in

അമ്മയെ നോക്കാത്ത മക്കള്‍ക്ക് താക്കീതുമായി വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വൃദ്ധരായ മാതാപിതാക്കളുടെ സ്വത്ത് മക്കളും ബന്ധുക്കളും തട്ടിയെടുക്കുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍. ഇത്തരത്തിലുളള നിരവധി കേസുകളാണ് വ്യാഴാഴ്ച്ച നടന്ന അദാലത്തില്‍ കമ്മീഷനു മുമ്പാകെ എത്തിയത്. അമ്മയുടെ സ്വത്തുക്കള്‍ മുഴുവന്‍ എഴുതി വാങ്ങിയ ശേഷം അവരെ സംരക്ഷിക്കാതെയിരുന്ന മക്കള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍, ആര്‍ഡിഒ എന്നിവരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 തന്റെയും ഭര്‍ത്താവിന്റേയും പേരിലുണ്ടായിരുന്ന 26 സെന്റ് സ്ഥലവും വീടും മൂന്ന് മക്കള്‍ക്കായി വീതിച്ചു നല്‍കിയിട്ടും മക്കള്‍ സംരംക്ഷിക്കുന്നില്ലെന്ന ചിറയിന്‍കീഴ് സ്വദേശിനിയായ വൃദ്ധയുടെ പരാതിയിലാണ് ആര്‍ഡിഒ യോട് അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടത്. നേരത്തേ നല്‍കിയ പരാതിയില്‍ 2000 രൂപ മാസം തോറും അമ്മക്ക് മകന്‍ ചെലവിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പണമോ ആവശ്യത്തിന് ഭക്ഷണമോ മരുന്നോ മക്കള്‍ ആരും തന്നെ നല്‍കുന്നില്ലെന്ന് വൃദ്ധയുടെ പരാതിയില്‍ പറയുന്നു. 

ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുത്തെന്ന മറ്റൊരു പരാതിയിലാണ് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. രണ്ട് കേസുകളിലും വൃദ്ധരായ സ്ത്രീകള്‍ക്കാവശ്യമായ സാമ്പത്തിക സഹായവും സംരംക്ഷണവും ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചതായി വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ഷിജി ശിവജി, ഇ.എം.രാധ എന്നിവര്‍ പറഞ്ഞു. നിരാലംബരും വിദ്യാഭ്യാസമില്ലാത്തവരുമായ പ്രായമേറിയ അമ്മമാരോടാണ് ഉയര്‍ന്ന വരുമാനമുളള മക്കള്‍ വരെ വിലപേശുന്നത്. ഇത് ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു.

സ്ത്രീകളെ കൊണ്ട് ശമ്പളമില്ലാതെ ജോലി ചെയ്യിക്കുന്ന ഒരു വിഭാഗം മാനേജ്‌മെന്റുകള്‍ക്കെതിരെയും കമ്മീഷനില്‍ പരാതി ലഭിച്ചു. വിശ്വാസത്തിന്റെ പേരില്‍ സേവനമെന്ന നിലയില്‍ ശമ്പളമില്ലാതെ ആരാധാനാലയവുമായി ബന്ധപ്പെട്ട് നീണ്ട പതിനാറ് വര്‍ഷം ജോലി ചെയ്യിപ്പിച്ച ശേഷം സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ കുടുംബത്തിനെ വരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുകയാണെന്ന സ്ത്രീയുടെ പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ രീതിയില്‍ കൂലിയും ആനുകൂല്യങ്ങളും കൊടുക്കാതെ സ്ത്രീകളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കമീഷന്‍ ശക്തമായി ഇടപെടുമെന്ന് അംഗം അഡ്വ. എം.എസ്.താര പറഞ്ഞു.

നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ ദമ്പതിമാര്‍ വഴക്കിട്ട് പിരിയുകയും കമ്മീഷനെ സമീപിക്കുകയും ചെയ്യുന്ന കേസുകളും വര്‍ദ്ധിക്കുകയാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ബോധവല്‍ക്കരണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവാഹജീവിതത്തെ കുറിച്ച് ഗൗരവമായ സമീപനം ആവശ്യമാണ്. ഇത്തരം പ്ര്ശ്‌നങ്ങള്‍് പൊതുസമൂഹം ഏറ്റെടുക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച്ച നടന്ന അദാലത്തില്‍ ആകെ 160 കേസുകള്‍ പരിഗണിച്ചു. മുപ്പത്തെട്ടെണ്ണം തീര്‍പ്പാക്കി. ഒമ്പതെണ്ണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചെണ്ണത്തില്‍ കൗണ്‍സലിംഗ് നടത്തി. 108 കേസുകള്‍ അടുത്ത അദാലത്തിലേക്ക് തുടര്‍നടപടികള്‍ക്കായി മാറ്റി വെച്ചു.

വനിതാ കമ്മീഷന്‍ അംഗങ്ങളായ ഇ.എം.രാധ, അഡ്വ. എം.എസ്.താര, അഡ്വ.ഷിജി ശിവജി എന്നിവരോടൊപ്പം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എല്‍. രമ എന്നിവരും അദാലത്തില്‍ കേസുകള്‍ തീര്‍പ്പാക്കി. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഗബ്രയിറ്റ് ഇന്ത്യ ഉപയോക്തൃ ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കം 

സ്റ്റാര്‍ട്ടപ് റാങ്കിംഗ്: കേരളം ഇന്ത്യയിലെ മികച്ച നാലു സംസ്ഥാനങ്ങളിലൊന്ന്