in , ,

മുൻവിധികളില്ലാതെ ചരിത്രത്തെ വായിക്കുമ്പോൾ

ഹിന്ദുക്കളല്ലാത്തവർ ഇന്ത്യക്കാരല്ലെന്നും അവർ ഇന്ത്യ വിടണമെന്നുമാക്രോശിക്കുന്ന ഭരണാധികാരികൾ ഇവിടെ വിരളമല്ലാതാവുന്നു. ഇസ്ലാമിക തീവ്രവാദികളാവട്ടെ, സമാന്തരമായി നിന്ന് ആയുധമേന്തുന്നു. ഇസ്ലാം ഒഴിച്ച് വേറെ ആരും വേണ്ട എന്ന ആശയത്തിൽ മുഴുകുകയും അതിന്റെ യുക്തിക്കനുസരിച്ചുള്ള അക്രമങ്ങളിലേർപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ പരിഷ്കരണ ചിന്തകളുടെ കേന്ദ്രീകരണത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ആവിർഭാവം; ആചാരാനുഷ്ഠാനങ്ങളോടും വിശ്വാസങ്ങളോടും വെല്ലുവിളി മുഴക്കിക്കൊണ്ട് . അതൊന്നും വിസ്മരിക്കാൻ ചരിത്രത്തിനാവില്ല. ഈ നാടിന്റെ ഇടതുപക്ഷ ജൈവികതയുടെ അടിസ്ഥാനവും അതാണ്. അതിന്റെ ബാലപാഠം അനുഷ്ഠിക്കാൻ പോലും ത്രാണിയില്ലാത്തവരായി ഇന്ന്  അവരും രൂപാന്തരപ്പെട്ടു. ഇത്തരമൊരു ചരിത്രദശയിലാണ് ഈ കൃതി പ്രസക്തമാകുന്നത്.

ഇസ്ലാമും കേരളവും: സംസ്കാരം, രാഷ്ട്രീയം എന്ന കൃതിയെ  എഴുത്തുകാരൻ  എ. പദ്‌മനാഭൻ വായിക്കുന്നു. 

സാഹിത്യ പ്രവർത്തക സഹകരണ സംഘം ഈയിടെ പ്രസിദ്ധപ്പെടുത്തിയ ‘ഇസ്ലാമും കേരളവും: സംസ്കാരം, രാഷ്ട്രീയം’ എന്ന ഗ്രന്ഥം ചരിത്രത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ വായനയുടെ അനന്തരഫലമാണ്‌. രണ്ടു പേരാണ് അതിനു മുതിർന്നത്. പ്രിയ സുഹൃത്തും ചരിത്രകാരനുമായ അബ്ദുള്ള അഞ്ചില്ലത്തും സാമൂഹികശാസ്ത്രവിഷയങ്ങളിൽ രചനകൾ നിർവഹിക്കുന്ന ദിനേശൻ വടക്കിനിയിലും. ഇസ്ലാമിന്റെ മലബാറിലേക്കുള്ള പ്രവേശവും അതുണ്ടാക്കിയ സാമൂഹിക രൂപീകരണങ്ങളും പഠനവിധേയമാക്കുന്ന ‘മലബാറിലെ ഇസ്ലാമിന്റെ ആധുനിക പൂർവ ചരിത്രം’ എന്ന അഞ്ചില്ലത്തിന്റെ ആദ്യഗ്രന്ഥം പശ്ചാത്തലമായി വായിച്ചതിന്റെ അറിവനുഭവങ്ങളിൽ നിന്നാണ് ഈ ഗ്രന്ഥത്തിലേക്കുള്ള വികാസത്തെ നിരീക്ഷിക്കേണ്ടത്. ആ നിലയിൽ ,ഉത്തരകേരളത്തിന്റെ ചരിത്രവികാസപ്രക്രിയകളിൽ ഇസ്ലാമിന്റെ സ്വാധീനം എത്രത്തോളമെന്നറിയുക മാത്രമല്ല, ചരിത്രത്തിന്റെ സംസ്കൃതിയും രാഷ്ട്രീയവും നിർണയിക്കപ്പെടുന്നതിൽ മതദർശനങ്ങളുടെ കൃത്യമായ പങ്ക് എന്തായിരുന്നുവെന്ന് വായിച്ചെടുക്കാനും നമുക്കു സാധിക്കുന്നു.

