in , ,

മാർക്സ് കാണാ​തെപോയ കലയിലൂടെ ​മാർക്സിനെ​ കാണാം  

മാർക്സ് കാണാത്ത കല എന്ന് സിനിമയെപ്പറ്റി പറഞ്ഞത് മാങ്ങാട് രത്നാകരനാണ്.  കാൾ മാർക്സ് സിനിമ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹം സിനിമക്ക് അത്തരമൊരു നിർവചനം നൽകിയത്. സിനിമ കാണാൻ മാർക്സിന് കഴിയാതിരുന്നത്  അദ്ദേഹത്തിന്റെ മരണശേഷമാണ് സിനിമ ജനിച്ചത് എന്നതിനാലാണ്.

1818 ൽ ജർമനിയിലായിരുന്നു മാർക്സിന്റെ ജനനം. 1883 ൽ  തന്റെ അറുപത്തഞ്ചാമത്തെ വയസ്സിൽ  ലണ്ടനിലെ പ്രവാസജീവിതത്തിനിടയിലായിരുന്നു മരണം. മാർക്സിന്റെ മരണശേഷമാണ്  ലോകത്ത് ചലച്ചിത്ര കല പിറവിയെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ   ഒരു വ്യാഴവട്ടത്തിനു ശേഷം.  പാരീസിലെ ഫാക്ടറി തൊഴിലാളികളേയും മറ്റും ചിത്രീകരിച്ചുള്ള ലൂമിയർ സഹോദരന്മാരുടെ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ചലച്ചിത്രത്തിന്റെ പിറവി. 1895ലായിരുന്നു അത്.

ലോകത്തിന്റെ മുഖച്ഛായ തിരുത്തിയെഴുതിയ മഹാപുരുഷനാണ്  കാള്‍ മാര്‍ക്‌സ്. അതേ വരെയുള്ള ദാർശനികരെല്ലാം ലോകത്തെ വ്യാഖ്യാനിക്കാനാണ് ശ്രമിച്ചതെങ്കിൽ കാൾ മാർക്സ് അതിനെ തിരുത്തിയെഴുതി; അക്ഷരാർത്ഥത്തിൽ. മാർക്സിസം എന്ന ദർശനത്തോളം മനുഷ്യരാശിയെ സ്വാധീനിച്ച മറ്റൊരു ആശയസംഹിതയില്ല.

The Young Karl Marx3

ചരിത്രത്തിന്റെ വികാസഗതിയെ മാർക്സിനോളം സ്വാധീനിച്ച മറ്റൊരു വ്യക്തിയും ഭൂമുഖത്ത് ജനിച്ചുവീണിട്ടില്ലെന്നും പറയാം. ഒട്ടും അതിശയോക്തിയില്ലാതെ തന്നെ പറയാവുന്ന കാര്യമാണത്. മാർക്സിസത്തിനു മുൻപും ശേഷവും എന്ന് അത് ലോകത്തെ രണ്ടായി പകുത്തു. മാർക്‌സും ഏംഗൽസും  മാർക്സിസവും അതുയർത്തിവിട്ട ആശയ സംഹിതകളും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ധൈഷണിക മണ്ഡലങ്ങളിൽ മാറ്റത്തിന്റെ കാറ്റു വിതച്ചു. ലോകത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കി.

കാള്‍ മാര്‍ക്‌സിലെ മനുഷ്യനെയും ലോകം ആദരവോടെ  ദർശിച്ച മഹാനായ  ദാര്‍ശനികനെയും അടുത്തുകാണാനുള്ള  പരിശ്രമമാണ് “ദ യങ് കാള്‍ മാര്‍ക്സ്” എന്ന ചലച്ചിത്രം. 

ജർമ്മൻ/ഇംഗ്ലീഷ്/ഫ്രഞ്ച്  ഭാഷകളിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.  ഹെയ്തിയൻ സംവിധായകനായ റൗള്‍ പെക്കാണ് സംവിധാനം. “അയാം നോട്ട് യുവർ നീഗ്രോ”യിലൂടെ കഴിഞ്ഞ വർഷം  ഓസ്കർ നോമിനേഷൻ നേടിയ ചലച്ചിത്രകാരനാണ് റൗള്‍ പെക്ക്.  നൂറ്റിപ്പതിനെട്ട് മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം മാര്‍ക്സിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തിലേക്ക് ക്യാമറ തുറന്നുവെക്കുന്നു.  

