നിങ്ങളുടെ തെറിവിളി കേട്ട് ചൂളിപ്പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം: കെ. കെ. രമ 

പൊതുവിടങ്ങളിൽ സ്വതന്ത്രമായ അഭിപ്രായം പറയുന്ന സ്ത്രീകൾക്കു നേരെയുള്ള അപവാദ പ്രചരണങ്ങളും സൈബർ ആക്രമണങ്ങളും തുടർന്നു കൊണ്ടേയിരിക്കുന്നു . സംഘടിതമായ ആൺകൂട്ടങ്ങളാണ് ഇതിനു പിന്നിൽ. തങ്ങൾക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്ന സ്ത്രീകളെ ബലാൽക്കാര ഭീഷണിയിലൂടെ നേരിടുന്നത് പതിവാവുകയാണ്. അല്ലു അർജുൻ എന്ന നടന്റെ സിനിമയെക്കുറിച്ച് ഒരു പോസ്റ്റിട്ടതിന്റെ പേരിൽ  സുഹൃത്തും  എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ അപർണപ്രശാന്തിക്കു നേരെ സംഘടിതവും അതിഭീകരവുമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ധീരയായ ആ പെൺകുട്ടി ഈ അറയ്ക്കുന്ന തെറികളും ഭീഷണികളും കേട്ട് ഓടിപ്പോവുമെന്നാണ് ഫാൻസ് കരുതിയത്. പക്ഷേ, അപർണ സധൈര്യം ഉറച്ചു നിൽക്കുകയും ഇവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോവുകയുമാണ്. പൊരുതുന്ന സ്ത്രീകൾക്കെല്ലാം അഭിമാനമാണവൾ. പൊതുരംഗത്തിടപെടുന്ന സ്ത്രീകൾക്കാകെ ഈ നിലപാട് മാതൃകയും പ്രചോദനവുമാകും. ഇതിനോടകം നാല്  പേരെ അറസ്റ്റു ചെയ്തു കഴിഞ്ഞു.


കെ. കെ. രമയുമായി എൻ ബി രമേശ് നടത്തിയ ടെലിഫോൺ ഇന്റർവ്യൂവിലെ പ്രസക്ത ഭാഗങ്ങൾ


തന്റെ പോസ്റ്റിനു കീഴെ നൂറു കണക്കിന്ന് വ്യാജവും യഥാർത്ഥവുമായ അക്കൗണ്ടുകളിൽ നിന്ന് നടന്ന തെറിയഭിഷേകങ്ങളുടെ സ്ക്രീൻ ഷോട്ട് എടുത്ത് അപർണ തയ്യാറാക്കിയ പോസ്റ്റുകൾ മാസ്റിപ്പോർട്ട് ചെയ്തു ഫേസ് ബുക്കിനെ കൊണ്ടു പിൻവലിപ്പിക്കുകയും അത് പോസ്റ്റു ചെയ്ത നിരവധി അക്കൗണ്ടുകൾ താൽക്കാലികമായെങ്കിലും പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഫാൻസ് ഇപ്പോഴും പരോക്ഷമായി അപർണയെ പിന്തുടരുന്നുണ്ട്  എന്നാണ് ഇത് തെളിയിക്കുന്നത്.

‌ഇരുപതും പതിനെട്ടും വയസ്സുള്ള കുട്ടികളാണ് ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നത് എന്നത് ഗൗരവമായി പൊതു സമൂഹം ചർച്ച ചെയ്യണ്ടതാണ്  . ലിംഗനീതിയുടെയും ജനാധിപത്യത്തിന്റേതുമെന്ന് പോവട്ടെ, സാമാന്യ മര്യാദ പോലുമില്ലാതെ ഈ കുഞ്ഞുങ്ങൾ എങ്ങോട്ടാണ് വളരുന്നത്?  സ്ത്രീകൾ നിയമ നടപടികൾക്ക് തയ്യാറാവില്ലെന്ന ബോധ്യമാണ് സൈബറിടത്തിലായാലും പൊതുവിടത്തിലായാലും  ആൺകൂട്ട ആക്രമണത്തിന്റെ സാമൂഹ്യ മന:ശാസ്ത്രം. അതുകൊണ്ടിനി പുറകോട്ടു പോവാനാവില്ല.

