in , ,

പെൺവാർത്തയുടെ വർഷം

നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്!

ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ ചുരുക്കം ചില വാർത്തകൾ ശുഭപ്രതീക്ഷകളേകി. പീഡനങ്ങൾക്കിരയാക്കിയ ശേഷം നരാധമന്മാർ രണ്ട് പിഞ്ചു കുരുന്നുകളെ കെട്ടിത്തൂക്കിയ വാർത്ത ഏതൊരമ്മയുടെയും മനസ്സു പൊള്ളിച്ചിരിക്കാം. കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമ സംഭവങ്ങൾ സംസ്ഥാന – ദേശീയ – അന്തർ ദേശീയ തലത്തിൽ പല തരത്തിൽ അരങ്ങേറവെ ഏതൊരു പൗരയും ആശങ്കാകുലയാകുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. 

വരും വർഷത്തിലെ വാരഫലമറിയുവാനായി കഴിഞ്ഞ വർഷത്തിലെ സ്ത്രീ കേന്ദ്രീകൃത വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാലോ?

സ്ത്രീവാർത്തയുടെ ലോകജാലകം 

സ്ത്രീ സ്വാതന്ത്ര്യത്തിൽ പുതുപുത്തൻ ചുവടുവയ്പ്പുകൾക്ക് സൗദി അറേബ്യ തുടക്കം കുറിച്ചത് ശുഭസൂചനയായി കരുതാം. സ്ത്രീകൾക്ക് സ്വയം വാഹനമോടിക്കുവാൻ അനുവാദം നൽകുന്ന തീരുമാനം സൗദി കൈക്കൊണ്ടു. സ്ത്രീകൾക്ക് വാഹന ലൈസൻസ് നൽകുന്നതിന് പുറമെ മൈതാനങ്ങളിൽ പ്രവേശനമനുവദിക്കുവാനും തീരുമാനമായി.

Hollywood march, me too, sexual abuse, harassment

‘മീ ടൂ’ ക്യാമ്പയിൻ

തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുവാനായി സ്ത്രീകള്‍ക്ക് പ്രചോദനമായ ‘മീ ടൂ’ ഹാഷ് ടാഗ് ക്യാമ്പയിൻ ലോകശ്രദ്ധ നേടി. സമൂഹമാധ്യമങ്ങളില്‍ തരംഗമായ മീ ടൂ ക്യാമ്പയിനിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  ലോസ് ആഞ്ചലസിലെ ഹോളിവുഡില്‍  നൂറു കണക്കിനാളുകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കൂടാതെ, ഈ ക്യാമ്പയിനെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി ടൈംസ് മാസിക തിരഞ്ഞെടുത്തു.

‘നിശ്ശബ്ദത ഭേദിച്ചവര്‍’ എന്നാണ് മീ ടൂ ക്യാമ്പയിനിൽ തുറന്നു പറച്ചിൽ നടത്തിയവരെ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് വിശേഷിപ്പിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്ന് വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ മീ ടൂ ക്യാമ്പയിന് അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റ് കാരണമായി. 

ഇന്ത്യലെ വനിതാ ന്യൂസ്‌മേക്കേഴ്‌സ്   

പുരുഷന്റെ തുണയില്ലാതെ മുസ്ലീം സ്ത്രീകൾക്ക് ഹജ്ജ് തീർത്ഥാടനം നടത്താനുള്ള അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ് കഴിഞ്ഞ വർഷത്തിലെ അവസാനദിനത്തിലെ സ്ത്രീപക്ഷ വാർത്ത. കൂടാതെ ‘മുസ്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍’ എന്ന പേരിൽ മുത്തലാഖ് നിരോധന ബിൽ ഡിസംബർ 28-ന് പാർലമെന്റിൽ അവതരിപ്പിച്ചത് കഴിഞ്ഞ വർഷത്തെ വിപ്ലവകരമായ കാര്യങ്ങളിലൊന്നായിരുന്നു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

talaq

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം രാജ്യത്താകമാനം പ്രസവാനുകൂല്യപദ്ധതി നടപ്പാക്കുന്നതിന് 2017 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയതും സ്ത്രീകൾക്ക് ശുഭവാർത്തയായി.

