സ്ത്രീവിരുദ്ധത വാഴുന്ന സൈബറിടങ്ങൾ

ചിന്തിക്കുന്ന സ്ത്രീയെ, അഭിപ്രായം പറയുന്ന സ്ത്രീയെ, നിലപാടുകളുള്ള സ്ത്രീയെ വളഞ്ഞിട്ട്  ആക്രമിക്കുന്നതിൽ സോഷ്യൽ മീഡിയ കാണിക്കുന്ന അമിതാവേശം ഭീതി ജനകമാണ്. ഹിപ്പോക്രൈറ്റുകൾ എന്ന് മനഃശാസ്ത്രജ്ഞരും സാമൂഹ്യ ചിന്തകരും ധൈഷണിക ലോകവും ഏറെക്കാലമായി പഴി പറയുന്ന  ഒരു സമൂഹത്തിൽ വേരാഴ്ത്തി നിൽക്കുന്ന കപട സദാചാരത്തിന്റെയും ലൈംഗിക ദാരിദ്ര്യത്തിന്റെയും സ്ത്രീ വിരുദ്ധതയുടെയും  ആഴം എത്രയെന്ന് മനസ്സിലാക്കാൻ മറ്റൊന്നും വേണ്ട. സോഷ്യൽ മീഡിയ ഒന്ന് പരതിയാൽ  മതി. അഭിപ്രായം പറയുന്ന സ്ത്രീകളുടെ പ്രൊഫൈലുകൾ എടുത്തു നോക്കിയാൽ മതി.

ഈ അടുത്ത കാലത്ത്  ചലച്ചിത്ര നിരൂപകയും ഗവേഷണ വിദ്യാർത്ഥിനിയും അഴിമുഖം ഓൺലൈൻ ന്യൂസ് പോർട്ടലിൽ കോളമിസ്റ്റുമായ അപർണ പ്രശാന്തിക്ക് നേരെ നടന്ന ഭീകരമായ സൈബർ  ആക്രമണം നാം കണ്ടതാണ്. “അല്ലു അർജുൻ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാൻ വയ്യാതെ ഓടിപ്പോവാൻ നോക്കുമ്പോ മഴയത്ത് തിയേറ്ററിൽ പോസ്റ്റ് ആവുന്നതിനേക്കാൾ വലിയ ദ്രാവിഡുണ്ടോ” എന്ന  എഫ് ബിയിലെ ഒറ്റവരി സർക്കാസ്റ്റിക്  സ്റ്റാറ്റസും അതിനു കീഴിൽ വന്ന ആയിരക്കണക്കിന് അശ്ലീല കമന്റുകളും ഈ വിഷയത്തിൽ ഒരു  ഒന്നാംതരം  കേസ് സ്റ്റഡിയാണ് .

അപർണയുടെ ആ പോസ്റ്റിനു കീഴിൽ സൈബർ ലോകത്തെ വെട്ടുകിളി കൂട്ടം മുഴുവൻ പറന്നിറങ്ങി. അല്ലു അർജുൻ ഫാൻസ്‌ ആണ് യഥാർത്ഥ ഐ ഡികളിലും ഫേക്ക് ഐ ഡി കളുടെ  മറവിലും  കൂട്ടമായ ആക്രമണം അഴിച്ചുവിട്ടത്. അല്ലു ഫാൻസിന് പുറമേ, പെണ്ണിനെ ചീത്തവിളിക്കാൻ അവസരം പാർത്തു നടക്കുന്നവരെല്ലാം ആ തെമ്മാടിക്കൂട്ടത്തോടൊപ്പം കൂടി. അവർക്കൊപ്പം എന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ആക്ഷേപിച്ചും അവഹേളിച്ചും അമ്മയെവരെ തെറിവിളിച്ചും സഭ്യതയുടെ എല്ലാ സീമകളും അവിശ്വസനീയമാം വിധം ലംഘിച്ച സൈബർ ലോകത്തെ തെമ്മാടികൾ അപർണയെ തെരുവിൽ കൈയേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ബലാൽസംഗ ഭീഷണി മുഴക്കി. എന്താണ് അപർണ ചെയ്ത കുറ്റം? ഒരു സിനിമ കണ്ട്  അത്  ഇഷ്ടപ്പെട്ടില്ല എന്ന് അഭിപ്രായം പറഞ്ഞു. അത്രമാത്രം. അതിനാണ് ഭ്രാന്തമായ ആവേശത്തോടെ  കൊലവിളിയും റേപ്പ് ഭീഷണിയുമായി വെട്ടുകിളികൾ അവരുടെ വോളിൽ വിഹരിച്ചത്.