The Young Karl Marx51842 മുതല്‍ 1847 വരെയുള്ള മാർക്സിന്റെ  ജീവിതത്തിലെ അഞ്ചു വര്‍ഷങ്ങളാണ് ചിത്രത്തിലുള്ളത്. സംഭവ ബഹുലമാണ് ഈ അഞ്ചു വർഷങ്ങൾ. അദ്ദേഹത്തിന്റെ ജീവിതത്തിലെ അതിപ്രധാനമായ പല വഴിത്തിരിവുകൾക്കും ഇക്കാലം  സാക്ഷ്യം വഹിക്കുന്നു. സന്തത സഹചാരിയായ ഏംഗൽസുമായുള്ള കണ്ടുമുട്ടൽ തന്നെ അതിൽ പ്രധാനം. ജർമ്മൻ ദാർശനികനും സാമൂഹ്യശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമെല്ലാം ആയിരുന്ന ഫ്രഡറിക് ഏംഗൽസുമായുള്ള ആ കണ്ടുമുട്ടലോളം സവിശേഷമായ മറ്റൊന്ന് മാർക്സിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. മാർക്സ്-ഏംഗൽസ് കൂട്ടുകെട്ട് രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെ അടിമുടി പൊളിച്ചെഴുതി. ഒരേ ചിന്താ ധാരയിൽ ചലിക്കുന്ന രണ്ട് ഉന്നത വ്യക്തിത്വങ്ങളുടെ അപൂർവ്വമായ സംഗമമായിരുന്നു നടന്നത്. ഒരു നിയോഗം പോലെ സംഭവിച്ച ആ കൂട്ടുകെട്ടിൽനിന്നു ലോകത്തിന് ലഭിച്ച സംഭാവനകൾ കണക്കിലെടുക്കുമ്പോഴാണ് ‘ചരിത്ര നിയോഗം ‘ എന്ന് ആവർത്തിച്ചാവർത്തിച്ച്  ക്ളീഷേ ആയിപ്പോയ ഒരു പദപ്രയോഗത്തിന്റെ പകരം വെക്കാനാവാത്ത പ്രസക്തി നാം തിരിച്ചറിയുന്നത്. എത്രമാത്രം ക്ളീഷേ ആയി നമുക്ക് അനുഭവപ്പെട്ടാലും ആവർത്തിച്ചാവർത്തിച്ച് തേഞ്ഞുപോയ ചിലതരം പദപ്രയോഗങ്ങൾക്ക് ചില നേരങ്ങളിൽ  പകരക്കാരില്ലെന്നു വരുന്നു.

ചരിത്രപ്രധാനമായ ആ  കൂടിക്കാഴ്ച നടക്കുന്നത് മുതല്‍ ഇരുവരും ചേർന്ന് 1848 ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കുന്നത്  വരെയുള്ള കാലഘട്ടമാണ് ചിത്രത്തിലുള്ളത്.   

ജീവിത പങ്കാളിയായ ജെന്നിയുമായുള്ള ബന്ധമാണ് ചിത്രം കൈകാര്യം ചെയ്യുന്ന മറ്റൊരു വിഷയം. ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള പ്രണയവും ദാമ്പത്യ ജീവിതവുമെല്ലാം ലോകം ഏറെ  ചർച്ച ചെയ്തതാണ്. മാർക്സ് ജെന്നിയ്ക്കെഴുതിയ അപൂർവ സുന്ദരമായ പ്രണയ കവിതകൾ മലയാളത്തിലേയ്ക്കടക്കം എത്രയോ ഏറെ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാർക്സ് ജെന്നിയെ കണ്ടുമുട്ടുന്നതും അടുത്തിടപഴകുന്നതും അവരുടെ പ്രണയജീവിതവുമെല്ലാം  മനോഹരമായി ചിത്രീകരിക്കുന്നു. രണ്ടു മനുഷ്യാത്മാക്കൾ തമ്മിലുള്ള  ഇത്തരം അഗാധമായ അടുപ്പവും സ്നേഹബന്ധവും കണ്ടറിയുന്ന ഒരാൾക്ക് അവരുടെ പിൽക്കാല ജീവിതത്തിലെ സംഭവവികാസങ്ങളോട് എളുപ്പത്തിൽ  താദാത്മ്യപ്പെടാനാവും. 

മൂന്നു പതിറ്റാണ്ടു കാലത്തോളം നീണ്ടു നിന്ന  ‘മൂലധന’ രചനയുടെ ഘട്ടത്തിൽ മാർക്സ് കുടുംബം അഭിമുഖീകരിച്ചതായി പറയപ്പെടുന്ന  ദുസ്സഹമായ ജീവിത സാഹചര്യങ്ങളും ജെന്നി അനുഭവിച്ച വിവരണാതീതമായ ദുരിതങ്ങളും സഹനങ്ങളും മാർക്സിന്റെ ധൈഷണിക ജീവിതത്തിന് വേണ്ടി  അവർ അനുഷ്ഠിച്ച  ത്യാഗവുമെല്ലാം ശരിയായ അർത്ഥത്തിലും ആഴത്തിലും മനസ്സിലാക്കാൻ അവരുടെ ആദ്യകാല ജീവിത ചിത്രീകരണത്തിലൂടെ  കഴിയുന്നു. 