ചരിത്രകാരന്മാരുടെ മതേതരവായനക്ക് ദൃഷ്ടാന്തമാക്കാവുന്ന ഒരു കൃതിയാണിത്. അത്രത്തോളം ഈ കൃതി ആദരണീയമാണ്. അതേസമയം, ചരിത്രം യഥാപ്രകാരത്തിൽ, മത – വർഗ – വംശാധിനിവേശ – രാജാധിപത്യ – ഭരണകൂടപര വായനകളെ അതിജീവിക്കണമെന്ന, ഒരാശയഗതിയിൽ വിശ്വാസമർപ്പിക്കുന്ന ഒരാൾ ഇത്തരം ചരിത്രരചനാരീതിയെ അടിസ്ഥാന ദിശയായി ഏറ്റെടുക്കണമെന്നില്ല. ‘ചരിത്രവും ഹിന്ദുവും’ , ‘ക്രിസ്തുമതവും കേരള സംസ്കാരവും’ …ഇമ്മട്ടിലുള്ള ചരിത്രനിരീക്ഷണരീതികൾ പ്രതിനിധാനം ചെയ്യുന്ന നിരീക്ഷണ ഞെരുക്കങ്ങൾ ഇവിടെയും ബാധകമാകാം.

മനുഷ്യൻ മനുഷ്യനെ കേന്ദ്രീകരിച്ച് ആഖ്യാനിക്കുന്ന ചരിത്ര നിർമിതിയാണല്ലൊ നമ്മുടേത്. അതിനപ്പുറം, സംഭവങ്ങളും പ്രതിഭാസങ്ങളും രൂപപ്പെടുത്തുന്ന പ്രകൃതിയുടെ വ്യവഹാരങ്ങളെ ചരിത്രരചനക്കാർ പൊതുവെ പരിഗണിക്കാറില്ല. ഉദാഹരണമെടുത്താൽ പ്രളയങ്ങളെയും സർവനാശങ്ങളെയും കുറിക്കുന്ന സൂചനകൾ മിക്ക മതഗ്രന്ഥങ്ങളിലും കാണാം. അവയൊന്നും മനുഷ്യനിർമിതങ്ങളല്ല. അവ ചരിത്രമല്ലെന്നു വിധിച്ച് തള്ളിക്കളയാനുമാവില്ല. ഒരു പക്ഷെ, മനുഷ്യാതീതകാലം തൊട്ടേ, മനുഷ്യനു വിസ്മരിക്കാനാവാത്ത ഒരേയൊരു ചരിത്രം പ്രളയാനുഭവങ്ങളായിരിക്കും.