ജനാധിപത്യപരമെന്നും പുരോഗമനപരമെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കിടയിലാണ്  കേരളീയ സമൂഹത്തിന്റെ അത്രയേറെ ദൃശ്യമല്ലാതിരുന്ന ഹിപ്പോക്രൈറ്റ് സ്വരൂപം ഈ വിധത്തിൽ  തുറന്നു കാട്ടപ്പെടുന്നത്. യഥാർത്ഥ ലോകത്തിന്റെ പരിച്‌ഛേദമാണ് വെർച്വൽ വേൾഡ് എങ്കിൽ അപകടകരമാണ് ഈ സൂചനകൾ എന്ന് കാണാം. ഭീതിജനകമാണ്  ഈ ആൾക്കൂട്ട  മനഃശാസ്ത്രം എന്നതിലും തർക്കമില്ല.   

ഏറ്റവും  ജനാധിപത്യപരമായ ഒരു സാമൂഹിക  ഇടം എന്ന്  ഊറ്റം കൊള്ളാവുന്ന ഒരു സ്‌പേസിൽ  സ്വന്തമായുള്ള  അഭിപ്രായം മാന്യമായ ഭാഷയിൽ പറഞ്ഞതിനാണ് അറപ്പിക്കുന്ന തെറിവിളികളെ അപർണയെപ്പോലുള്ള സ്ത്രീകൾ  നേരിടേണ്ടിവരുന്നത്. ഇതൊരു  സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. തന്റേതായ അഭിപ്രായം രേഖപ്പെടുത്തുന്ന  ഏതൊരു സ്ത്രീയുടെയും അവസ്ഥ ഇതായി മാറിയിരിക്കുന്നു. അഭിപ്രായ ദൃഢതയുള്ള സ്ത്രീകളുടെ  പ്രൊഫൈലിലും ഇൻബോക്സിലും ചെന്ന് തെറിവിളിക്കുന്ന പുരുഷന്മാർ ഇന്നൊരു  പതിവുകാഴ്ചയാണ്. പതിനേഴും പതിനെട്ടും ഇരുപതും വയസ്സുള്ള സൈബർ ലോകത്തെ  ഈ തെമ്മാടികളാണ് പുരോഗമന കേരളത്തിന്റെ വരും നാളുകളെ രൂപപ്പെടുത്തേണ്ട പുതു തലമുറ. 

നമ്മുടെ സാമൂഹ്യ മനഃശാസ്ത്രത്തെപ്പറ്റി  സോഷ്യൽ മീഡിയ നൽകുന്ന അപകടകരമായ ഈ  മുന്നറിയിപ്പുകൾ അവഗണിക്കാനാവുമോ?  ഏതാനും അറസ്റ്റുകൾ കൊണ്ട് തടയിടാൻ കഴിയും എന്ന  ലാഘവത്തോടെ ഈ വിഷയത്തെ സമീപിക്കാനാവുമോ? സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങുകൾ തീർക്കാൻ അവസരം പാർത്തു നിൽക്കുന്ന ഭരണകൂടങ്ങൾക്ക് പലതരം  ഡ്രാക്കോണിയൻ  നിയമങ്ങൾ പടച്ചുവിടാനുള്ള  ന്യായീകരണങ്ങൾ ഇവ നൽകില്ല ? സൈബർ ഇടങ്ങളിലെ   ആവിഷ്കാര / അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് വിലങ്ങുതടിയായി ഏറെക്കാലം  നിന്നിരുന്ന സെക്ഷൻ 66 എ റദ്ദാക്കിയ പരമോന്നത കോടതി വിധിയിൽ അതിരറ്റ് ആഹ്ളാദിച്ച നെറ്റിസൺമാർ  അതിന്റെ നിരുത്തരവാദപരമായ ഉപയോഗത്തിലൂടെ സ്വന്തം നിലനിൽപിന് ഭീഷണിയാകും വിധത്തിൽ അപകടങ്ങളേയും  വെല്ലുവിളികളേയും  വലവെച്ചു പിടിക്കുകയാണോ? 

