women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,
in , , ,

കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

കാലമിത്ര കഴിഞ്ഞിട്ടും കലാ-സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടും എന്ത് കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോഴും വിരലിലെണ്ണാവുന്നത്ര മാത്രം വനിതാ സംവിധായകർ ( women directors )? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലത്തായി ചലച്ചിത്ര രംഗത്തും സജീവ ചർച്ചയായ സ്ത്രീ വിരുദ്ധത എന്ന വിഷയമാണെന്നത് നിഃസംശയം.

മലയാള ചലച്ചിത്ര രംഗത്ത് കാലങ്ങളായി നിലനിന്ന ചില മാമൂലുകൾ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അടുത്തിടെ ആ മേഖലയിൽ അരങ്ങേറുന്ന വിവാദങ്ങൾ നല്ലൊരു ശുദ്ധികർമ്മത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ചലച്ചിത്ര രംഗത്ത് നടികൾ ഉൾപ്പെടെയുള്ള വനിതാ ചലച്ചിത്ര പ്രവർത്തകർ നേരിടുന്ന പ്രതിസന്ധികൾ സമൂഹമധ്യത്തിൽ വെളിവാക്കപ്പെട്ടപ്പോൾ അതുവരെ താരപ്പകിട്ടിൽ മതിമയങ്ങി നിന്നിരുന്ന ആരാധക വൃന്ദം കുറച്ചൊന്നുമല്ല ഞെട്ടിയത്.

കഴിവിന്റെ കുറവോ താല്പര്യമില്ലായ്മയോ അല്ല സംവിധാന രംഗത്തു നിന്ന് സ്ത്രീകളെ പിന്നോട്ടടിക്കുന്നത്. മറ്റ് ഏതൊരു കലാ-സാംസ്കാരിക-സാങ്കേതിക രംഗത്തും സ്ത്രീകൾ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കെ സംവിധാന രംഗത്തേയ്ക്ക് മാത്രം പല സ്ത്രീകളും ചുവടു വയ്ക്കാൻ മടിക്കുന്നതിൽ പ്രധാന കാരണം തിരയുമ്പോൾ ഏറ്റവും ആദ്യം മുന്നിലെത്തുന്ന തടസ്സം ഈ രംഗത്തെ സ്ത്രീ വിരുദ്ധ നിലപാട് തന്നെയാണെന്നത് സുവ്യക്തം.

ഗൃഹാതുരത്വത്തെ ‘കൂടെ’ കൂട്ടിയ അഞ്ജലി മേനോൻ

women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,തൊഴിൽ രംഗത്ത് തന്റെ പാദമുദ്ര പതിപ്പിക്കുവാൻ ഏതൊരു വ്യക്തിക്കും കുടുംബത്തിന്റെ പിന്തുണ അത്യാവശ്യമാണെന്നിരിക്കെ അക്കാര്യത്തിൽ അനുഗ്രഹീതയാണ് പ്രശസ്ത സംവിധായികയായ അഞ്ജലി മേനോൻ. തന്റെ കുടുംബാംഗങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയെ പറ്റി ഇതിനോടകം അവർ പലവട്ടം വെളിപ്പെടുത്തിക്കഴിഞ്ഞു. പ്രസന്നമായ വ്യക്തിത്വം സദാ കാത്തു സൂക്ഷിക്കുന്ന അഞ്ജലിയെ പറ്റി സഹപ്രവർത്തകർക്കും നല്ലതേ പറയാനുള്ളൂ.

2000-ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക് ഓർ വൈറ്റി’ലൂടെ സംവിധാന രംഗത്തേയ്ക്ക് കാലെടുത്തു വച്ച അഞ്ജലി ‘കേരള കഫെ’ എന്ന ചലച്ചിത്രത്തിലെ ‘ഹാപ്പി ജേണി’ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തു. എന്നാൽ മലയാളിയുടെ ഗൃഹാതുരത്വത്തെ നന്നായി തൊട്ടുണർത്തിയ ‘മഞ്ചാടിക്കുരു’ എന്ന ചിത്രമാണ് ഈ വനിത സംവിധാനം നിർവ്വഹിച്ച ആദ്യ മുഴുനീള മലയാള ചിത്രം. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

കൂടാതെ 2009-ൽ ന്യൂയോർക്കിൽ വച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങളും നേടിയിരുന്നു. ‘ ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയതിലൂടെ മികച്ച സംഭാഷണത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അഞ്ജലി സ്വന്തമാക്കിയിരുന്നു.