എ. പദ്‌മനാഭൻ

”ആകാശത്തിന്റെ ജാലകങ്ങൾ തുറന്നു. നാൽപതു രാവും നാൽപതു പകലും മഴ പെയ്തു … ആകാശത്തിനു കീഴെ തലയുയർത്തി നിന്ന സകല പർവതങ്ങളും വെള്ളത്തിന്നടിയിലായി….മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും തുടച്ചു മാറ്റി… വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.”  (ഉൽപത്തി പുസ്തകം)…എന്നിട്ടും നമ്മൾ ചരിത്രഘടനയിൽ മനുഷ്യേതര ഘടകങ്ങളുണ്ടെന്ന ശാസ്ത്രീയ വിശ്വാസത്തെ മുഖവിലക്കെടുക്കാതിരിക്കുന്നു. ചരിത്രത്തിന്റെ സമഗ്രതയിൽ മതദർശനങ്ങളുടെ സാമഗ്രികൾ പരിമിതമായ ഒരു ഘടകം മാത്രമേയാകുന്നുള്ളുവെന്നത് നിരീക്ഷിക്കാനാവണം. ഗ്രന്ഥകാരന്മാർ ആമുഖത്തിൽ ചൂണ്ടിക്കാട്ടിയ പോലെ: ‘കാലത്തെയും ഇടത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന ഒരു ഭൂമികയാവണം ചരിത്രനിർമിതി’. അവയിൽ നിന്ന് ഏതെങ്കിലുമൊരു ദർശനത്തിന്റേതായ കാല്പാടുകളെ വേർതിരിച്ചെടുക്കുകയെന്നത് അസാധ്യമാണ്. ജീവിതത്തിന്റെ ചലനാത്മകതയെ സമ്പൂർണമായി കാണണമെന്ന ത്വര ഈ ചരിത്ര ഗവേഷകർ മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും ഗ്രന്ഥം അത്തരമൊരു ഫലശ്രുതിയായെന്നു പറയാനുമാവില്ല.

കടന്നു വന്ന ഏതൊരു സാമൂഹിക ക്രമവും അതാത് സാമ്പത്തിക-രാഷ്ട്രീയ – സാമൂഹികക്രിയകളുടെയും വിവിധ വിശ്വാസസംഹിതകളുടെയും വിശ്വാസാതീത പ്രക്രിയകളുടെയും നൂലിഴകളാൽ നെയ്തുണ്ടാക്കപ്പെട്ടതാണ്. ഇന്നത്തെ സാമൂഹിക ജീവിതത്തിലെ ഒരുദാഹരണം മാത്രമെടുക്കൂ..ഒരാൾ (ഏതു മത വിശ്വാസിയോ ആവട്ടെ)കച്ചവടം തുടങ്ങുന്നു. അതിൽ മതപരതയില്ല. അതിലൂടെ രൂപപ്പെടുന്ന വ്യവഹാരബന്ധങ്ങളും മതപരമല്ല. അതിലൂടെ കൈവരുന്ന സാമ്പത്തിക ഘടനയും മതപരമല്ല. അതിലൂടെ പരിപോഷിക്കപ്പെടുന്ന ജീവിതസമൃദ്ധിയും മതപരമല്ല. അതു കൊണ്ടു തന്നെ എല്ലാറ്റിനും ശേഷം ഈ സാമൂഹ്യഗണിതത്തെ ചരിത്രത്തിൽ രേഖപ്പെടുത്തുമ്പോൾ നിശ്ചയമായും നമ്മൾ ചിഹ്നമാക്കേണ്ടത്, മത വ്യവഹാരത്തെയല്ല, മതേതര ഘടകങ്ങളെയാണ്. എക്കാലത്തെയും ചരിത്രത്തിന്റെ സുപ്രധാനഘടന ഇതു തന്നെയാണ്.

യഥാർഥ ചരിത്രാന്വേഷകർ മുൻവിധികളൊഴിവാക്കി ചരിത്രത്തെ വിധിക്കു ന്നവരാണല്ലൊ. അതിനുള്ള ധീരത ഈ കൃതി ഉടനീളം പ്രകടിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ഇവർ വെല്ലുവിളിക്കുന്നത് സാമ്പ്രദായിക ധാരണകളും, മത യാഥാസ്ഥിതിക പാരമ്പര്യങ്ങളും
നിക്ഷിപ്ത രാഷ്ട്രീയ വ്യവഹാരങ്ങളും നിർമിച്ചുവച്ച പാഠങ്ങളെയാണ്.

ജീവിതത്തെയും പ്രകൃതിയെയും ആധ്യാത്മികതയോടു ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുന്നവരാണല്ലൊ മതവിശ്വാസികൾ. രണ്ടിനേയും ഭൗതികതയോടു ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുന്നവരാണ് അതിഭൗതികവാദികൾ. യഥാർഥത്തിൽ, ഭൗതികതയുടെ അദൃശ്യ ഘടകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയാണ് ആത്മീയതയെന്നു നിർവചിക്കേണ്ടത്.