സൈബർ ഇടങ്ങളിലെ സ്ത്രീവിരുദ്ധതയെയും ജനാധിപത്യ വിരുദ്ധത പ്രവണതകളെയും  വിലയിരുത്തുന്ന ഒരു ചർച്ചക്ക്  ബി ലൈവ് തുടക്കമിടുന്നു.
അപർണ പ്രശാന്തിയാണ് ചർച്ച തുടങ്ങി വെയ്ക്കുന്നത്.

സമരമാണ്…സമരസപ്പെടില്ല: അപർണ പ്രശാന്തി 

എന്താണ് ആക്രമണം. നിർവചനങ്ങൾ ആവശ്യമില്ലാത്തത്രയും തെളിച്ചമുള്ള വാക്കാണത്. മനുഷ്യ ചരിത്രം എന്നാൽ ആക്രമണങ്ങളുടെയും പ്രതിരോധങ്ങളുടെയും ആകെത്തുക കൂടിയാണല്ലോ. ഓരോ ആക്രമണത്തിനും പ്രതിരോധം ഉരുത്തിരിഞ്ഞുവന്നു കൊണ്ടേ ഇരിക്കും. ഓരോ നാടിനും പറയാനുള്ളത് ഇങ്ങനെ ഓരോ ചരിത്രമാണ്.പാർശ്വവത്കരിക്കപ്പെട്ട  ഓരോ ജനവിഭാഗവും നേരിടുന്ന ആക്രമണങ്ങൾക്ക് ഒരർത്ഥത്തിൽ ഒരേ മാനമാണ്‌. എല്ലാ സമരവും സമരസപ്പെടാതിരിക്കുന്നവരുടെ കലഹങ്ങളാണ്. മാർഗങ്ങൾ വ്യത്യസ്തമാണെങ്കിലും  ഒരേ ലക്ഷ്യത്തിലെത്തുന്ന ഒന്നാണ് സമരങ്ങൾ.

മാറിയ സാഹചര്യത്തിൽ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് സമരങ്ങൾക്കൊന്നും കുറവില്ല. സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ട്രാൻസ്‌ജെണ്ടറുകൾ ഒക്കെ സമരത്തിലാണ്. ഇടം നേടിയെടുക്കാൻ ഉള്ള സമരത്തിൽ, ഭൂമിയുടെ അവകാശത്തിന്റെ പങ്കുപറ്റാനുള്ള സമരത്തിൽ.

ഇതിനിടയിൽ എവിടെയാണ് സൈബർ ആക്രമണങ്ങളുടെയും പ്രതിരോധങ്ങളുടെയും സ്ഥാനം. സമൂഹത്തിൽ ആകെ നിലനിൽക്കുന്ന വംശീയതയുടെയും ജാതീയതയുടെയും വർഗ വർണ ലിംഗ വിവേചനങ്ങളുടെയും ആകെ തുകയാണ് സൈബർ ആക്രമണങ്ങൾ.

പുതിയ കാലത്തെ പുതിയ മാധ്യമം എഴുത്തിനെ , വരകളെ, വർണങ്ങളെ ഒക്കെ ജനകീയമാക്കിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. നമ്മൾ തന്നെ  എഡിറ്ററും പബ്ലിഷറും ഒക്കെയായ , ഒരു പരിധിവരെ വാർത്തകളുടെ സ്രോതസ് വരെയായ ഒരിടമാണ് ഫേസ്‌ബുക്കും വാട്സാപ്പും ട്വിറ്ററും ടെലിഗ്രാമും അടക്കമുള്ള നവമാധ്യമങ്ങൾ. ആ നിലക്ക് വിവേചനത്തിന് അപ്പുറമുള്ള ദൃശ്യത എല്ലാവർക്കും കിട്ടുന്നു. കേരളം പോലൊരു ഹിപോക്രറ്റിക് സംസ്ഥാനത്ത് ട്രാന്സ്ജെന്ഡേഴ്സിന് ലഭിച്ച ദൃശ്യത ഇതിനു വലിയ ഉദാഹരണമാണ്. ലോകത്താവട്ടെ മുല്ലപ്പൂ വിപ്ലവം അടക്കമുള്ള സമരങ്ങൾക്ക് ആഹ്വാനം നല്കാൻ ഉള്ള ഇടമായി അത് പ്രവർത്തിച്ചിട്ടും ഉണ്ട്. ഉപരിപ്ലവമല്ലാത്ത മാറ്റങ്ങൾക്ക് അത് തുടക്കം കുറിച്ചിട്ടുണ്ട്. 