ആർക്കും എന്തും പറയുവാനുള്ള  സ്വാതന്ത്ര്യമുണ്ട്. എന്റെ അവകാശമാണ് ഞാൻ എന്ത് പറയുന്നു എന്നുള്ളത്. പക്ഷേ ആ അവകാശം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടയിടുന്നതാവരുത് എന്നുള്ളതാണ്. അതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പൊതുരംഗത്തുള്ള, അഭിപ്രായം പറയുന്ന സ്ത്രീകളെ ആക്രമിക്കാനുള്ള ഏറ്റവും പറ്റിയ മാർഗമാണ് അവരെ സദാചാരം പറഞ്ഞിരുത്തുക എന്നുള്ളത്. അവരെ ഏറ്റവും മോശക്കാരിയാക്കി ചിത്രീകരിക്കുക എന്നുള്ളത്. അവർക്കെതിരെ അശ്ലീലം പറഞ്ഞു കൊണ്ട് ഇരുത്താൻ ശ്രമിക്കുക. അതിനെതിരെ ഞങ്ങളൊക്കെ ശക്തമായി നിലകൊള്ളും. തെല്ലും മാറിപ്പോകുന്നതല്ല. നിങ്ങളുടെ ഒരാക്രമണത്തിനു മുന്നിലും വീഴാൻ  ഞങ്ങൾക്ക് മനസ്സില്ല എന്ന് പ്രഖ്യാപിക്കാൻ സ്ത്രീകൾ തയ്യാറാവുന്നുണ്ട്. നിങ്ങളുടെ തെറിവിളി കേട്ട് ചൂളിപ്പോകുന്നതോ അതുകൊണ്ട് അവസാനിപ്പിക്കുന്നതോ അല്ല ഞങ്ങളുടെ രാഷ്ട്രീയവും പൊതുരംഗത്തെ പ്രവർത്തനങ്ങളും.

ഏറ്റവും പ്രതീക്ഷയോടെ നാം നോക്കിക്കാണുന്ന പുതുതലമുറയാണ് ഇതിലേക്ക് മാറുന്നത് എന്നുള്ളത് വല്ലാതെ പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. അതൊരു സങ്കടപ്പെടുത്തുന്ന വസ്തുത തന്നെയാണ്.

ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ സ്വാതന്ത്രത്തിൽ കൈകടത്തുന്ന, അയാളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാവുമ്പോൾ തീർച്ചയായും അത് അവസാനിപ്പിക്കുവാനുള്ള മാർഗങ്ങൾ  കണ്ടെത്തണം. പക്ഷെ ഒരു നിയമ നിർമാണത്തിലൂടെ അത് സാധ്യമാകും എന്ന് ഞാൻ കരുതുന്നില്ല. അത് പലപ്പോഴും നമുക്ക് പറയേണ്ടത് പറയാൻ കഴിയാത്ത അവസ്ഥയിലേക്കാണ് എത്തിച്ചേരുക.

സൈബറിടങ്ങൾ ദുരൂപയോഗം ചെയ്യാതിരിക്കാനുള്ള  ജാഗ്രതയും  സമൂഹത്തിന്റെ ഇടപെടലും തന്നെയാണ് ഇക്കാര്യത്തിൽ വേണ്ടത്.

എന്റെ കാര്യത്തിൽ ഞാൻ  കേസുകൊടുത്തില്ല. തേടിപ്പോകേണ്ട ആവശ്യം എനിക്ക് ഉണ്ടായിരുന്നില്ല. എനിക്കെതിരെ വന്ന എല്ലാ ആക്രമണങ്ങളും എവിടെനിന്നാണ് വന്നത് എന്ന് കൃത്യമായ അറിവ് ഉണ്ടായിരുന്നു. അതിനു പിന്നിൽ പൊളിറ്റിക്സ് ആയിരുന്നു. രാഷ്ട്രീയമായി എന്നെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമായിരുന്നു. ഇടതുപക്ഷത്തിന്റെ ഭാഗമായ ആളുകൾ തന്നെയാണ് എനിക്കെതിരെ ആക്രമണം നടത്തിയത്. ഞാൻ അവരെ  തേടിപ്പോയിട്ടില്ല. അവർക്കെതിരെ  കേസും കൊടുത്തില്ല. കേസ് കൊടുത്തതുകൊണ്ടു ഒരു കാര്യവുമില്ല എന്ന് എനിക്ക് നന്നായറിയാമായിരുന്നു.  അന്വേഷിക്കാനോ കണ്ടെത്താനോ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു താൽപ്പര്യവും സഹകരണവും ഇക്കാര്യത്തിൽ ഉണ്ടാകില്ല എന്ന നല്ല ബോധ്യം ഉണ്ട്. പരാതി കൊടുത്താൽ അത് ചവറ്റുകൊട്ടയിലാവും ചെന്ന് വീഴുക എന്ന അവസ്ഥ.