അതെത്രത്തോളം ദൃശ്യവൽക്കരിക്കപ്പെടുന്നോ അത്രത്തോളം ഭൗതികവൽക്കരിക്കപ്പെടും. അതേസമയം ആത്മീയഭാഗം അനന്തമായി തുടരും.. സ്വാഭാവികമായി ഭൗതികവൽക്കരണവും തുടർ പ്രക്രിയയാണ്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വൈരുധ്യാത്മക ബന്ധവും അനുസ്യൂതമാണ്.

“ആധുനിക കാലത്തും മലബാറിലെ പ്രപഞ്ച ബോധത്തിൽ ഒരാൾക്ക് ക്രിസ്ത്യാനിയായിരിക്കാനും തെയ്യം കൊണ്ടാടാനും കഴിയുന്നതിൽ വൈരുധ്യമില്ലെന്ന് ”  (ആദ്യത്തെ അധ്യായം) ലേഖകർക്ക് ഈ കൃതിയിൽ വിശദീകരിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. ഇവരുടെ അന്വേഷണം വിശ്വാസികൾക്കും അതിഭൗതികവാദികൾക്കുമിടയിൽ കുടുങ്ങിക്കിടക്കാതെ മറ്റൊരു ദിശ ആരായുന്നുണ്ട്. ചരിത്രരചനക്കു വേണ്ട പശ്ചാത്തല സാമഗ്രികൾ വളരെ ദരിദ്രമാണെന്നറിഞ്ഞു കൊണ്ടുതന്നെ യുക്തിനിഷ്ഠയോടെ ചിലതു കൂട്ടിച്ചേർത്തുകൊണ്ട് അവർ നിരീക്ഷണങ്ങളെ സുശക്തമാക്കുന്നു.

തുടർന്നുള്ള അധ്യായം ഇടതുപക്ഷത്തിന്റെ വിശേഷിച്ചും കമ്മ്യൂണിസ്റ്റു പാർടിയുടെ നിലപാടുകളും ന്യൂനപക്ഷ സംരക്ഷണ സമീപനങ്ങളും മുസ്ലീം സമുദായത്തിലുണ്ടാക്കിയ ചലനങ്ങളെ സംബന്ധിച്ചാണ്‌. മാനവികതയെ അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളിൽ, ന്യൂനപക്ഷമെന്ന ഏതു വിവക്ഷകളും താൽക്കാലികവും സാങ്കല്പികവുമാണ്. ഏതു വ്യക്തിയും ജനിക്കുമ്പോൾ സ്വതന്ത്രമാണ്. വിശ്വാസ പ്രമാണങ്ങളോ, സാമ്പ്രദായിക ആചാരങ്ങളോ, മതാനുഷ്ഠാനങ്ങളോ, ജീവിതപരിസരങ്ങളോ,ഏതെങ്കിലും ചേരികളിലേക്ക് പിന്നീടവരെ ചേർത്തു നിർത്തുകയാണ്.അതനുസരിച്ച്, ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും, അവർ സാമ്പ്രദായികമായ ന്യൂനപക്ഷ- ഭൂരിപക്ഷപ്പട്ടികയിൽ ഉൾപ്പെടുത്തപ്പെടുന്നു. ഇത് മനുഷ്യനിർമിതമായ ചട്ടക്കൂടു മാത്രമാണ്. ഈ വേർതിരിവുകൾക്കെല്ലാമപ്പുറത്ത് മനുഷ്യനെ പ്രതിഷ്ഠിക്കാൻ കഴിയുന്ന വീക്ഷണ രീതിയാണ് ഇടതുപക്ഷം.