പക്ഷെ, സൈബർ ഇടം സജീവമായി തുടങ്ങുമ്പോഴേ സൈബർ ആക്രമണം എന്നൊരു വാക്ക് നമുക്കുണ്ടായി. സൈബർ നിയമങ്ങളിലെ പര്യാപ്തതകളെയും അപര്യാപ്തകളെയും കുറിച്ച് നമുക്ക് ചിന്തിക്കേണ്ടിയും സംസാരിക്കേണ്ടിയും വരുന്നു. ഇരകളും വേട്ടക്കാരും എന്നുള്ള ദ്വന്ദ൦ ഇവിടെയും രൂപപ്പെട്ടു കഴിഞ്ഞു.

ജാതി, മത, കക്ഷി രാഷ്ട്രീയ സംഘർഷങ്ങൾ ഇന്ന്  ഏറ്റവും കൂടുതൽ നടക്കുന്നിടം സൈബർ ഇടമാണ്. യുദ്ധാഹ്വാനങ്ങൾ വരെ ഇവിടെ  നടക്കുന്നു. അപരിചിതത്വത്തിന്റെ നൂറായിരം സുരക്ഷിതത്വങ്ങൾ കൂടി ഉറപ്പു തരുന്നു എന്ന ധാരണ കൂടി സൈബർ ആക്രമണത്തിന് പുറകിലുണ്ട്. ‘വാട്സാപ്പ് ഹർത്താൽ, സൈബർ കൊട്ടേഷൻ, പൊങ്കാല ഇടൽ സംഘങ്ങൾ തുടങ്ങീ നിരവധി പുതിയ സംജ്ഞകൾ ഉരുവപ്പെടുന്നുണ്ട്. മിലിറ്റന്റ് കേഡർ അരാഷ്ട്രീയ സ്വഭാവമുള്ള നിരവധി ആൾക്കൂട്ടങ്ങൾ പലയിടങ്ങളിൽ ഇരുന്നു കൊണ്ട് സൈബർ ആക്രമണങ്ങൾ അഴിച്ചു വിടുന്നു. വിദേശ രാജ്യങ്ങളുടെ ഫേക്ക് ഐ ഡി കളുടെ മിഥ്യാ സുരക്ഷിതത്വ ബോധ്യത്തിന്റെ, നിലനിൽക്കുന്ന നിയമങ്ങളുടെ അപര്യാപ്തകളെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഒക്കെ ധൈര്യത്തിലാണ് സൈബർ ആക്രമങ്ങൾ ഇവിടെ നടക്കുന്നത്. വേട്ടക്കാർക്കു മാത്രമല്ല ഇരകൾക്കും അത്തരം നിരവധി തെറ്റിധാരണകൾ ഉണ്ട് എന്നതാണ് സങ്കടകരം. ആക്രമണങ്ങൾ നിമിഷാർദ്ധം കൊണ്ട് സംഭവിക്കുമ്പോൾ പ്രതിരോധങ്ങൾ എങ്ങനെ വേണം എന്നറിയാതെ ബുദ്ധിമുട്ടുന്നവരെ കാണാം.

