപ്പാടുകൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധക്കെടുതിമൂലം പലായനം ചെയ്യേണ്ടിവന്ന അഭയാര്‍ത്ഥികളുടെ ഓര്‍മ്മകളുണര്‍ത്തുന്നതാണ് ഭാരമേന്തിയ നിഴല്‍ രൂപങ്ങള്‍. ആഫ്രിക്കയിലെ എബോള ആക്രമണത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍  ഐവി ഡ്രിപ്പുകള്‍ തൂക്കിയ നിറസഞ്ചികളില്‍ സാധനങ്ങള്‍ ചുമന്നു നടക്കുന്ന പരിക്ഷീണരുടെ ദൃശ്യങ്ങള്‍ക്കൂടിയാണിത്.

ഈ ദാരുണദൃശ്യങ്ങള്‍ക്കിടയില്‍ സമകാലിക രാഷ്ട്രീയ സമരങ്ങളുടെയും  സമര പ്രഖ്യാപന നോട്ടീസുകള്‍ വിതരണം ചെയ്യുന്നവരുടേയും മൈക്കുകളില്‍ സംസാരിക്കുന്നവരുടേയുമെല്ലാം ചിത്രങ്ങള്‍ ഇഴചേര്‍ക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ ലോകത്തിലെ അനവധി പേരുടേതുപോലെ  ഇവരുടെ പരാതികളും ഒച്ചകളും ആരും കേള്‍ക്കുന്നില്ല. ഭാരങ്ങള്‍ വഹിക്കുന്നതുപോലെ അവര്‍ ചരിത്രവും വഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കടലാസില്‍ ഘട്ടം ഘട്ടമായി വരച്ച് മായ്ച്ച് വീണ്ടും വരച്ചുകൊണ്ട് വിധിയുടെ മിന്നലാട്ടം പോലെ  ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നതാണ് കെന്‍റിഡ്ജിന്‍റെ ശൈലി. പശ്ചാത്തലത്തിലുള്ള സമയത്തിന്‍റെ ചലനവും മുന്നിലുള്ള ജനങ്ങളുടെ ചലനവും  കലാസൃഷ്ടിയിലെ  സുപ്രധാന വസ്തുതകളാണ്. അവയെ ലോകത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു ദൗത്യം. ആകാശത്തിനും ഭൂപ്രകൃതിക്കുമിടയിലായി അവയുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇടത്തുനിന്ന്  വലത്തേയ്ക്കുള്ള നിഴലുകളുടെ ജാഥ എട്ടു സീനുകളിലും പ്രകടമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഹൈടെക് ക്ലാസ് മുറികൾ ഫലപ്രദം: ഒന്നാംഘട്ട അവസ്ഥാ പഠനം പൂർത്തിയായി

കേരളത്തിൽ വന്ന് മോദി വീരസ്യം പറയുന്നത് പരിഹാസ്യം: സുധീരൻ