പ്രസവത്തിന് വിശ്രമം എടുക്കുന്നതിനെ തുടർന്ന് വനിതകള്‍ക്കുണ്ടാകുന്ന വേതനനഷ്ടം പണമായി കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്നതാണ് പ്രസവാനുകൂല്യ പദ്ധതി. ഈ വാർത്തകൾ ശുഭസൂചനയേകിയെങ്കിലും തൊഴിലിടങ്ങളില്‍ പീഡനത്തിന് വിധേയരാവുന്ന സ്ത്രീകളുടെ എണ്ണം ദേശീയതലത്തില്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ മാസം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്.

132 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍ 19 വര്‍ഷം അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി പദവി ഒഴിഞ്ഞതും വാർത്തയായിരുന്നു. പെൺകുട്ടികളെ ഇപ്പോഴും ദു:ശ്ശകുനമായി കണക്കാക്കുന്നതിൽ മുൻപന്തിയിലുള്ള ഹരിയാനയിൽ നിന്നും ഒരു നല്ല വാർത്ത എത്തിയിരുന്നു. 17 വർഷങ്ങൾക്ക് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിക്കുവാൻ മാനുഷി ഛില്ലർ എന്ന യുവതി കാരണക്കാരിയായി. 

Manushi-Chillar

ദേശീയതലത്തിൽ ഒരു നടിക്കെതിരെ വധഭീഷണി ഉയർന്നത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. ‘പത്മാവതി’ എന്ന ചിത്രത്തിനെതിരെ കർണി സേന ഉൾപ്പെടെയുള്ള സംഘടനകൾ അക്രമങ്ങൾ അഴിച്ചുവിട്ടപ്പോൾ അതിനെതിരെ ചിത്രത്തിലെ നായികയായ ദീപിക പദുകോൺ പ്രതികരിച്ചതാണ് ഇന്ത്യയുടെ പൈതൃക സംരക്ഷകരെന്ന് അവകാശപ്പെടുന്ന അസഹിഷ്ണുതാ വാദികളെ ചൊടിപ്പിച്ചത്.

പലവട്ടം ചിത്രീകരണം തടസ്സപ്പെട്ട ചിത്രത്തിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ വിവാദ ചലച്ചിത്രത്തിന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചതും വാർത്തയായി. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു പക്ഷെ ഏറ്റവും വലിയ പ്രതിസന്ധിയും വിവാദവും നേരിട്ട ചലച്ചിത്രമായിരിക്കും സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’.

Padmavati, UP, Govt, public outrage, Uttar Pradesh Government

രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ചിത്രത്തിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നു. എന്നാൽ കഴിഞ്ഞ മാസം അവസാനം ഉപാധികളോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇതുവരെ പുറത്തിറങ്ങാത്ത ഒരു ചിത്രത്തിൽ ചരിത്ര നായികയായ പത്മാവതിയെ അവഹേളിക്കുന്നുണ്ടെന്ന് ദീർഘദൃഷ്ടിയാൽ തിരിച്ചറിഞ്ഞവർ മഷിനോട്ടക്കാരെപ്പോലും അമ്പേ തോൽപ്പിച്ചു കളഞ്ഞു. അങ്ങനെ ‘പത്മാവതി ‘ ‘പത്മാവത് ‘ ആകുന്നു.

ഭാരത സ്ത്രീയുടെ ഭാവശുദ്ധി കാത്തു സൂക്ഷിക്കാനെന്ന വ്യാജേന പടപ്പുറപ്പാടിനിറങ്ങുന്നവർ മഹത്തായ ഭാരത സംസ്കാരത്തിന്റെ കടക്കൽ കത്തിവയ്ക്കുകയാണെന്ന് തിരിച്ചറിഞ്ഞെങ്കിൽ! ചരിത്ര വസ്തുതയെ വളച്ചൊടിക്കുന്നു എന്ന് ആക്രോശിക്കുന്നവർ യഥാർത്ഥ ചരിത്രമെന്തെന്ന് അറിയാൻ ശ്രമിച്ചെങ്കിൽ എത്ര നന്നായേനെ. എങ്കിൽ പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിനെ പോലുള്ളവർക്ക് അസഹിഷ്ണുതയുടെ ഇരകളാകേണ്ടി വരില്ലായിരുന്നു. 