സൈബർ ആക്രമണത്തെ അതിജീവിച്ച ഒരു വ്യക്തി എന്ന നിലക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ എനിക്കുമുണ്ടായിരുന്നു ഇത്തരം മിഥ്യാധാരണകൾ. സിനിമയെ കുറിച്ച് നാല് കൊല്ലമായി എഴുതുന്നു. അപ്പോഴൊക്കെ സൈബർ ആക്രമണങ്ങൾ ഏറിയും കുറഞ്ഞുമൊക്കെ നേരിടുന്നു. ‘ ഒറ്റപ്പെട്ടവ ‘ എന്ന് കരുതി തള്ളിക്കളഞ്ഞു. പിന്നീട്, തിരിച്ചു പ്രതിരോധിക്കാൻ നോക്കി. രണ്ടും  ശരിയായ വഴികൾ അല്ല എന്ന് വൈകാതെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ ഉള്ള ലൈംഗികമായ ആക്രമണങ്ങൾ, ബലാൽഭോഗ ഭീഷണികൾ, വധഭീഷണികൾ…ഇതൊന്നും കൂടാതെ എന്നെയും കുടുംബത്തിലെ സ്ത്രീകളെയും എങ്ങനെയൊക്കെ റേപ്പ് ചെയ്യും എന്നതിന്റെ വർണ്ണനകൾ നിറഞ്ഞ കമന്റുകൾ വരെ. 

ഒരു സിനിമയെ കുറിച്ചുള്ള ഒറ്റ വരി ക്യാപ്ഷനോട് കൂടിയ സെൽഫി ഇട്ടതിനായിരുന്നു ഇത്രയും സംഭവിച്ചത്. ആയിരത്തിൽ അധികം കമന്റുകൾ നിറഞ്ഞ ഒരു ഫോട്ടോ കണ്ടു പതറി. സംഘടിതം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാവുന്ന, ഒട്ടും ഒറ്റപ്പെട്ടതല്ലാത്ത സംഭവം. ഇൻബോക്‌സും ഭീഷണികൾ കൊണ്ട് നിറഞ്ഞു. അല്ലു അർജുൻ  ആരാധന വികാരം വൃണപ്പെട്ടതാണ് അവരെ പ്രകോപിപ്പിച്ചത് എന്ന് മനസിലായി. മണിക്കൂറുകൾ നീണ്ട യജ്ഞത്തിന് ഒടുവിലാണ് കുറച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ ശേഖരിച്ചു പരാതി നൽകാനായത്. 

മാസ്സ് റിപ്പോർട്ടിങ്ങിനു ഒടുവിൽ എന്റെ എഫ് ബി എഴുത്തുകൾ പല തവണയായി തടയപ്പെട്ടു. പിന്തുണച്ചെത്തിയ സ്ത്രീകൾ ‘വെടി ‘കളും പുരുഷന്മാർ ‘ പാവാട താങ്ങി ‘ കളും ആയി. അവർക്കെതിരെയും സമാനമായ സൈബർ ആക്രമണങ്ങൾ നടന്നു. മൂന്ന് ഫേക്ക് ഐ ഡിയിൽ നിന്ന് തെറി വിളിച്ച്  ഭീഷണിപ്പെടുത്തിയ , ഓരോ വാക്കും പൊട്ടൻഷ്യൽ റേപ്പിസ്റ്റിന്റെ തനതു ഭാഷയിൽ ഉപയോഗിച്ച ഒരാളെ അറസ്റ്റു ചെയ്തപ്പോൾ കിങ്ങേർസ് എന്ന ഒരു ഗ്രൂപ്പ് അയാളെ ജാമ്യത്തിൽ എടുക്കാൻ മുന്നോട്ട് വന്നു. പരാതി കൊടുത്തവരെക്കാൾ വലിയ തെറികളുമായി ആ സംഘം നിറഞ്ഞു നിന്നു. ഫാൻ ഫൈറ്റ് ക്ളബുകൾക്കും സ്ത്രീകളെ തെറി വിളിക്കുന്നവർക്കും ചിലയിടത്തെങ്കിലും കിട്ടുന്ന ഹീറോ പരിവേഷം ഇവർക്കും കിട്ടി. പിന്തുണച്ചവരുടെ ചിത്രങ്ങൾ വരെ മോർഫ് ചെയ്യപ്പെട്ടു.