ഇത്തരത്തിൽ കമ്മ്യൂണിസ്റ്റ്  സൈദ്ധാന്തികതയേക്കാളേറെ സുഹൃത്തും സഹപ്രവർത്തകനുമായ ഏംഗല്‍സുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ ബന്ധവും, ജെന്നിയുമൊത്തുള്ള ദാമ്പത്യ ജീവിതവുമെല്ലാമാണ് പാസ്കൽ ബൊണിറ്റ്‌സറും റൗൾ പെക്കും ചേർന്ന്  രൂപപ്പെടുത്തിയ തിരക്കഥയിൽ ഉള്ളത്.

ഇതിനിടയിലൂടെ  പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യൻ തൊഴിലാളികളുടെ ജീവിതവും  സൂക്ഷ്മതയോടെ  പകർത്തിവെയ്ക്കുന്നുണ്ട്. വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മൂലധനത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനവും വർഗസമരവും ഉൾപ്പെടെ  മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും കമ്മ്യൂണിസ്റ്റ് ആശയധാരകളെ രൂപപ്പെടുത്തുന്നതില്‍, ദാരിദ്ര്യവും മുതലാളിത്ത ചൂഷണവുമെല്ലാം ചേര്‍ന്ന് ഇരകളാക്കുന്ന തൊഴിലാളികളുടെ ജീവിതം നിര്‍ണായക പങ്കുവഹിച്ചതെങ്ങനെയെന്നും ചിത്രം പറഞ്ഞുതരുന്നു. 

The Young Karl Marx

ഓഗസ്റ്റ് ഡയല്‍ ആണ് മാർക്സിന്റെ വേഷത്തിൽ. ഇൻഗ്ലോറിയസ് ബാസ്റ്റേർഡ്സിലും കൌണ്ടർ ഫീറ്റ്സിലും കാഴ്ചവച്ച അഭിനയ മികവിനെ വെല്ലുന്ന പ്രകടനമാണ് ഡയൽ ഈ മാർക്സ് ബയോപിക്കിൽ  കാഴ്ചവെയ്ക്കുന്നത്. ലോകം കണ്ടതും കാണാനിരിക്കുന്നതുമായ മുഴുവൻ വിപ്ളവകാരികൾക്കും ജന്മം നൽകിയ മഹത്തായ ആശയത്തിന്റെ ജനയിതാവ് എന്നതിനപ്പുറം ശാരീരികവും മാനസികവുമായ  വികാരങ്ങൾക്കും  ദൗർബല്യങ്ങൾക്കുമെല്ലാം സാധാരണ മനുഷ്യരെപ്പോലെ  വശംവദനാവുന്ന  ഒരു മനുഷ്യനെന്ന  നിലയിലാണ് മാർക്സിനെ ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ  വ്യക്തിത്വത്തിലെ സങ്കീര്‍ണതകള്‍ ഓഗസ്റ്റ് ഡയല്‍ നല്ല രീതിയിൽ അവതരിപ്പിക്കുന്നു. ജർമ്മൻ  നടനും ടെലിവിഷൻ താരവും തിയ്യേറ്റർ ആർട്ടിസ്റ്റുമായ സ്റ്റഫാന്‍ കൊണാര്‍സ്‌കെയാണ് ഏംഗല്‍സിന്റെ വേഷത്തിൽ. 

ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളിലെല്ലാം “ദ യങ് കാൾ മാർക്സ്” പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഇതേവരെ ഇറങ്ങിയ മികച്ച ബയോപിക്കുകളിൽ ഒന്നായി പ്രമുഖ ചലച്ചിത്ര നിരൂപകരെല്ലാം വിലയിരുത്തിയ ചിത്രം കണ്ടിരിക്കേണ്ടത് തന്നെ. മാർക്സ് കാണാതെപോയ കലയിലൂടെ നമുക്ക് മാർക്സിനെയൊന്ന് കണ്ടു നോക്കാം. 

  • ദ ഗാർഡിയനോട് കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *

പണിതീർത്തെടുത്ത  സ്വപ്നം

Dhwani project , cochlear implant ,children, K K Shailaja,  government , project ,Dhwani, treatment ,cochlear implantation,Social Justice Minister ,

ശബ്ദമില്ലാത്ത ലോകത്തു നിന്നും ധ്വനിയിലൂടെ തിരികെയെത്തിയ കുട്ടികള്‍ സന്തോഷം പങ്കുവച്ചു