ഒരേ ഒരു പരാതി മാത്രമാണ് ഇക്കാര്യത്തിൽ ഞാൻ നൽകിയിട്ടുള്ളത്. അത് നിങ്ങൾക്കറിയാവുന്നതാണ്.  ഇലക്ഷൻ സമയത്ത് ഞാൻ ഒരു പെൺകുട്ടിക്കെതിരെ മോശമായി സംസാരിച്ചു എന്ന് വ്യാപകമായി ഇവർ തെറ്റായ പ്രചാരണം നടത്തി. ആ തെറ്റായ വാർത്ത ഒരു ദിവസം മുഴുവൻ കൈരളി ചാനൽ സംപ്രേഷണം ചെയ്തു. ഇപ്പോഴും അത് ഓൺലൈനിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത് എന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണ്. ഞാൻ പറയാത്ത ഒരു കാര്യമായിരുന്നു അത്. എത്രമാത്രം പ്രകോപനം ഉണ്ടായാലും  ആ  വാക്കുകൾ ഞാൻ ഉപയോഗിക്കില്ല; അതും ഒരു പെൺകുട്ടിയെ. ഇലക്ഷനിൽ എനിക്കെതിരേ അത് ഏറ്റവും വിപരീതമായി ഉപയോഗിക്കപ്പെട്ടു. എന്റെ ശബ്ദം എഡിറ്റ് ചെയ്താണ് അവരതു ചെയ്തത്. അതിൽ ഞാൻ ആ കുട്ടിയോട് ” മോളെ, മോളെ എന്തിനാണ് ഇങ്ങനെ പറയുന്നത്” എന്ന് വളരെ കൃത്യമായി ചോദിക്കുന്നുണ്ട്. മോളെ എന്ന വാക്കിന്റെ അപ്പുറത്ത് വേറൊരു വാക്ക് ചേർത്തുകൊണ്ട് അവരത് വ്യാപകമായി പ്രചരിപ്പിച്ചു. ഒരു വലിയ മാധ്യമമാണ് ഈ നുണപ്രചരണത്തിന് കൂട്ടുനിന്നത്. അതിന്റെ വസ്തുതകൾ അറിയാനോ സത്യാവസ്ഥ അന്വേഷിക്കാനോ ഒന്നും അവർ മെനക്കെട്ടില്ല. തങ്ങൾക്കനുകൂലമായി ആ രാഷ്ട്രീയാന്തരീക്ഷത്തെ മാറ്റാനുള്ള ഒരു ഗൂഢാലോചനയായിരുന്നു അതിനു പിന്നിൽ പ്രവർത്തിച്ചത്. ഒരാളെ ഏത് രൂപത്തിലും താറടിച്ചു കാണിക്കാൻ, അവരെ ഏറ്റവും മോശക്കാരിയാക്കാൻ ഒരു മടിയും ഇല്ല, ഇവിടത്തെ ഏറ്റവും പുരോഗമനം പറയുന്ന ആളുകൾക്കും. അത് ഞാൻ നേരിട്ട് അനുഭവിച്ച കാര്യമാണ്.