 “പുലയാട്ടിൽ  ഉള്ളവർ എന്നും നമുക്ക് സഹോദരന്മാരാണ്” എന്ന് തുടങ്ങുന്ന ക്യാപ്ഷനോടെ  അയാളുടെ ഫോട്ടോ മുഖ ചിത്രമായി കാമ്പയിനുകൾ ആരംഭിച്ചു. പാവം പയ്യനെ ഉപദ്രവിച്ച അഹങ്കാരി ഫെമിനിച്ചിയെ വാക്കുകൾ കൊണ്ട് വിവിധ പൊസിഷനുകളിൽ കിടത്തി അവർ ബലാൽഭോഗം ചെയ്തു. അവളുടെ അമ്മയെ എന്തൊക്കെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇവൾക്ക് മിണ്ടാതിരുന്നാൽ പോരെ, കല്യാണം കഴിയാത്തതിന്റെ ബുദ്ധിമുട്ടല്ലേ തുടങ്ങീ കുലസ്ത്രീ ചോദ്യങ്ങൾ ഉയർന്നു. മാപ്പു കൊടുത്ത് ഒഴിവാക്കാൻ കൂട്ടാക്കാത്ത ആനപ്പാറ അച്ചാമ്മയായി ഞാൻ അങ്ങനെ നിന്നു. ദേഹത്തു തൊടാഞ്ഞാൽ പൊള്ളില്ലല്ലോ എന്നൊരു കൂട്ടം ഓർമിപ്പിച്ചു. ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും  എന്ന് ഭീഷണിപ്പെടുത്തി. പിന്നെയും അങ്ങനെ തന്നെ ഉറച്ചു നിന്നു. 

ഇത് വരെ നടന്ന നാല് അറസ്റ്റുകളിൽ തൃപ്തയാണ്.  രാഷ്ട്രീയ  സ്വാധീനം ഒന്നുമില്ലാതെ അറസ്റ്റുകൾ ഇനിയും നടക്കും എന്ന പ്രത്യാശയും ഉണ്ട്.  ഇത് പുതിയ സൈബർ നിയമ നിർമാണത്തിന് കാരണമാകണം എന്നും എല്ലാ തരത്തിലും ഉള്ള സൈബർ ആക്രമണങ്ങളുടെയും അവസാന ഇരകളിൽ ഒരാൾ  ആവണം ഞാൻ എന്നുമാണ് ആഗ്രഹം. ആ ആഗ്രഹം ഒട്ടും വ്യക്തിപരമല്ല.

എളുപ്പമായിരുന്നില്ല ഇതൊന്നും കേൾക്കാൻ, എളുപ്പമല്ല അതിജീവിക്കാനും…പക്ഷെ അതിജീവനം എന്നത് നമുക്ക് മുന്നിലുള്ള ഒരേ ഒരു മാർഗമാണ്. നമുക്ക് വേണ്ടി ഈ സമൂഹത്തിനു വേണ്ടി  അതിജീവിച്ചേ മതിയാവൂ…പുറകിലേക്ക് വലിക്കുന്ന ചോദ്യങ്ങളെ ആരോപണങ്ങളെ, അപവാദങ്ങളെ, മുറിപ്പെടുത്തലുകളെ കേൾക്കുന്നില്ല. ഇവിടെ മൊത്തം പുലരുന്ന ജനാധിപത്യം സൈബർ ഇടത്തിലും ഉണ്ടാവുക എന്നതാണ് ലക്‌ഷ്യം. 

സമരമാണ്…സമരസപ്പെടില്ല…

നാളെ: ദീപ നിശാന്ത് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Ramayana , Karkidakam , political parties, Kerala, Rama, Gandhiji, Vivekananda Swami, temples, BJP, RSS, CPM, Congress, devotees, religion, India, religious leaders, sound pollution,

രാമായണ പാരായണവുമായി കള്ള കർക്കിടകം വന്നെത്തുമ്പോൾ

World Cup , FIFA, 2018, controversy, celebration, India, Kiran Bedi, Aishwarya rai , Russia, Putin, Qatar, flex, Pinarayi, France, Croatia

ലോകകപ്പ് ലഹരിയുടെ മൂർദ്ധന്യതയിൽ ആഘോഷങ്ങൾക്ക് പുറമെ വിവാദങ്ങളും