പിന്നീടൊരുക്കിയ ‘ബാംഗ്ലൂർ ഡേയ്സ്’ മലയാളത്തിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. അഞ്ജലിയുടെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രീതി നേടി എന്നത് ചെറിയ കാര്യമല്ല. വിജയങ്ങൾ ഇങ്ങനെ അണിനിരന്നെങ്കിലും ഈ സംവിധായികയും ഇപ്പോൾ ചില വെല്ലുവിളികൾ നേരിടുകയാണ്.

ബാംഗ്ലൂര്‍ ഡെയ്‍സിന് ശേഷമുള്ള അഞ്ജലി മേനോന്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തി എത്തുന്ന ‘കൂടെ’ എന്ന ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ചിലർ സൈബർ ആക്രമണങ്ങൾ തുടങ്ങിക്കഴിഞ്ഞതായി റിപ്പോർട്ടുണ്ട്.

ഇപ്പോള്‍ തീയേറ്ററുകളിലുള്ള റോഷ്‍നി ദിനകര്‍ ചിത്രം ‘മൈ സ്റ്റോറി’ക്ക് പിന്നാലെ പൃഥ്വിരാജ്-പാര്‍വ്വതി കോമ്പിനേഷന്‍ സ്ക്രീനിലെത്തുന്ന ചിത്രത്തിനെതിരെയും ചിലർ മോശം പ്രതികരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നടി പാർവതിയോടുള്ള അമർഷം തീർക്കാനാണ് ഈ നടപടിയെങ്കിലും ഇത് ചിത്രത്തിൻറെ വിജയത്തെ ബാധിക്കുമോ എന്ന ആശങ്കയും ചിലർക്കുണ്ട്. എന്നാൽ വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചു വരവും സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തില്‍ എത്തുന്നതും മറ്റും ചിത്രത്തിന്റെ വിജയത്തിന് മുതൽക്കൂട്ടാകുമെന്നും ശ്രുതിയുണ്ട്.

‘മൈ സ്റ്റോറി’യുമായെത്തിയ റോഷ്‌നി ദിനകർ

മലയാള വനിതാ സംവിധായകരുടെ നിലയിലേയ്ക്ക് അടുത്തിടെ കാലെടുത്തു വച്ച റോഷ്‌നി ദിനകർ പക്ഷേ പരിഭവത്തിലാണ്. നേരത്തെ പാർവതി വിരുദ്ധർ പുറത്തെടുത്ത സൈബർ പോരാട്ടം തന്റെ ‘ആദ്യ ചിത്രമായ മൈ സ്റ്റോറി’യുടെ ഗാനവും ടീസറും പുറത്തു വിട്ട വേളയിൽ അതിനെതിരെ തിരിഞ്ഞപ്പോൾ ഈ സംവിധായിക വളരെ പോസിറ്റീവായാണ് കാര്യങ്ങൾ നോക്കിക്കണ്ടത്.

പാട്ടുകൾക്കും ടീസറിനും ഡിസ് ലൈക്ക് പെരുമഴ തുടർന്നപ്പോൾ ഇത്രയധികം ആളുകൾ അവ കണ്ടല്ലോ എന്നും അത് ചിത്രത്തിൻറെ വിജയത്തിന് നിർണ്ണായകമാകുമെന്നും വിലയിരുത്തലുണ്ടായിരുന്നു.

എന്നാൽ അടുത്തിടെ ചിത്രം തീയേറ്ററിലെത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയോ എന്ന സംശയമാണ് ഈ പുതു സംവിധായികയ്ക്ക് അനുഭവപ്പെട്ടത്.

തന്റെ ചിത്രത്തെ പരാജയപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെ പ്രതികരിച്ച സംവിധായിക ഈ വിഷയത്തിൽ പൃഥ്വിയും പാർവതിയും പ്രതികരിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ചു. എന്നാൽ നടൻ അജു വർഗീസ് ചിത്രത്തെ അനുകൂലിച്ച് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.