S Durga, film, IFFK, Kamal, Sanal Kumar Sasidharan,

‘ഒരു പേരിലെന്തിരിക്കുന്നു’ എന്നരുൾ ചെയ്ത മഹാൻ ‘എസ് ദുർഗ’യ്ക്കു വന്ന ദുർഗതി അറിഞ്ഞിരുന്നുവെങ്കിൽ തന്റെ പ്രസ്താവന പിൻവലിച്ചേനെ. എന്തിനെയും ഏതിനെയും സ്വാംശീകരിക്കുന്ന ചിരപുരാതനമായ സനാതന ധർമ്മത്തിന് ഇക്കാലയളവിൽ ഹിന്ദുത്വ തീവ്രവാദത്തിൽ നിന്നേറ്റ പ്രഹരത്തിന്റെ മറ്റൊരു ഉദാഹരണമായി ഈ ചിത്രം. പേരു മാറ്റിയെങ്കിലും സനൽകുമാർ ശശിധരന്റെ ചിത്രത്തിന്റെ വിലക്ക് നീങ്ങിയില്ല.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘എസ് ദുര്‍ഗ്ഗ’യ്ക്ക് കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നൽകിയിരുന്നെങ്കിലും പ്രദർശനം നടന്നില്ല. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും എസ് ദുര്‍ഗ്ഗ ഉൾപ്പെടെയുള്ള രണ്ട് ചിത്രങ്ങള്‍ ജൂറി അധ്യക്ഷനെപ്പോലും അറിയിക്കാതെ സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച്‌ ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജി സമർപ്പിച്ചിരുന്നു.

WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,

സംസ്ഥാനതലത്തിലെ പ്രധാന സ്ത്രീപക്ഷ വാർത്തകൾ

 ഒരു മലയാള ചലച്ചിത്രത്തിന് ഈ വിധ വെല്ലുവിളികൾ നേരിടേണ്ടി വന്നതിന് പുറമെ എന്തുകൊണ്ടും സംഭവബഹുലമായിരുന്നു മലയാള ചലച്ചിത്ര മേഖല. യുവനടിക്കെതിരെ നടന്ന ആക്രമണമാണ് അതിൽ പ്രധാനം. സംഭവത്തെ തുടർന്ന് ദിലീപ് ജയിലിലായതും ഇന്ത്യയിലാദ്യമായി വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ‘ഡബ്ളിയു സി സി ‘ രൂപം കൊണ്ടതും വൻ വാർത്താപ്രാധാന്യം നേടി.

വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ ചിത്രങ്ങൾ 22-മത് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ അതേ മേളയിൽ നടി പാർവതി നടത്തിയ പ്രസ്താവന വൻ വിവാദങ്ങൾക്ക് തിരി കൊളുത്തി. ചിത്രങ്ങളിലെ സ്ത്രീവിരുദ്ധത മഹത്വവത്ക്കരിക്കുന്നതിനെതിരെ നടി തുറന്നടിക്കുന്നതിനിടയിൽ മമ്മൂട്ടി ‘കസബ ‘യിൽ ചെയ്ത സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാട്ടിയത് ഫാൻസിനെ ചൊടിപ്പിച്ചു.

മലയാളിയുടെ അസഹിഷ്ണുതയുടെ തോത് പ്രകടമാക്കുന്ന അഭിപ്രായ പ്രകടനങ്ങളാണ് തുടർന്ന് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിയത്. നടി പറഞ്ഞതിനെ വളച്ചൊടിച്ചും പ്രസ്തുത വീഡിയോ മുഴുവൻ കാണാതെയും സിനിമാരംഗത്തുള്ളവർ ഉൾപ്പെടെ നടിക്കെതിരെ യുക്തിപരമല്ലാത്ത വിമർശനങ്ങൾ ഉന്നയിച്ചു. പാർവതിയെ അനുകൂലിച്ച് മമ്മൂട്ടി രംഗത്തെത്തിയെങ്കിലും സൈബർ ചേകവന്മാരിൽ പലരും അങ്കക്കലി അടക്കിയില്ല.

