സാഹിത്യവും സമകാലീന കലയും പരസ്പര പൂരകങ്ങള്‍: സേതു

കൊച്ചി: സാഹിത്യവും സമകാലീനകലയും തമ്മില്‍ വേര്‍തിരിക്കാനാവാത്ത ബന്ധമുണ്ടെന്ന് പ്രശസ്ത എഴുത്തുകാരന്‍ സേതു. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കം കാണാന്‍ പ്രധാനവേദിയായ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം.

‘ആശ്വിനത്തിലെ പൂക്കള്‍’ എന്ന കഥയെഴുതുന്നതില്‍ വേര്‍ഡ്സ് ആന്‍ഡ് സിംബല്‍സ് എന്ന കലാസൃഷ്ടി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് സേതു പറഞ്ഞു. ‘ആശ്വിനത്തിലെ പക്ഷികളുടെ മുട്ടകള്‍ ഉടഞ്ഞ് പരന്നത് പോലുള്ള മഞ്ഞപ്പൂക്കള്‍’ എന്ന പ്രയോഗം തന്നെ കലാസൃഷ്ടികള്‍ കണ്ടതില്‍ നിന്ന് ലഭിച്ച സ്വാധീനമാണ്.

തന്‍റെ കഥകളില്‍ വായനക്കാരന് അനുഭവിക്കാന്‍ കഴിയുന്ന നിറങ്ങളുടെ സങ്കലനം സമകാലീനകലാസൃഷ്ടികള്‍ നിരന്തരമായി ശ്രദ്ധിക്കുന്നതിന്‍റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്നെ സാഹിത്യവും സമകാലീനകലയും പരസ്പര പൂരകങ്ങളാണ്. സാഹിത്യത്തില്‍ നിന്ന് കല, സംഗീതം എന്നിവയിലും തിരിച്ചും സ്വാധീനങ്ങളുണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യ ലക്കം മുതല്‍ ബിനാലെ മികച്ച അനുഭവമാണ് നല്‍കിയതെന്ന് സേതു പറഞ്ഞു. ബിനാലെ തുടങ്ങുന്നതു മുതലുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ക്യൂറേറ്റര്‍മാര്‍ക്ക് കലയോടുള്ള ആഭിമുഖ്യം ഓരോ ലക്കത്തിലും പ്രകടമാണ്.

‘അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്’ എന്ന അനിത ദുബെയുടെ ക്യൂറേറ്റര്‍ പ്രമേയം എല്ലാ പ്രതിഷ്ഠാപനങ്ങളിലും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സമന്വയിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. വില്യം കെന്‍റ്റിഡ്ജിന്‍റെ മോര്‍ സ്വീറ്റ്ലി പ്ലേ ദി ഡാന്‍സ് എന്ന വീഡിയോ പ്രതിഷ്ഠാപനം ഏറെ ഇഷ്ടമായെന്ന് സേതു പറഞ്ഞു.

കലാകാരന്മാര്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രത്യേകതയെന്ന് ബിനാലെ സന്ദര്‍ശനത്തിനെത്തിയ പ്രശസ്ത സിനിമ താരവും സമകാലീനകലാ വിദ്യാര്‍ത്ഥിയുമായ കാര്‍ത്തിക മുരളീധരന്‍ പറഞ്ഞു.

പല ആര്‍ട്ടിസ്റ്റുകളും സ്വന്തം ചോദനയെ തൃപ്തിപ്പെടുത്താനാകും സൃഷ്ടികള്‍ നടത്തുന്നത്. ഈ സൃഷ്ടികള്‍ക്ക് മികച്ച പ്രദര്‍ശനവേദിയാണ് ബിനാലെയിലൂടെ ലഭിക്കുന്നതെന്നും കാര്‍ത്തിക പറഞ്ഞു. ബിനാലെ നാലാം ലക്കം കാണാന്‍ രണ്ടാം തവണയാണ് കാര്‍ത്തികയെത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സിഐഎ’ എന്ന സിനിമയിലെ നായികാപദവിയിലൂടെയാണ് കാര്‍ത്തിക മലയാള സിനിമയിലെത്തുന്നത്. പിന്നീട് മമ്മൂട്ടിയോടൊപ്പം ‘അങ്കിള്‍’ എന്ന സിനിമയിലെ നായികാവേഷവും ശ്രദ്ധയാകര്‍ഷിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദധാരിയായ കാര്‍ത്തിക ബംഗളുരു സൃഷ്ടി കലാലയത്തിലെ സമകാലീനകല വിദ്യാര്‍ത്ഥി കൂടിയാണ്. ബിനാലെ മൂന്നാം ലക്കത്തിന്‍റെ കൊളാറ്ററല്‍ പ്രദര്‍ശനത്തില്‍ തന്‍റെ കോളേജായ സൃഷ്ടിയിലെ സംഘത്തിനൊപ്പം കാര്‍ത്തികയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സീറ്റ് സംബന്ധിച്ച് പരസ്യമായ വില പേശലുകൾ ഇപ്പോൾ ഉചിതമല്ല: ഘടകകക്ഷികളോട് സുധീരൻ

തൃശ്ശൂരിൽ നാളെ നവോത്ഥാന സംഗമം