18 കോടി രൂപ ചിലവാക്കിയ ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നുമാണ് സംവിധായികയുടെ പരാതി.

കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത തന്റെ സിനിമയെ തകര്‍ക്കാന്‍ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ നിരൂപണമെന്ന പേരില്‍ ദുഷ്പ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജും നായിക പാര്‍വതിയും സിനിമയിലെ വനിതാ കൂട്ടായ്മയും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

കുടുംബത്തോടൊപ്പം കാണാന്‍ കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചാരണങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നതായി അവർ പരാതിപ്പെട്ടു. തനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവരാരും തന്നെ സഹായിച്ചില്ലെന്നും ‘ഫെഫ്ക’ ഉള്‍പ്പെടെ സംഘടനകള്‍ക്കും ബംഗളൂരുവിലെ സൈബര്‍ സെല്ലിനും പരാതി നല്‍കിയതായും അവർ അറിയിച്ചിട്ടുണ്ട്.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഒട്ടനേകം ആളുകളുടെ അന്നമായ ഒരു ചിത്രത്തെ പരാജയപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുമ്പോൾ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അതിന് പ്രേക്ഷകരുടെ പിന്തുണയുണ്ടാകുമെന്നും പ്രതീക്ഷിക്കാം.

കരിന്തണ്ടന്റെ കഥയുമായി ലീല സന്തോഷ്

women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,പുതിയൊരു സംവിധായിക കൂടി മലയാള ചലച്ചിത്ര വേദിയിലേക്ക് എത്തുകയാണ്; ‘കരിന്തണ്ടൻ’ എന്ന ആദിവാസിയുടെ കഥയുമായി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകന്‍ പ്രധാന വേഷത്തിലെത്തുന്ന കരിന്തണ്ടന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചിത്രത്തെ കുറിച്ചും സംവിധായികയെ കുറിച്ചും ചർച്ചകൾ അരങ്ങേറി. ‘പണിയ’ സമുദായത്തില്‍പ്പെടുന്ന ലീല അങ്ങനെ ആദിവാസി സമുദായത്തില്‍ നിന്നുള്ള ആദ്യ സംവിധായിക കൂടിയാകുകയാണ്.

‘നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി’ എന്ന തന്റെ ആദ്യ ഹ്രസ്വചിത്രത്തിൽ ലീല പണിയ സമുദായത്തിന് നഷ്ടപ്പെടുന്ന ആചാരങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, പ്രൊഡക്ഷനായി പണമിറക്കാൻ ആരുമില്ലാത്തതിനാല്‍ അത് കരുതിയിരുന്നത്ര മികച്ചതായിരുന്നില്ലെന്ന് ലീല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കെ.ജെ ബേബിയുടെ ‘കനവി’ലൂടെയാണ് ലീല സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിച്ചത്. കെ.ജെ ബേബി സംവിധാനം ചെയ്ത ‘ഗുഡ’യില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ചതും സ്വന്തം അനുഭവത്തിലൂടെയും മറ്റും സിനിമയെ കുറിച്ച് പഠിച്ചതും ലീലയ്ക്ക് സഹായകരമാകുമെന്നാണ് കരുതുന്നത്. ‘കരിന്തണ്ടൻ’ എന്ന ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായികയുമായാണ് ലീല രംഗത്തെത്തുക.

എന്നാൽ ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ ഈ സിനിമയുടെ പുറകെയാണെന്നും സിനിമയുടെ ടൈറ്റിൽ നേരത്തെ രജിസ്റ്റർ ചെയ്തതാണെന്നും വ്യക്തമാക്കിക്കൊണ്ട് ഇപ്പോൾ ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനും ഫിനാന്‍സ് കണ്‍ട്രോളറുമായി പ്രവര്‍ത്തിച്ചു വരുന്ന ഗോപകുമാർ വെളിപ്പെടുത്തി.