വർഗപരമായി മനുഷ്യർ വിഭജിക്കപ്പെട്ടതിനെയും അപ്രകാരമുള്ള ചൂഷണരീതികളെയും ചോദ്യം ചെയ്യുവാനും സമത്വം സ്ഥാപിക്കാനുമുള്ള വിപ്ലവപരമായ മനോഭാവമാണ് ഇടതുപക്ഷമെന്നത്. ഈ തത്വം വിസ്മരിക്കപ്പെടുകയും അധികാരമുന്നണിയെ കേന്ദ്രമാക്കി പാർലമെന്ററി വ്യാപാരം പുഷ്ടിപ്പെടുത്താനുള്ള അവസരവാദ സമീപനത്തിലേക്ക് ഇടതുപക്ഷ വീക്ഷണവും അഭയം പ്രാപിക്കുന്നുവെന്നതാണ് അപകടം.വലതുപക്ഷം തുടർച്ചയായി നിർവഹിച്ചുകൊണ്ടിരിക്കുന്ന, അധികാര രാഷട്രീയ ലക്ഷ്യങ്ങളെ ഉന്നംവച്ചുള്ള  ന്യൂനപക്ഷ വഞ്ചനയുടെ മറുപുറമാണ് ഈ അവസരവാദ സമീപനം. ആ പ്രവണത വളർന്നു വന്ന്, പാർലിമെന്ററി വ്യാപാരങ്ങളിൽ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏതളവുകോലും മത-സാമുദായികപരമായ മാപനങ്ങളായി മാറിയിരിക്കുന്നു.ഇത് ഒരു നവോത്ഥാനസമൂഹത്തിന് ഭൂഷണമല്ല. ഈ സമീപനം വളരെ മുമ്പേ രാഷ്ട്രീയ ലാഭത്തിനു വേണ്ടി കോൺഗ്രസ് സ്വീകരിച്ചുവെന്നതാണു് ജനാധിപത്യ – മതേതരഇന്ത്യക്കു സംഭവിച്ച ഏറ്റവും വലിയ കളങ്കം. നെഹ്റുവിനെപ്പോലും മാതൃകയാക്കുവാൻ കോൺഗ്രസിനു സാധിക്കാതെ പോയി. മതേതര പാരമ്പര്യത്തിന്റെ മഹത്തായ മുഖമായിരുന്നു നെഹ്റു .

തുടർന്ന്  വലതുപക്ഷ രാഷ്ട്രീയക്കാർ ഇന്ത്യൻ സാമൂഹിക ധാരയിൽ പ്രയോഗിച്ച വർഗീയ പ്രീണന നയങ്ങൾ ഒന്നൊന്നായി ഇന്ത്യയുടെ മതേതര ജനാധിപത്യ മഹദ് പാരമ്പര്യങ്ങളെ പരിഹസിക്കുന്നവയായിരുന്നു. അതിനു ബദലായി അവതരിപ്പിക്കപ്പെട്ട ഇടതുപക്ഷവും തെരഞ്ഞെടുപ്പജണ്ടയ്ക്കപ്പുറം രാഷ്ട്രീയമൂല്യങ്ങൾക്ക് വില കല്പിക്കാതിരുന്നതോടെ, അധികാരത്തിനു വേണ്ടി ജാതി-മത കാർഡുകളിറക്കി കളിക്കുന്നവരുടേതായിത്തീർന്നു രാഷ്ട്രീയരംഗമപ്പാടെ. ഇത് ശക്തമായ ഇടതുപക്ഷ അടിത്തറയുള്ള ദേശങ്ങളെക്കൂടി ദുർബലപ്പെടുത്തുന്ന സാഹചര്യത്തിലെത്തിച്ചു. മാത്രമല്ല, ജനാധിപത്യവൽക്കരണത്തിനു വേണ്ടിയും ദേശീയതയുടെ മർദക സ്വരൂപങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയും, ആദിവാസികൾക്കിടയിലും ദളിത് ,ന്യൂനപക്ഷ- പ്രാന്തവൽ കൃതവിഭാഗങ്ങൾക്കിടയിലും ഇതര ലൈംഗിക വിഭാഗങ്ങൾക്കിടയിലും വളർന്നു വരുന്ന വിമോചന മുന്നേറ്റങ്ങളെ ഏകോപിക്കാനുള്ള ദിശാമുഖവും മുൻകൈയും ഇടതുപക്ഷത്തിന് വിശേഷിച്ചും കമ്മ്യൂണിസ്റ്റ്കാർക്ക് കൈമോശവും വന്നു.