ആ കേസ് മുന്നോട്ടോ കൊണ്ട് പോകേണ്ടത് എന്റെ ആവശ്യമായിരുന്നു. നിരവധി തവണ ഞാൻ അതിനുവേണ്ടി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങി. ഓരോ സമയത്ത് ചെല്ലുമ്പോഴും അവർ ഓരോരോ കാരണങ്ങൾ പറയും എന്നല്ലാതെ ഇപ്പോഴും അതിൽ ഒരു മുന്നോട്ടുപോക്കും  ഉണ്ടായിട്ടില്ല. കൃത്യമായ ശബ്ദ പരിശോധന നടത്തിക്കഴിഞ്ഞാൽ തെളിയാവുന്ന ഒരു കാര്യമാണ്. അതിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാവും. പക്ഷേ അവർക്ക് അതിന് താല്പര്യം ഇല്ലായിരുന്നു. പിന്നെ ആരോടാണ് പരാതിപ്പെടേണ്ടത്? ആരാണിത് ചെയ്യേണ്ടത്? ആരാണ് സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടത്? അധികാരവും പണവും ഉള്ള ശക്തികൾ ഏതു ക്രൂരകൃത്യം ചെയ്താലും അത് ഇല്ലാതാക്കാനുള്ള നീക്കങ്ങൾ നടത്തും എന്നുള്ളത്  അനുഭവത്തിലൂടെ അറിഞ്ഞതാണ്.

ഇലക്ഷൻ സമയത്ത് വടകര ടൗണിലൂടെ  സ്ത്രീ വേഷം കെട്ടി എനിക്കെതിരെ നടത്തിയ ഒരു അശ്ലീല പ്രകടനം ഓർമ്മയുണ്ടാവും. ഒരു പക്ഷേ ലോകത്തൊരു സ്ത്രീയും അത്തരത്തിൽ ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടാവില്ല. വളരെ മോശമായി, അങ്ങേയറ്റത്തെ അശ്ലീലവും ആഭാസവുമാണ് ഇക്കൂട്ടർ അന്ന് കാണിച്ചത്. ഞാൻ മൂന്നാമത്തെ സ്ഥാനാർത്ഥിയായിരുന്നു. അതായത് എൽ ഡി എഫും യു ഡി എഫും കഴിഞ്ഞുള്ളത്‍.  എൽ ഡി എഫ് പരാജയപ്പെടുത്തിയത് യു ഡി എഫിന്റെ സ്ഥാനാർത്ഥിയെ ആയിരുന്നു. എന്നിട്ടും മൂന്നാം സ്ഥാനത്തുള്ള എനിക്കെതിരേയാണ് അവർ ഇതെല്ലം ചെയ്തു കൂട്ടിയത്. അതൊരു സ്ത്രീയായതു കൊണ്ടാണല്ലോ. ഒരു സ്ത്രീയെ  അങ്ങേയറ്റം അപഹാസ്യമായ രൂപത്തിൽ  അവർ അവതരിപ്പിക്കുകയായിരുന്നു. ആലോചിച്ചു നോക്കുക, എത്രമാത്രം ദുരനുഭവങ്ങളുള്ള ഒരു ജീവിതത്തിലൂടെ കടന്നുപോയ ഒരാൾക്കെതിരെയാണ് ഇതൊക്കെ ചെയ്തുകൂട്ടിയതെന്ന്. അത്രയേറെ പ്രയാസങ്ങളിലൂടെ കടന്നു പോയ ഒരു സ്ത്രീക്കെതിരെയാണ് ഇവരൊക്കെ  ഇതെല്ലാം ചെയ്യുന്നത് എന്നോർത്താൽ അത്ഭുതം തോന്നും. ഒരു സ്ത്രീയ്ക്കെതിരെ  സൈബർ ലോകത്ത്  അസംബന്ധ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുമ്പോൾ അത് പാടില്ല എന്ന് പറയാൻ ആരെല്ലാം മുന്നോട്ടുവന്നു എന്നതും നാമൊക്കെ കണ്ടതാണ്.

നിസ്സാരക്കാരായ ആളുകളല്ലല്ലോ ഇതിനു പിന്നിലുള്ളത്. അപ്പോൾ പരാതി കൊണ്ട് ഒരു കാര്യവും ഇല്ലായിരുന്നു. ഇത്തരം സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ചില നേതൃത്വങ്ങൾ ഉൾപ്പെടെ തീരുമാനിച്ചാൽ മതി. സൈബറിടങ്ങളിൽ ഇത്തരം കൂട്ടായ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ…ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടെ  സൈബർ വിങ്ങ് ഉണ്ടല്ലോ,  ഇതിൽ ഇടപെടാൻ വേണ്ടി. അവരുടെ കൃത്യമായ നിയന്ത്രണം ഇതിനകത്തുണ്ട്. നേതൃത്വത്തിന്റെ കൃത്യമായ നിയന്ത്രണം ഇതിൽ വരുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് നിയന്ത്രിക്കാൻ കഴിയാതെ പോകുന്നത്?  അത്തരം നിയന്ത്രണങ്ങൾ എന്തുകൊണ്ടാണ്  ചില സന്ദർഭങ്ങളിൽ വേണ്ടെന്നു വെയ്ക്കുന്നത് ?