നടിക്കെതിരെ അശ്ലീല പ്രയോഗം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ ആൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നിടത്തു വരെയെത്തി കാര്യങ്ങൾ. പോരാഞ്ഞ് പാർവതിയും പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ പോരാട്ടം തുടരുകയാണ്. യുവനടിക്കെതിരെ ആക്രമണമുണ്ടായ വേളയിൽ താൻ തന്റെ ചിത്രങ്ങളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തില്ലെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത് ഈ വേളയിൽ ഓർത്തു പോകുന്നു.

പാർവതിക്ക് പുറമെ നടിമാരായ പത്മപ്രിയ, ലക്ഷ്മി റായ്, ശ്രുതി ഹരിഹരന്‍, ചാര്‍മിള എന്നിവർ ചലച്ചിത്ര രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ കഴിഞ്ഞ വർഷം നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ വിവാദമായതിനും പൊതുസമൂഹം സാക്ഷികളായി.

Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 

ഇത്തരം പ്രതികൂല വാർത്തകൾക്കിടയിലും ചലച്ചിത്ര രംഗത്തെ വനിതകൾ ആദരിക്കപ്പെട്ടവർഷം കൂടിയായിരുന്നു 2017. വിധു വിൻസെന്റ് കേരളത്തിലെ മികച്ച സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സുരഭി ലക്ഷ്മി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയായി. വിവാദ നായിക പാർവതി ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദരിക്കപ്പെട്ടു. 22-മത് ചലച്ചിത്ര മേളയിൽ സുരഭിയെ തഴഞ്ഞ് പാർവതിയെ ആദരിച്ചെന്ന വിമർശനവും മേളയിലെ കല്ലുകടിയായിരുന്നു.

ബുദ്ധിജീവികളെന്ന സ്വയം പ്രഖ്യാപനത്തിനായി വേഷം കെട്ടുന്നവരെ ‘ഫെമിനിച്ചി’കളെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതിനും ചലച്ചിത്രമേള കാരണമായിത്തീർന്നു. ‘ഫെമിനിച്ചി’യെന്നും ‘കുലസ്ത്രീ’യെന്നുമുള്ള ചേരിതിരിവിനിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാനായി അഹോരാത്രം കഷ്ടപ്പെടുന്ന പാവം സ്ത്രീകളെ ഏവരും മറന്നു.

അല്ലെങ്കിൽ തന്നെ ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നതാണല്ലോ നമ്മുടെ നയം. പകൽ മാന്യന്മാർ സദാചാര ആങ്ങളമാരായി വേഷം കെട്ടി മര്യാദയ്ക്കു നടക്കുന്നവരെയും ശല്യപ്പെടുത്താൻ തുനിഞ്ഞപ്പോൾ ചില ‘വിളഞ്ഞ വിത്തുകൾ’ കിട്ടിയ അവസരം മുതലെടുത്ത് തെരുവുകളിൽ ചുംബന സമരം നടത്തിയതിനും സാംസ്കാരിക പ്രബുദ്ധത അവകാശപ്പെടുന്ന പാവം മലയാളികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നുവല്ലോ!

സദാചാരത്തിന്റെയും അശ്ലീലത്തിന്റെയും അതിർവരമ്പുകൾ മാഞ്ഞു പോയോ എന്ന് ചിന്തിക്കേണ്ടി വന്നു സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നപ്പോൾ. പല ക്രിമിനൽ കേസുകളിലും പ്രതിയായ സരിതയുടെ കത്തുകൾ ചർച്ച ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ഏറെ ആശ്വാസകരം തന്നെ. 