സവർണ ഫാഷിസത്തിന് ഹൈന്ദവതയുടെ മറപറ്റി ഇന്ത്യയിലവതരിക്കാനുള്ള വഴി വെട്ടിക്കൊടുക്കുകയായിരുന്നു ഫലത്തിൽ, ഇന്ത്യയിലെ വലത് – ഇടത് മുഖ്യധാരാ ഇടതുപക്ഷം. ഹിന്ദുക്കളല്ലാത്തവർ ഇന്ത്യക്കാരല്ലെന്നും അവർ ഇന്ത്യ വിടണമെന്നുമാക്രോശിക്കുന്ന ഭരണാധികാരികൾ ഇവിടെ വിരളമല്ലാതാവുന്നു. ഇസ്ലാമിക തീവ്രവാദികളാവട്ടെ, സമാന്തരമായി നിന്ന് ആയുധമേന്തുന്നു.ഇസ്ലാം ഒഴിച്ച് വേറെ ആരും വേണ്ട എന്ന ആശയത്തിൽ മുഴുകുകയും അതിന്റെ യുക്തിക്കനുസരിച്ചുള്ള അക്രമങ്ങളിലേർപ്പെടുകയും ചെയ്യുന്നു. കേരളത്തിൽ പരിഷ്കരണ ചിന്തകളുടെ കേന്ദ്രീകരണത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ആവിർഭാവം .. ആചാരാനുഷ്ഠാനങ്ങളോടും വിശ്വാസങ്ങളോടും വെല്ലുവിളി മുഴക്കിക്കൊണ്ട് . അതൊന്നും വിസ്മരിക്കാൻ ചരിത്രത്തിന്നാവില്ല . ഈ നാടിന്റെ ഇടതുപക്ഷ ജൈവികതയുടെ അടിസ്ഥാനവും അതാണ്. അതിന്റെ ബാലപാഠം അനുഷ്ഠിക്കാൻ പോലും ത്രാണിയില്ലാത്തവരായി ഇന്ന്  അവരും രൂപാന്തരപ്പെട്ടു.ഇത്തരമൊരു ചരിത്രദശയിലാണ് ഈ കൃതി പ്രസക്തമാകുന്നത്.

ഒരു ജനപദത്തിന്റെ കുടിയേറ്റമുണ്ടാക്കിയ ബൃഹത്തായ സംസ്കൃതികളെ നിരീക്ഷിച്ചു കൊണ്ട് വളരെ പ്രാധാന്യത്തോടെ അറേബ്യൻ ജനവിഭാഗങ്ങളും നമ്മുടെ മലനാടുമായുള്ള വിനിമയങ്ങളെ ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നു. ഇസ്ലാം മതാവിർഭാവത്തിനും മുമ്പെ, ഒരു പക്ഷെ, ബി.സി.യുഗത്തിൽ തന്നെ അതിന്റെ അടയാളങ്ങളുള്ളതായി സൂക്ഷ്മമായി ചരിത്രമന്വേഷിക്കുന്നവർ തിരിച്ചറിഞ്ഞിട്ടുണ്ടല്ലൊ. അറേബ്യൻ ദേശങ്ങളിൽ, ഇസ്ലാമിനു മുമ്പേയുള്ള സെമിറ്റിക് ഗോത്രങ്ങളുടെ ആത്മീയ ജീവിതത്തിന്റെ ഘടകങ്ങളായിരുന്ന തീർഥാടനം, മൃഗബലി, നരബലി, വിഗ്രഹാരാധന, ക്ഷേത്രാനുഷ്ഠാനങ്ങൾ എന്നിവ ഇതര ദേശ വിഭാഗങ്ങളുമായി, പരസ്പരം പകർന്നു നൽകപ്പെട്ടതായും പ്രസരിച്ചതായും ചരിത്രം വ്യക്തമാക്കുന്നു.