കരിന്തണ്ടന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ ലീല തന്റെ ഫെയ്സ്‌ബുക്ക് പേജിലൂടെ പങ്കു വച്ചതോടെയാണ് വിവാദം ഉടലെടുത്തത്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന കഥയല്ല താൻ ചെയ്യാൻ പോകുന്ന കരിന്തണ്ടനെന്നും ഇതൊരു പാൻ ഇന്ത്യൻ സിനിമയായിരിക്കുമെന്നും ഗോപകുമാർ പറയുന്നു.

ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രത്തിൽ ഇന്ത്യയിലെ എല്ലാ ഭാഷയിൽ നിന്നുള്ള അഭിനേതാക്കൾ അണിനിരക്കുമെന്നും കനേഡിയൻ കമ്പനി സിനിമയുടെ നിര്‍മാണത്തോട് സഹകരിക്കാൻ രംഗത്ത് വന്നിട്ടുണ്ടെന്നും എല്ലാം അവസാനവട്ട ചർച്ചയിലാണെന്നും ഏകദേശം അറുപത് കോടിയാണ് ആ ചിത്രത്തിൻറെ ബജറ്റെന്നും ഗോപകുമാർ പറയുമ്പോൾ ലീലയുടെ കരിന്തണ്ടന്റെ ഭാവി എന്താകുമെന്ന് കാത്തിരുന്നു കാണുകയല്ലാതെ വേറെ നിവൃത്തിയില്ല.

കഴിഞ്ഞ വർഷം ഡിസംബർ 13-ന് ‘കരിന്തണ്ടൻ’ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായി അറിയിച്ച് ഗോപകുമാർ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഈ സിനിമയുമായി മുന്നോട്ട് പോകുമെന്നും എന്തായാലും ‘കരിന്തണ്ടൻ’ എന്ന ടൈറ്റിൽ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഗോപകുമാർ വ്യക്തമാക്കുമ്പോൾ വീണ്ടും മറ്റൊരു വിവാദത്തിന് വഴി തുറക്കുകയാണെന്ന് കരുതേണ്ടി വരും.

പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥയുമായി വിധു വിന്‍സെന്റ്

women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാളത്തില്‍ നിന്നുള്ള വിരലിലെണ്ണാവുന്ന സംവിധായികമാര്‍ മാത്രമേ ഇതുവരെ തങ്ങൾ അണിയിച്ചൊരുക്കിയ ചലച്ചിത്രങ്ങളുമായി എത്തിയിട്ടുള്ളൂ. ‘സഞ്ചാരം’ എന്ന ചിത്രത്തിലൂടെ ലിജി ജെ പുലാപ്പിള്ളി, ‘ജന്മദിന’ത്തിലൂടെ സുമ ജോസ്സന്‍, ‘മഞ്ചാടിക്കുരു’വിലൂടെ അഞ്ജലി മേനോന്‍, ‘അകം’ എന്ന ചിത്രത്തിലൂടെ ശാലിനി ഉഷ എന്നിവരുടെ നിരയിലേക്ക് വിധു വിന്‍സെന്റ് എന്ന സംവിധായികയും എത്തിയിരുന്നു.

എന്നാൽ ഐ എഫ് എഫ് കെയുടെ ചരിത്രത്തിലാദ്യമായി അതിന്റെ മത്സര വിഭാഗത്തിലേക്ക് കടക്കുന്ന സംവിധായിക എന്ന നേട്ടവും വിധു വിന്‍സെന്റ് കൈവരിച്ചിരുന്നു. ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയെ ‘മാൻഹോൾ’ എന്ന ഫീച്ചര്‍ സിനിമയായി പരിവർത്തനം ചെയ്ത വിധു എന്ന സംവിധായിക സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ കഥയുമായാണ് സമൂഹത്തിലെത്തിയത്.

തുടർന്ന് ചലച്ചിത്ര രംഗത്തെ വനിതാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ല്യൂസിസിയുടെ രൂപീകരണ വേളയിൽ പ്രധാന പങ്കു വഹിച്ച ഈ വനിത അടുത്തിടെ താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.