സർക്കാർ ചിലവിൽ സരിത വെളിപ്പെടുത്തിയ പദസഞ്ചയം പ്രബുദ്ധ കേരളത്തിന്റെ ശിരസ്സിൽ വെള്ളിടിയായി വീഴുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപാണ് മകൻ നഷ്ടപ്പെട്ട ഒരമ്മയെ തെരുവിൽ വലിച്ചിഴക്കുന്നതിന് നാം മലയാളികൾ സാക്ഷികളായത്.

എന്നാൽ ജിഷ്ണുവിന്റെ ദുരൂഹ മരണം അന്വേഷിക്കുവാൻ ഒടുവിൽ സിബിഐ തയ്യാറായത് മഹിജയെന്ന അമ്മയുടെ വിജയമായി കണക്കാക്കാവുന്നതാണ്. പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനി അതിദാരുണമായി കൊല്ലപ്പെട്ട കേസിൽ മുഖ്യ പ്രതിയായ അമീറുൾ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതും വാർത്തകളിൽ നിറഞ്ഞു. കൂടാതെ ഹണി ട്രാപ്പിനെ തുടർന്ന് ഒരു സംസ്ഥാന മന്ത്രി രാജി വയ്ക്കുന്ന സ്ഥിതി വരെ സംജാതമായി. 

jishnu, mahija, arrest,

പ്രകൃതിക്കും സ്ത്രീകൾക്കുമെതിരെ വർധിച്ചു വരുന്ന അക്രമങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വേളയിൽ ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഭരണഘടനാ ബെഞ്ചിനു വിട്ടതും വാർത്തകളിൽ ഇടം നേടി.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് പരമോന്നത നീതിന്യായ കോടതി വ്യക്തമാക്കി. തുടർന്ന് പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ രംഗത്തെത്തി.

കൂടുതൽ ഭക്തർ കാനന ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഗണിക്കണമെന്ന സുഗതകുമാരി ടീച്ചറുടെ ഗൗരവമുള്ള പ്രസ്താവന ഈ അവസരത്തിൽ ഓർത്തു പോകുന്നു. എന്നാൽ മുൻ ഐഎ എസ് ഉദ്യോഗസ്ഥനും നിലവിൽ കേന്ദ്ര മന്ത്രിയുമായ പ്രമുഖന്റെ ഭാര്യ നടത്തിയ ‘റിലാക്സേഷൻ’ പ്രസ്താവനയും ജിമിക്കിക്കമ്മലെന്ന തട്ടുപൊളിപ്പൻ പാട്ടിന് നൽകിയ യുക്തിരഹിതമായ വിശദീകരണത്തെ തുടർന്ന് ‘ചിന്തയടി’യും നവ മാധ്യമങ്ങളിൽ പരിഹാസത്തിന് കാരണമായി.

എങ്കിലും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പല രംഗങ്ങളിലെ സ്ത്രീകളും യുക്തിസഹമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും മികച്ച പ്രവർത്തങ്ങൾ കാഴ്ച്ച വച്ചും ശ്രദ്ധേയരായ വർഷം കൂടിയായിരുന്നു 2017. ചിലവ ചിലർക്ക് അഹിതമാണെങ്കിലും മറ്റു ചിലർക്കവ ഹിതമായി ഭവിച്ചു കൂടെന്നില്ലല്ലോ!

എന്തായാലും നീതിയും സമത്വവും തേടുന്നവരുടെ മനം കുളിർപ്പിക്കുന്ന വാർത്തകളുടെ തനിയാവർത്തനമാകട്ടെ തുടർ വർഷങ്ങളും എന്നാശിച്ചു കൊണ്ട് നമുക്കീ പുതു വർഷത്തെ എതിരേൽക്കാം.

 – ശാലിനി.വി.എസ്.നായർ  

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാങ്കുകള്‍ എടിഎം ഇടപാട് നിരക്ക് വർധിപ്പിക്കുമെന്ന് സൂചന

Parvathy, My Story, dislikes, Jude Antony,  Cyber attack, Kasaba, Controversy, Mammootty , Prithviraj, Roshni Dinaker ,song,IFFK, open forum, actress, case, 

ഡിസ്‌ലൈക്കുകളുടെ പെരുമഴ; മൈ സ്റ്റോറിയെ പിന്തുണച്ച് ജൂഡ്