അറബ് ദേശീയതയുടെ വ്യാപനം ഏതോ കാലത്തു തന്നെ അതിർത്തികൾ കടന്നിട്ടുണ്ട്. മലനാടുമായുള്ള റോമൻ വാണിജ്യ ബന്ധം (തേക്ക്, കുരുമുളക്, ഏലം, കറുവ, … പഴയ വേദപുസ്തകത്തിൽ പോലും പരാമർശിക്കപ്പെട്ട,സുഗന്ധദ്രവ്യങ്ങളാൽ ആകർഷിക്കപ്പെട്ട് ) ക്രിസ്തുവിന് 3000 കൊല്ലം മുമ്പേ ആരംഭിക്കുന്നുണ്ടല്ലൊ. പിന്നാലെ ബാബിലോണിയക്കാർ, അസ്സീറിയക്കാർ, ഫിനീഷ്യർ… ഫിനീഷ്യർക്കു മുന്നേ അറബികൾ സുഗന്ധദ്രവ്യ വ്യാപാരത്തിന്റെ മുഖ്യ മധ്യവർത്തികളായി, ഇവിടെയെത്തിയിട്ടുണ്ട്. ആ വ്യാപാരത്തെകോർത്തിണക്കുന്ന സാമൂഹികശക്തികളും ഉൽപാദന വ്യവസ്ഥയും വികസിച്ചു വന്നിരുന്നു. ചരിത്രത്തെ രൂപപ്പെടുത്തുന്നത് ഈ ഘടകമാണല്ലൊ.

ഏതെങ്കിലും മതസംഹിതയുടെ മേൽവിലാസത്തിനപ്പുറം ഉൽപാദന മേഖലയിലെ അധ്വാനശക്തിയെന്ന വിശേഷണമാണ് അന്നത്തെ ജനവിഭാഗത്തിനു യോജിക്കുന്നത്.ആ ജീവിത ഘടനയിലേക്കു കുടിയേറുന്നവരെ, ആര്യന്മാർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ എന്നു പരിചയപ്പെടുന്നതിനേക്കാൾ, വിദേശ വ്യാപാരികൾ എന്നു സൗകര്യത്തിനു വിളിക്കുന്നതാവും കുറച്ചു കൂടി അനുയോജ്യം. വ്യാപാരമെന്നത് പ്രധാന ജീവിതരീതിയായതുകൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചത്..വ്യാപാര വ്യവസ്ഥയുടെ വികാസം ജീവിത സംസ്കാരങ്ങളും നിർണയിക്കുന്നു. ഇസ്ലാമിനു മുമ്പുള്ള അറേബ്യൻ ഗോത്ര സംസ്കൃതിയുടെ വ്യാപനം പ്രാചീന കാലം തൊട്ടേ ഇവിടെയും ഉണ്ടാവാതിരിക്കില്ലല്ലൊ. അതിന്റെ ഭാഗമായി ആരാധനാലയങ്ങളും രൂപപ്പെടും.. അതൊരു നീണ്ട പ്രക്രിയയാണ്. പഠനങ്ങളിലൂടെ, ഗവേഷണങ്ങളിലൂടെ കണ്ടുപിടിക്കപ്പെടുന്ന ഭൂതകാലവസ്തുതകളുടെ സമയപ്പട്ടികകൾക്കപ്പുറം, പ്രാദേശികജീവിതസമരങ്ങളുടെ അനുസ്യൂതമായ പ്രക്രിയ അത്തരമൊരു ചരിത്രരൂപീകരണത്തിന്നാവശ്യമാണ്. ആ വിധം സമ്പന്നമായ ചരിത്രം നമുക്കുണ്ടുതാനും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

മഴ പെയ്യും നേരം

സമ്പുഷ്ട കേരളം: കേരള ന്യൂട്രീഷ്യന്‍ മിഷൻ തുടങ്ങും