മുഖ്യധാരാ സിനിമകൾ കൈയൊഴിഞ്ഞ ഒരു വിഷയത്തെ അവതരിപ്പിച്ചതിലൂടെ 2016-ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമക്കുള്ള ഫിപ്രസി അവാർഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും സ്വന്തമാക്കിയിരുന്നു. മലയാള ചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിത എന്ന പദവി കൂടി വിധുവിന് അവകാശപ്പെട്ടതാണ്.

ഓസ്‌കാറിലേയ്ക്ക് പരിഗണിച്ച ലയേഴ്‌സ് ഡൈസുമായി ഗീതു 

women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,പ്രശസ്ത നടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൂടാതെ 2014-ൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന്‌ ഇന്ത്യയില്‍ നിന്നുള്ള എന്‍ട്രിയായി ഗീതുവിന്റെ ‘ലയേഴ്‌സ് ഡൈസ്‌’ തെരഞ്ഞെടുക്കപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു.

മിത്ര് മൈ ഫ്രണ്ടുമായി പ്രിയ നടി രേവതിയും

women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,മലയാളികളുടെ പ്രിയ നടിയായ രേവതിയും ഇതിനോടകം സംവിധാന രംഗത്തും ചുവടുറപ്പിച്ചു കഴിഞ്ഞു.

രേവതി സംവിധാനം ചെയ്ത ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ആദ്യ ചിത്രത്തില്‍ അവർ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

ശോഭന നായികയായെത്തിയ ആ ഇംഗ്ലീഷ് ചിത്രത്തിന് പുറമെ രേവതി അണിയിച്ചൊരുക്കിയ ‘ഫിര്‍ മിലേംഗെ’ എന്ന ചിത്രവും നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.

അണിയറയിൽ ഒതുങ്ങിക്കൂടിയവർ

‘ബാലേ’ എന്ന സംഗീത ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രുതി നമ്പൂതിരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തൽ സംവിധാന രംഗത്തേയ്ക്കുള്ള വനിതകളുടെ ആദ്യ കാല അനുഭവങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു റഷ്യൻ ചെറുകഥയെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാനരംഗത്ത് തുടക്കം കുറിച്ച ശ്രുതി സത്യജിത് റേയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ‘ചാരുലത’ എന്ന ചിത്രത്തിന്റെ സ്വതന്ത്ര പുനരാവിഷ്ക്കാരമായി മറ്റൊരു സംഗീത ചിത്രവും ചെയ്തിരുന്നു.

ഈ സംഗീത ചിത്രത്തിൽ സംവിധാനത്തിന് പുറമെ ആശയവും തിരക്കഥയും നിർവ്വഹിച്ചത് ശ്രുതിയായിരുന്നു. നിരൂപകപ്രശംസയും പ്രേക്ഷകശ്രദ്ധയും നേടിയ ശ്രുതി, ഭരത് ബാല പ്രൊഡക്ഷൻസുമായി രണ്ട് ഡോക്യുമെന്ററികൾ സംവിധാനം ചെയ്യുവാനുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’എന്ന ചിത്രത്തിലെ ‘തെമ്മാടി തെന്നലേ’ എന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ട് ശ്രുതി അടുത്തിടെ വാർത്തകളിലെത്തിയിരുന്നു.

2006-ല്‍ താൻ സിനിമാ സംവിധാന രംഗത്തേക്ക് കടക്കാന്‍ ഒരു ശ്രമം നടത്തിയതാണെന്നും എന്നാൽ അന്ന് ഈ മേഖലയില്‍ സ്ത്രീകള്‍ ഇത്രയധികം വന്നിട്ടില്ലാത്ത കാലമായതിനാലും മറ്റും പിന്മാറിയിരുന്നതായും ശ്രുതി വെളിപ്പെടുത്തി. ലിജി ജെ പുല്ലപ്പിള്ളിയെ പോലെ ശ്രദ്ധിക്കപ്പെടാതെ പോയ പല സംവിധായികമാരെ കുറിച്ചും ശ്രുതി സൂചിപ്പിച്ചു.

ലിജി സംവിധാനം ചെയ്ത ‘സഞ്ചാരം’ എന്ന സിനിമ 2004-ല്‍ പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീടവര്‍ക്ക് സിനിമാ മേഖലയില്‍ സജീവമാകാന്‍ കഴിഞ്ഞില്ലെന്നും ശ്രുതി വ്യക്തമാക്കി.