അപ്പോൾ ഇവരുടെ നിയന്ത്രണത്തിലുള്ള പൊലീസ് സംവിധാനം ഇത് സ്വതന്ത്രമായി അന്വേഷിച്ചു കണ്ടെത്തും എന്ന് പ്രതീക്ഷിക്കാൻ സാധിക്കുമോ?

അപ്പോൾ ഞാൻ കരുതുന്നത്, എല്ലാ തലത്തിൽ നിന്നുമുള്ള ശക്തമായ അഭിപ്രായ രൂപീകരണങ്ങൾ, സാമൂഹ്യ ഇടപെടലുകൾ ആണ്  ഇക്കാര്യത്തിൽ  ആവശ്യം എന്നാണ്. ഇതിനെതിരായ  പ്രതികരണങ്ങൾ, ഇതിനെതിരായ വിയോജിപ്പുകൾ വലിയ രീതിയിൽ, അതി ശക്തമായി ഉയർന്നു വരണം.  ഞാൻ നേരത്തെ പറഞ്ഞതുപോലെ നിയമം ഇതിൽ ഇടപെടുമ്പോൾ ഉയർന്ന്‌ വരുന്ന വലിയ പ്രശ്നങ്ങളുണ്ട്. സ്വാഭാവികമായി ഉയർന്നുവരുന്ന  ഭീഷണികളുണ്ട്.

വളരെ കൃത്യതയോടെയുള്ള, ഈ പൊതു ഇടത്തിന്റെ  ജനാധിപത്യ സ്വഭാവത്തിനും   ഉള്ളടക്കത്തിനും  ഭീഷണിയാവാതെയുള്ള, അതിന് കൂടുതൽ കരുത്ത്  പകർന്നു കൊണ്ടുള്ള  നിയമനിർവഹണമാണ്  ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്.

സൈബറിടത്തിന്റെ സൗകര്യങ്ങൾ കൂടുതൽ കൂടുതൽ സ്ത്രീവിരുദ്ധമാകുന്ന നിലവിലെ അവസ്ഥ  ഒട്ടും ആശാസ്യമല്ല. അത് അനുവദിക്കാനുമാകില്ല.

ഇപ്പോൾ അപർണയെ ആക്രമിച്ചവരെ കണ്ടെത്തി. കസ്റ്റഡിയിലെടുത്തു, അറസ്റ്റ് ചെയ്തു. അതിനപ്പുറത്തേക്ക് അത് പോകുമെന്ന് പ്രതീക്ഷിക്കാൻ ആവുമോ? അവരെ ശിക്ഷിക്കുമോ? എന്ത് ശിക്ഷയാണ് അവർക്ക് ലഭിക്കുക?

ഒന്നിനെയും ഭയക്കാതെ, ആരെയും കൂസാതെ, ആരുടെയൊക്കെയോ പിൻബലം ഉണ്ടെന്ന വിശ്വാസത്തിൽ, തങ്ങൾ സംരക്ഷിക്കപ്പെടും എന്ന ഉറപ്പിലാണ്, തികച്ചും സംഘടിതമായ ഇത്തരം ആക്രമണങ്ങൾ  നടക്കുന്നത്. ക്രിമിനൽവൽക്കരണം വലിയതോതിൽ സമൂഹത്തിൽ നടക്കുന്നുണ്ട്. ഏതു കൊലക്കേസിലും പിടിക്കപ്പെടുന്നത് യുവാക്കളാണ്.