എന്നാൽ അക്കാലത്താണ് അഞ്ജലി എന്‍.എഫ്.ഡി.സിയുടെ സഹായത്തോടെ ‘മഞ്ചാടിക്കുരു’ ചെയ്തതെന്നും അന്ന് മുതൽ അവരോട് ആരാധനയും ബഹുമാനവും തോന്നിയതായും അവർ വെളിപ്പെടുത്തി.

അതെ, ഒട്ടേറെ പ്രതിഭകൾ അരങ്ങത്ത് എത്താനാകാതെ മറഞ്ഞിരിപ്പുണ്ടാകാം. അഥവാ വെല്ലുവിളികളെ അതിജീവിച്ച് തന്റെ സാന്നിധ്യം അറിയിച്ചിട്ടും പിന്നീട് അവസരം ലഭിക്കാതെ മറഞ്ഞു പോയിട്ടുണ്ടാകാം. എന്നാൽ മികച്ച പിന്തുണയോടെ സംവിധാന രംഗത്തെത്തിയ വനിതകൾ ചുരുക്കം തന്നെയാണെന്ന് സിനിമാ ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.

അയൽവക്കത്തെ സംവിധായിക നേരിട്ട ദുരിതം

‘വണ്ടർ വുമൺ ‘ പോലൊരു സ്ത്രീ പക്ഷ സിനിമയൊരുക്കിയ സംവിധായിക പാറ്റി ജെങ്കിന് ഒരു പക്ഷേ സങ്കൽപ്പിക്കാൻ പോലുമാകാത്ത പ്രതിസന്ധികളാകും ഈ കൊച്ചു കേരളത്തിലെ വനിതാ സംവിധായകരെ കാത്തിരിക്കുന്നത്. നമ്മുടെ തൊട്ടടുത്ത തമിഴ്നാട്ടിൽ ‘കക്കൂസ്’ എന്ന തമിഴ് ഡോക്യുമെന്ററി എടുത്ത് ശ്രദ്ധ നേടിയ ദിവ്യ ഭാരതി എന്ന യുവതിയെ വിവിധ കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിന് നാം കഴിഞ്ഞ വർഷം സാക്ഷികളായിരുന്നുവല്ലോ.

ജാതിവിവേചനത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ, തോട്ടിപ്പണിയില്‍ ഏര്‍പ്പെടുന്ന ജാതികളിലൊന്നായ പള്ളരുടെ പ്രശ്നങ്ങൾ സമൂഹമധ്യത്തിൽ കൊണ്ടുവന്നതിന്റെ പേരിൽ ആ യുവതിക്കെതിരെ അസഭ്യ വർഷം, വധഭീഷണികള്‍, കേസുകൾ എന്നു വേണ്ട ഒരു വ്യക്തിയെ മാനസികമായി തകർത്ത് തരിപ്പണമാക്കുവാൻ എന്തെല്ലാം പ്രായോഗിക്കാമോ അതെല്ലാം ഒരു സമൂഹം ചെയ്തു കഴിഞ്ഞു.

അതിന്റെ മറ്റൊരു വകഭേദമാണല്ലോ ഇപ്പോൾ നമ്മുടെ മലയാള ചലച്ചിത്ര രംഗത്തും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ അതിനൊരു പരിസമാപ്തി കുറയ്ക്കുമെന്നും സ്ത്രീകൾക്കും അന്തസ്സോടെ പണിയെടുക്കാനാകുന്ന ഒരു മേഖലയായി ചലച്ചിത്ര രംഗം മാറുമെന്നും കൂടുതൽ വനിതകൾ സംവിധാന രംഗത്തേയ്ക്ക് കടന്നു വരുമെന്നും നമുക്ക് പ്രത്യാശിക്കാം.

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മഞ്ചേരി മെഡിക്കല്‍ കോളേജ്: സ്റ്റോര്‍ കോംപ്ലക്‌സിന് രണ്ടര കോടി രൂപ 

‘ലേബല്‍ ആന്‍ഡെ’യുമായി ആനു നോബി ആറ്റിങ്ങലില്‍