എന്നെയും രമേശ് ചെന്നിത്തലയേയും ഉൾപ്പെടുത്തി ഫേസ് ബുക്കിൽ പ്രചരണം നടത്തിയതിനെതിരെ കേസ് കൊടുത്തത് രമേശ് ചെന്നിത്തലയുടെ പി എ ഹരികുമാർ ആണ്. ഞാൻ അതിൽ ഇടപെട്ടില്ല. കേസ് കൊടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ആ കേസ് എന്തായി എന്നും എനിക്കറിയില്ല. അറസ്റ്റ് നടന്നെന്ന് ഒരു വാർത്ത കേൾക്കുകയുണ്ടായി. അങ്ങനെ ചെയ്തവരാരും പിടിക്കപ്പെടില്ലാന്നുള്ളത് എനിക്കറിയാം . രാഷ്ട്രീയ സ്വാധീനമുള്ളവരുടെ കാര്യത്തിൽ എന്തെങ്കിലും നടന്നേക്കാം. ദീപ ടീച്ചർക്ക് പോലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായി എന്ന് പറയുമ്പോൾ…വലിയൊരു പ്രസ്ഥാനം ഒപ്പമുള്ളതല്ലേ? അപ്പോൾ പിന്നെ സാധാരണക്കാരന്റെ അവസ്ഥയെന്താ?

ചെറിയ കുട്ടികളാണ് ഇത്തരത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എന്നത് വളരെ ഭയാനകമായ സംഗതിയാണ്. വഴിപിഴച്ച ഈ പോക്കിന് രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്.  ഞാനൊക്കെ എസ് എഫ് ഐ യിൽ പ്രവർത്തിക്കുമ്പോൾ ആ പ്രസ്ഥാനത്തെ  മനസ്സിൽ വച്ചേ എന്ത് പ്രവൃത്തിയും ചെയ്തിരുന്നുള്ളൂ. പാർട്ടിയെ ഭയന്നിരുന്നു. അതിനോട് മറുപടി പറയേണ്ടിയിരുന്നു.

നാം തെറ്റായി എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ അവിടെ നമുക്ക് മറുപടി പറയേണ്ടി വരും. ആ കരുതൽ നമ്മെ ഒരു തരത്തിലും തെറ്റായ രീതിയിൽ നീങ്ങാതിരിക്കാൻ പ്രേരിപ്പിക്കും. ഇന്നത്തെപ്പോലെ ആൺ പെൺ ഭേദമൊന്നും അന്നില്ല.  ഏതു പാതിരാത്രിക്കും ഒരാൺ കുട്ടിയുടെ കൂടെ നമുക്ക് കമ്മിറ്റിക്കു പോകാം, വരാം. ധൈര്യമായി പോകാവുന്ന അവസ്ഥ. പക്ഷേ, ഇന്നതിന് സാധിക്കുന്നുണ്ടോ? എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന് ചിന്തിച്ചാൽ തന്നെ ഉത്തരങ്ങൾ കിട്ടും.

എന്താണ് പൊളിറ്റിക്സ് എന്നോ, എന്തിനാണ്  പൊളിറ്റിക്സ് എന്നോ ഇന്നത്തെ  കുട്ടികൾക്കറിയുമോ?  സംഘടനാ വിദ്യാഭ്യാസമൊന്നും  നടക്കുന്നില്ല.  ആവേശങ്ങളുടെ പുറകിൽ വരുന്ന ആളുകളാണ് ഭൂരിഭാഗവും. അവരെ രാഷ്ട്രീയവൽക്കരിക്കാനോ, സംഘടനാവൽക്കരിക്കാനോ കഴിയുന്നില്ല. അത് തന്നെയാണ് ഇന്ന് വിദ്യാർത്ഥി സംഘടനകൾ  നേരിടുന്ന പ്രശ്‍നം. അതിന് പരിഹാരം കാണാൻ  ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് തെല്ലും താൽപ്പര്യമില്ല. അതിന്റെ പ്രതിഫലനങ്ങൾ തന്നെയാണ് നാം എല്ലാ രംഗത്തും  കാണുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

smartphones, selfie, best, camera, features, AI Beauty,price,AI-powered selfie camera, dual rear camera , Honor 10, Nokia 7 Plus, Redmi Note 5 Pro, Redmi Y2, Samsung

സെൽഫിയ്ക്ക് പിന്തുണയേകാൻ ഇതാ ചില മികച്ച സ്മാർട്ട്ഫോണുകൾ

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും